• ജീവരേഖ
  • ഖണ്ഡകാവ്യങ്ങൾ
  • കവിതകൾ
  • ഗദ്യ കൃതികൾ
  • ജീവചരിത്രം / ആത്മകഥ
  • നോവൽ / ചെറുകഥ
  • നാടകങ്ങൾ
  • രംഗവേദി
  • പഠനങ്ങൾ
  • കൈയെഴുത്ത്
  • കത്തുകൾ

കവിതകൾ

  • ബാഷ്പാഞ്ജലി
  • ഉദ്യാനലക്ഷ്മി
  • മയൂഖമാല
  • ഓണപ്പൂക്കൾ
  • കലാകേളി
  • സങ്കല്പകാന്തി
  • രക്തപുഷ്പങ്ങൾ
  • ശ്രീതിലകം
  • ചൂഡാമണി
  • അസ്ഥിയുടെ പൂക്കൾ
  • സ്പന്ദിക്കുന്ന അസ്ഥിമാടം
  • അപരാധികൾ
  • സ്വരരാഗസുധ
  • നിർവ്വാണമണ്ഡലം
  • തളിത്തൊത്തുകൾ
  • നീറുന്ന തീച്ചൂള
  • മൗനഗാനം
  • മഞ്ഞക്കിളികൾ
  • രാഗപരാഗം
  • ശ്മശാനത്തിലെ തുളസി
  • അമൃതവീചി
  • കല്ലോലമാല
  • ലീലാങ്കണം (1988)
  • അനുബന്ധ കവിതകൾ

ശ്മശാനത്തിലെ തുളസി

  • ശ്മശാനത്തിലെ തുളസി
  • സഹതപിക്കുന്നു ഞാൻ
  • തിരസ്കാരം
  • വാടിയ പൂവുകണ്ടിട്ട്
  • പൂക്കളം
  • മരണത്തിന്റെ മറവിൽ
  • വീണ്ടും വെളിച്ചം
  • വിയോഗഭൂവിൽ
  • മറക്കരുത്
  • തിരുവനന്തപുരം ആർട്ട്സ്കോളേജിൽ
  • പൈതൽ
  • വസന്തത്തിനോട്
  • തുഹിനബിന്ദു
  • വ്യതിയാനം
  • സ്മരണ
  • ഹൃദയഭിക്ഷു
  • രാഗലഹരി
  • കരയും ഞാൻ
  • ചിത്രയുഗത്തിലെ സുപ്രഭാതം
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

ശ്മശാനത്തിലെ തുളസി

പാവനീ, ഭവതിതൻ പൂർവപാപാധിക്യത്താൽ
പൂവനം പൂകിടാനും, പൂജ്യയായ്ത്തീർന്നീല നീ!
ഇക്കൊടും ചുടുകാട്ടിൽ വന്നു നീ ജനിച്ചതു
ദുഷ് കർമ്മഫലത്തിന്റെ പരിപാകത്താലല്ലീ?
മന്ദിരാങ്കണമദ്ധ്യേ മണ്ഡപമതിനുള്ളിൽ
നന്ദിനീ, നലമൊടു വന്നെങ്ങാൻ പിറന്നെങ്കിൽ,
അന്തിയിൽ ചെറുതായ കൈത്തിരിയൊന്നെങ്കിലും
നിന്തിരുവടിയുടെ പാദത്തിൽ പതിഞ്ഞേനേ!
സന്ധ്യയാം നവോഢതൻ പൂങ്കവിൾത്തട്ടിൽ, നിത്യം
ബന്ധുരമായീടും നത്സിന്ദൂരം പൂശിടുമ്പോൾ,
ലോകബാന്ധവൻ പശ്ചിമാംബുധിവീചിക്കുള്ളിൽ
ശോകവൈവർണ്ണ്യംപൂണ്ടു മറഞ്ഞുതുടങ്ങുമ്പോൾ
അഭ്രദേശത്തിലോരോ താരകൾ തെളിയുമ്പോൾ
ശുഭ്രവസ്ത്രാലംകൃതയായി മൽകുടുംബിനി
ഓലക്കമോലുന്നോരാലോലമാം ഫാലമദ്ധ്യേ
ചാലവേ വിഭൂതിയാൽ നേർവരക്കുറിചാർത്തി,
തങ്കവാരൊളിവളകിലുക്കമാർന്നീടുമ-
പ്പൊൻകരവല്ലിതന്നിൽ, നൽക്കൊടിവിളക്കുമായ്
അങ്കണത്തിങ്കൽത്തിങ്ങും വെണ്മണൽത്തരികളിൽ
കുങ്കുമച്ചാർ തളിക്കും പാദപത്മങ്ങളോടേ
നിൻ സമുദായത്തിലെ മറ്റൊരു സഹോദരി-
തൻ, സവിധത്തിൽ ചെന്നുനിന്നിടുന്നൊരാ നിൽപും-
തൃത്താവിൻ തൃച്ചേവടിതന്നിലാച്ചെറുദീപ-
മുൾത്താരിൽ ഭക്തിപൂർവ്വം വെച്ചിടുന്നൊരാ വെയ്പും-
അംബികേ, വൃന്ദാവനീ, നിന്മുന്നിലെത്തീടുമ്പോ-
ളൻപിനോടൊരു ചിത്രം പോലെ, ഞാനോർത്തീടുന്നൂ!
മന്ദമാരുതൻ സദാ മന്ത്രിച്ചുനടക്കു, മാ
മന്ദാരവല്ലി ചൂഴും, മഞ്ജുളമലർക്കാവിൽ
വന്നു നീ പിറന്നെങ്കിലുന്നതസൗഭാഗ്യത്താൽ
ധന്യയായ്ത്തീർന്നേനേ നീ- കാൺക നിൻ ഭാഗ്യദോഷം!
മന്നിന്റെ മനോഹരമായിടും മുഖത്തിങ്കൽ
പൊന്നിളം പൊടിപൂശും മംഗളവിഭാതത്തിൽ
യാമിനീകാലത്തിങ്കൽ, കാമുകരായ് രമിച്ചു
ഭാമിനീവൃന്ദ, മുഷ:സ്നാനവും കഴിച്ചുടൻ,
നിന്നിളംഗളനാളം നുള്ളിയമ്പലങ്ങളി-
ലന്നിദ്രമോദം ദേവനഞ്ജലിക്കായിട്ടേകും!
ശ്മശാനത്തിലെ തുളസി / ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

അമ്മഹാപീഠങ്ങളിലംബികേ, ലസിപ്പാനും
നന്മയിൽഭവതിക്കും സാദ്ധ്യമായ്ത്തീർന്നീലല്ലോ!
തെറ്റിപ്പോയ്;-ക്ഷമിക്കനീ;-യിശ്മശാനത്തിലല്ലോ
മുറ്റിനിൽപതു ശുഭേ, ശാന്തിയാം സുധാമൃതം?
വരുണ്ടിച്ചുടുകാട്ടിലാരാഞ്ഞു ഭവതിതൻ
വേരറുത്തെടുത്തീടാൻ?-ഈ വഴ്ച, സുഖാസ്പദം!
ലാരമാണെന്നാകിലെന്തിസ്ഥലം?-തമോഗുണ-
പൂരിതമാണെന്നാലും ശാന്തിതൻ നികേതനം!-
ലോകത്തിൻ രഹസ്യവും, കാപട്യങ്ങളും നിത്യ-
മാകവേ നിശ്ശബ്ദമായോതുന്ന വിദ്യാലയം!-
മാനുഷവർഗ്ഗത്തിന്റെ ഭിന്നരീതിയിലുള്ള
മാനസരത്നം ദ്രവിച്ചടിയും ഭണ്ഡാഗാരം!-
മപ്രദേശത്തിൽ വാണീത്തത്ത്വങ്ങൾ ഗഹിക്കുകിൽ
ക്ഷിപ്രമീദൃശലോകസൗഖ്യങ്ങൾ വെറുത്തുപോം!
എങ്ങനെ മുന്നോട്ടേക്കു ഗമിപ്പൂ മനുജന്മാ-
രെങ്ങനെയസ്സൗഭാഗ്യസോപാനമെത്തീടുന്നു?
ഓർക്കാനുമസാദ്ധ്യമാണത്രയ്ക്കു ഭയാനക-
മാർക്കുമേ ഗഹിപ്പാനും കഴിവീലതിൻ തത്ത്വം.
തന്നുടെ സഹോദരന്മാരുടെ തലയോടു
മുന്നിലുണ്ടതു കഷ്ടം ചവിട്ടിക്കുതിക്കുന്നു.
സോപാനം കരേറുവാൻ, സോദരഹൃൽശോണിതം
പാപമേ, പാനംചെയ്തു പാരാതെ പാഞ്ഞീടുന്നു!
എന്താണിച്ചൊല്ലും ഭാഗ്യമെന്താണിസ്സൗഖ്യം കഷ്ട-
മെന്താണിപ്രതാപം?-ഹാ, പാഴ്ക്കിനാവുകൾ മാത്രം!
ഇപ്പെരും കഴുകന്മാർ, കൊത്തുമോ ഭവതിതൻ
പൊൽപ്പുതുക്കതിർക്കുലക്കൂട്ടങ്ങൾ കൂത്താടുവാൻ;-
ഇല്ലില;-ഭവതിക്കു ശാന്തിപൂണ്ടിവിടത്തി-
ലുല്ലസിച്ചീടാം ഇതാണെല്ലാർക്കും പ്രാപ്യസ്ഥാനം!
ഈ ലോകരഹസ്യങ്ങളെപ്പൊഴും ചിന്തിച്ചു നീ
ലാലസിച്ചാലും, ഫലഭൂയിഷ്ഠം തവ ജന്മം!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

