മൗനഗാനം
മൗനഗാനം
ചങ്ങമ്പുഴ
ഉത്തേജനം
വിണ്മലർത്തോപ്പിലെക്കല്പകപ്പൂമൊട്ടൊ-
ന്നെന്മടിത്തട്ടിലടർന്നു വീണു.
വേണുനാദംപോലെ ഞാനറിയാതതെൻ-
പ്രാണനിലൊട്ടിപ്പിടിച്ചു നിന്നു.
സന്തത്മായതിൻ സംഗമംമൂലമെൻ
സങ്കല്പംപോലും നിറംപിടിച്ചൂ.
അത്യന്തദുഖത്തിൻ കാർമുകിൽ മാലയാ-
ലത്രയ്ക്കിരുണ്ടൊരെന്നന്തരീക്ഷം,
വെള്ളിവെളിച്ചത്തിൽ മുങ്ങി, യച്ചൈതന്യ-
കല്ലോലത്തിന്റെ നവോദയത്തിൽ!
പ്രാണഹർഷപ്രദമായൊരാ വേളയിൽ
ഞാനൊരു സംഗീതമായി മാറി!
എന്മനസ്പന്ദനം താരങ്ങളാഞ്ഞെടു-
ത്തുമ്മവയ്ക്കുംപോലെനിക്കു തോന്നി!
ലോകത്തിലെങ്ങും ഞാൻ കണ്ടീ,ലതൃപ്തിതൻ
കാകോളത്തിന്റെ കണികപോലും!
ഒക്കെസ്സമൃദ്ധിയും, പുഷ്കലശാന്തിയും
സ്വർഗ്ഗപ്രകാശവുമായിരുന്നു!
ജീവിതം തന്നെയെനിക്കൊരു മല്ലിക-
പ്പൂവിൻപരിമളമായിരുന്നു!
തങ്ങളിലൊത്തിനിമേലിലും, ഹാ, നമു-
ക്കിങ്ങനെതന്നെ കഴിഞ്ഞുകൂടാം!
നീണ്ട യുഗങ്ങൾ നിമേഷങ്ങളെന്നപോൽ
നീന്തിക്കടന്നു നമുക്കൊടുവിൽ
എന്നെങ്കിലുമൊരു കാലത്തനാദ്യന്ത-
സൗന്ദര്യസത്തയിൽ ചേർന്നലിയാം!
നിൻ നിഴൽ മാഞ്ഞാലും നിന്നിടുമെന്നിൽ നിൻ
നിർമ്മലാശ്ലേഷത്തിൻ രോമാഞ്ചങ്ങൾ!
1
പുഞ്ചിരിക്കൊഞ്ചലിൽ ചാലിച്ച വാക്കിനാൽ
വഞ്ചിക്കയല്ലേ നീ ചെയ്ത ചെയ്തതെന്നെ?
-26-2-1936
മൗനഗാനം/ഉത്തേജനം
ചങ്ങമ്പുഴ
2
പരസഹസ്രം നവപരിവർത്തന-
പരഭൃതങ്ങൾതൻ പഞ്ചമധാരയിൽ
പുളകമേലുമീ വഞ്ചിവസൂധതൻ
പുകളലകളലഞ്ഞുചെന്നങ്ങനെ
ഭുവനസീമയെപ്പുൽകുമാ, റഞ്ചിത-
ച്ഛവിയനാവിലം, വർഷിച്ചനാരതം,
പരിലസിക്ക നീ, മേൽക്കുമേൽ, പാവന-
പരിണതോജ്ജ്വലചിത്രനക്ഷത്രമേ!
-20-10-1937
മൗനഗാനം
ചങ്ങമ്പുഴ
ദേവയാനി
നീലമലകളേ, നിങ്ങളോർമ്മിക്കുമോ
നീറുന്നൊരീ മന്മനസ്സിന്റെ ഗദ്ഗദം
പൂവിട്ടുനില്ക്കും മരങ്ങളേ , നിങ്ങളും
ഭാവിയിലോർമ്മിക്കുകില്ലീ നിഴലിനെ.
ഇല്ല മൽസ്വന്തമായൊന്നും-കനിവെഴാ-
തെല്ലാം മറഞ്ഞു-കഴിഞ്ഞൂ സമസ്തവും.
പല്ലിളിക്കുന്നോ നിരാശതേ , നിർദ്ദയം
കൊല്ലാതെ കൊല്ലാനൊരുങ്ങിനിന്നെന്നെ നീ ?
അന്തരംഗത്തിലെന്നാശയ്ക്കു മേല്ക്കുമേൽ
ചെന്തളിർ ചൂടാനിടകൊടുത്തങ്ങനെ
പൊന്നിൽക്കുളിച്ചു കുണുങ്ങിച്ചിരിച്ചെന്റെ
മുന്നിലണഞ്ഞ സുദിനശതങ്ങളേ !
നിങ്ങളു, മയ്യോ, തടിൽക്കൊടിച്ചാർത്തുപോ-
ലെങ്ങോ മറഞ്ഞു-നിരാധാരയായി ഞാൻ !
ഫുല്ലപുഷ്പത്തെപ്പുഴുക്കൾപോൽ , കാരുന്നി-
തല്ലലോരോന്നുയർന്നെൻ കരൾക്കാമ്പിനെ.
സ്വപ്നം !-മടങ്ങുന്നു സംതൃപ്തചിത്തനായ്
സ്വർഗ്ഗത്തിലേക്കിന്നു മജ്ജീവനായകൻ !
ഓർക്കുന്നതുംകൂടിയില്ലപ്പുമാനെന്റെ
പേക്കൂത്തിലൊന്നും-പരാജിതതന്നെ ഞാൻ!
ചിന്തിച്ചിരിക്കാതെ ദുർവ്വിധേ , നിർദ്ദയ-
മെന്തിനു കൂട്ടിമുട്ടിച്ചു നീ ഞങ്ങളേ?
അല്ലെങ്കിലെന്തിന്നു , തെറ്റിയെനിക്കു, ഞാ-
നില്ലിനിക്കുറ്റപ്പെടുത്തുകില്ലാരെയും !
പറ്റിയബദ്ധമറിയാതെനി, ക്കിതിൽ
തെറ്റെന്നിലാ, ണിതാ മാപ്പു ചോദിപ്പു ഞാൻ.
എങ്കിലു, മയ്യോ, കെടുന്നില്ലശേഷമെൻ
സങ്കടം-എത്ര ഞാൻ കണ്ണീർപൊഴിക്കിലും !
(അപൂർണ്ണം)
3
ചന്ദനശീതളസുന്ദരചന്ദ്രിക ചിന്നിയ ശിശിരനിശീഥം
ചഞ്ചലരജതവലാഹകചുംബിതബിംബിതതാരകയൂഥം
മന്ദമദാകുലമലയാനിലചലിതാർദ്രലതാവൃതകാന്തം
മഞ്ജുളസുരഭിലമഞ്ജരികാകുലരഞ്ജിതകുഞ്ജഗൃഹാന്തം
23-8-1937
മൗനഗാനം / ദേവയാനി
ചങ്ങമ്പുഴ
4
ആകമ്രമാമൊരു മാലയും കോർത്തുകൊ-
ണ്ടേകാകിനിയായിരിക്കുകയാണവൾ
ഗ്രാമപ്രശാന്തി സചേതനമാമൊരു
ഹേമോജ്ജ്വലാകാരമാർന്നതുമാതിരി.
കാണാമടുത്തൊരു സന്ന്യാസിയെപ്പോലെ
കാവിയുടുപ്പിട്ടു നില്പൊരോലക്കുടിൽ !
5-9-1937
5
മുഗ്ദ്ധപ്രണയമേ , നീയിത്രയായിട്ടും
മുക്കാത്തതെന്തെന്നെക്കണ്ണുനീരിൽ ?
2-6-1938
6
ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ
മന്ദസ്മിതത്തിൽ കിടന്നുറങ്ങി.
5-6-1938
7
അല്ലെങ്കിലും വെറുമാശങ്കമൂലമാ
നല്ല കാലത്തും കരഞ്ഞവളാണു നീ
27-6-1938
8
നളിനവാപിയിലലർവിരിഞ്ഞൊര-
പ്പുലരിയിലൊരു നാളിൽ
നയനമോഹനകനകരശ്മികൾ
നവസുഷമകൾ വീശി.
5-9-1937
9
കരുതിയില്ലല്ലോ പിരിയുമ്പോളെന്നോ
ടൊരു വാക്കുപോലും പറയാൻ നീ !
25-6-1938
മൗനഗാനം
ചങ്ങമ്പുഴ
കൃതാർത്ഥൻ ഞാൻ
ആ മിഴി തോരില്ലെന്നോ? - നീ മുഖം കുനിച്ചു നി-
ന്നോമനേ, തേങ്ങിത്തേങ്ങിയിങ്ങനെ കരഞ്ഞാലോ ?
അറിയുന്നില്ലേ നീയെൻ ഹൃദയം ദ്രവിക്കുന്ന-
തരുതിന്നെനിക്കിതു കണ്ടുകൊണ്ടയ്യോ നില്ക്കാൻ.
എന്തു വന്നാലും കഴിഞ്ഞീടുമോ സഹിച്ചിടാ-
തെന്തു ചെയ്യട്ടേ, മർത്ത്യരായി നാം ജനിച്ചില്ലേ ?
ഇണ്ടലാർന്നിടായ്കേവം ജീവിതമാർഗ്ഗത്തിൽ, പൂ-
ച്ചെണ്ടണിക്കാവും കാണും, കണ്ടകക്കാടും കാണും !
ഉണ്ടാകും വല്ലപ്പോഴും മഴവില്ലുകളെങ്കിൽ
കൊണ്ടലാലലം നീലവിണ്ടലമിരുണ്ടോട്ടെ !
പ്രേമവിഹ്വലേ, നിന്റെ ഹൃദയം, സദാ ചിന്താ-
ഹോമകുണ്ഡത്തിൽ, കഷ്ട,മിങ്ങനെ ഹോമിക്കൊല്ലേ !
ഇന്നിപ്പോളിഷ്ടംപോലെ വേതാളനൃത്തംചെയ്തു
നിന്നുകൊള്ളട്ടേ കാലവർഷം, നീ കുലുങ്ങൊല്ലേ.
മിന്നലും കൊടുങ്കാറ്റുമിരുളും കാറും കോളു-
മൊന്നുചേർന്നിടിവെട്ടിപ്പേമാരി വർഷിച്ചോട്ടെ !
എത്ര നാളത്തേക്കുണ്ടിബ്ഭൂകമ്പം?-ചിരിച്ചുകൊ-
ണ്ടെത്തുവാൻ പൊന്നിൻചിങ്ങ, മിനിയും വൈകില്ലല്ലോ !
പൊന്നൊലിച്ചലതല്ലുമിളവെയിലിനാൽ, മൂടൽ-
മഞ്ഞിന്മേൽ മനോജ്ഞമാം കുഞ്ഞലുക്കുകൾ ചാർത്തി ,
ഓരോരോ മരതകത്തോപ്പിലും നവപുഷ്പ-
തോരണം തളിർച്ചില്ലച്ചാർത്തുകൾതോറും തൂക്കി ,
മരളും വണ്ടിണ്ടതൻ മൂളിപ്പാട്ടുകൾ പാടി
മുരളീരവം നീളെക്കോകിലങ്ങളാൽ തൂകി,
ഇളകിപ്പാറും ചിത്രശലഭങ്ങളാൽ, ഹർഷ-
പുളകാങ്കുരങ്ങൾ പൂങ്കാവുകൾതോറും പാകി
അനുഭൂതികളാകുമനുയായികളോടൊ-
ത്തണയും വർഷം പോയാ,ലപ്പൊഴേക്കോണക്കാലം !
