രക്തപുഷ്പങ്ങൾ
Foreword to the First Edition
Here are some Poems which have come from the heart and go to the heart. It is a bleeding heart from which these Poems have sprung- bleeding, sometimes for a love which receives (and perhaps deserves) no better response than forgiveness, sometimes for the state of this distraught world for which again the poet sees no cure but ‘Love’. But whatever the topic, whether they are lit up by the flame of or darkened by the gloom of despair, they bear the impress of sincerity. They are a trifle luscious, melodious impassioned and therefore imperishable.
24th December 1941 K.P.S Menon
രക്തപുഷ്പങ്ങള്‍
അവതാരിക - റവ. ഡോ. എബ്രഹാം വടക്കേല്‍
കേവലം അനാഗതശ്മശ്രുവായിരുന്ന കാലത്തുതന്നെ അനുഗ്രഹീതനായ ഒരു കവിയെന്നു പ്രഖ്യാപിതനായിത്തീരുവാന്‍ ഭാഗ്യധേയം സിദ്ധിച്ച ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതാസുധ ആസ്വദിക്കാത്ത സഹൃദയന്മാര്‍ ഇന്നു കേരളത്തില്‍ ഉണ്ടായിരിക്കില്ലതന്നെ. ഈ സരസകവിയുടെ ആത്മഗീതാസമുച്ചയമാണ് 'രക്തപുഷ്പങ്ങള്‍' എന്ന അഭിധാനത്തില്‍ ഇപ്പോള്‍ പ്രസിദ്ധീകൃതമാകുന്നത്. ഈ കൃതിയ്ക്ക് ഒരു അവതാരികയുടെ ആവശ്യമെന്തെന്നും, ആ ചടങ്ങു ഞാന്‍ നിര്‍വ്വഹിക്കേണമെന്നു ഗ്രന്ഥകാരന്‍ അഭിലഷിക്കുന്നതെന്തുകൊണ്ടെന്നും എനിക്കിനിയും അജ്ഞാതമായിരിക്കുന്നതേയുള്ളു. ഈ പുഷ്പമാല്യം കൈരളീകണ്ഠത്തില്‍ അര്‍പ്പിക്കുന്നതിനു ഒരു പുരോഹിതന്റെ മാധ്യസ്ഥം ഭവിക്കുന്നതില്‍ വാസനാവിഭവനായ കവി വല്ല പ്രത്യേകഭാവുകങ്ങളും ഉദ്ഭാവനം ചെയ്തിട്ടോ തന്റെ കാവ്യാമൃതം പാനം ചെയ്തുല്ലസിക്കുന്ന സാഹിതീയഭക്തന്മാരുടെ പട്ടികയില്‍നിന്ന് അശോകവനികാന്യായേന എന്റെ പേരു തെരെഞ്ഞെടുത്തതായിരിക്കാം!
ഖണ്ഡകാവ്യപ്രസ്ഥാനത്തില്‍ കവിതാദേവി സര്‍വ്വത്രസ്വതന്ത്രയായിട്ടാണ് രംഗപ്രവേശം ചെയ്യുന്നത്. ഇതിവൃത്തസ്വീകരണത്തെ സംബന്ധിച്ചിടത്തോളം ഈ നൂതനപ്രസ്ഥാനം കാവ്യകൃത്തുകളെ സവിശേഷം നിരങ്കുശന്മാരാക്കുന്നു. പ്രകൃതകാവ്യദശകത്തെത്തന്നെ പരിശോധിക്കുക: 'വാഴക്കുല' എന്ന വിഷയം എത്ര നിസ്സാരം; പ്രഥമശ്രവണത്തില്‍ ഈ വിഷയം വര്‍ണ്ണനാത്മകമായ ഒരു