സഹതപിക്കുന്നു ഞാൻ

ജീവിതപ്പൂവിലഴകും സുഗന്ധവും
താവിത്തുളുമ്പാനിടയ്ക്കെനിക്കേകി നീ,
സായൂജ്യരേഖകൾ വീശി നീ നീളെ നിൻ
സാഹചര്യത്തിനാലെൻ വഴിത്താരയിൽ.
നിഷ്കളങ്കാർദ്രസ്മിതവുമായ്, കൈകൂപ്പി
നിൽക്കുന്നുനിന്മുന്നി, ലെന്നന്ദിയിപ്പൊഴും!
പോകിലും ഞാൻ വെറും കണ്ണുനീർത്തുള്ളിയൊ-
ന്നേകുമോ നീ, യിക്കൃതജ്ഞതയ്ക്കെങ്കിലും?
ലോകസാധാരണം വിസ്മൃതി, സൗഹൃദം
ശോകാസ്പദം;-ഹാ, ചതിച്ചില്ല നിന്നെ ഞാൻ!
ആകയാൽ മാപ്പുചോദിക്കേണ്ടതില്ലെനി-
യ്ക്കാകണ്ഠമസ്സുധയാസ്വദിച്ചെങ്കിലും!
വിണ്ണിൽനിന്നിറ്റിറ്റുവീഴുന്ന നീഹാര-
ബിന്ദുക്കൾപോലെന്റെ ജീവിതവേദിയിൽ
ചിന്തകൾ വർണ്ണം പിടിപ്പിച്ചു പെയ്തു നീ
സന്തതം, നാനാനവോന്മദപൂർത്തികൾ!
എന്തതിലത്ഭുതമസ്വപ്നരംഗത്തി-
ലന്തരാ തെല്ലൊന്നഹങ്കരിച്ചെങ്കിൽ ഞാൻ?
പിന്നെയും പിന്നെയും വേലിയേറ്റത്തിലെ-
പ്പൊന്നൊളിക്കുഞ്ഞലച്ചാർത്തുകള്മാതിരി;
വന്നുചേരുന്നു മറഞ്ഞ ദിനങ്ങളെൻ-
മുന്നിലില്ലങ്ങോട്ടു നോക്കില്ല മേലിൽ ഞാൻ!
ഞെട്ടറ്റപൂക്കളെച്ചിന്തിച്ചുചിന്തിച്ചു
പൊട്ടിക്കരയാൻ തുനിയില്ല കോകിലം.
എന്നാലുമയ്യോ വിഷാദം ക്ഷണിക്കാതെ
വന്നു കേറുന്നു, കെടുന്നു ദീപാങ്കുരം.
തപ്പിത്തടഞ്ഞീയിരുട്ടത്തു പോകിലും
കെൽപറ്റു കാൽ തെറ്റി വീണുപോകില്ല ഞാൻ!
ലുബ്ധല്പമല്ല നിയതിക്കൊരാനന്ദ-
ലബ്ധിയുമെത്തിക്കുകില്ലതു പൂർത്തിയിൽ-
ഏതുപീയൂഷമാണെങ്കിലുമാരെയു-
മേറെ സ്വദിപ്പിക്കുകില്ലതീയൂഴിയിൽ!
എന്തസൂയാലു-തരില കൈ നീട്ടേണ്ട
നൊന്തിടുന്നൊരീമനസ്സു നിനക്കായി
വേണമെനിക്കത, സ്പന്ദങ്ങളെക്കൊണ്ടു
വീണവായിപ്പിച്ചിരുന്നു രസിക്കുവാൻ!
വേദനിക്കേണമതെപ്പൊഴു, മല്ലെങ്കി-
ലാദരിച്ചീടുകില്ലത്രമേൽ നിന്നെ ഞാൻ!
ശ്മശാനത്തിലെ തുളസി / സഹതപിക്കുന്നു ഞാൻ
ചങ്ങമ്പുഴ

താരുണ്യലക്ഷ്മിക്കു താണ്ഡവമാടുവാൻ
താളംപിടിച്ചു നിൻ താരാട്ടിനൊത്തു ഞാൻ!
ആകർഷകങ്ങളായ്‌ത്തീർന്നൊരാ രംഗങ്ങ-
ളാകില്ലിനിത്തീരെ വിസ്മരിച്ചീടുവാൻ.
സങ്കൽപമൊക്കെപ്പൊതിഞ്ഞിതന്നായിരം
തങ്കക്കിനാവിൻ തണുത്തനിഴലുകൾ!
മോഹങ്ങളോരോന്നു മൊട്ടിട്ടുമൊട്ടിട്ടു
മോഹനോന്മാദപരിമളം വീശവേ;
സ്നേഹിച്ചുപോയ് നാം പരസ്പരമിന്നതു
സാഹസമായിക്കരുതുന്നു ലോകവും!
നീ വിഷാദിക്കേണ്ടനുപമേ, വാടാത്ത
നീരലരല്ല മനുഷ്യന്റെ ജീവിതം!
ആഴക്കു ചാമ്പലാണെല്ലാം!-അഴകറ്റു
വീഴും പുഴുക്കുത്തതിൻ ദളപാളിയിൽ!
പോകൂ, കരയാതെ പോകൂ, തണുത്ത നി-
ന്നേകാന്തതയിലേക്കെല്ലാം സഹിച്ചു നീ!
എങ്ങുമില്ലാർക്കും വിജയം!-വിജയമെ-
ന്നെണ്ണുന്നതെല്ലാം വെറുംവെറും വിഭ്രമം!
ഓങ്ങിടും ഖഡ്ഗം സ്വകണ്ഡത്തിലാപതി-
ച്ചേങ്ങിക്കിതച്ചു പതിക്കുന്നു ഘാതകൻ!
മുന്നിൽ വലവെച്ച വേട, നറിയാതെ
വന്നതിത്തന്നെ കുടുങ്ങുന്നവേളയിൽ;
ആകാശവീഥിയിലേക്കു പറക്കുന്നി-
താഹാരവും കൊക്കിലാക്കിപ്പതത്രികൾ!
കാണുന്ന ലോകമേ, കാണുന്നതല, നീ
കാണാൻ കഴിയില്ല നിന്നെ നീയായിനി!...
ഞാനൊന്നുകൊണ്ടും നിരാശനാവില്ലെന്തി-
നാണീ വിഫലപ്രയത്നം പ്രപഞ്ചമേ?
എന്നെച്ചവിട്ടി നീ താഴ്ത്തുമ്പൊഴൊക്കെയും
നിന്നിലും മീതെ ശിരസ്സു പൊക്കുന്നു ഞാൻ!
ഇത്ര കണ്ടിട്ടും മനസ്സിലായില്ലയോ
കഷ്ടം, ജഗത്തേ, സഹതപിക്കുന്നു ഞാൻ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

തിരസ്കാരം

പൂമരത്തണൽ തേടിയിന്നു നിൻ
പ്രേമലേഖനം നോക്കി ഞാൻ,
കണ്ടുമുട്ടിനേൻ ഞാനതിലൊരു
നൊന്തുകേഴുന്ന മാനസം.
ചുറ്റുപാടും പരന്ന സുന്ദര-
പുഷ്പസൗരഭവീചികൾ
തൊട്ടുണർത്തിയെന്നുള്ളിലോരോരോ
നഷ്ടഭാഗ്യസ്മരണകൾ.
അന്നിമേഷത്തിൽ ഞാനറിയാതെൻ-
കണ്ണുരണ്ടും നിറഞ്ഞുപോയ്!
വർത്തമാനത്തെവിട്ടു, ഭൂതത്തി-
ലെത്തിയെൻ ചുറ്റും നോക്കി ഞാൻ.
എന്തൊരുല്ലാസമെന്തൊരാവേശ-
മെന്തൊരത്ഭുതസൗഹൃദം.
നഷ്ടമായല്ലോ തോഴി, നമ്മൾക്കു
കഷ്ടമാ സ്വർഗ്ഗമൊക്കെയും.
സ്വപ്നമാത്രമിജ്ജീവിതത്തിലെ-
സുപ്രഭാതമശ്ശൈശവം,
എത്ര ശാന്ത, മതെത്ര കാന്ത, മ-
തെത്ര നിർവാണദായകം!
പോയല്ലോ, മാഞ്ഞുപോയല്ലോ തോഴി
മായികമപ്രഭാങ്കുരം!
ഇപ്രണയത്തെക്കാൾ മധുരമാ-
ണപ്പരിശുദ്ധസൗഹൃദം.
കണ്ടിടാമിതിലൊക്കെയും ചില
മഞ്ജുളാങ്കിതരേഖകൾ;
കമ്രമാണെന്നിരിക്കിലും, ചില
കണ്ണുനീരിൻ കലർപ്പുകൾ.
മാനസം മടുപ്പിക്കയാണിതു
തേനിലുപ്പിട്ടമാതിരി!
ഇല്ലതിങ്കലസ്സൗഹൃദത്തിങ്കൽ-
ത്തെല്ലുപോലുമിതൊന്നുമേ.
സുഭ്രസുന്ദരമാകമാന, മ-
തത്ഭുതപ്രഭാരഞ്ജിതം.
കിട്ടികില്ലിനിക്കിട്ടുകില്ലതിൻ
നഷ്ടരശ്മിയെന്നാകിലും!
അപ്പരിശുദ്ധ സൗഹൃദത്തിന്റെ
പുഷ്പതൽപകച്ഛായയിൽ,
ചിന്തയറ്റു സുഖിച്ചു നാം രണ്ടു
പൊൻകിനാവുകൾ മാതിരി!
അപ്പരമാർത്ഥചിത്തബന്ധത്തിൻ
മുഗ്ദ്ധകൽഹാരവാപിയിൽ,
അന്നു നീന്തിക്കളിച്ചു നാം, രണ്ടു
പൊന്മരാളങ്ങൾ മാതിരി!....
ശ്മശാനത്തിലെ തുളസി / തിരസ്കാരം
ചങ്ങമ്പുഴ

കാലമേവം കടന്നുപോയ്, നവ-
ശ്രീലയൗവനമെത്തവേ,
രണ്ടുമാർഗ്ഗമായന്നൊരന്തിയിൽ-
ക്കണ്ടുമുട്ടിപ്പിരിഞ്ഞു നാം.
ആ ദയനീയരംഗമോർത്തിന്നും
വേദനിക്കയാണെന്മനം!
എന്തിനയ്യോ, പുതുക്കിടുന്നത-
ബ്ബ്ന്ധമിന്നിയും തോഴി നാം?
ലഭ്യമല്ലല്ലോ നമ്മൾക്കന്നത്തെ-
ശ്ശുദ്ധമാം ഹൃദയോത്സവം!
തന്നിടും മാംസചോദനം നമു-
ക്കിന്നു രക്തവും മാംസവും.
നിന്നെ മന്നിൽ മറക്കുകില്ല ഞാൻ
നമ്മളെത്രയ്ക്കകലിലും
സുന്ദരസ്മൃതി തത്തുമന്നന്ത്യ-
സ്പന്ദനങ്ങളിൽക്കൂടിയും
മാമകകലാചോദനങ്ങൾക്കൊ-
രോമനസ്വപ്നമായ നീ;
അല്ലിയന്നൊരെൻ ചിന്തയി, ലേക-
വെള്ളിനക്ഷത്രമായ നീ;
മാമകാമലഭാവനയിലെ
മാദകപ്രഭയായ നീ;
എന്നുമെന്നും ലസിക്കുമീവിധ-
മെന്മൃദുമനോവേദിയിൽ!
ഇപ്രണയം തിരസ്കരിച്ചതെൻ-
സ്വപ്നമേ, നീ പൊറുക്കണേ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