ഓമലേ, വിഷാദിക്കായ്കിക്കൊടുങ്കാറ്റും കുളിർ-
ത്തൂമണിത്തെന്നലായി മാറിടും ഞൊടിക്കുള്ളിൽ !
ഇത്ര മേലന്യോന്യം നാം മോഹിക്കാതിരുന്നെങ്കി;-
ലിത്രമേലന്യോന്യം നാം സ്നേഹിക്കാതരുന്നെങ്കിൽ;
ഒരുകാലത്തുംതമ്മിൽക്കാണാതെകഴിഞ്ഞേനേ;
ഒരുകാലത്തും വിട്ടുമാറാതെ കഴിഞ്ഞേനേ
ഹാ! നമുക്കിരുവർക്കുമൊന്നുപോലൊരിക്കലും
പ്രാണനിലേവം പരുക്കേല്ക്കാതെ കഴിഞ്ഞേനേ !
നാമെന്തു ചെയ്തു കുറ്റം ? - കേവലമന്യന്മാരാ-
മൗനഗാനം/കൃതാർത്ഥൻ ഞാൻ
ചങ്ങമ്പുഴ
യീ മന്നിലങ്ങിങ്ങായിട്ടിരുന്നോരല്ലേ നമ്മൾ ?
[അന്യായം പ്രവർത്തിച്ചതെന്തു നാം?-ഹാ, കേവല-
മന്യരെന്നോണമങ്ങിങ്ങിരുന്നോരല്ലേ നമ്മൾ ?]
കേവലം നേരമ്പോക്കിലെന്തിനു കൂട്ടിച്ചേർത്തി-
തേവമാ വിധി നമ്മെ പ്രേമശൃംഖലമൂലം ?
ആ വിനോദമിന്നക്ഷന്തവ്യമാമപരാധ-
മാവുമാറലങ്കോലപ്പെട്ടുപ്പോയാകപ്പാടെ !
അന്നു താൻ പ്രവർത്തിച്ച വിഡ്ഢിത്തമോർത്താ വിധി-
യിന്നിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടായിരിക്കണം !
അത്രമേലനുമാത്രം നീറിക്കൊണ്ടിരിക്കുന്നോ-
രഗ്നിപർവ്വതമല്ലേ, പേറുന്നു മനസ്സിൽ നാം ?
ഒന്നെങ്ങാനതിൻ മുഖം പൊട്ടിയാൽ പോരേ?-കഷ്ടം !
പിന്നെയെന്തൊരുപിടി വെൺചാമ്പലല്ലേ നമ്മൾ?
അത്തപ്തപ്രവാഹത്തെത്തണുപ്പിക്കുവാൻ, കാല-
മെത്രനാൾ തുടർച്ചയായൂതണം പ്രശംസയാൽ !
എന്നാലും ഫലപ്പെട്ടുവരുമോ?-ഫലപ്പെട്ടാൽ-
ത്തന്നെ,യന്നയ്യോ, മന്നിലാരു നമ്മളെയോർക്കും ?
ഇന്നു നാം ജീവിക്കുമ്പോൾത്തന്നെയില്ലൊരുതുള്ളി-
ക്കണ്ണുനീർപൊഴിക്കുവാൻ നമ്മെയോർത്താരും മന്നിൽ !
പിന്നെ, നാം വെറും ജലരേഖകൾപോലെ മാഞ്ഞാ-
ലന്നാരു നമ്മെക്കുറിച്ചോർക്കുവാനിരിക്കുന്നു ?
അവയൊന്നും നീ പാഴിലാശിക്കാൻ തുനിഞ്ഞീടാ-
യ്കവശേ-നിരാധആരം നിർമ്മലസ്നേഹം മന്നിൽ !
പകവീട്ടുവാൻ നില്ക്കും ലോകത്തിൻ തള്ളേറ്റങ്ങി-
ങ്ങകലുന്തോറും നമ്മളത്രമേലടുക്കുന്നു.
എന്തു മായയാണാവോ, നമ്മെ നാം മായ്ക്കുന്തോറും
ചിന്തയിലത്രയ്ക്കുമേൽ മിന്നുന്നു തെളിഞ്ഞു നാം !
മറക്കാൻ കഴിഞ്ഞെങ്കിലന്യോന്യം, നമുക്കിനി
മരിക്കുംവരെക്കാണാതിരിക്കാൻ കഴിഞ്ഞെങ്കിൽ !
കരുതിക്കൂട്ടിയല്ലെന്നാകിലും പലപ്പോഴും
കരളിൽത്താപം നിനക്കേകിയിട്ടുണ്ടാകും ഞാൻ
സ്നേഹശൂന്യതയായിട്ടതു നീ കരുതായ്ക
മോഹനേ, മച്ചാപലംമാത്രമാണവയെല്ലാം !
പ്രേമത്തിൻ സാമ്രാജ്യത്തിൽ ബന്ധനസ്ഥരായ്ത്തന്നെ
നാമെന്നുമേവം കഴിഞ്ഞീടിലും കൃതാർത്ഥർ നാം !
മർത്ത്യനീതിതൻ കൂട്ടിൽക്കയറ്റിസ്സമുദായം
വിസ്തരിച്ചോട്ടേ നമ്മെക്കുറ്റവാളികളേപ്പോൽ
സ്ഥലകാലങ്ങൾക്കൊക്കുമകറ്റാൻ ശരീരങ്ങൾ
മൗനഗാനം/കൃതാർത്ഥൻ ഞാൻ
ചങ്ങമ്പുഴ
നലമോടത്രയ്ക്കൊട്ടിപ്പിടിക്കും ഹൃദയങ്ങൾ !
ചൂളുകില്ലൊരിക്കലും നിയമം വാളോങ്ങിയാൽ
കാലദേശാതീതമായ് വർത്തിക്കും ദിവ്യപ്രേമം !
നീയേവം തപിച്ചിടായ്കോമലേ, സൌഭാഗ്യങ്ങൾ,
നീളെ നിൻ വഴികളിൽപ്പൂവിരിച്ചീടും മേന്മേൽ !
എന്നിട്ടും മണിവീണക്കമ്പികൾ മുറിക്കിക്കൊ-
ണ്ടെത്രയും വിനീതയായ് ശാന്തി നിൻസവിധത്തിൽ
സന്തതസപര്യയ്ക്കായ്ക്കുണുങ്ങിക്കുണുങ്ങിക്കൊ-
ണ്ടന്തികത്തൊഴിയാതെ നിന്നുടുമുൽക്കർഷങ്ങൾ !
അന്നു നീയിന്നത്തെയെന്നാശംസാവചസ്സോർത്തി-
ട്ടൊന്നു പുഞ്ചിരിക്കൊൾകി, ലോലമലേ, കൃതാർത്ഥൻ ഞാൻ !
10
അല്ലെങ്കിലും, സഖി , വല്ലകാലത്തുമാ
നല്ലകാലം മർത്ത്യനില്ലാതിരിക്കുമോ ?
കണ്ണീരുമുഗ്രനിരാശയുംമാത്രമാ -
യെന്നുമൊരുത്തനധപതിച്ചീടുമോ ?
ഏതു രാവിന്റെ കൊടുംകൂരിരുട്ടിലും
പാത തെളിച്ചിടും വിണ്ണിൻവിളക്കുകൾ.
ഏതേതഗാധമാമാഴിപ്പരപ്പിലു-
മേതാനുമുണ്ടാമഭയദദ്വീപുകൾ
ഉല്ലസിക്കാമേതു ചുട്ട മണല്ക്കാട്ടി-
നുള്ളിലും ശീതളശാദ്വലഭൂമികൾ !
21-4-1935
11
കുതുകദായകാ, ഹൃദയനായകാ,
കുസുമദായകാ,സതതം ഞാൻ
അവിടുന്നെന്നടുത്തണയുമെന്നോർത്തോർ-
ത്തവിരാമോന്മാദം നുകരുന്നു.
ചപലകളാമെൻസഖികളങ്ങയെ-
ച്ചതിയനായ്ക്കുറ്റം പറകിലും
ഇതുവരെ നേരിട്ടവിടുത്തെക്കാണാ-
നിടയാവാതേവം കഴികിലും
ഒരു വിശ്വാസത്തിൻ സുഖസമാശ്വാസ-
പരിമളമെന്നെപ്പുണരുന്നു.
24-4-1935
മൗനഗാനം/കൃതാർത്ഥൻ ഞാൻ
ചങ്ങമ്പുഴ
12
നീരദങ്ങൾ നിറഞ്ഞു നിർമ്മല
നീലവാനിടം മൂടവേ
ജീവനായകാ, ഞാനിതാ നിന്നു
കേണിടുകയാണെന്തിനോ !
അസ്തമിച്ചിതെൻവാസര ,മിരു-
ളെത്തിയെന്മുന്നിലൊക്കെയും
ഇല്ലൊരു കൊച്ചുതാരകപോലു-
മല്ലിനെന്നെ നയിക്കുവാൻ.
താവകക്ഷേത്രം തേടിയേകയാ-
യീവഴിക്കൊക്കെപ്പോന്നു ഞാൻ.
ആവതില്ലിനിപ്പിന്മടങ്ങാനും
കേവലം നിസ്സഹായ ഞാൻ !
നാലുപാടുമിരച്ചുയർന്നപോയ്
ഘോരമാരുതഗർജ്ജനം
തമ്മിലാഞ്ഞടിച്ചാർത്തു കൂകുന്നു
വന്മരങ്ങളെല്ലാടവും
ചിന്നിമിന്നിപ്പുളഞ്ഞു പായുന്നു
മിന്നൽവല്ലിപ്പടർപ്പുകൾ.
1-10-1932
13
കുയിലിണ പാടിത്തളർന്നുറങ്ങും
കുളിരണിവല്ലിക്കുടിലിനുള്ളിൽ
അവളൊരുമിച്ചാ വസന്തരാവ-
ലവഗതാതങ്കം ഞാൻ വാണിരുന്നു.
അനുപമരംഗമതെന്തുകൊണ്ടു-
മനഘനിർവ്വാണദമായിരുന്നു.
ഭുവനമറിയാതടുത്ത രണ്ടു
നവയൌവനങ്ങളന്നൊത്തുചേർന്നു.
25-10-1933
14
മൗനഗാനം / കൃതാർത്ഥൻ ഞാൻ
ചങ്ങമ്പുഴ
അന്നു നാമാദ്യമായ്,ക്കൺമുനത്തെല്ലിനാ-
ലന്യോന്യം സ്വാഗതംചെയ്തനേരം,
പാതിരാത്താരകൾപോലെന്നിലേതാനും
ജ്യോതിഷ്കണങ്ങളടർന്നുവീണു.
മിന്നിപ്പൊലിഞ്ഞിതെൻ ചേതസ്സിലായിരം
മിന്നൽപ്പിണരിൻ സ്ഫുലിംഗകങ്ങൾ.
14-03-1935
15
അരിയ മുന്തിരിയിലകൾ മൂടുമിത്തളിർനികുഞ്ജകം തന്നിൽ
സരളശീകരമിളിതമല്ലികാപരിമളത്തിനു മുന്നിൽ
ഉദിതകൌതുകമമരുമെൻമൃദുഹൃദയവേദിയിലോരോ
മദപരവശമധുരചിന്തകൾ ചിറകടിച്ചടിച്ചെത്തി !