കാവ്യത്തെയായിരിക്കും അഭിവ്യഞ്ജിപ്പിക്കുന്നത്. മലയപ്പുലയന്‍ മാടത്തിന്റെ മുറ്റത്ത് ഒരു വാഴ നടുന്നു; അഴകിപ്പുലക്കള്ളി അതിനെ 'മനംവെച്ചു' പരിപാലിക്കുന്നു; തേവന്‍, മാതേവന്‍, കേളന്‍, കരുവള്ളോന്‍, നീലി എന്ന സന്താനപഞ്ചകം ആ വാഴ കുലച്ചു പഴം തിന്നാന്‍, 'അതിയൊരു കൊതിയുംപൂണ്ടു' കാലം കഴിക്കുന്നു; ഞാലിപ്പൂവന്‍ കുലച്ചു പാകമാവാറായി; മലയന്റെ മേലാളായ തമ്പുരാന്‍ നല്കിയ കണ്ണും കരളുമറ്റ കല്പനയുടെ ഉച്ഛൃംഖലതയില്‍ വാഴക്കുല ആ സാധുക്കള്‍ക്ക് നഷ്ടപ്പെടുന്നു. ഇതാണു പ്രതിപാദിതം. ജീവല്‍സാഹിത്യത്തിന്നു പര്യാപ്തതരമായ ഇതിവൃത്താന്തരം കണ്ടുപിടിക്കാനില്ല. നമ്മുടെ ജനപദരംഗങ്ങളില്‍ ദൈനംദിനമെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു നാടകമാണിത്. പക്ഷേ, ഉപരിപ്ലവമാത്രമായ സാമാന്യദൃഷ്ടിക്ക് അവധാനതനാര്‍ഹമായ ഈ 'നാടോടി'സംഭവം വിഭാവനാധനിയായ കവിയുടെ സൂക്ഷ്മചക്ഷുസ്സുകള്‍ക്കു സുതരാം ശ്രദ്ധേയമായിത്തീരുന്നു. 'കൊടുങ്കാറ്റു കഴിഞ്ഞു്' എന്നതാണ് അടുത്ത വിഷയം. സ്വാതന്ത്രത്തിനുവേണ്ടി നടത്തിയ ഘോരസമരത്തിനുശേഷം, പിണവും നിണവും നിറഞ്ഞ രണാങ്കണത്തെ നോക്കി, പ്രേമദേവത നടത്തിയ തത്ത്വകഥനങ്ങളത്രേ ഇതിന്റെ ഉള്ളടക്കം. ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ ആഗമനവും ഇന്നത്തെ തിരുവോണത്തിനു മാവേലിക്കാലത്തെ സമൃദ്ധിയില്‍ നിന്നുള്ള വൈലക്ഷണ്യവും, അങ്ങനെ മുതലാളി-തൊഴിലാളി വഴക്കും അതിചതുരമായി ചിത്രീകരിച്ച് സര്‍വ്വസ്വാതന്ത്ര്യസന്ദായകമായ ഒരു നവവര്‍ഷോദയത്തെ സൂചിപ്പിക്കുന്നതത്രേ 'നവവര്‍ഷനാന്ദി'. തൊഴിലാളികളുടെ നൈര്‍ദ്ധന്യനൈദാഘത്തെ ഉച്ചാടനം ചെയ്‌വാന്‍ വിപ്ലവവര്‍ഷത്തിന്റെ ഝംഝമാരുതന്‍ രംഗത്തു പ്രവേശിക്കേണ്ട ആവശ്യത്തെ അധികരിച്ചുള്ള ഒരു ലഘുകാവ്യമാണ് 'ആ കൊടുങ്കാറ്റ്'. കൂലിവേലക്കാരനായ ഒരു വൃദ്ധന്റെ ദാരുണമായ ദാരിദ്ര്യം, അയാളുടെ വേലകൊണ്ട് തടിച്ച മുതലാളിയുടെ സുഭിക്ഷം, ഈ അവസ്ഥാവൈരുദ്ധ്യം മാറി സമത്വം കളിയാടേണ്ട ആവശ്യം -ഇതാണ് 'ദാരിദ്ര്യത്തിനു മുമ്പില്‍' ആവിഷ്‌കരിക്കുന്നത്. 