വാടിയ പൂവുകണ്ടിട്ട്

പശ്ചിമാംബരത്തിലെപ്പാടലദ്യുതി നോക്കി
നിശ്ചലമായ് നിൽക്കുന്ന വാടിയ സൗന്ദര്യമേ,
നിഷ്ഫലബാഷ്പം സ്വയം നിർഗ്ഗളിച്ചിടും കണ്ണാൽ
പുഷ്പമേ, നിനക്കു ഞാൻ സ്വാഗതമരുളട്ടേ!
മറയാറായി വിശ്വമംഗളമണിദീപം
മറയാറായീ നിത്യഭാസുരതേജ:പുഞ്ജം.
ഹൃദയം മദീയം, ഹാ, തകരുന്നല്ലോ, ചൊല്ലാൻ
പദമില്ലല്ലോ!-നിന്നോടെന്തു ഞാനോതിടേണ്ടു?
മധുമാസത്തിൻ രാഗസാന്ദ്രമാമാശ്ലേഷത്തിൽ
മലർവാടികയ്ക്കാദ്യമുണ്ടായ രോമാഞ്ചമേ,
ഒരു വത്സരം മാത്രം നിന്റെ ജീവിതം!-കണ്ണീർ
ചൊരിയാതിരിക്കുന്നതെങ്ങിനെ?-നിർഭാഗ്യ നീ!
പരിപാവനരാഗസ്മിതസൗരഭം വീശി-
പ്പരിചിൽപ്പുലർകാലത്തിന്നു നീ വിടർന്നപ്പോൾ,
എത്രപേരാനന്ദാവേശോൽഫുല്ലചിത്തന്മാരാ-
യെത്തിയില്ലരികിൽ, നിൻ ശ്രീവിലാസൗഭഗം വാഴ്ത്താൻ!
ഇരുളിൻ കരിമ്പടം മീതെയിട്ടുറങ്ങിയ
ധരണീദേവിയിന്നു കണ്ണിണ തുറന്നപ്പോൾ;
മൃദുലാമലമന്ദസ്മിതസുന്ദരമാം നിൻ
വദനം കണികണ്ടു പുളകംകൊണ്ടീലല്ലീ?
ചന്ദനഗന്ധമ്പൂശി നിന്മുഖം നുകരുവാൻ
മന്ദമാരുതൻ വീർപ്പിട്ടെത്തി നിൻ സവിധത്തിൽ.
നീലക്കാറൊളിയേലും വരിവണ്ടുകൾ നിന്റെ
ചേലഞ്ചും സ്മിതം കണ്ടു രസിച്ചു ചുറ്റും കൂടി.
മഴവില്ലാശ്ലേഷിച്ച പൊൻചിറകുകൾ വീശി-
യഴകാളുമച്ചിത്രശലഭാവലിയെത്തി.
ഇല്ലെന്നാലിപ്പോളൊരു പുൽക്കൊടിപോലും നിന്നെ-
ച്ചൊല്ലി നിശ്വസിച്ചൊരു കണ്ണുനീർക്കണം തൂകാൻ.
കവിയും കദനത്താൽക്കരയുമൊരു ബാല-
കവിയേ കാണുന്നുള്ളൂ, ശോകമൂകയാം നിന്നെ!
പക്ഷപാതിയല്ലവനൊരുകാലത്തും, മൂക-
പുഷ്പമേ, നിനക്കവൻ ശാന്തിനേർന്നിതാ നിൽപ്പൂ!
ഇത്തരം ക്ഷണപ്രഭാചഞ്ചലവലയങ്ങൾ
നിത്യസൗന്ദര്യത്തിന്റെ നീണ്ട ശൃംഖല തീർക്കെ;
മിന്നിടും മഴവില്ലും മഞ്ഞുതുള്ളിയും, കാന്തി-
ചിന്നിടും പൂവും നോക്കി മാഴ്കായ്കെൻ മനമേ, നീ!
സൗന്ദര്യാത്മകമാകും വസ്തുവൊന്നൊരാനന്ദ-
കന്ദമാണെന്നെന്നേക്കു മെന്നു നീയറിവീലേ?
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

പൂക്കളം

സുപ്രഭാതത്തിന്റെ സുസ്മിതത്തിൽ-
പ്പൊൽപ്പനീർപ്പൂക്കൾ വിരിഞ്ഞിടുമ്പോൾ,
ആനന്ദസ്വപ്നങ്ങൾ പുൽകുമെന്നെ-
യാരോമൽപ്പൈതൽ വിളിച്ചുണർത്തി.
അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിൻ
സ്വപ്നം ഗസിച്ചു വിടർന്നു നിന്നു.
അപ്പനിനീരലർത്തൂമുഖമെ-
ന്നക്ഷിക്കുമുത്സവമായിരുന്നു.
മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരിൽ.
അന്നെന്നെപ്പുൽകിയ കാവ്യലക്ഷ്മി-
യെന്നെന്നും മന്നിതിൽ മിന്നിയെങ്കിൽ!
വാരൊളിവെൺകതിർമാല ചിന്നി
വാനിൻ ഹൃദയം തെളിഞ്ഞു മിന്നി.
നീരണിച്ചോലകൾ പാട്ടുപാടി,
നീളെപ്പൂവല്ലികൾ നൃത്തമാടി.
പുൽക്കൊടിപോലും ശിരസ്സുപൊക്കി-
പ്പുത്തൻ പ്രപഞ്ചത്തെ യെത്തിനോക്കി.
ആനന്ദപുഞ്ചിരി തൂകിത്തൂകി
മാനുഷഹൃത്തിലുണർച്ച പാകി,
മാവേലിമാഹാത്മ്യം പാടിപ്പാടി
മാകന്ദമഞ്ജരി തേടിത്തേടി,
പാറിപ്പികങ്ങൾ പറന്നു ചാലേ
പാടുമാനന്ദങ്ങളെന്നപോലെ!
പൂഞ്ചിറകാട്ടിശ്ശലഭവൃന്ദം
പൂരിതാനന്ദം പറന്നുമന്ദം
മാരിയേറ്റേറ്റു വിറച്ചലോകം
മാറിത്തെളിഞ്ഞു രചിച്ചു നാകം
പച്ചപ്പുൽപ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു.
മഞ്ജുമുകുളമുഖങ്ങൾതോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു
വെള്ളാമ്പൽ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും.
കറ്റകളെങ്ങും മെതിച്ചു തീർന്നു
ചിറ്റാടപൂത്തു മണം പരന്നു.
പിച്ചകപ്പൂത്തോപ്പിൽ പിച്ചവെച്ചു
കൊച്ചുകാറ്റങ്ങിങ്ങു സഞ്ചരിച്ചു.
സന്തതം മർത്ത്യനെ തൃപ്തനാക്ക-
നെന്തെല്ലാം വിശ്വപ്രകൃതി ചെയ്വൂ!
ശ്മശാനത്തിലെ തുളസി / പൂക്കളം
ചങ്ങമ്പുഴ

അത്തമാണത്തമാണദ്ദിനത്തി-
ലത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവർക്കും ചിത്തതാരിൽ
മുത്തണിയിക്കുന്നൊരോണമെത്തി!
മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
പച്ചിലക്കുമ്പിളിലാക്കിപ്പിന്നെ!
കൊച്ചുവിളക്കുകൊളുത്തി മുന്നിൽ,
മുറ്റത്തു നിർമ്മിച്ച പൂക്കളത്തിൽ,
കറ്റക്കിടാവിട്ടു കൈകൾ കൂപ്പി,
മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലൻ,
വെൽക നീ ബാല്യമേ, യൗവനത്തിൻ
കൈകൾ നിൻ കണ്ണുപൊത്താതിരിക്കിൽ!....
മാവേലിവന്നെത്തും കാലമായി
പൂവേണിമാർക്കു കുതുകമായി.
ഖേലനലോലരായ് ബാലരെല്ലാം
കോലാഹലങ്ങൾ തുടങ്ങി നീളെ.
പൊയ്പ്പോയകാലത്തിൻ പുഞ്ചിരിയി-
ലൽപ്പമിന്നും ബാക്കി നിൽപതല്ലീ?
മന്നിനെപ്പുൽകിയുണർത്തിടുമി-
പ്പൊന്നോണനാളിൻ പുതുവിലാസം!
ഭൂതത്തോടൊത്ത നിൻ ഭൂതിയേറെ-
ഭൂതലം വിട്ടെങ്ങോ പാഞ്ഞൊളിച്ചു.
ഇത്തരം മുറ്റത്തെപ്പൂക്കളങ്ങൾ
ചിത്തത്തിലായിരം ചിന്ത ചേർപ്പൂ.
പണ്ടത്തെ വീരന്മാർ കേരളീയർ
കൊണ്ടാടിപ്പോന്നുള്ളോരോണനാളേ!
തല്ലിൽ ജയിക്കും തരുണരൊത്തു
വില്ലടിപ്പാട്ടു നടത്തും നാളേ!
ഇപ്പരിഷ്കാരകോലാഹലത്തിൽ
നിഷ്ഫലം തന്നെ നിൻ വേണുഗാനം!
മാവേലി വന്നെത്തുമോണനാളേ,
ഭൂവിൽ നീ നീണാൾ ജയിക്ക ചാലേ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

മരണത്തിന്റെ മറവിൽ

അകളങ്കസ്നേഹത്തിൻ തൂമരന്ദ-
മകതാരിലാശു തുളുമ്പിനിൽക്കേ,
അനഘേ, നിൻ ധ്യാനത്തിൽ മഗ്നനായ് ഞാ-
നനവദ്യാനന്ദം നുകർന്നിരുന്നു.
അതുമമ ജീവിതവാടികതൻ
മധുമാസകാലങ്ങളായിരുന്നു-
ഒരുഞൊടിക്കുള്ളിലെൻ ഭാഗ്യതാര-
മിരുളിലെവിടെയോ പോയൊളിച്ചു.
മുകുളങ്ങളെല്ലാം വിടർന്നു വീണു
പികപാളി മാന്തോപ്പു വിസ്മരിച്ചു.
കരിമുകിൽ മാല പരന്നവാനിൽ
കതിരോന്റെ ചെങ്കതിർ തേഞ്ഞുമാഞ്ഞു.
ഇതുവരെക്കമ്രമായ്ക്കണ്ടു ലോകം
ഹതഭാഗ്യമ്മൂലമിരുണ്ടടിഞ്ഞു!
സ്വയനാശിയാകും നിയതിക്കുള്ള
കയമൊന്നുകൂടിക്കലങ്ങിപ്പൊങ്ങി.
ദ്യുതിയാളുമെത്രയോ നീർപ്പോളക-
ളതിനുള്ളിൽ പൊട്ടിത്തകർന്നിരിക്കാം.
അവസരമില്ലാത്ത 'കാല' ത്തിനി-
ന്നവയല്ലാം നോക്കിയിട്ടെന്തു കാര്യം?
ഒരു പിഞ്ചുചിത്തമുടങ്ങുവെങ്കിൽ
കരയുന്നതെന്തിനു യോകഗോളം?
അതിനേക്കാൾ മീതെയായെത്ര കാര്യ-
മതിനുണ്ടനുദിനം ചെയ്തുതീർക്കാൻ?
ചൊരിമണൽ തൃഷ്ണയ്ക്കൊരങ്കുശമായ്
ചൊരിയുകയാണെന്റെ കണ്ണുനീർ ഞാൻ.
ഗിരിനിരക്കോട്ടതൻ തുഞ്ചിൽനിന്നു
സുരപഥം ചുംബിക്കും വൻതരുവും
ഒരു ഫലമില്ലാത്ത കാട്ടുതാളിൻ
നറുകൂമ്പിൽത്തത്തും ജലകണവും
ഒരുപോലടിച്ചു നിലത്തു വീഴ്ത്തും
കരപുടം ചിത്രം പരം വിചിത്രം.
ഒരു ഭാഗം ലോലമാം ബാലിശത്വം
പര, മഹോ, പാരമ്യപാടവത്വം.
ഇവരണ്ടിൻ മദ്ധ്യത്തിലെത്രനേരം
സവിലാസസ്വപ്നം സമുല്ലസിക്കും?
വിവശമെൻ ചിത്തം വിശിഷ്ടചിത്രം
വിരചിച്ചതെല്ലാം വിഫലമായി.
അഴകേറും വാനിൽ ഞാനാഭകൂട്ടാൻ
ശ്മശാനത്തിലെ തുളസി / മരണത്തിന്റെ മറവിൽ
ചങ്ങമ്പുഴ