2-3-1934
മൗനഗാനം
ചങ്ങമ്പുഴ
ആ വസന്തം
ആ വസന്താഗമമന്നൊരു നൂതന-
ജീവൻ വസുധയ്ക്കണച്ചിരുന്നു.
ആ നറും സൌവർണ്ണകാലമെനിക്കുമൊ-
ട്ടാനന്ദദായകമായിരുന്നു.
പൂന്തെന്നൽ പുല്കുന്ന, പൂവല്ലിയാടുന്ന
പൂന്തോപ്പിനുള്ളിലെപ്പൂൽത്തറയിൽ
കുങ്കുമക്കൂടു കുറുക്കിയും, കണ്ണഞ്ചും
കങ്കേളിപ്പൂക്കളാൽ മാല കോർത്തും,
താമരക്കുമ്പിൽ ചമച്ചതിൽ ശീതള-
ശ്യാമമാം തണ്ണീർ നിറച്ചെടുത്തും,
നൽച്ചന്ദനത്തിരി കത്തിച്ചു സൌരഭം
നിച്ചിലും ചാർത്തിയലങ്കരിച്ചും,
അന്നു കൊണ്ടാടിനോരാ വസന്തോത്സവം
കണ്ണും കരളും കവർന്നിരുന്നു.
അന്നതിലൊക്കെയും പൊന്നൊളിപൂശിയോ-
രെന്നാത്മനാഥൻ-നൃപകുമാരൻ
ഇന്നി വന്നീടുന്നോരുത്സവം കാണുവാ-
നെന്നു വന്നെത്തുമെന്നാരറിഞ്ഞു ?
വല്ലിക്കുടിലിൽപ്പോയ് നോക്കി വിലാസിനി
മല്ലികാമഞ്ജരിയൊന്നുമില്ല.
ചെങ്കതിർ ചിന്നിത്തിളങ്ങുമൊരു പുതു-
കങ്കേളിപ്പൂങ്കുലമാത്രം കാൺമൂ.
അപ്പുഷ്പസന്ദേശം ദ്യോതിപ്പിച്ചീടുന്നു
തൽപ്രിയൻ തന്റെ ചരമവൃത്തം !
ഘോരാഹവത്തിൽ മൃതനായ് കുമാരകൻ
നാരിപ്പൂൺപയ്യോ നിലംപതിപ്പൂ !
കൺതുറന്നാളവൾ-എന്തെന്തു വിസ്മയം !
ഹന്ത, താൻ കാണുവതാരെ മുന്നിൽ ?
ആഹവംതന്നിൽ മരിച്ച കുമാരകൻ
സ്നേഹാർദ്രനായടുത്തുല്ലസിപ്പു.
തന്നുത്തമാംഗം മടിയിലെടുത്തുവെ-
ച്ചുണ്മയിലാമന്ദമാശ്ലേഷിപ്പു.
ചൊന്നാൾ "കുമാര, കുറച്ചു കടന്നുപോ-
യിന്നവിടത്തെ വിനോദമെല്ലാം
മൗനഗാനം / ആ വസന്തം
ചങ്ങമ്പുഴ
ഈ മട്ടിലെന്മനം നോവിച്ചുനോക്കുന്നോ-
രാമോദമങ്ങയെബ്ഭ്രാന്തനാക്കി. "
ആ മധുരാനനം തെല്ലുയർത്തിച്ചൊന്നാൻ
പ്രേമപ്രസന്നനായ് രാജപുത്രൻ
"ജീവാധിനാഥേ, നീ മുന്നം കൊണ്ടാടിയോ-
രാ വസന്തോത്സവമാർ മറക്കും ?
പോകുന്നതില്ല രണത്തിനു ഞാനിനി
മാഴകേണ്ടാ, മാഴ്കേണ്ടെന്നോമനേ, നീ !
നിൻ പ്രേമദാർഢ്യപരീക്ഷയ്ക്കു മാത്രമാ-
ണെൻപ്രിയേ, ഞാനേവം ചെയ്തതെല്ലാം ! "
ആ വസന്തോത്സവമാവിധം നൂതന-
ജീവനവരിൽ കൊളുത്തിനിന്നു.
ആ നറും സൌവർണ്ണകാലമവർക്കന്നൊ-
ട്ടാനന്ദദായകമായിരുന്നു !
16
ഇല്ല ലോകമധപതിപ്പിക്കുവാ-
നില്ല നിന്നെ വിടില്ലിനി മേലിൽ ഞാൻ
നീചസർപ്പമേ , നിൻവിഷജ്ജ്വാലയിൽ
നീറിനീറി ദ്രവിച്ചു നിരന്തരം
എത്രയെത്ര സുരഭിലനിർമ്മല-
ചിത്തസൂനങ്ങൾ ഞെട്ടറ്റിരിക്കണം.
പ്രേമമെന്നോ പിശാചികേ, പാഴിലാ
നാകമേവം മലിനമാക്കായക് നീ !
18-10-1937
17
വേണുവിനെല്ലാം വെറും കളിയാണായിക്കോട്ടേ
ഞാനിനിയൊന്നും തന്നെ പറയാനില്ലാ ഭാവം
4-11-1937
18
വെമ്പി വെമ്പി ഞാൻ ചെന്നിതെങ്ങുമെൻ-
ചെമ്പകത്തിനെക്കാണുവാൻ
മുല്ലയും നനച്ചേകയായ്ത്തോപ്പി-
ലുല്ലസിക്കുകയാണവൾ
ഓമിക്കാനുടലെടുത്തെത്തും
ഗ്രാമശാന്തത മാതിരി !
17-6-1938
19
എന്നെന്നും നീയെന്നെയോർക്കുവാൻ വേണ്ടി ഞാൻ
നിന്നെക്കുറിച്ചൊരു പാട്ടെഴുതി !
18-1-1938
മൗനഗാനം
ചങ്ങമ്പുഴ
മൗനഗാനം
ആത്മവിപഞ്ചിതൻ ലോലതന്തുക്കളി-
ലാദ്യം പൊടിഞ്ഞൊരാ ഗാനലേശം
അന്ധനാമെന്നെയെടുത്തൊരഗാധമാ-
മന്ധകാരത്തിലേക്കാഞ്ഞെറിഞ്ഞു.
ആ മഹാഭീകരമൂർച്ഛയിൽപ്പോലുമെ-
ന്നാശാപടലമതാകമാനം
ആകാശസീമയെപ്പോലുമതിക്രമി-
ച്ചാവിധം മേലോട്ടുയർന്നിരുന്നു.
തുംഗഹിമാലയശൃംഗങ്ങളന്നതിൻ
ചുംബനംകൊണ്ടു കുളിർത്തിരുന്നു.
വാവിട്ടുറക്കെക്കരയുമെൻ ജീവന്റെ
വായ പൊത്തിപ്പിടിച്ചാത്തരോഷം
ഏതോ കൊടുങ്കാറ്റു ചീറ്റിയണഞ്ഞൊരു
വേതാളനർത്തനമാരംഭിച്ചു.
ആവിധമായസമുഷ്ടിയിൽ കഷ്ടമെ-
ന്നോരോ ഞെരമ്പും ഞെരിഞ്ഞിരുന്നു.
ഒന്നുമറിയാതാ നിശ്ശൂന്യതയിൽ ഞാ-
നെന്തിനോവേണ്ടിയൊന്നമ്പരന്നു.
അന്നത്തെ നൊമ്പരമെന്തെന്നറിഞ്ഞതാ-
ണിന്നീ മുരളിതൻ മൗനഗാനം.
20
എന്തു ചൂടെന്തു ചൂടീവിധമെൻ
ചിന്തേ, നീയെന്നെ ഞെരിക്കരുതേ !
അള്ളിപ്പിടിക്കായ്കെൻജീവ, നയ്യോ
പൊള്ളുന്നെനിക്കു ഞാനൊന്നു പോട്ടേ !
അന്നു ഞാൻ നേരിട്ടു കണ്ടുനിന്ന
പൊന്നിൻകിനാവുകളെങ്ങു പോയി
23-10-1937
21
ഇനിയുമൊരു പൂക്കാലമാകുമ്പൊഴേക്കുമി-
പ്രണയലത മൊട്ടിട്ടു കണ്ടിരുന്നെങ്കിൽ ഞാൻ !
20-5-1938
മൗനഗാനം / മൗനഗാനം
ചങ്ങമ്പുഴ
22
അടിയന്റെ കുറ്റം പൊറുത്തു കല്പി-
ച്ചടിയനെക്കാക്കണേ തമ്പുരാനേ !
22-12-1937
23
തിരിയാൻ തുടങ്ങുന്നോ തത്ത്വചിന്തയിലേക്കി-
ന്നിരുളിൽ തപ്പിത്തപ്പിശാസ്ത്രജ്ഞന്മാരേ, നിങ്ങൾ ?
വളരെക്കാലം നിങ്ങൾ വിശ്രമംകൂടാതോരോ
വനഗർത്തങ്ങൾതോറുമുഴന്നുനടന്നല്ലോ !
31-8-1937
24
എത്ര വല വീശിയാലും ലഭിക്കാത്ത
പത്രരഥം 'മനശ്ശാന്തി' യെൻ തോഴരേ !
വിണ്ണിലെത്തോപ്പിൽ പറന്നുകളിപ്പതു
മന്നിൽ നാം തേടിപ്പിടിക്കുന്നതെങ്ങനെ ?
30-9-1926
25
ആശയാം കാറ്റിൻ ഗതിക്കു പറക്കുന്നി-
താഹന്ത ചിത്തമാം വെൺപട്ടമെപ്പൊഴും !
30-9-1926
മൗനഗാനം
ചങ്ങമ്പുഴ
കൈത്തിരി
നമിപ്പു നിന്നെ ഞാൻ പ്രപഞ്ചമേ, കുറ്റം
ക്ഷമിക്ക ഞാനൊരു ക്ഷണികജീവിതം.
എനിക്കുമുണ്ടല്പം പറഞ്ഞുപോകുവാൻ
തനിച്ചുനില്ക്കുമിത്തരുക്കളോടെല്ലാം.
പറക പാവനി, പവിത്രേ, നന്ദിനീ
മറഞ്ഞുപോമെന്നെ മറക്കില്ലല്ലി നീ ?
ചലദലാകുലവിലസിതേ നിന്നെ-
പ്പല നാമത്തിലും പറഞ്ഞുകേൾപ്പു ഞാൻ.
ഫലരഹിതമാം നെടുവീർപ്പു വിട്ടു
തല കുനിച്ചു നീ തളർന്നു നില്ക്കയോ ?
ഉലകം കാണുവാനുദിച്ചുയർന്നൊരെൻ
ഗളനാളം വേണമിരുളിനിക്ഷണം.
അലയാഴിക്കെന്നുമലറി വാണിടാം
അലകൾക്കെപ്പൊഴും മദിച്ചു തുള്ളിടാം
അരുവിക്കുപോലുമലഞ്ഞു പാടിടാ-
മരുതു കൈത്തിരിക്കനങ്ങുവാൻപോലും !
ഇതോ ജഗത്തിതിൻ നിസർഗ്ഗരീതി-ഞാൻ
കൊതിച്ചതെന്തിനി പ്രപഞ്ചജീവിതം ?
ഇലയിളകിലുമിടറുന്നൂ മനം
ചലന്മരുത്തെന്നെച്ചതിച്ചുവെങ്കിലോ !
കനകരശ്മികൾ പൊഴിക്കുവാൻ കൊതി-
ച്ചനല്പമോദമാർന്നവതരിച്ചു ഞാൻ.
സുരപഥത്തിൽനിന്നുലകിലെമ്പാടും
നിറകതിർവീശും മണിത്താരങ്ങളേ !