മഴവില്ലിനേറെനാൾ നിന്നുകൂടേ?
പരിമളപൂരം പകർന്നുകൊൾവാൻ
വിരിമലരെന്നെന്നും മിന്നിക്കൂടേ?
ശരി, ശരി, ശൂന്യതയില്ലെങ്കിൽ
പരിപൂർത്തിയെന്താണെന്നാരറിയും?
ഇരുളെന്നൊന്നില്ലായ്കിൽ പൂനിലാവിൻ
തെളിമയറിഞ്ഞീടാൻ സാദ്ധ്യമാണോ?
നിലയറ്റെൻ നിശ്വാസം നീണ്ടു നീണ്ടു
നിയതിതന്നാഴമളന്നൊടുവിൽ
ഒരു രാഗനാളമായ് നിന്നടുക്കൽ
വരുവോളം കാക്കുവേനോമലേ ഞാൻ!...
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

വീണ്ടും വെളിച്ചം

ഏതോ വിദൂരവിജനതയിങ്കൽനി-
ന്നേറെനാൾകൂടിയിട്ടെന്മുന്നിലെത്തി നീ.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലിനിക്കണ്ടു-
മുട്ടുവാൻ നിന്നെയിടയാകുമെന്നു ഞാൻ.
ഇന്നു ഞാനൽപ്പവുമോർത്തിരിക്കാതിതാ
വന്നു നീ നിൽക്കയാണിപ്പൂവനികയിൽ.
പ്രാണൻ കുളിർക്കുന്നു കാനനപ്പച്ചയി-
ലോണനിലാവു പരന്നതുമാതിരി!
പോയപ്പോളെന്നോടൊരൊറ്റവാക്കോതുവാൻ-
പോലും തുനിയാഞ്ഞതെന്തുകൊണ്ടാണു നീ?
അത്രയ്ക്കുമാത്രം പരിഭവം തോന്നുവാ-
നല്പവും നിന്നോടു തെറ്റുചെയ്തില്ല ഞാൻ.
നീ പോയനാൾമുതലിന്നോളമെന്മനം
നീറിയിരുന്നതറിഞ്ഞുവോ നീ സഖീ?
പണ്ടു നാം മേളിച്ചപൂങ്കാവനങ്ങളും
ചെണ്ടിട്ടുനിന്ന ലതാ നികുഞ്ജങ്ങളും
സ്വർണ്ണ മരീചിയിൽ മുങ്ങി, നീയന്തിക്കു
വന്നിരിക്കാറുള്ള താഴ്വരപ്പച്ചയും;
ഒക്കെയോരോന്നുറ്റുനോക്കി, സ്സഹിക്കുവാ-
നൊക്കാതെനിന്നെത്ര പൊട്ടിക്കരഞ്ഞു ഞാൻ!
നീപോയമാത്രയിൽ പോയി നിന്നോടൊത്തു
നീളെയിങ്ങെല്ലാം വഴിഞ്ഞ സുഷമകൾ.
ഇങ്ങുള്ളവയിൽ സ്സമസ്തവും നീയാണു
ഭംഗിയും കാന്തിയും നൽകിയിരുന്നവൾ.
നിന്നഭാവത്തിൽ നിലച്ചതവയുടെ
നിർമ്മലാകർഷണ ശക്തികൾ സർവ്വവും.
എത്തീ തിരിച്ചു നീയിന്നി, ന്നിതാ, തിരി-
ച്ചെത്തീയവയിലവയുടെ ശോഭയും!
ഏറെനാളായിട്ടിരുണ്ട പരിസരം
ചാരുപ്രഭാമയമാകുന്നു പിന്നെയും.
പണ്ടത്തെ ഞാൻ തന്നെയായി ഞാൻ, ലോകവും
പണ്ടത്തെതന്നെയായ് നിൽക്കുന്നു മേ!
അത്ഭുതം തന്നെയാണോർത്താലിതിനിത്ര
ശക്തി, യെന്തെ, ങ്ങുനിന്നെപ്പൊളാർജ്ജിച്ച്ഹ് നീ?
മായികേ, മായ്ക്കുവാനെത്ര യത്നിക്കിലും
മായുന്നില്ല നിൻ ചിത്രം!- മടങ്ങി ഞാൻ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

വിയോഗഭൂവിൽ*

വിശ്രമത്തിന്റെ തണലിലിസ്വപ്നങ്ങൾ
വിസ്മരിച്ചേക്കു സമസ്തവും തോഴി, നീ!
തമ്മിൽപ്പിരിയാം നമുക്കീയവസാന-
ചുംബനത്തിന്റെ ഹൃദയത്തുടിപ്പുമായ്.
നമ്മിലുറങ്ങിക്കിടക്കുമഴലിനെ-
ക്കണ്ണീർതളിച്ചു വിളിച്ചുണർത്തൊല്ല നീ.
ഓടക്കുഴൽ വിളിച്ചാനന്ദനർത്തന-
മാടിയണഞ്ഞൊരത്തങ്കക്കിനാവുകൾ
വന്നപോൽത്തന്നെ പിരിഞ്ഞുപോയ്, ജീവിത-
നന്ദനത്തിന്റെ മധുമാസരാത്രിയിൽ!
ഭഗ്നാനുരാഗപ്പുതപ്പിനാ, ലോർമ്മതൻ
നഗ്നതമേലിൽ മറച്ചുപിടിക്ക നാം.
ഉദ്യമത്തേക്കാൾ വിനോദമാക്കീടുകീ-
യുദ്വേഗദമാമനുരാഗ നാടകം.
ശോകാത്മകാന്തമായ്ത്തീരുമിതെന്നതും
ഹാ, കഷ്ട, മാരന്നറിഞ്ഞിരുന്നൂ, സഖീ?
വേദാന്തവേണുവിൽക്കൂടി ഞാൻ പാടുമീ
വേദനാഗീതമിനിമേലൊരിക്കലും,
ഒട്ടിപ്പിടിക്കാനിടയാക്കുകില്ല നിൻ
പട്ടുപോലുള്ളൊരപ്പിഞ്ചുമനസ്സിനെ!
കഷ്ടം, കൊതിച്ചു തണലിലെപ്പുൽക്കൊടി
പൊട്ടിച്ചെടുക്കാൻ തരുത്തലത്താരിനെ.
ചുറ്റു, മസൂയയാൽ കൂർത്തമുഖവുമായ്-
ക്കുറ്റം പറഞ്ഞിതാ മുൾച്ചെടിച്ചാർത്തുകൾ.
എന്നാലുമുച്ചത്തിൽനിന്നനുകമ്പതൻ
കണ്ണുനീർത്തുള്ളിയപ്പുൽത്തുമ്പിൽ വീഴ്ത്തി നീ.
ചേണുറ്റൊരാ ബിന്ദു രാഗാദയത്തിന്റെ
മാണിക്യഖണ്ഡമായ് മാറിയ കാരണം,
അക്കൊച്ചുപുൽക്കൊടിയേതോ നവോജ്ജ്വല-
സ്വർഗ്ഗചൈതന്യം മുകർന്നിതരക്ഷണം.
സാഹസമാണതെന്നാകിലോ, നിർമ്മല-
സ്നേഹപ്രസന്നേ, സദയം പൊറുക്കണേ!
ആശ്വസിച്ചല്ലോ പലപ്പൊഴും, നീയെന്റെ
ശാസ്വതനിർവൃതിയാകുമെന്നോർത്തു ഞാൻ!
വെള്ളിനക്ഷത്രമേ, നീയടുത്തുള്ളനാൾ
തുള്ളിത്തുളുമ്പിയിരുന്നു മന്മാനസം.
ഇന്നിതാ വേർപെട്ടുപോകയാണോമലേ,
കണ്ണീരിലെന്നെ കുളിപ്പിച്ചുകൊണ്ടു നീ.
പോവുക, പോവുക നിത്യാനുഭൂതികൾ
പൂവിരിക്കട്ടെ നിൻ ജീവിത വീഥിയിൽ!

* ശ്രീ ഇടപ്പള്ളി ആർ. രാഘവൻപിള്ളയുടെ ആത്മഹത്യയ്ക്ക് ഒരാഴ്ചമുമ്പ്, അദ്ദേഹത്തിനുണ്ടാകാവുന്ന മാനസാന്തരം ഈ രീതിയിലായിരിക്കുമെന്നു സങ്കൽപിച്ച് എഴുതിയിട്ടുള്ളതാണ് ഈ പദ്യം. പക്ഷേ, എന്റെ സങ്കൽപത്തിനോ, അനുമാനങ്ങൾക്കോ നേരേ വിരുദ്ധമായിപ്പോയി അനുഭവം-
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

രണ്ടു നിർവാണങ്ങളേതോ സുരമലർ-
ച്ചെണ്ടുപോലെന്മുന്നിൽ മിന്നിയിന്നോളവും
ഒന്നു നിൻ പ്രേമ, മപരമൊരാനന്ദ-
തുന്ദിലസൗഹൃദം-രണ്ടും മനോഹരം!
അസ്സൗഹൃദത്തെ നിൻ പ്രേമവും, നിൻപ്രേമ-
മസ്സൗഹൃദവുമറിവൂ പരസ്പരം.
ഇന്നവയിങ്കൽനിന്നൊന്നിതാ പോകയാ-
ണെന്നെന്നേക്കുമായിപ്പിരിഞ്ഞെന്നെ നിർദ്ദയം,
നൊന്തുനൊന്തയേ്യാ, ദഹിക്കയാണൊന്നതു
ചിന്തിച്ചിടുമ്പോഴേക്കെൻ മന, മോമലേ!
അസ്സൗഹൃദത്തിനെയല്ലാതെയാരെ, യീ
നിശ്ശബ്ദദു:ഖമിനിയറിയിപ്പു ഞാൻ?
പ്രേമം മധുരം, മനോഹരം, പക്ഷേ, യാ-
പ്രേമനൈരാശ്യമൊരുൽക്കടസങ്കടം.
അന്ത്യത്തിലശ്രുവാർത്തിടുവാനാണെങ്കി-
ലെന്തിനു നാമിദം സ്നേഹിച്ചു നിഷ്ഫലം?...
ചേലിലെൻപ്രേമസ്വരൂപിണിയല്ലിനി-
മേലിലെൻകൊച്ചുസഹോദരിയാണു നീ!
ഇന്നോളമുള്ളെൻസമസ്തചാപല്യവു-
മൊന്നായിനി നീ മറക്കുവാൻ നോക്കണേ!
വിസ്മൃതികൊണ്ടു നാം മൂടിയാൽക്കൂടിയും
വിട്ടകന്നീടാത്ത നിർവാണവീചികൾ,
ഹന്ത, നാമൊന്നല്ല രണ്ടല്ലൊരായിരം
സ്വന്തമാക്കിത്തീർത്തു ജീവിതവീഥികൾ.
യാത്രപറകിലും നമ്മൾക്കിവിടെവെ-
ച്ചാത്മക്ഷതങ്ങൾക്കവകാശമില്ലിനി.
എന്നുതന്നല്ലീവ്യതിയാനരംഗത്തി-
ലെന്തുകൊണ്ടാവോ കൃതാർത്ഥനാകുന്നു, ഞാൻ.
എങ്കിലും തോഴീയിതു പറയുമ്പൊഴു-
മെൻകരൾ വീണ്ടും തുടിക്കയാണെന്തിനോ!
നീയറിയാത്ത പലേ കനൽക്കട്ടകൾ
നീറുമതിനുള്ളിലിപ്പൊഴുമെപ്പൊഴും
കണ്ണുനീരല്ലാതൊരൊറ്റ സ്മിതവുമി-
ല്ലെന്നുപഹാരമായേകാൻ നിനക്കിനി!
ശ്മശാനത്തിലെ തുളസി / വിയോഗഭൂവിൽ
ചങ്ങമ്പുഴ

മറക്കരുത്

താരകച്ചാർത്തിൽ നിനക്കു മൽസ്പന്ദനം
നേരിട്ടുകാണാമിരുണ്ട നിശകളിൽ.
നിത്യവുമെന്റെ തണുത്ത നിരാശ വ-
ന്നെത്തിടും മൂടൽമഞ്ഞായി നിൻവീഥിയിൽ.
മൽപ്രേമശുദ്ധിതൻ സാത്വികസിദ്ധിയാൽ
സുപ്രഭാതങ്ങൾ കൊളുത്തുമുണർച്ചകൾ.
തെന്നലിലൂടെയെൻ കുമ്പിതോൽക്കണ്ഠത-
ന്നന്വേഷണങ്ങളണയും നിരന്തരം.
എന്നും തുളുമ്പും സുഗന്ധമായ്പ്പൂക്കളിൽ
നിന്നിലെനിക്കുള്ളൊരോമൽപ്രതീക്ഷകൾ.
കൊച്ചുകാട്ടാറിൻ കളകളമായി വ-
ന്നെത്തും നിനക്കടുത്തെൻ ശൂഭാശംസകൾ.
എന്നിരുന്നാലും കനിവെന്നിലുണ്ടെങ്കി-
ലെന്നെ നീ മേലിൽ മറക്കുവാൻ നോക്കണേ!
സങ്കൽപ ചിത്രം വരച്ചുപോലും സ്വയം
പങ്കം പുരട്ടുകയില്ലിനി നിന്നിൽ ഞാൻ.
ചത്തഭാഗ്യത്തിൻ ചിതാഭസ്മവുംകൂടി
വിട്ടുതരുന്നു നിനക്കു ഞാൻ, നിർമ്മലേ!
ഹന്ത, നിന്നോർമ്മയ്ക്കെനിക്കെന്നുമെന്റെയീ
നൊന്തുനൊന്തുള്ള മനസ്സുമാത്രം മതി!....
കണ്ടുമുട്ടാനിനിയൊക്കാത്തമാതിരി
രണ്ടുവഴിയായ് പിരിയുകയാണു നാം!
ഈ വിയോഗത്തിൽദ്ദഹിക്കണം നമ്മുടെ
ജീവിതത്തിങ്കലെസ്സർവ്വരഹസ്യവും!
മാമകസ്മാരകമായൊരു നേരിയ
രോമഹർഷംപോലുമാർജ്ജിക്കരുതു നീ!
സർവ്വവും വിങ്ങി വിറങ്ങളിച്ചിപ്പൊഴീ
നിർവ്വികാരത്വത്തിൽ വീണടിഞ്ഞീടണം!
പോകൂ, പിരിയൂ, മറയൂ-തവ ഭാഗ്യ-
കോകിലം കൂകിത്തുടങ്ങീ-വസന്തമായ്!
എല്ലാം പൊറുക്കൂ മറക്കൂ, സഹോദരീ
പൊള്ളയായുള്ളൊരിപ്പുല്ലാങ്കുഴലെ നീ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

രാഗവിവശനാമെന്നെപ്പിരിഞ്ഞിന്നു
പോകയാണോ നീ വിഷാദവിലാസിനി?
രാവും പകലും പിരിഞ്ഞിടാതിത്രനാൾ
മേവി ഞാനൊത്തെൻ കളിത്തോഴിയായി നീ-
കണ്ടു രസിച്ചു കൈകോർത്തിരുന്നെത്രയോ
ചെണ്ടിട്ടു ചെണ്ടിട്ടടർന്ന ദിനങ്ങൾ നാം!
കാലമാം നൂലിൽ നിൻ ചിന്തകളാലെത്ര
മാലകൊരുത്തെനിക്കേകി, നീ, മായികേ?
മാനസമിന്നും നുകരുകയാണതിൻ
മായാതെനിൽക്കും മധുരപരിമളം!
ഏകാന്തതതൻ കനകവിപഞ്ചിയിൽ
നീകൈവിരൽത്തുമ്പുരുമ്മിയമാത്രയിൽ,
അന്ധകാരത്തിലും കൂടിയൊരത്ഭുത-
ഗന്ധർവ്വമണ്ഡപമായി മന്മന്ദിരം!
പൂക്കളിൽക്കൂടിച്ചിരിച്ചു വിടർന്നെന്നെ
നോക്കിക്കുണുങ്ങിയെൻ മുറ്റത്തു നിന്നു നീ.
പൂമ്പാറ്റകളാൽ പുടവയിളകിയെൻ
പൂങ്കാവനത്തിലലഞ്ഞുനടന്നു നീ.
ഉദ്രസം പൊന്നിൻ കിനാവുകളായെന്റെ
നിദ്രയെക്കെട്ടിപ്പിടിച്ചുമ്മവെച്ചു നീ.
എന്തിനിന്നോളമെൻ പ്രാണനായ്ത്തന്നെയെ-
ന്നന്തികത്തിങ്കൽ നീ വാണു, വിലാസിനി?
നീയറിയാതില്ലൊരൊറ്റ രഹസ്യവും
നീറിപ്പുകയുമെൻ ജീവിതവേദിയിൽ
നമ്മളൊന്നിച്ചു നുകർന്നു ലോകത്തിലെ
നന്മയും തിന്മയും മൗനമായിത്രനാൾ.
നിന്നിലലിഞ്ഞു ഞാ, നെന്നിലലിഞ്ഞു നീ
നിന്നിതമ്മട്ടൊരു നിർവൃതിയിങ്കൽ നാം!
ഒട്ടും കരുതിയിരിക്കാതെ പെട്ടെന്നു
വിട്ടുമാറുന്നുവോ നീയെന്നെ മോഹിനി?
എന്നിനിക്കാണും?-വിദൂരത്തിലെത്തിയാ-
ലെന്നെ നീയക്ഷണം വിസ്മരിക്കില്ലയോ?
പോകാതെയില്ല തരമെങ്കി, ലങ്ങനെ-
യാകട്ടെ-പക്ഷേ, മറക്കരുതെന്നെ നീ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

തിരുവനന്തപുരം ആർട്ട്സ്കോളേജിൽ

സല്ലാപത്തിന്നൊരുങ്ങിക്കമലജ കലഹം-
വിട്ടു വാഗ്ദേവിയോടൊ-
ത്തുല്ലാസം....വാർന്നരികിലിരുവശം
ചേർന്നുനിന്നും പുണർന്നും,
കല്യാണം കൈവളർന്നും, നിയമപടുതതൻ
വെൺപുകൾപ്പൂനിലാവിൽ
കല്ലോലച്ചാർത്തുതിർന്നും മഹിമയുടലെടു-
ത്തുള്ള മള്ളൂർ ജയിപ്പൂ!
നിത്യം, സൗഭാഗ്യകൽപദ്രുമനിബിഡതയാൽ
നന്ദനത്തെജ്ജയിച്ചി-
ട്ടുത്തുംഗാമോദമോലും തവ ശിശിരിതസൽ-
ജീവിതാരാമഭൂവിൽ
എത്തിപ്പാടട്ടെ ചഞ്ചൽച്ചിറകുകളുതിർ-
ന്നായുരാരോഗ്യ, മെന്നും
നൃത്തംചെയ്യട്ടെ മൊട്ടിട്ടനുപമവിഭവ-
ശ്രീമണിപ്പൊൻകിനാക്കൾ!
മാതാവേ, മഹിതോൽക്കടപ്രതിഭതൻ
സങ്കേതഭൂവേ, ജയ-
ശ്രീതാവും ചരിതോജ്ജ്വലേ, മമ കലാ-
ശാലേ, ജയിക്കുന്നു നീ!
സ്ഫീതാംശം തവ കാൽക്കലെൻ സഹജരും
ഞാനും സമർപ്പിക്കുമീ-
യേതാനും ചില കാട്ടുപൂക്കൾ സദയം
കൈക്കൊൾക നീയംബികേ!
സഹസ്ര വിദ്യാർത്ഥികൾതൻ പഠിപ്പാം
സഹാറപോലുള്ള മണൽപ്പരപ്പിൽ
സഹായമായിന്നു സമുല്ലസിക്കും
സഹസ്രനാമയ്യർ ജയിക്ക മേന്മേൽ!
എന്നും നിൻ പുകൾപൊങ്ങുമാറതുലമാം
വിഞ്ജാനസമ്പൂർത്തിതൻ
പൊന്നോടക്കുഴലൂതിയൂതി വിലസും
നിന്നദ്രിമാരാധകൻ
ധന്യൻ, സദ്ഗുണപൂർണ്ണ, നദ്വിജവരൻ
സൗമ്യൻ സഹസ്രാഭിധൻ
മിന്നുന്നൂ തവമുന്നിൽ നിൻ ഹൃദയമാം
വിണ്ണിൽ കലാനായകൻ!
ശ്മശാനത്തിലെ തുളസി / തിരുവനന്തപുരം ആർട്ട്സ്കോളേജിൽ
ചങ്ങമ്പുഴ