എനിക്കു നേരിട്ടോരവശത നോക്കി-
യിനിയുമെന്തിനു ഹസിപ്പു ഹാ ! നിങ്ങൾ ?
ഒരുവനുമെന്നെ സ്തുതിച്ചിടേണ്ട ഞാ-
നൊരു ചെറുതിരി, വെറും പടുതിരി !
തിരക്കിടേണ്ടെന്നെത്തിമിരമേ, നിന്റെ,
തിരുമുമ്പിലെത്തിയടിഞ്ഞുകൊള്ളാം ഞാൻ.
ഒരിക്കലെങ്കിലും മറക്കാനാകാത്ത
ചരിത്രമൊന്നുമേ കുറിച്ചിടായ്കയാൽ ,
മറന്നുപോയേക്കാം നിഹതയാമെന്നെ
മഹിമയാളുമീ വസുമതീദേവി.
തൃണഗണങ്ങളേ, സഖികളേ, നിങ്ങൾ
വിനയപൂർണ്ണയാമിവളെയെങ്ങാനും
ഒരു നിമിഷമോർത്തൊരു കണ്ണീർക്കണം
ധരയിൽ വീഴ്ത്തുകിൽ കൃതാർത്ഥയാണു ഞാൻ !
മൗനഗാനം / കൈത്തിരി
ചങ്ങമ്പുഴ
26
അങ്ങതാ കാൺമു ഞാനീലോകജീവിത-
തുംഗാനുഭൂതിതൻ മംഗളകന്ദളം
5-10-1934
27
കോട്ടമറ്റന്നല്ലിലെൻ കൊച്ചു തൂലികയൊരു
കാട്ടുപൂവിനെക്കൊണ്ടു പാട്ടുകൾ പാടിപ്പിക്കേ ;
കവനാംഗനയാളെൻ ഹൃദയം പുല്കിപ്പുല്കി-
ക്കവിയും മോദാലെന്നെക്കോൾമയിർക്കൊള്ളിക്കവേ ;
തടവെന്നിയേ നീലവർണ്ണത്തിലെൻ തൂവെള്ള
ക്കടലാസിങ്കൽ പ്രേമകല്ലോലം പരക്കവേ ;
നിശ്ശബ്ദപ്രശാന്തമാമെന്നേകാന്തയിങ്ക-
ലശ്ശരൽക്കുളിർമുല്ലപ്പൂനിലാവൊലിക്കവേ ;
എന്നെന്നുമിതുപോലെ പേനയും കടലാസു-
മൊന്നിച്ചു കഴിഞ്ഞിടാനൊത്തെങ്കിൽ !- കൊതിപ്പു ഞാൻ !
ചന്ദനമരത്തിന്റെ സന്ദേശസൌരഭ്യമാ
മന്ദമാരുതൻ കൊണ്ടുവന്നെനിക്കർപ്പിക്കയായ് !-
1-10-1932
28
മഞ്ഞണിമഞ്ഞക്കണിമലർമാലകൾ
മഞ്ജിമവീശും നിൻ പൂവനത്തിൽ
ഓടക്കുഴലുംവിളിച്ചു ഞാനെത്തുമ്പോ-
ളോമനേ, നീയെനിക്കെന്തു നല്കും ?
പ്രാണാനുഭൂതികൾ തൂകും പ്രിയകര-
നാനാവിഭവസമൃദ്ധികളിൽ
ലീനയാ, യന്തിമസന്ധ്യയിൽ, നീ തനി-
ച്ചാനന്ദലോലയായുല്ലസിക്കേ ;
പുല്ലാങ്കുഴലുമായ് ഞാനടുത്തെത്തിയാ-
ലുല്ലാസമേ, നിനക്കെന്തു തോന്നും ?
മായികജീവിതം നിന്മുന്നിൽ മാന്ത്രിക-
മായൂരപിഞ്ഛിക വീശിവീശി
കാമദസ്വപ്നചലനചിത്രങ്ങളെ-
ക്കാണിച്ചു കാണിച്ചു നിന്നിടുമ്പോൾ ,
ഞാനൊരു പാഴ്നിഴലായടുത്തെത്തിയാൽ
ഹാ ! നീയെമ്മട്ടിലറിയുമെന്നെ-
15-2-1934
29
പതിനഞ്ചായിട്ടില്ല തികച്ചും പ്രായം ഞാനെൻ-
പഠനം പരിത്യജിച്ചീടുവാനായി-
മൗനഗാനം
ചങ്ങമ്പുഴ
ആറ്റുവക്കിൽ
നിർമ്മലേ, നിമ്നഗേ, നില്ക്കു,കപ്പൊൻമല-
രുമ്മവെച്ചെങ്ങു നീ കൊണ്ടുപോയി ?
കല്ലോലക്കൈകളിൽത്താലോലമാടിയെൻ-
ചെല്ലത്തെച്ചൊല്ക നീയെന്തു ചെയ്തു ?
അന്തിമസന്ദേശം വല്ലതും ചൊല്ലിയാ-
ച്ചെന്തളിർമെയ്യാളൊളിച്ചിരിക്കാം !
പച്ചച്ചെടികളേ, നിങ്ങളതു കണ്ടി-
ട്ടുത്തരമൊന്നുമുരച്ചതില്ലേ ?
അന്തിമയങ്ങുമ്പോ,ളംബരം പൂക്കുമ്പോ-
ളന്തിമലരി ചിരിച്ചിടുമ്പോൾ ,
ഇത്തടിനീതടം കൈവിട്ടു പോകുവാ-
നെത്ര മടിച്ചീലന്നുത്തമേ, നീ?
വന്നെത്തുകില്ലിനി വാനത്തു ചെന്ന നീ
മന്നിതു വീണ്ടും മധുരമാക്കാൻ !
എന്തിനു പിന്നെ ഞാൻ കാക്കുവതന്നത്തെ-
സന്തോഷരംഗങ്ങൾ മാഞ്ഞുവല്ലോ !
വന്നിടാം നിൻപിമ്പേ വൈകിടാതീ ഞാനും
മന്നിനെന്തെൻനിഴൽ മാഞ്ഞുപോയാൽ ?
മൗനഗാനം
ചങ്ങമ്പുഴ
ആയിഷ
വാതിൽ തുറക്കൂ ചരിത്രമേ, മുന്നിലാ
വാടാവളക്കൊന്നു കണ്ടുകൊള്ളട്ടെ ഞാൻ.
ആരാലതാ കിളർന്നാളിപ്പടരുന്നു
ഘോരമുകിലപ്രതാപദാവാനലൻ.
ആദരാലക്ബറിൻ സാർവ്വഭൌമത്വമാ-
മാതപത്രത്തിനലുക്കിട്ടനാകുലം
ക്ഷേമങ്ങളെപ്പുണർന്നുല്ലസിച്ചീടുന്നു
സാമന്തരാജരജപുത്രവംശജർ.
മാനത്തുപോലും പരിമളംവീശുന്നു
മാനസിംഹൻതൻ പുകൾക്കുളിർപ്പൂവുകൾ !
ആഹവദേവത ഹർഷപ്രമത്തയായ്
കാഹളമൂതിച്ചരിക്കുന്നു നീളവേ,
കുങ്കുമം ചാർത്തുന്നിതുത്തരഭാരത-
മങ്കതന്മാറത്തു ചെന്നിണച്ചാലുകൾ !
അഷ്ടാശകളിലും മൂടുന്നു മേല്ക്കുമേ-
ലശ്വപാദോഗ്രപ്രപാതോത്ഥധൂളികൾ !
ധൂപം വമിക്കയായ് പട്ടാണിമാരുടെ
കോപാഗ്നികാളും പ്രതീകാരപർവ്വതം !
ആരിതുസ്മാനോ, മഹാത്മൻ, ഭവാനെന്തു
കാരണമിത്ര പരവശനാകുവാൻ ?
തോരാതെ തോരാതെ കണ്ണീർപൊഴികയോ
ധീരാഗ്രിമനാം ഭവാന്റെ നേത്രങ്ങളിൽ ?
ആ ഗളത്തിങ്കൽ സ്വയം ജയലക്ഷ്മികൾ
ആഗമിച്ചിട്ടതില്ലെത്ര പൂമാലകൾ ?
ആ വിരിമാറിൽത്തലചായ്ച്ചുറങ്ങിയി-
ല്ലാവേഗപൂർവകമെത്ര യശസ്സുകൾ ?
ആവിർഭവിച്ചതില്ലെത്ര മിന്നൽപ്പിണ-
രാവലങ്കയ്യിലെ വാൾത്തലച്ചീറ്റലിൽ ?
വന്നണയുന്നു ഭവൽസമീപത്തൊരു
മിന്നല,ല്ലാരിതാ, രായിഷാദേവിയോ ?
എന്തിനിസ്സംഭ്രമം കൂമ്പിയ നിന്മുഖ-
ച്ചെന്താരു വീണ്ടും വിടർന്നതെന്തത്ഭുതം ?
സേനാപതേ, ഭവൽപ്രാണനാളത്തിലൊ-
രാനന്ദഗാനം പതഞ്ഞു പൊങ്ങുന്നുവോ ?
മൗനഗാനം / ആയിഷ
ചങ്ങമ്പുഴ
സോദര പാരം വിളർത്തൊരാ നെറ്റിയിൽ
സ്വേദകണങ്ങൾ പൊടിഞ്ഞുതിരുന്നുവോ ?
ഏതോ സുരഭിലസ്വപ്നങ്ങളെ സ്വയം
ചേതന ചെന്നു ചെന്നുമ്മവയ്ക്കുന്നുവോ ?
ഒറ്റഞൊടിയിലെന്തന്തരം- ഹാ , ഭവ-
ദ്ദു:ഖത്തിനാസ്പതമിത്തങ്കരശ്മിയോ ?
ആയിഷേ , നിൻപദം പൂജിക്കുവാൻ നിന-
ക്കായുരന്ത്യംവരേക്കുണ്ടൊരാരാധകൻ !
ജീവിതസിദ്ധികളൊക്കെ നിൻ ചെന്തളിർ-
ച്ചേവടിച്ചോട്ടിൽവെച്ചർച്ചനചെയ്യുവാൻ
ആശിച്ചു ഹാ, നിന്നനുമതിക്കായ് മന-
ക്ലേശം സഹിച്ചും മരുവുകയാണവൻ.
ഇത്രനാൾ നിന്നെത്തപസ്സുചെയ്തിട്ടുമെ-
ന്തപ്രാപ്യയായ് നിന്നകന്നു മാറുന്നു നീ ?
പൂമണിമേടയിലാളിയോടൊത്തു നീ-
യോമനസ്വപ്നങ്ങൾ കണ്ടന്നുറങ്ങവേ ,
ജാതരൂപോജ്ജ്വലമക്കുളിർമേനിയിൽ
ജാതോന്മദം സുഖനിദ്ര ചെയ്തങ്ങനെ
കാലപാശംപോലെ ചുറ്റിപ്പിണഞ്ഞൊര-
ക്കാളസർപ്പത്തിനെക്കണ്ടു വിഭ്രാന്തനായ് ,
ജീവനെപ്പോലും പണയപ്പെടുത്തി നിൻ
ജീവരക്ഷയ്ക്കന്നൊരുങ്ങിയോനാണവൻ
ഒറ്റനിമേഷം കഴിഞ്ഞെങ്കിൽ നിൻ ജഡം
പട്ടടച്ചാമ്പലായ്ത്തീർന്നേനെ നിഷ്ഫലം !