സാഹിത്യക്ഷീരവാരാന്നിധിയി, ലനുപമ-
ശ്രീവിലാസത്തിൻ, മർത്ത്യർ-
ക്കൂഹിക്കാൻപോലുമാകാത്തൊരു നിശിതമഹാ-
ബുദ്ധിശക്തിത്തഴപ്പിൽ,
സ്നേഹത്തിൻ പൊൽത്തിടമ്പായ് വിമലതരയശോ-
രാശിയായ് മന്നിലാരും
മോഹിക്കും ജ്ഞാനഭാഗ്യത്തികവിലലമന-
ന്താഭിധൻ ലാലസിപ്പൂ!
അനൽപഭക്ത്യാദരപൂർവമങ്ങ-
യ്ക്കാശിസ്സു നേരുന്നു കിടാങ്ങൾ ഞങ്ങൾ
അനന്തഭാഗ്യങ്ങൾ ഗുരോ, ഭവാനി-
ന്നാതിത്ഥ്യമേകാനണയട്ടെ മേന്മേൽ.
സാമർത്ഥ്യമോടു സതതം മലയാളഭാഹാ-
സാഹിത്യസത്തമസമാജരഥം സഹർഷം
സാരസ്യമാർന്നു വഴിപോലെ നയിച്ചു നിത്യ-
സാരസ്വതാർത്ഥി, വിജയിക്കുക കേശവാഖ്യൻ!
ശ്രീമദ്സൗഹൃദദീപ്തിവീശി വികസി-
ച്ചീടും മയൂഖങ്ങളേ,
പ്രേമപ്പൊയ്കയിൽ നീന്തി നീന്തി വിഹരി-
ച്ചീടും മരാളങ്ങളേ!
ഹാ, മൽപ്രാണസഖാക്കളേ, സഖികളേ!
സൗഭാഗ്യസമ്പൽസുഖ-
ക്ഷേമാരോഗ്യജയോന്മദങ്ങൾ നിഖിലം
നിങ്ങൾക്കു നേരുന്നു ഞാൻ.
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

പൈതൽ

തേനൊലിക്കുളിർച്ചുണ്ടു വിടുർത്തി നൽ-
പ്പൂനിലാവൊളിപ്പുഞ്ചിരി തൂകിയും,
സാരമില്ലാത്തതെങ്കിലുമെത്രയും
സാരസ്യമോലും വാക്കുകൾ കൊഞ്ചിയും,
ലാലസിക്കുന്നിതങ്കണത്തിങ്കലായ്
ലീലയിലാണ്ടൊരോമനപ്പൂമ്പൈതൽ
കണ്ണിനാനന്ദമേകാനിതിൽപ്പരം
നിർണ്ണയം മന്നിലില്ല മറ്റൊന്നുമേ!
പച്ചിലകൾ കടിച്ചു ചാഞ്ചാടിയും
കൊച്ചാട്ടിങ്കുട്ടിയുണ്ടു കൂട്ടാളിയായ്,
മാമരച്ചില്ലതോറും പറക്കുന്ന
കോമളങ്ങളാം മഞ്ഞക്കിളികളെ
ചെന്നു മന്ദം പിടിച്ചെടുത്തീടുവാ-
നുന്നിടുന്നു വിഫലമായിട്ടവൻ!
മുന്നിൽ പാറിക്കളിക്കും പൂമ്പാറ്റതൻ
പിന്നിലൂടെ പതുങ്ങി നടക്കിലും,
ഒട്ടുനേരം കഴിയവേ തൻകൈയിൽ
കിട്ടിടാതവൻ പിന്മടങ്ങീടുന്നു.
ശാന്തസുന്ദരം, ദൂരിതപങ്കില
ഹന്ത! ബാല്യത്തിൻ മധുരാനന്ദം!
ഏതുനേരത്തുമാനന്ദമല്ലാതെ
ചേതസ്സിലവനില്ലല്ലലല്പവും.
വെല്ക, വെല്ക, നീ ശൈശവകാലമേ!
വെല്ക, വെല്ക, നീയാനന്ദധാമമേ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

വസന്തത്തിനോട്

വസന്തം വന്നുപോയ് വസന്തം വന്നുപോയ്
വസുമതി നവവിലാസിനിയായി
വിലസിതങ്ങളാം വിരിമലർ ചൂടി
വിളങ്ങുകയായി വിപിന വീഥികൾ!
മരങ്ങളേതാനും തളിർത്തു മറ്റുള്ള
തരുലതാദികളഖിലവും പൂത്തു.
കുളിർത്ത നീർത്തുള്ളി വഹിച്ചലഞ്ഞിടു-
മിളങ്കാറ്റിലെങ്ങും പരന്നു പൂമണം.
മരന്ദപാനത്തിൽ മതിമറന്നെങ്ങും
മുരണ്ടുമണ്ടിനാർ വിരണ്ട വണ്ടുകൾ.
തളിർത്തതേന്മാവിൻ പടർപ്പിങ്കൽത്തത്തി-
ക്കളിച്ചു കാകളിപൊഴിച്ചു പൂങ്കുയിൽ.
ഹരിതനീരാളം പുതച്ചു മിന്നുന്ന
പരന്ന മൈതാനം പരമശോഭനം
ഇളവെയിലിന്റെ കനകകാന്തിയിൽ
കളിച്ചിളകിനാർ ചെറുതേനീച്ചകൾ.
തരംഗപാളിയാം വിപഞ്ചികമീട്ടി-
ത്തരംഗിണീഗണം തളർന്നൊഴുകുമ്പോൾ
അതിനവമാകുമൊരു ചൈതന്യത്തിൽ
കതിരുകൾ കാണ്മൂ പ്രകൃതിയിലെങ്ങും.
അതുലാനന്ദത്തിൻ നിലയനമായി-
ട്ടിതുപോലെന്നെന്നുമിരിക്കാവൂ ലോകം!
വരാഭവാർന്നൊരീ വസുധയെവിട്ടു
പിരിഞ്ഞിടായ്ക നീ വസന്തകാലമേ! ?
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

തുഹിനബിന്ദു

ചാലവേ വാനിൻ കൃപാണമൊന്നതാ
നീലത്തൃണത്തിലടർന്നുവീണു.
കാണിനേരംകൊണ്ടതെത്രയും കാന്തമാം
മാണിക്യഖണ്ഡമായ് മാറിപ്പോയി.
കമ്രകരങ്ങളാലായതു ചുംബിച്ചു
സമ്മോഹനീയനാം കർമ്മസാക്ഷി.
അംബരദേവിതന്മാർത്തട്ടിൽനിന്നൂർന്നു
ചെമ്മേ പതിച്ചതാം താരമ്പോലെ-
കാനനലക്ഷ്മിതൻ കാൽത്തളതന്നിലെ-
ക്കാഞ്ചനഖണ്ഡം പതിച്ചപോലെ-
ശർമ്മധരാംബതൻ നെറ്റിത്തടത്തിലെ
രമ്യമാം ഘർമ്മാംബുവെന്നപോലെ-
സൂനസുഗന്ധിയാമാരാമദേവിത-
ന്നാനന്ദത്തിന്റെ കണികപോലെ-
ലീലയാവാനവരൂഴിയിലിട്ടോരു
ലോലമാം രത്നപ്രകാണ്ഡം പോലെ-
നീഹാരലേശമേ, നീ വിളങ്ങീടുന്നു
മോഹനസൗവർണ്ണവിഗഹാഭൻ!
ലാവണ്യകന്ദമേ, നിന്നിലുൾചേർന്നല്ലോ
ഭൂവിലെ മജ്ഞിമയാകമാനം.
എങ്ങനെ ചിത്രീകരിച്ചിടാം നിന്നുടെ-
യംഗമെൻ വാങ്മയതൂലികയാൽ?
അൽപസമയത്തിനുള്ളിൽ നീ, രമ്യയി-
പ്പൊൽപ്രഭ മങ്ങിമറഞ്ഞുപോകാം.
എങ്കിലെന്തെത്രയോ കാമ്യം നിൻജീവിതം
പങ്കിലദൂരിതമംഗലാഭം!
മന്നിൽ മറക്കാത്ത മഞ്ജിമതൂകി നീ
മിന്നി;-മറയുക ധന്യയായ് നീ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

വ്യതിയാനം

അന്നത്തെരാത്രിയുമാ നദീതീരവും
മന്ദഹസിക്കുന്ന പൂനിലാവും
വിണ്ണിനു രോമാഞ്ചമുണ്ടായരീതിയിൽ
മന്ദഹസിക്കുന്ന താരകളും
പച്ചിലച്ചാർത്തിനെപ്പയെ്യച്ചലിപ്പിച്ചു
പിച്ചവെച്ചെത്തുന്ന കൊച്ചുകാറ്റും
ഓരോരോവല്ലികൾ പൂത്തുപൂത്തെമ്പാടു-
മോളംതുളുമ്പും പരിമളവും
നാണം കുണുങ്ങിക്കൊണ്ടെന്നോടു ചേർന്നമർ-
ന്നാനന്ദം താഴ്ത്തിയിരുന്ന നീയും-
ഓർക്കുന്നുണ്ടോർക്കുന്നുണ്ടാരംഗമിന്നും ഞാൻ
വായ്ക്കും നിരാശ വിലക്കിയിട്ടും.
അന്നെല്ലമോമലേ, ലോകം നമുക്കൊരു
സുന്ദരസംഗീതമായിരുന്നു.
കാണുന്നതൊക്കെക്കവിതയും ജീവിതം
കാനനപ്പച്ചയുമായിരുന്നു.
ഇന്നെന്തൊരന്തരം!-നൊന്തിടുന്നില്ലയോ
നിന്മനമിന്നതൊന്നോർത്തിടുമ്പോൾ?
അല്ലെങ്കിലും സഖി, ലോകത്തിലൊന്നിനു-
മില്ലൊരു ശാശ്വതഭാവമൊന്നും.
എല്ലാം ചപലങ്ങൾ മായികസ്വപ്നങ്ങ-
ളെല്ലാം ചലനവിധേയകങ്ങൾ!
ഒട്ടുമിതൊക്കെയൊന്നോർക്കുമ്പോളാരെയും
കുറ്റപ്പെടുത്തുവാനില്ല നമ്മൾ!
കഷ്ടമീ നമ്മുടെ ജീവിതം തന്നെയൊ-
രുത്തരം കിട്ടാത്ത ചോദ്യചിഹ്നം.
കാണ്മവഓലും യഥാർത്ഥങ്ങളല്ലെങ്കിൽ
കാണാത്തതിൻ കഥയെന്തുപിന്നെ?
സങ്കല്പലോകത്തു ചെന്നെന്നിരിക്കിലും
സങ്കടം തോന്നുമിതൊക്കെയോർത്താൽ.
പിന്നെയിവയ്ക്കു നടുക്കു കിടപ്പവ-
നെങ്ങനെ കണ്ണിണ തോർന്നുകിട്ടും?
വേദാന്തമൊക്കെയും പോകട്ടെ വീണ്ടുമെൻ
വേദനതന്നെ തുടർന്നിടട്ടെ....
ശ്മശാനത്തിലെ തുളസി / വ്യതിയാനം
ചങ്ങമ്പുഴ

മത്സഖി, നീ മമ പ്രാണനാളത്തിനൊ-
രുത്സവദായിനിയായിരുന്നു!
ഇന്നൊരു ധൂമികയായി നീയെങ്കിലു-
മന്നൊരു വെണ്ണിലാവായിരുന്നു!
ആ നല്ലനാളിനിയോർക്കാതിരിപ്പാനായ്
ഞാനെത്ര യത്നിച്ചുനോക്കിയെന്നോ!
ആവുന്നതില്ലെനിക്കത്രയ്ക്കുമേലതെൻ-
പ്രാണനിലൊട്ടിപ്പിടിച്ചുപോയി.
എന്മനസ്പന്ദനംതോറുമച്ചിന്തതൻ
മന്ദസ്മിതം ചേർന്നലിഞ്ഞുപോയി.
തപ്തസ്മൃതികളൊത്തങ്ങിങ്ങിരുന്നിനി
പൊട്ടിക്കരയാം നമുക്കുമേലിൽ.
ഉന്മാദനൃത്തം നടത്തേണ്ടനുഭവ-
പ്പൊന്മലർക്കാവിൽ കടന്നു നമ്മൾ!
മന്നിലവയൊന്നും കൂടാതെതന്നെ നാ-
മന്യോന്യബന്ധിതരായതല്ലേ?
അങ്ങിങ്ങുവേർപെട്ടുപോകിലെന്താ ബന്ധ-
മങ്ങനെ പെട്ടെന്നഴിവതാണോ?
ഇല്ലില്ലഴിയുകയില്ലതു തോഴീ, നാ-
മുള്ളഴിഞ്ഞെത്രമേൽ നോക്കിയാലും.
ചിന്തയ്ക്കനർഹമാം ഗൂഢോന്മദത്താല-
തെന്തിനു വീണ്ടും പുതുക്കണം നാം?
എന്നോടൊരൽപം കനിവുണ്ടെന്നാലതി-
നെന്നെ നീ മേലിൽ ക്ഷണിക്കരുതേ!
എന്തെല്ലാം മാറ്റങ്ങൾ വന്നാലുമെന്നെന്നു-
മെന്തിലും മീതെ ഞാൻ നിന്നെയോർക്കും.
ജീവനെക്കൂടിയുമേതുകാലത്തും നിൻ
സേവനത്തിനു ഞാൻ കാഴ്ചവെയ്ക്കും!
ആകയാൽ ഞാനിദം വേർപെട്ടുപോവതോർ-
ത്താകുലപ്പെട്ടിടായ്കോമലേ നീ!
നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
കൊച്ചനുജത്തിയെപ്പോലെ നിന്നെ!
ആരാധിക്കാം തമ്മിൽ സൗഹൃദപ്പൂക്കളാൽ
വേറിട്ടിരുന്നു നമുക്കിനിമേൽ.
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

സ്മരണ

കലിതമോദമെന്മൃദുലജീവിത-
കലികയെക്കാത്ത നിലയമേ!
തരളിതോൽഫുല്ലധവളകോമള-
സുരഭിലലോലമലരുകൾ
തുരുതുരെത്തൂങ്ങും തരുനിരചുറ്റും
പരിലസിച്ചീടും സദനമേ!
വിലസിയില്ലല്ലി വിഗതസന്താപ-
മൊരുകാലത്തു നിൻ മടിയിൽ ഞാൻ.
രജതകല്ലോലമിളിതമായ് മന്ദം
കളഗാനം പാടിയൊഴുകീടും
കുളിർസരിത്തേ, നിൻ കരയിലെൻ ബാല്യ-
കുസുമകാലങ്ങൾ നടമാടി.
മഹിതസൗഭാഗ്യമയമായ് മിന്നിയ
മധുരവാസരതതികളേ!
അരിയവാത്സല്യത്തികവും ദിവ്യമാം
പരമനിർമ്മലപ്രണയവും
ഒരുമിച്ചുൾക്കൊണ്ടു പരിചിൽ നിങ്ങള-
ന്നനഘശാന്തിയിൽ മുഴുകവേ,
സതതം നിങ്ങൾതൻ നിരഘനിസ്തുല-
തരളസംഗീതകലവികൾ
അനഘമാനന്ദമധുരമൂർച്ഛയിൽ
മുഴുകിപ്പിച്ചിതെൻ ഹൃദയത്തെ.
അവിടെനിന്നൊരു പരുഷമാം ചണ്ഡ-
പവനനെന്നപോലതിവേഗം
കൊടിയദുർവിധി വരവായെന്നാത്മാ-
വുടനിരുളിലേക്കടിയുവാൻ.
ഇതുവിധമെന്നെ വിരലിലാകർഷി-
പ്പതിനു നിങ്ങൾക്കു കഴിയുവാൻ,
പറയുകെന്നോടു സദയമാരാണോ
വരമരുളിയ വനദേവി!
മറയും ശീകരഹിമലേശത്താലും
മൃദുലമുല്ലപ്പൂവിതളാലും
അവളുടെശീർഷവസനമിന്നയേ്യാ
വിരചിതമാകാനിടയായി.
കഴികയില്ലവൾക്കുണരുവാനിനി
കരയുകെന്നോടക്കുഴലേ നീ!
അവളോ ഞാനോ ചെറ്റണിയുകയില്ലിനി-
യമലസുസ്മിതമൊരുനാളും.
പരമശൂന്യമീയുലകിൽനിന്നിദം
കരയും ഞാനൊരു നിഴലായി
ദിവിയണഞ്ഞുടനവളെ-ലോലമാ-
മൊരു നിഴലിനെ-പ്രണയാർദ്ര-
പുളകപൂർണ്ണമാം കരപുടം നീട്ടി
പുണരുവാനിടവരുവോളം
അവളോ ഞാനോ ചെറ്റണിയുകില്ലിനി-
യമലസുസ്മിതമൊരുനാളും! ....
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

ഹൃദയഭിക്ഷു

മാമകാനന്ദമേ, നിന്മലർമുറ്റത്തു
മാനസഭിക്ഷയ്ക്കുവന്നു നിൽക്കുന്നു ഞാൻ.
യാത്രയാക്കൊല്ലേ വെറും കയ്യുമായല-
മാർത്തിയാൽ നീറുന്നൊരെൻ ജീവിതത്തെ നീ!
പൊള്ളിക്കുമിളച്ചൊരായതിൻ പാദത്തിൽ
മുള്ളുതറച്ചു മുറിപ്പെടുത്തായ്ക നീ!
ചെണ്ടുവിരിച്ചുതരേണ്ട മൽപാതയിൽ
കണ്ടകം വാരിയെറിഞ്ഞിടാഞ്ഞാൽ മതി.
ആജീവനാന്തം കൃതജ്ഞതയാൽ പ്രേമ-
ഭാജനമേ, നിൻ വിരസഭാവങ്ങളെ
യത്നിച്ചിടും ഞാൻ നിറമ്പിടിപ്പിക്കുവാൻ
ഭഗ്നമോഹത്താലധ:പതിച്ചീടിലും!
എത്രമേലെന്നെയവഗണിക്കുന്നു നീ-
യത്രമേലെന്നോടടുപ്പിച്ചു നിന്നെ ഞാൻ!
സർവ്വവുമാറിത്തണുത്തുപോം നിൻ തപ്ത-
ഗർവ്വമിതുമാത്രമെന്നും ജ്വലിച്ചിടും!
ഹോമിക്കയല്ലല്ലി നീയതിൻ ജ്വാലയിൽ
ഹാ, മൽസുരഭിലസ്വപ്നശതങ്ങളെ!
എങ്കിലും ദുസ്സഹമാമിപ്പരീക്ഷണ-
ത്തിങ്കലും തീരെപ്പരാജിതനല്ല ഞാൻ!
അങ്കണത്തിങ്കൽനിന്നാട്ടിയോടിക്കുവാൻ
ശങ്കിച്ചിദം മുഖം താഴ്ത്തി നിൽക്കേണ്ട നീ
ഒറ്റയ്ക്കൊരുവാക്ക, താ നടപ്പാതയിൽ
മുറ്റിത്തുടങ്ങീ തിമിരപ്പടർപ്പുകൾ.
അസ്സന്ധ്യാതാരം കൊളുത്തിയിട്ടുണ്ടെന്റെ
വിശ്രമ, മേതോ വിജനവനികയിൽ
മാപ്പുനൽകേണമേ, മന്മനസ്സിൽ മുഗ്ദ്ധ-
മാർദ്ദവത്തിന്റെ നെടുവീർപ്പുകൾക്കു നീ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

രാഗലഹരി

ഇരവിലാദ്യത്തെ മധുരനിദ്രയിൽ
സരളസ്വപ്നങ്ങൾക്കിടയിലായ്
ഹൃദയനായികേ, ഭവതിയെക്കാത്തു
മുദിതനായി ഞാനുണർന്നു!
മൃദുലമർമ്മരമുയരുമാറെങ്ങും
കുളിരിളംതെന്നലിളകവേ,
ഹൃദയനായികേ, ഭവതിയെക്കണ്ടു
മുദിതനായി ഞാനുണർന്നു.
അറിയാന്മേലാത്തോരനഘശക്തിയെ-
ന്നമലേ, മൽപദയുഗളത്തെ
അനുനയിപ്പൂ നിൻ മണിയറയിലെ-
ക്കിളിവാതിൽക്കലേക്കതിവേഗം.
അലയും തെന്നലുമരുവിയും നോക്കൂ
തളരുന്നു മുറ്റുമിരുളിങ്കൽ.
അരിയചമ്പകപരിമളമതാ
തെരുതെരെ മാഞ്ഞുമറയുന്നു.
ഒരു കിനാവിങ്കലുയരുമോരോരോ
സരളമാം ചിന്താശകലം പോൽ
ഇടറുമൊച്ചയിലിതുവരെ മന്ദ-
മിണയെക്കാണാതെ വിവശയായ്
തരുശിഖരത്തിൽ മരുവും രാക്കുയിൽ
കരൾ തകർന്നയേ്യാ, കരയുന്നു.
അനഘേ! നിന്മാറിലതുപോലെ ഞാനും
തലചായ്ചിത്തിരി കരയട്ടേ!
തനിയേതാനിപ്പുൽത്തകിടിയിലിദ-
മിനിയും നിന്നിലോ തരളേ ഞാൻ?
വരു വരൂ നാഥേ, വിവശൻ ഞാനയ്യോ
മരണത്തിങ്കലേക്കണയുന്നു.
വിറകൊള്ളുന്നു ഞാൻ വലയുന്നു മണ്ണിൽ
വിഗതബോധം വീണടിയുന്നു.
വിറകൊള്ളുന്നോരെന്നധരങ്ങളിലും
വിളറും കൺപോളകളിലുമായ്
മൃദുലചുംബനമധുരമാരിയായ്
സദയം വർഷിക്കൂ തവ രാഗം!
വിളറിപ്പോയിതെന്നിരുകവിൾത്തട്ടു-
മലകൊൾവൂ ബാലേ, മമ ചിത്തം.
അതു നീയോമലേ, ഭവതിതൻ മാറിൽ
സദയം ചേർത്തൊന്നു തടവുകിൽ
വിരഹവഹ്നിയിലുരുകീടുമതു
വിഗതവേദനം തകരുമേ! ....
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