കഷ്ടമെന്നിട്ടും യഥാർത്ഥമറിഞ്ഞിടാ-
തൊട്ടല്ല , ഭർത്സിച്ചിതപ്പുണ്യവാനേ നീ !
എന്തും സഹിക്കാൻ , നിനക്കുവേണ്ടി സ്വയ-
മെന്തും സഹിക്കാ,നൊരുങ്ങിയക്കാമുകൻ !
ആർത്തിരമ്പീടും ജലപ്രവാഹത്തിൽ നീ-
യാർത്തയായ് താണുമറഞ്ഞൊരാ വേളയിൽ ,
ആത്തവേഗം ചാടി നീന്തിത്തുടിച്ചുവ-
ന്നാർദ്രനവൻ നിന്നെ രക്ഷിച്ചു പിന്നെയും !
മറ്റാർക്കും കാണും മനോഹരി,നിന്നൊടീ-
മട്ടിലൊരുജ്ജ്വലാനർഘരാഗോദയം ?
കഷ്ടം, പ്രതിഫലമെന്താണിവയ്ക്കൊരു
പട്ടുപോൽ നേർത്ത സഹോദരസൌഹൃദം
അർപ്പണംചെയ്തു നിൻ പ്രേമാർദ്രമാനസ-
മൗനഗാനം / ആയിഷ
ചങ്ങമ്പുഴ
മപ്രാപ്യനാമപരന്നു നീ നിർദ്ദയം.
നീയറിയുന്നോ നിയതമൊരാത്മാവു
നീറി നീറിക്കൊണ്ടിരിക്കുന്ന വാസ്തവം ?
ഇപ്രേമവിഹ്വലനുൾക്കാമ്പിലേന്തുന്നു
തപ്തമാമേതോ വിഷാദാഗ്നിപർവ്വതം.
ഒന്നിച്ചു ബാല്യംമുതല്ക്കൊരേ മേടയിൽ-
ത്തന്നെ ജനിച്ചു കളിച്ചു വളർന്നവർ
താവകസന്നിധാനത്തിലൊരായിരം
ദേവലോകങ്ങളൊരുമിച്ചു കാണുവോൻ
നിൻകടക്കണ്ണിൽ നിരുപമമാമൊരു
സങ്കല്പനിർവൃതി കാണാൻ കഴിയുവോൻ
നിന്നെയല്ലാതീനിമിഷംവരേക്കുമൊ-
രന്യാംഗനയെ മനസ്സിലോർക്കാത്തവൻ
ഏതുമവനിൽക്കരുണയില്ലാതെ നീ-
യേവമവനെപ്പരിത്യജിക്കുന്നുവോ ?
ക്രുദ്ധനായെത്തീ, ജഗത്സിംഹനക്കൊടും-
യുദ്ധാങ്കണത്തിൽ പരാക്രമമൂർത്തിയായ്
കല്പാന്തകാലാഗ്നിപോൽപ്പറന്നെത്തുന്നി-
തപ്പൊഴേക്കുസ്മാനുമാ രണവേദിയിൽ
18-1-1938
(അപൂർണ്ണം)
30
എന്നെയോർത്തോർത്തു കേഴുകയാണാ-
ക്കണ്മണി കഷ്ടമിപ്പൊഴും.
ഇല്ലവളുടെ ജീവിതത്തിങ്ക-
ലല്ലലറ്റൊരു മാത്രയും.
ദുർവിധിയവൾക്കേകിയെന്തിനോ
സർവ്വനേരവും സങ്കടം.
മുഗ്ദ്ധമാലതീലോലസൂനംപോൽ
ശുദ്ധമായൊരാ മാനസം
ചിന്തയിൽ വെന്തിടുന്നതോർക്കുമ്പോൾ
നൊന്തിടുന്നിതെൻ ചിത്തവും.
സന്തതമേവം സന്തപിക്കുവാ-
നെന്തിനു കൂട്ടിമുട്ടി നാം ?
കണ്ണുനീർക്കടലിങ്കൽ ഞങ്ങളെ-
ക്കർമ്മബന്ധമേ മുക്കി നീ.
മൗനഗാനം
ചങ്ങമ്പുഴ
കുറ്റസമ്മതം
ഹാ , മന്മനസ്സിൽ തടുത്താൽ നിലയ്ക്കാത്ത
കാമവികാരത്തിരത്തള്ളൽകാരണം
മത്സഖേ, വേശ്യാലയങ്ങളിൽ പോക്കി ഞാ-
നുത്സവദായകമായൊരെൻ യൌവനം.
നെഞ്ഞിടിപ്പോടേകനായ്, മരംകോച്ചുന്ന
മഞ്ഞത്തിരുട്ടത്തു, മാന്മഥഭ്രാന്തിയാൽ
പോവും, വിലയ്ക്കു കൊടുക്കപ്പെടും ചില
പൂവലംഗാശ്ലേഷസൌഖ്യത്തിനായി ഞാൻ !-
എന്നിലുള്ളേതോ പിശാചിൻ വെളിപാടി-
നൊന്നുപശാന്തിയണയ്ക്കുവാനായി ഞാൻ !
തെറ്റു ഞാൻ ചെയ്തു-ശരി, യെങ്കിലുമതിൽ
കുറ്റമെനിക്കില്ല നിർദ്ദോഷിയാണു ഞാൻ.
താരുണ്യമാണോ , കൊതിക്കും മധുരമാം
നാരീപുരുഷസംയോഗമഹോത്സവം ?
ആയതപരാധമായിട്ടു നീതിയാൽ
ന്യായീകരിപ്പു സമുദതായമെന്തിനോ !
സ്നേഹിതാ, നില്ക്കൂ, ഞാൻ ചോദിച്ചിടട്ടെ, യീ
മോഹസാദ്ധ്യത്തിന്നു മാർഗ്ഗമില്ലായ്കയാൽ
എത്ര താരുണ്യമധപതിപ്പീലിന്നു
ചിത്തരോഗോഗോധഗർത്തത്തിൽ നിത്യവും ?
ശാശ്വതസ്നേഹനിശ്ശൂന്യമാകും വെറും
വേശ്യാലയം മാത്രമാണവർക്കാശ്രയം.
ആ വിധി കല്പിച്ചിടും സമുദായത്തെ
ആപതിപ്പിക്കുകയാണതനാരതം.
ഓരോ ഭയങ്കരവ്യാധികളാകുന്ന
ഘോരായുധപ്രയോഗങ്ങളായെപ്പൊഴും
ഹാ, ദയനീയമടിക്കടി വർദ്ധിക്കു-
മീ ദുസ്ഥിതികളെദ്ദുരീകരിക്കുവാൻ
എന്നു സന്നദ്ധമാകുന്നോ സമുദതായ
മന്നേ തെളിയൂ പുരോഗതിപ്പാതകൾ.
31
ഇത്ര കാലവുമെങ്ങിരുന്നു മ-
ത്സ്വപ്നരംഗങ്ങൾ വിട്ടു നീ ?
വിശ്വസിച്ചു വിവശനാമെന്നെ
വിസ്മരിച്ചൂ നീയെന്നു ഞാൻ.
വിസ്മയപ്പെടാനി,ല്ലതിലത്ര
വിശ്രമോത്സുകയാണു നീ.
അപ്രതീക്ഷിതമാണെനിക്കു നി-
ന്നപ്രതിമോജ്ജ്വലാഗമം.
എങ്കിലെന്തതിൻ നിർവൃതിയിലി-
ന്നെൻകരൾക്കാമ്പലിഞ്ഞുപോയ്.
നിന്നെ വന്നെതിരേല്പു മന്മന-
സ്പന്ദനാഞ്ജലികൊണ്ടു ഞാൻ !
മൗനഗാനം
ചങ്ങമ്പുഴ
ആത്മദാഹം
ഉത്തരം ലഭിക്കാത്ത ചോദ്യരൂപത്തിൽത്തന്നെ-
യിപ്പൊഴും ചിലയ്ക്കയാണുത്തരായണപ്പക്ഷി.
ഇത്രനാളതു കഷ്ടം കേട്ടിട്ടും ലോകത്തിനൊ-
രുത്തരം ചൊല്ലാനില്ലൊരിത്തിരി നേരംപോലും.
പൊള്ളുമാ വിരഹത്തിൻ മുഷ്ടിയിൽ, ചിറകിട്ടു
തല്ലിടും പ്രണയത്തിൻ പ്രാണവേദനയല്ലേ ?
ലോകകോടികളേവം കടന്നു കടന്നുപോ-
മാകുലാലാപം, ദ്രവിച്ചൊഴുകും പശ്ചാത്താപം.
പരമാനന്ദത്തിന്റെ പട്ടുമെത്തയിൽച്ചിന്നും
പനിനീർപ്പൂവല്ലല്ലോ മൂകരാഗത്തിൻ ചിഹ്നം.
പാരവശ്യത്തിൻ - കത്തിക്കാളുന്നൊരന്തർദ്ദാഹ-
ഭാരത്തിൻ-ചൂടാറ്റിയാലാറാത്ത ചെന്തീയല്ലേ ?
അച്ഛിന്നതാപ, മാത്മാവജസ്രം പൊള്ളിച്ചീടു-
മച്ചിഹ്നംപേറിത്തന്റെ തീർത്ഥയാത്രയിലെങ്ങും ,
വിളിച്ചുചോദിക്കയാണെവിടേ പുണ്യക്ഷേത്രം ?
വിരക്തി വാദിക്കയാണെന്തിനു ഭോഗോദ്വേഗം ?
വിരഹം-പ്രണയത്തിൻ വിട്ടുമാറാത്തോരംശം
വിലപിക്കുന്നു-ഞാനും ചോദിച്ചതാണാചോദ്യം.
എന്നിട്ടും പരിഹാസഭാവത്തിലല്ലാതിന്നു-
മെന്നെ നോക്കുന്നീലയ്യോ മൂഢമാം ഭൌതികത്വം !
അതിനെപ്പോഴും വേണ്ടതാനന്ദം-സ്വപ്നം-മാത്രം
കുതികൊൾകയാണതാ നിഴലിൻ പിമ്പേ നിത്യം.
നിന്നെ നിൻ സാക്ഷാൽക്കാരം മാർഗ്ഗമായൊരുനാളി-
ലെന്നെ ഞാനില്ലാതാക്കാമെന്നാലെൻപ്രകാശമേ ,
നീയെന്തേ മാറ്റീടാത്തതീ മൂടുപടം ? - വെറും
മായികം-നിനക്കതു നീക്കാനീ മടിയെന്തേ ?
നഗ്നമാം നിൻനൈർമ്മല്യം കർമ്മബന്ധത്തെ വിട്ടു
മുക്തമാകുമ്പോൾക്കാണാം നിനക്കാപ്പുണ്യക്ഷേത്രം.
സത്യമാം സൌന്ദര്യത്തിൻ, സൌന്ദര്യമാം സത്യത്തിൻ
നൃത്തമണ്ഡപം-കാണാം നിനക്കച്ചിദാനന്ദം !
ഈ വെള്ളിത്തോണി നിനക്കെന്തിനാണെന്നോ ? ലോക-
ജീവിതവാരാശിതന്നക്കരപറ്റാൻ മാത്രം !
ഉത്തരം ലഭിക്കാത്ത ചോദ്യരൂപത്തിൽത്തന്നെ-
യിപ്പൊഴും ചിലയ്ക്കയാണുത്തരായണപ്പക്ഷി.