കരയും ഞാൻ

അനുജനെക്കാണാതരവിനാഴിക
തനിയേ വാഴുവാനരുതു മേ.
ചെറുപൂമ്പാറ്റയും മലരുമൊത്തിതാ
വരികയായല്ലോ മധുമാസം.
തിരികെയൊന്നവൻ വരുവാനോതുമോ?
കരയുമല്ലെങ്കിലിനിയും ഞാൻ.
ഇവിടെപ്പൂക്കാഅമണയുമിക്കാല-
മെവിടെപ്പോയവൻ മരുവുന്നു?
ഇളവെയിലൊലിക്കനകപ്പൂഞ്ചാലി-
ലലയുന്നു ചിത്രശലഭങ്ങ.
അനുഗമിച്ചേനേ കുതുകമാർന്നിപ്പോ-
ളനുജനുണ്ടെങ്കിലവയെ ഞാൻ.
ഒരു രസമില്ല തനിയെ ചെന്നതിൻ
പുറകേ പൂങ്കാവിലലയുവാൻ.
കരുണനെങ്ങുപോയ്? പറയുകെന്നോടു
കരയുമല്ലെങ്കിലിനിയും ഞാൻ.
തുടുതുടെപ്പൂക്കളുലയുന്നു, നോക്കൂ,
തൊടിയിൽ നാം നട്ടചെടികളിൽ.
ഇളയമാണിക്യക്കുലകൾ വീശിക്കൊ-
ണ്ടിളകി മുന്തിരിച്ചുരുളുകൾ.
കൊതിയാകുന്നു കൊച്ചനുജനുമൊന്നി-
ച്ചതിനുള്ളിൽച്ചെന്നു കളിയാടാൻ.
കരുണനെന്തമ്മേ, വരികില്ലേ വീണ്ടും?
പറയുകില്ലെങ്കിൽ കരയും ഞാൻ!....
അരുതുകേൾക്കുവാനവനു നിന്മൊഴി
കരയായ്കെൻ തങ്കക്കുടമേ നീ.
പരിചിൽ നീയൊത്തു കളിയാടാനിനി
വരികയില്ലവനൊരു നാളും.
മധുവൂറും മന്ദഹസിതം വാർന്നൊരാ
മധുരാസ്യം, കുഞ്ഞേ, മറവായി.
ഇനിയതുകാണാൻ കഴിയാ, നീ പിന്നെ-
ത്തുനിയുന്നെന്തിനു കരയുവാൻ?
പരമാനന്ദത്തിൽ മതിമറന്നോമൽ
പരിമളം വീശി വിലസിടും
ശ്മശാനത്തിലെ തുളസി / കരയും ഞാൻ
ചങ്ങമ്പുഴ

ഒരു നല്ല പിഞ്ചു പനിനീർപ്പൂവിനു-
ള്ളരിയ ജീവിതമവനുണ്ടായ്.
അമിതതാപമാർന്നഴലുവാൻ നമ്മ-
ളമരലോകത്തിലവനെത്തി.
തവസഹജൻ വന്നണയുകില്ലിനി-
ത്തനിയേവേണം നീ കളിയാടാൻ! ...
അവനമ്മേ, പിന്നെ, യവനുള്ളതെല്ലാ-
മിവിടെവിട്ടെന്തേ പിരിയുവാൻ?
കുരുവികൾ, പൂക്കൾ, ശലഭങ്ങൾ-കഷ്ട-
മൊരുവസ്തു കാണില്ലവിടത്തിൽ.
കുറെ ഞാനേകിടാമവനമ്മേ, വീണ്ടും
വരുമോ?-ഞാനൊന്നു വിളിയാട്ടാം.
കരുണനെക്കാണാതരവിനാഴിക
കഴിയുവാനെനിക്കരുതമ്മേ.
വെളുവെളെ നുരച്ചുരുളുകൾ തത്തും
കുളിർപൂഞ്ചോലതൻ കരയിലും,
ഇടതൂർന്നെമ്പാടുമിലമുറ്റും വള്ളി-
ക്കുടിലിനുള്ളിലെത്തണലിലും,
കരവും കോർത്തങ്ങിങ്ങലയുവാനിനി-
ക്കഴിയില്ലേ ഞങ്ങൾക്കൊരുനാളും?
വരികയില്ലെന്നോ?-ശരി;യെന്നാലവൻ
വരുവോളമമ്മേ, കരയും ഞാൻ! ....
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ

ചിത്രയുഗത്തിലെ സുപ്രഭാതം

മംഗളമണിനാദം!-ശ്രീലസൽസമാധാന-
രംഗത്തിൻ നവോദയകാഹളം!-മുഴങ്ങുന്നു!
ശാന്തിതൻ മരതാപ്പൂവനമെല്ലാം പൂത്തു
കാന്തിയുമുൽക്കർഷവുമൊന്നിച്ചു കരം കോർത്തു
വിജയക്ഷേത്രത്തിന്റെ ഗാപുരകവാടങ്ങൾ
വിരവോടെല്ലാർക്കുമായ് തുറക്കപ്പെട്ടുമുന്നിൽ.
മാമൂലിൻ മഷിതേച്ചമാറാല മാറിപ്പോയി
മായാത്തമയൂഖങ്ങൾ നൃത്തമാടുകയായി!
ഇച്ചിത്രയുഗത്തിന്റെ സുപ്രഭാതത്തിന്മുന്നി-
ലർച്ചിക്കൂ, വേണാടേ, നിൻനിർമ്മലഹർഷാശ്രുക്കൾ.
ഇപ്പുണ്യവിളംബരമേകിയചെങ്കോലിന്റെ
കെൽപ്പിനും കനിവിനുമരുളൂ നമോവാകം!
ദൈവത്തെപ്പങ്കിട്ടുകൊണ്ടിന്നലേവരെ, യോരോ
വൈവിദ്ധ്യം കാണിച്ചു നാം കലഹംകൂട്ടി തമ്മിൽ.
ഇന്നിതാ നമുക്കെല്ലാമൊന്നിച്ചു കൈയുംകോർത്തു
നിന്നുകൊണ്ടുൽക്കർഷത്തെപ്പുണരാനിടയായി.
ഇന്നത്തെ 'ശ്രീവാഴുംകോ'ടനന്വർത്ഥമായ്-ലോകത്തിൻ
മുന്നിലിന്നതു നേടീ മുഖ്യമാംസ്ഥാനം നൂനം!
ശ്മശാനത്തിലെ തുളസി / ചിത്രയുഗത്തിലെ സുപ്രഭാതം
ചങ്ങമ്പുഴ

ഈ നവയുഗത്തിന്റെ സുപ്രഭാതത്തിൽക്കൂടി
മാനവത്വത്തിൻ വാടാവെളിച്ചം മന്ദം മന്ദം
പരന്നുപരന്നൊരുകാലത്തു കാണാറാകും
പരമസ്നേഹത്തിന്റെ പാവനമതം മാത്രം!
അന്നത്തെ വിശ്വവ്യാപകോൽക്കർഷസമുദ്രത്തി-
ന്നമ്മയാ, ണിന്നീനാട്ടിൻ കനിവിന്വെള്ളത്തുള്ളി;
അന്നത്തെസ്സമത്വത്തിൻ സാമ്രാജ്യം താലോലിപ്പൂ
തന്നുള്ളിലടക്കിക്കൊണ്ടിക്കൊച്ചുമണൽത്തരി.
ഇദ്ദിവ്യയജ്ഞാഗ്നിയാൽ കൊളുത്തപ്പെട്ടീടട്ടെ
സദ്രസം, മൃതയായ ജാതിതൻ ചിതാകൂടം!
ബുദ്ധിതൻ വിദ്യുച്ഛക്തിമന്ദിരമായീടുമീ-
യുത്തമസചിവൻ തന്നമരംപിടിക്കലാൽ,
ഒഴുകിക്കളിക്കട്ടെ നിർബാധം കാറും കോളും
ചുഴിയും കണക്കാക്കാതെന്നുമിച്ചെറുവഞ്ചി!
നിർഭരം നടക്കട്ടെ വീണവായിച്ചുംകൊണ്ടു
നിത്യമീ വേണാടിന്റെ ഭാഗ്യദേവതയെങ്ങും!
ഇക്ഷേത്രപ്രവേശനമംഗളവിളംബര-
മക്ഷയസമാധാനത്തിന്റെ നാന്ദിയായ് ശോഭിക്കട്ടെ!
നീണാളായ് കൊതിച്ചൊരാ നിർവൃതി ലഭിച്ചിന്നു
വേണാട്ടിൽ ജനിക്കയാൽ ചരിതാർത്ഥരായ് നമ്മൾ.
അത്യന്തപവിത്രമാമീ യുഗമാരംഭിച്ച
ചിത്രതാരകേ, ഹാ, നീയുല്ലസിക്കാവൂ മേന്മേൽ!
താവകയശസ്സിന്റെ രശ്മികളുണർത്തട്ടെ
കേവലം മരവിച്ച ലോകത്തിന്റെ പ്രജ്ഞാചക്രം!

പുസ്തകങ്ങൾ

Footer Navigation

  • ജീവരേഖ
  • ഖണ്ഡകാവ്യങ്ങൾ
  • കവിതകൾ
  • ഗദ്യ കൃതികൾ
  • വിവർത്തനങ്ങൾ
  • നോവൽ
  • നാടകങ്ങള്‍
  • പഠനങ്ങൾ

Latest Gallery

Social Network

  •   Follow us
  •   Touch in

Contact Us

 

Copyright © 2013 - . All Rights Reserved - www.Changampuzha.com

Designed by - Thankappan Muvcattupuzha