ജീവനായ്ത്തനിക്കുള്ളോരോന്നിനെത്തേടിത്തേടി-
യീവിധം തേങ്ങിത്തേങ്ങിക്കരയുമതിൻ പേരിൽ
മൗനഗാനം / ആത്മദാഹം
ചങ്ങമ്പുഴ
ഇല്ലൊട്ടും സഹതാപം ലോകത്തി, നല്ലെന്നാകിൽ
ചൊല്ലുമായിരുന്നില്ലേ, വല്ലതും സമാധാനം ?
കേണുകേണയ്യോ പൊള്ളും വിരഹച്ചെന്തീയിൽ നിൻ
പ്രാണവേദനയേവം ചിറകിട്ടടിക്കുമ്പോൾ
ഓമലേ, നിന്നെത്തേടിക്കണ്ടെത്താതുഴന്നീടും
മാമകതപ്തപ്രാണഭൃംഗകം മൂളീടുന്നു.
"വാടാത്ത വെളിച്ചമേ, വിരഹച്ചെന്തീയിന്റെ
ചൂടാറ്റാൻ മരണത്തിൻ താമരവിശറിയാൽ
കാലത്തെക്കൊണ്ടൊന്നെന്നെ വീശിക്കൂ വേഗം വേഗം
ചേലിൽ നിന്മടിയിൽ വീണൊന്നു ഞാനുറങ്ങട്ടെ ! "
32
അനവരതധ്യാനത്തിൻ പൂനിലാവി-
ലഴകണിയും മാമകഭാവനയിൽ
അനുപമിതചൈത്രമേ, നിർവൃതിത-
ന്നലർ വിതറിപ്പേർത്തും നീയാഗമിപ്പൂ.
10-4-1941
33
ഭാവികാലവസന്തമാസത്തിലെൻ-
ജീവിതലത പൂക്കുമെന്നാശയാൽ
ലോലബാഷ്പകണങ്ങളാലിന്നതി-
ന്നാലവാലം നനയ്ക്കുകയാണു ഞാൻ !
ധാരധാരയായത്തേങ്ങിക്കരവതി-
ലാരുമെന്നെപ്പഴിച്ചിടായ്കല്പവും.
അല്ലലോരോന്നടക്കുവാനായിടാ-
തുള്ളുപൊട്ടി പ്രലപിപ്പതല്ല ഞാൻ!
ശോകഭാവത്തിലൊറ്റവാക്കോതാതെ
മൂകനെന്നപോൽ ഞാനങ്ങിരിക്കവേ ,
നീരസം വഴിഞ്ഞീടുന്ന നാവിനാ-
ലാരുമെന്നെപ്പഴിച്ചിടായ്കല്പവും.
ഭാവിയിലെൻമനോശുകത്തിന്നതി-
വാവദൂകതയേറ്റുവാൻ മാത്രമായ്
ഞാനിതുപോൽ പിരിഞ്ഞൊഴിഞ്ഞെപ്പൊഴും
ധ്യാനലോലനായാവസിക്കുന്നതാം.
പുഞ്ചിരിയുടെ വാചാലദുർമ്മദം ,
നെഞ്ചിടിയുടെ നിശ്ശബ്ദസങ്കടം-
രണ്ടിനും നടുക്കുള്ളതാമുൾക്കടൽ
കണ്ടു ഞെട്ടുമെൻ ചിന്താപിപീലികേ!
കാലമിന്നവ സംഘടിപ്പിക്കുവാൻ
നൂലിനാലൊരു പാലം രചിക്കയാം!
പോക, പോക പതറാതെ മുന്നോട്ടു
പൂകുവാൻ ചെന്നപാരതയിങ്കൽ നീ!
മൗനഗാനം / ആത്മദാഹം
ചങ്ങമ്പുഴ
ചിന്താവിഹാരം
ആനന്ദമാനന്ദമതാണു ഞാന-
ന്നാരാഞ്ഞു പോയോരനവദ്യരത്നം
എന്നാലതിൻ കൊച്ചുതരിമ്പുപോലു-
മൊരേടവും ഞാൻ കണികണ്ടതില്ല.1
വരിഷ്ഠരാണെന്നു തെളിഞ്ഞുനിന്നു
വയോധികന്മാർ ചിലരെന്നൊടോതി
"കാളപ്പുറത്തേറി നടന്നതാമാ-
ക്കാലാരിയെച്ചെന്നു ഭജിക്ക കുഞ്ഞേ!"2
കുളിച്ചു ചാരം വരയിട്ടു പൂശി-
പ്പാലും കരിക്കും കരതാരിലേന്തി
ശിലാതലത്തെശ്ശിവലിംഗമാക്കി-
ശ്ശിരസ്സു കുമ്പിട്ടു ഭജിക്കയായ് ഞാൻ3
മൗനഗാനം
ചങ്ങമ്പുഴ
ചിന്താവിഹാരം
നേരം വെളുത്താൽ നിശയാവതോളം
നാലമ്പലക്കെട്ടിൽ നമസ്ക്കരിക്കേ,
കാലക്രമംകൊണ്ടൊരു മാംസപിണ്ഡം
നെറ്റിത്തടം നേടുകമാത്രമുണ്ടായ്.4
പ്രസാദ മേന്തുന്ന മദീയവക്ത്രം
പ്രസാദമില്ലാതെ വിവർണ്ണമായി
തീരെക്കഴിഞ്ഞീലയെനിക്കു കഷ്ടം
തീർത്ഥത്തിനാൽ തഞ്ഞഷ്ണയടക്കി നിർത്താൻ!5
ദേവാലയഭ്രാന്തർ പുകഴ്ത്തിടുന്ന
സമ്പൂതമാധുര്യമെഴും 'നിവേദ്യം'
എന്മാനസത്തിന്റെ വിശപ്പടക്കാ-
നെള്ളോളവും ശക്തി വഹിച്ചതില്ല.6
ഞാനേകിടും ദക്ഷിണ നോക്കി നോക്കി
കൺമങ്ങവേ കൈകളുയർത്തി മോദാൽ
പുരോഹിതൻ തന്ന വരങ്ങളെന്റെ
പുരോഗതിക്കാസ്പദമായതില്ല.7
"കല്ലിന്റെ മുമ്പാകെ, കഴുത്തൊടിഞ്ഞു
കൈകൂപ്പിനിന്നങ്ങനെ കേണിരുന്നാൽ
കണ്ടെത്തുമോ, ഹാ, കമനീയമാകും
കല്യാണകന്ദം വിടുവിഡ്ഢിയാം നീ ?"8
മൗനഗാനം / ചിന്താവിഹാരം
ചങ്ങമ്പുഴ
ഒരിക്കലിമ്മട്ടു കുറച്ചു വാക്യം
നിശ്ശബ്ദമായോതി മദീയചിത്തം
അതേ, മനസ്സാണിരുളിങ്കൽനിന്നും
വിമുക്തമാക്കുന്നതു നമ്മെയെന്നും!9
ആനന്ദരത്നം വിളയുന്ന ദിക്കേ-
താണെന്നതെന്നോടു പറഞ്ഞു മന്ദം
എന്നാലതിൻ ചാരെയണഞ്ഞിടാനെൻ-
കാൽച്ചങ്ങലക്കെട്ടഴിയുന്നതില്ല10
സ്വാതന്ത്ര്യമെന്നുള്ളൊരനർഘശബ്ദ-
മാനന്ദമാണായതു നേടുവാനായ്
ഇപ്പാരതന്ത്ര്യക്കടൽ നീന്തി നീന്തി-
ച്ചെല്ലേണമങ്ങേക്കരെ നമ്മളെല്ലാം.11
സമത്വമെന്നുള്ളതുടഞ്ഞിടാത്ത
ചങ്ങാടമാണായതു തീർത്തെടുക്കിൽ
നമുക്കിതിങ്കൽ തരണംനടത്താൻ
പ്രയാസമുണ്ടാവുകയില്ല പിന്നെ.12
'പാവങ്ങൾതൻ പ്രാണമരുത്തു' കൊണ്ടു
പാപിഷ്ഠരാകും പ്രഭുസഞ്ചയങ്ങൾ
പായിച്ചിടും സ്വാർത്ഥസുഖങ്ങളായ
പായ്ക്കപ്പലൊട്ടുക്കു തകർക്ക നമ്മൾ.13
മൗനഗാനം / ചിന്താവിഹാരം
ചങ്ങമ്പുഴ
വിശപ്പുതട്ടും വയറിൻവിലാപം
വിത്തേശ്വരന്മാർക്കു വിനോദഗാനം
വിയർത്തൊലിക്കും പുലയന്റെ ഗാത്രം
വിപ്രന്നു, ഹാ, തീണ്ടലിയന്ന പാത്രം.14
വിശ്വാന്തരിക്ഷം, ഹഹ,മൂർഖരാമീ-
വിത്തേശർ വീശും വിഷവായുമൂലം,
ദുഷിച്ചുപോയ്-നാമതു നീക്കിയില്ലെ-
ന്നാകിൽ സമാധാനലഭ്യമത്രേ!15
കല്ലാകുമീശന്നു വസിക്കുവാൻ, നാ-
മിന്നാൾവരേക്കമ്പലമെത്ര തീർത്തൂ
മതത്തിനായി ക്ഷിതയിങ്കലെത്ര
ചൊരിഞ്ഞു നാം നിർമ്മലജീവരക്തം!16
നിരർത്ഥകൃത്യങ്ങളൊരിക്കലും നാ-
മിമ്മട്ടു ചെയ്യുന്നതു യുക്തമല്ല;
നിസ്തുല്യരാകും നരർ നമ്മൾ കഷ്ടം
നിർല്ലജ്ജമാ വാനരരാവുകെന്നോ!17
മഹാനർഘമാകുന്നൊരാത്മാവു ദൈവം
മനസ്സാണതിൽ ദിവ്യമംഗലക്ഷേത്രം
മതം നമ്മിലെല്ലാം സ്വയം സഞ്ജനിക്കും
ഹിതംതന്നെ; സ്വാതന്ത്ര്യമൊന്നുതാൻ മോക്ഷം!
18
മൗനഗാനം
ചങ്ങമ്പുഴ
അംബാലിക
വലിയൊരു കൊട്ടാരത്തിൽ വടക്കിനിക്കകം, പുഷ്പാ-
വലിചൂഴും നടുമുറ്റവളപ്പരികിൽ,
കരുങ്കൂവളാക്ഷിയൊരു കനകവല്ലികയതാ
കരിങ്കൽത്തൂണിന്മേൽച്ചാരിക്കരഞ്ഞിരിപ്പു!
നീലനിറനീരദങ്ങൾ നീളെ നിരന്നപോൽ പരി-
ലോലകുന്തളമഴിഞ്ഞു നിലത്തടിഞ്ഞും,
ഉടുപുടവയാകവേ കടുതരകദനത്താൽ
ചുടുകണ്ണീർക്കണങ്ങളാൽ നനച്ചുകൊണ്ടും,
സതി വാമകരത്തിനാൽ മദദ്യുതിവഴിയുമാ
മതിമോഹനാനനാബ്ജം വഹിച്ചുകൊണ്ടും,
അടക്കിടാനസാദ്ധ്യമാമഴലിനാലടിക്കടി
നെടുവീർപ്പുവിട്ടുകൊണ്ടു,മിരിക്കയത്രേ.
പരിണയം കഴിഞ്ഞിട്ടു പതിയെങ്ങോ പോകമൂലം
പരിതപ്തയായ്ത്തീർന്നോരാത്തയ്യലാൾക്കുള്ളിൽ
പല പല വിചാരങ്ങളലതല്ലി മറിയുമ്പോൾ
പരഭൃതമൊഴിയയ്യോ നടുങ്ങിപ്പോയി.
ഒരുമാസം മുഴുവനും കഴിഞ്ഞീലസ്സുകുമാരി
വരനൊത്തു നിവസിച്ചി,ട്ടതിനുമുന്നിൽ
പരിണീതയവൾ കഷ്ടം, പരിതാപപരീതയായ്
വിരഹത്തിന്നെരിതീയിൽ പൊരികയല്ലോ!
പ്രിയതമവിയോഗത്താലൊരുപോതും സഹിയാതെ
കയൽക്കണ്ണാൾ കരച്ചിലാൽ കഴിപ്പൂ കാലം.
'മാണിക്യമംഗല'മെന്നു പുകൾപെറും മനയ്ക്കലെ-
യാണിത്തയ്യ,ലന്ത:പുരസുന്ദരതാരം,
കുടുംബത്തിൽ രത്നദീപമായ് വിളങ്ങുമിത്തരുണി-
യൊടുവിലവശേഷിച്ചോരേകസന്താനം,
നിതാന്തസംതൃപ്തനായി നിവസിക്കും വൃദ്ധവന്ദ്യ-
പിതാവിന്റെ ലാളനകൾക്കേകഭാജനം.
അതുമൂലം പതിനാറുവയസ്സുചെൽവതിൻമുന്നേ
കുതുകമോടവൾക്കവർ മംഗല്യമേകി.
നിരവദ്യമായിടും തജ്ജാതകവിശേഷമോർത്തു
നിരുപമനിർവൃതിയിലവർ മുഴുകി.
'കുന്ദമംഗല'ത്തുനിന്നൊരുണ്ണിനമ്പൂതിരിയന്ന-
സ്സുന്ദരാംഗിയാളെസ്സഹധർമ്മിണിയാക്കി.
മൗനഗാനം / അംബാലിക
ചങ്ങമ്പുഴ
ആംഗലപരിഷ്കാരിയെന്നവർ തെറ്റിദ്ധരിക്കയാൽ
മംഗലശീലനപ്പൂമാൻ നിന്ദിതനായി.
ഖദർമുണ്ടും, ഷർട്ടും, ഷാളും, ക്രോപ്പും, കണ്ണാടിയുമന്ന-
സ്സദനവാസികൾ പാടേ വെറുത്തിരുന്നു.
നാമമന്ത്രഹോമാദികൾ വെടിഞ്ഞ നാസ്തികനെന്നാ-
യാമഹാനെയവരൊക്കെപ്പഴിച്ചു ചൊല്ലി.
എന്തുചെയ്യാം, കർമ്മപാശബന്ധനത്തിലകപ്പെട്ടു
സന്തതമബ്ബന്ധുവൃന്ദം സന്തപിക്കയായ്.
ആറ്റുനോറ്റുണ്ടായ പൊന്നുകുഞ്ഞാത്തോലിൻവിധിയെന്നു
തോറ്റംചൊല്ലിത്തോഴിമാരും പൊഴിച്ചു കണ്ണീർ
(അപൂർണ്ണം)
34
സത്യപ്രകാശമേ, കൂപ്പുകൈമൊട്ടുമായ്
നിത്യവും നിന്റെ പടിക്കൽ വരുന്നു ഞാൻ.
പാവനോന്മാദത്തിൽ മിന്നിവിടർന്നൊരെൻ
ജീവിതപ്പൂ നിനക്കഞ്ജലിചെയ്യുവാൻ!
നിൻകാൽ കഴുകിച്ചിടാവൂ നിരന്തര-
മെൻകരൾ പൊട്ടിയുതിരുന്ന കണ്ണുനീർ.
ചെന്നെത്തിടട്ടെൻനിമേഷങ്ങളൊക്കെയും
നിന്നെക്കുറിച്ചുള്ളനുരാഗചിന്തയിൽ.
നിൻമൌനസംഗീതസാരം തുളുമ്പലാൽ
ധന്യമാകട്ടെയീപ്പൊള്ളയോടക്കുഴൽ.
സത്യപ്രകാശമേ, ചേരട്ടെ നിന്നോടു
സദ്രസം ഞാനാം ക്ഷണികഹിമകണം !
20-3-1934
മൗനഗാനം
ചങ്ങമ്പുഴ
ഊർമ്മിള
"അംഗീകരിക്കുകിപ്പുഷ്പാഞ്ജലികളെ
നിങ്ങളെല്ലാരും വനദേവതകളേ!
കാനനവീഥിയിൽ നിങ്ങളെൻകാന്തനെ-
ക്കാണുമ്പൊഴെല്ലാമനുഗ്രഹിക്കേണമേ!"
വാരുണദിക്കിൽ പനീരലർത്താലവും
ചാരുകരങ്ങളിലേന്തിനിന്നങ്ങനെ
ഭക്ത്യാദരപൂർവമഞ്ജലിചെയ്കയാ
ണപ്പൊഴാ ഗ്രീഷ്മാന്തസായാഹ്നസന്ധ്യയും...
ഏതോ വിരഹിണിതൻ നെടുവീർപ്പുപോൽ
പാദപച്ചാർത്തിലലയുന്നു മാരുതൻ.
കുന്നിന്റെ പിന്നിൽക്കിളരുന്നു പഞ്ചമി-
ച്ചന്ദ്രനൊരോമൽക്കിനാവെന്നമാതിരി!
കോസലരാജസൗധാരാമഭൂവിലെ-
ക്കോമളശ്രീലസരസിജവാപിയിൽ
നീരാടിയീറനുടുത്തു നിതംബത്തിൽ
നീലമുകിൽക്കൂന്തൽ വീണുലഞ്ഞങ്ങനെ
തങ്കക്കൊടിവിളക്കൊന്നൊരുകൈയിലും
പങ്കജപ്പൂന്താലമന്യകരത്തിലും
ഏന്തി,ക്കുലദൈവതക്ഷേത്രഭൂമിയിൽ
താന്തയായ് നിന്നു ഭജിക്കയാണൂർമ്മിള
"അംഗീകരിക്കുകിപ്പുഷ്പാഞ്ജലികളെ
നിങ്ങളെല്ലാരും വനദേവതകളേ!
കാനനരംഗത്തിൽ നിങ്ങളെൻകാന്തനെ-
ക്കാണുമ്പൊഴെല്ലാമനുഗ്രഹിക്കേണമേ!"
ആ രഘുനന്ദനഭക്തസഹജനെ
കാരുണ്യപൂർവകം കാത്തുകൊള്ളേണമേ!
ഒത്തില്ലെനിക്കാ പദാബ്ജങ്ങളെൻ മടി-
ത്തട്ടിലെടുത്തുവെച്ചോമനിച്ചീടുവാൻ.
(അപൂർണ്ണം)
35
മരണം!- മരണമോ? - മരണം പോലും! - കഷ്ടം!
മനമേ, മതിയാക്കൂ നിന്റെ ജല്പനമെല്ലാം!
ജീവിതം വെറും സ്വപ്നമാണെങ്കിലായിക്കോട്ടേ
ഭൂവിലസ്വപ്നംകാണലാണെന്നാലെനിക്കിഷ്ടം.
മരണം തരുന്നൊരപ്പുഞ്ചിരിക്കായിട്ടു ഞാൻ
വെറുതേകളയില്ലീജ്ജീവിതബാഷ്പം തെല്ലും.
ദുഃഖമാർഗ്ഗത്തിൽക്കൂടിത്തന്നെ പോയാലേ, ചെല്ലൂ
ദുഃഖമൊരല്പംപോലും തീണ്ടാത്ത സാമ്രാജ്യത്തിൽ!
3-12-1935
36
നിർവൃതിതൻ നികുഞ്ജകങ്ങളിൽ
നിന്നെ നോക്കി നടന്നു ഞാൻ!
ഒന്നുരണ്ട,ല്ലൊരായിരം ജന്മം
നിന്നെക്കാണാതുഴന്നു ഞാൻ.
25-4-1936
മൗനഗാനം / ഊർമ്മിള
ചങ്ങമ്പുഴ
കല
(ഒരു ഗീതകം)
കലയെന്താണെന്നല്ലേ ? ജീവിതത്തിനേക്കാളും
വിലപെട്ടീടുമൊരു 'ശക്തി'യാണതു തോഴീ!
സ്വർഗ്ഗചൈതന്യം വീശും ഭാവന, കാട്ടും ദിവ്യ-
സ്വപ്നമാ,ണതിന്മീതെയില്ല മറ്റൊന്നുന്തന്നെ!
ഹൃദയങ്ങളെത്തമ്മിൽക്കൂട്ടിമുട്ടിച്ചാ ദിവ്യ-
പ്രണയത്തെളിമിന്നൽ, മിന്നിക്കാനതുപോലെ,
ശക്തിയുള്ളതായില്ല മറ്റൊന്നും ഭുവനത്തി-
ലത്രമേലനവദ്യമാണതിൻ സ്വാധീനത്വം.
ഒന്നിനും സാധിക്കാത്ത പലതും 'കല' ചെന്നു-
നിന്നൊരു മന്ദസ്മിതംകൊണ്ടു നിർവിഘ്നം നേടും!
ഒരുകാലത്തും വറ്റിപ്പോകുവതില്ലതിൻ പൊയ്ക-
യൊരുകാലത്തും മാർഗ്ഗം തെറ്റുകില്ലതിൻ നൗക!
കലയെ-നിർവ്വാണപ്പൂങ്കുലയെ-സൗന്ദര്യപ്പൊ-
ന്നലയെ-പ്പുല്കിപ്പുല്കി മന്മനം തളർന്നാവൂ!
മൗനഗാനം / കല
ചങ്ങമ്പുഴ
37
പ്രണയമയോന്മാദികേ, ജീവിത്തി-
ലിനിയൊരുനാൾ നിന്നെ ഞാൻ കാണുമെങ്കിൽ...!
19-3-1936
38
ആരബ്ധോത്സവ, മാദരാ,ലനുദിനം
സോൽക്കർഷമാത്മപ്രഭാ-
പൂരത്തിന്നുറവായുദിച്ചുയരുമി-
ഗ്രന്ഥാവലീമന്ദിരം
സാരജ്ഞർക്കനുഭൂതിയും, പതിതരാ-
മജ്ഞർക്കു വിജ്ഞാനവും
പാരമ്യത്തിലണച്ചു വെൺപുകൾ പൊഴി-
ക്കട്ടേ ചിരം മേല്ക്കുമേൽ !
(പി.എം.അച്യുതവാരിയർസാറിന്റെ അപേക്ഷയനുസരിച്ച് തൃക്കാമിയൂർ യുവജനസംഘം വക വായനശാലയുടെ ഉദ്ഘാടനസമ്മേളനത്തിന് എഴുതിയയച്ചുകൊടുത്ത ആശംസ.)
10-6-1942
39
ഭുവനരംഗത്തിൽ പ്രണയഭിക്ഷുവി-
നെവിടെച്ചെന്നാലും പരിഭവം.
പരിഭവം, വെറും പരിഭവം-അയ്യോ!
പരമദുസ്സഹം, ദയനീയം!
27-7-1935
മൗനഗാനം / കല
ചങ്ങമ്പുഴ
ഒരു കത്ത്
പരിശുദ്ധസൗഹൃദപൂരം-പൂണ്ടു
പരിചിൽ നിൻലേഖനസാരം.
മമ ചിത്തഭൃംഗം നുകർന്നു-ചിന്താ-
മലരണിത്തോപ്പിൽപ്പറന്നു.
പരിപൂതസ്നേഹമരന്ദം-പൂശി
പരിമളം വീശിയമന്ദം
തവ രമ്യലേഖനസൂനം-കാവ്യ-
തരളതയാലാകമാനം.
ഹൃദയം കവർന്നു ലസിപ്പൂ-ജീവൻ
മദഭരം മന്ദഹസിപ്പൂ!
അനുപദസാന്ത്വനസാന്ദ്രം-അതെ-
ന്തനവദ്യനിർവാണകേന്ദ്രം! അതിനിതാ നല്കുന്നേനാദ്യം-ഞാനെ-
ന്നനുമോദനാർദ്രാഭിവാദ്യം!
പരമാർത്ഥസ്നേഹത്തിൻ സത്തേ!-വെല്ക
കരുണതൻ ചെന്തളിർത്തൊത്തേ!
സതതം. ഞാൻ താവകമിത്രം-നീയെൻ-
സമുചിതവാത്സല്യപാത്രം!
തണൽവിരിച്ചത്യനുകൂലം-ശാന്തി
തളിരിട്ടുനില്ക്കുമിക്കാലം.
അതിനുടെ ചോട്ടിലിരിക്കാം-നമു-
ക്കതുമിതുമോതി രസിക്കാം!
അണിയാം വിവിധപ്രതാപം-പക്ഷേ,
ക്ഷണികമിജ്ജീവിതദീപം.
വിരലുകൊണ്ടെന്നാലും തൊട്ടാൽ-പൊള്ളു-
മിരുളാണതെങ്ങാനും കെട്ടാൽ.
നിലനില്ക്കുമസ്വല്പകാലം-പക്ഷേ,
വിലസുമതുജ്ജ്വലശ്രീലം.
കരിപിടിപ്പിക്കായ്ക ലേശം- അതിൻ
കനകപ്രഫുല്ലപ്രകാശം!
ചൊരിയുക മേല്ക്കുമേൽ സ്നേഹം-കാന്തി-
ത്തിരയിൽ മുങ്ങട്ടാത്മഗേഹം!
ഇതു നിത്യമുള്ളിൽ സ്മരിക്കൂ-ദേവി,
സതതം നീ ശാന്തി ഭജിക്കൂ!
മൗനഗാനം / ഒരു കത്ത്
ചങ്ങമ്പുഴ
തവ ചിത്തം പുല്കിയെന്നുൾപ്പൂ-ഞാനും
തരസാ മറുകത്തയപ്പൂ.
സകലസൗഭാഗ്യസമേതം-വെല്ക
സഹജേ, നീ സഞ്ചിതാമോദം!
വിജയം നേർന്നേവം സുശീലേ! - ജ്യേഷ്ഠൻ
വിരമിച്ചിടുന്നു വിമലേ!
(To Miss T.R.Vimala)
40
ആയിരംകൂട്ടമനുനയമോർത്തുകൊ-
ണ്ടാമണിത്തെന്നലടുത്തിടുമ്പോൾ
മൊട്ടിട്ട മുല്ലപോലെങ്ങാനും ഞാനൊന്നു
തൊട്ടാൽ,ക്കുണുങ്ങു,മക്കോമളാംഗി
മിന്നലുലയുന്ന കണ്ണേറിനാലവ-
ളെന്നെയനങ്ങാതുടക്കിനിർത്തും.
പെട്ടെന്നു തൂവെള്ളിപ്പൂക്കളുതിർത്തപോൽ
പൊട്ടിച്ചിരിച്ചവൾ കണ്ണു പൊത്തും!
29-3-1935
41
കർത്തവ്യലോപം നിമിത്തം, നിജാധീശ-
കർക്കശശാപേന കാന്താവിയുക്തനായ്,
അസ്തംഗതപ്രഭാവാപ്തനായ് മേവിനാൻ
ദുസ്തരക്ലേശം സഹിച്ചൊരുവത്സരം,
ജാനകീദേവതൻ സ്നാനസമ്പൂതമാം
കാനനതീർത്ഥങ്ങളുല്ലസിച്ചങ്ങനെ
ശ്യാമളച്ഛായാതരുക്കൾ നിറഞ്ഞിടും
രാമഗിരിയിലൊരേകാന്തകാമുകൻ.
ജായാവിയുക്തപരവശൻ, ഭ്രംശിത-
ജാതരൂപോജ്ജ്വലകങ്കണഹസ്തവാൻ
ദീനനായ് മാസങ്ങൾ മൂന്നുനാലമ്മട്ടി-
ലാനയിച്ചാനാ നഗത്തിലക്കാമുകൻ.
ആഷാഢമാസപ്രഥമദിവസത്തി-
ലാശ്ലിഷ്ടസാനുവായാകമ്രരൂപമായ്
ഉത്തുംഗമാം കൊടുമ്പാറയെ നേരിട്ടു
കുത്തുപിടിച്ചു കൂത്താടിസ്സകൗതുകം
മൗനഗാനം / ഒരു കത്ത്
ചങ്ങമ്പുഴ
ഖേലനലോലനായ് മേവും ഗജത്തിനെ-
പ്പോലെ കണ്ടാനൊരു കാളമേഘത്തിനെ.
കാമിതോൽപാദനകാരണമാകുമാ-
ക്കാർമുകിൽപ്പൂൺപിന്റെ മുന്നിലെ,മ്മട്ടിലോ
വിസ്തംഭിതാത്മബാഷ്പാർദ്രനായാർത്തനായ്
വിത്തേശ്വരൻതന്നനുചരനാമവൻ
ചിന്തയിലാണ്ടുകൊണ്ടേറെനേരം മനം
നൊന്തുനൊന്തങ്ങനെ നോക്കിനിന്നീടിനാൻ.
കേവലം കാർമുകിൽ കാൺകെപ്പകർന്നുപോം
ഭാവം മനസ്സിൽ സുഖികൾക്കുപോലുമേ;
ഓമൽപ്രിയാശ്ലേഷസക്തനാം ദൂരസ്ഥ-
കാമുകൻതൻ കഥ പിന്നെയെന്തോതുവാൻ?
(അപൂർണ്ണം)
3-1-1941
42
മഹിതസേവനമന്ദാരദാരുവിൻ
മലർവിരിച്ച മരതകച്ഛായയിൽ
അവശലോകത്തെയാനയിച്ചാനയി-
ച്ചവധിയില്ലാത്ത ശാന്തിയേകി സ്വയം
അനുദിനം മാനവോൽക്കർഷപൂർത്തിത-
ന്നടിയുറപ്പിനായർപ്പിച്ചു ജീവിതം
വിലസുമുജ്ജ്വലനായകതാരക-
വിമലഹീരമേ, നീണാൾ ജയിക്ക നീ!
വിവിധഭാവന തട്ടിയുണർത്തുമീ-
നവസുമംഗളഷഷ്ടിപൂർത്ത്യുത്സവം,
ജനിതമോദം നവോൽക്കൃഷ്ടംജീവിത-
ജയപതാക പറത്തിടട്ടെന്നുമേ!
പരിചരിച്ചിടട്ടങ്ങയെസ്സന്തതം
പരമസൗഭാഗ്യപൂർത്തികൾ മേല്ക്കുമേൽ!
(മന്നത്തു പത്മനാഭപിള്ളയുടെ ഷഷ്ട്യബ്ദപൂർത്തി സംബന്ധിച്ചു കൈനിക്കര കുമാരപിള്ളയുടെ അപേക്ഷപ്രകാരം, എറണാകുളം മഹാരാജകീയകലാശാലയിൽ പഠിക്കുമ്പോൾ എഴുതിക്കൊടുത്ത മംഗളാശംസ)
മൗനഗാനം
ചങ്ങമ്പുഴ
സാവിത്രി
മംഗളാത്മികേ ദേവീ, ഗർവ്വിഷ്ഠയാകുംകാലം
തുംഗഭക്ത്യാ നിന്മുന്നിൽ കൂപ്പുകൈയുമായ് നില്പൂ.
ചഞ്ചലശതാബ്ദങ്ങൾതൻ കുളിർപ്പൂച്ചെണ്ടുകൾ
സഞ്ചിയിച്ചീലെത്ര ലോകം മുഴുവൻ വിറപ്പിച്ചു
നിർജ്ജിതനായ് നിന്നോരാ മൃത്യുസിംഹത്തെപ്പോലും
കേവലമൊരു നോക്കാൽ മാൻകിടാവാക്കിത്തീർത്ത
താവകപ്രഭാവമാം ശുക്രനക്ഷത്രംപോലെ
ഇന്നോളമുദിച്ചിട്ടില്ലന്യശകതിതൻ താര-
മൊന്നുമേ പുരാണത്തിൻ വിസ്തൃതവിഹായസ്സിൽ...
ഉണ്ടരുന്ധതി നിന്റെ തോഴിയായൊരു മുല്ല-
ച്ചെണ്ടു, നീ മഹാനർഘമോഹനസിതാബ്ജവും!
ജനചിത്തത്തിൽ ചിന്താമേഘങ്ങളുയർന്നുയർ-
ന്നണിയിട്ടണയുന്നൂ നിൻപാദമാശ്ലേഷിക്കാൻ!
മർത്ത്യസാധ്യതയുള്ളോരതിരിൻ വക്കത്തു ചെ-
ന്നെത്തിനോക്കുകമാത്രമല്ല നീ ചെയ്തൂ ധന്യേ!...
പിന്നെയോ? പുരാതനഭാരതീയാദർശത്തിൻ
മിന്നൽ നിന്നഭിധാനം വാടാത്ത വിളക്കാക്കി!
നീ മരിച്ചോരെപ്പോലും തൽക്കാലം ജീവിപ്പിക്കെ
നീ മരിക്കാത്തോളായി, നിത്യത നിന്റേതായി!
സ്തുതികീർത്തനമൊന്നും വേണ്ട നിൻനാമത്തിൻ പൊൻ-
കതിർ പൊങ്ങുവാൻ, ലോകമായതിൽ മുങ്ങീടുവാൻ!
വനിതാദർശത്തിന്റെ നിത്യമംഗളാപ്തമാ-
മനഘോജ്ജ്വലഹേമചിഹ്നമേ, നമസ്കാരം!
മൗനഗാനം
ചങ്ങമ്പുഴ
What does little birdie say?
വിണ്ണിൻ നീലച്ചുരിളകളിൽ-
പൊന്നിൻപുലരൊളി കിളരുമ്പോൾ;
പുളകിതതരളിതലതികളിൽ-
പുതുമലർമൊട്ടുകൾ വിരിയുമ്പോൾ;
പച്ചക്കൂടിനകത്തമരും-
പക്ഷിക്കുഞ്ഞെന്തോതുന്നു?
"അമ്മേ. ചിറകുവിരിച്ചിനി ഞാൻ
ചെമ്മേ പാറിപ്പോകട്ടേ!
തെരുതെരെ വിണ്ണിൽ ചിറകുകളിൽ
ചിറകുവിരിച്ചു പറക്കട്ടെ!"
ചെല്ലക്കുഞ്ഞിനു മറുപടിയിങ്ങനെ-
തള്ളക്കിളിയുടനേകുന്നു:
"കുറെനാൾകൂടിക്കഴിയട്ടേ,
ചിറകുമുളച്ചതു വളരട്ടേ.
വലിയ കൊടുങ്കാറ്റലറിവരും
വഴികളിലൊന്നും തളരാതെ;
വിവിധ വിപത്തുകൾ വീശും വലകളിൽ
വിവശം വീണു കുടുങ്ങാതെ;
............."
22-12-1937
43
എന്തിനു കവികളേ, ഹാ, നിങ്ങളിത്രനാളു-
മെന്തിനെൻ തനിരൂപം മറച്ചുവെച്ചു?
19-5-1936