'ഇന്നത്തെ നില' ദാരിദ്ര്യാന്ധകാരത്തില്‍ നട്ടംതിരിയുന്ന ലോകരുടെ-കര്‍ഷകാദികളുടെ- ജീവരക്തം ഊറ്റിക്കുടിച്ചു മദിക്കുന്ന ദാംഭികരായ സമ്പന്നര്‍ നീതിയെപ്പറ്റി നിരര്‍ത്ഥകമായി പുലമ്പുന്നതിനെയും ഉച്ചനീചത്വങ്ങള്‍ തകര്‍ക്കുന്ന വിപ്ലവക്കൊടുങ്കാറ്റടിച്ചു വെളിച്ചവും പരിഷ്‌കാരവും സമാധാനവും ഉണ്ടാകേണ്ടതിനെയും പ്രകടമാക്കുന്നു. ക്ഷണഭംഗുരമായ തീപ്പൊരി (നിര്‍ദ്ധനരുടെ ശക്തിയായിരിക്കാം ഇവിടുത്തെ അധ്യവസിതാംശം) താഴെ വീണു നശിച്ചാല്‍പ്പിന്നെ സര്‍വത്ര നീരന്ധ്രമായ അന്ധകാരം; പ്രത്യുത, അതു ശുഷ്‌കശഷ്പത്തില്‍ വീണു കൊഴുത്താല്‍ ബൃഹത്തായ അഗ്നിബാധയും, തജ്ജന്യമായ പരിവര്‍ത്തനങ്ങളും! അതേ, പാവങ്ങള്‍ ക്ഷോഭിച്ചാല്‍ ലോകം വിപ്ലവവിധേയമായി രൂപാന്തരപ്പെടും; ഇതത്രേ 'തീപ്പൊരി', കാന്തി വീശി, മണം വിതറിനിന്ന ഒരു കുസുമം വാടി വീഴാന്‍ തുടങ്ങുന്നതിനെപ്പറ്റിയുള്ള വാനമ്പാടിയുടെ പ്രരോദനവും, അതിന്റെ അര്‍ത്ഥശൂന്യതയെ വെളിവാക്കുന്ന കുസുമത്തിന്റെ സാന്ത്വനവുമാണ് 'രാഗരീതി'. കവി അഥവാ നായകന്‍, ഒരിക്കല്‍ യദൃച്ഛയാ ഒരു കന്യകയ്ക്കു കുറേ പൂക്കള്‍ പറിച്ചു കൊടുക്കുകയും അങ്ങനെ എങ്ങനെയോ അവളില്‍ അഭിനിവിഷ്ടന്‍-അനുരക്തന്‍-ആകുകയും ചെയ്യുന്നു; അവള്‍ മറ്റൊരാളുടെ ഭാര്യാപദം സ്വീകരിച്ച് ഗൃഹസ്ഥാശ്രമസ്ഥയായതിനുശേഷവും കവിക്ക് പൂര്‍വ്വസമാഗമാനുസ്മരണയില്‍ അനുഭൂതമാകുന്ന സന്തുഷ്ടിയും ഗദ്ഗദവും ക്ഷന്തവ്യമാണെന്നു സമാശ്വസിക്കുന്നതാണ് 'മാപ്പു ന
ല്കണമേ!' എന്ന കവിത. നീറുന്ന മനസ്സിലുദിക്കുന്ന നൂതനവികാരങ്ങളെ സൈ്വരമായി പ്രകടിപ്പിക്കുവാന്‍ പാടില്ലാത്ത സാഹചര്യങ്ങളിലുഴലുന്ന കവി, തന്റെ ആദര്‍ശഗാനങ്ങള്‍ ലോകം കേവലം ഉന്മത്ത പ്രലപനമായി എണ്ണുമെന്നു ശങ്കിക്കുകയും, ആ ഗാനങ്ങള്‍ ഒരിക്കല്‍ യരശ്ചന്ദ്രികയില്‍ യഥാര്‍ഹം അനുഗ്രഹീതമാകണമെന്നാശംയിക്കുയും ചെയ്യുന്നതാണെന്നു തോന്നുന്നു, 'ഉന്മാദത്തിന്റെ ഓടക്കുഴല്‍'. ഇങ്ങനെ ഭാവനസൃഷ്ടങ്ങളും വിചാരാത്മകങ്ങളും അധ്യതനലോകത്തിന്റെ ജീവല്‍പ്രശ്‌നങ്ങളെ ക്രോഡീകരിക്കുന്നവയും, സഹൃദേയതരന് അന്തസ്സരരഹിതങ്ങളെന്നു തോന്നിയേക്കാവുന്നവയുമായ ഇതിവൃത്തങ്ങളെയുമാണ് ഈ ഗ്രന്ഥത്തില്‍ കവി സമീകരിച്ചിട്ടുള്ളത്.
ഇവയില്‍ ആദ്യത്തെ ഏഴു വിഷയങ്ങളും സാരാംശത്തില്‍ ഒന്നു തന്നെയാണ്. ലോകത്തിന്റെ വര്‍ത്തമാന വ്യവസ്ഥിതിയില്‍ സര്‍വ്വഥാ ഉഗ്രംപശ്യമായ ഒരു മനോഭാവമാണ് കവിക്കുള്ളതെന്ന് ഈ ഇതിവൃത്തങ്ങളും അതിലധികം ഇവയുടെ പ്രതിപാദനവും വിശദമാക്കുന്നു.
“I have suffered what I wrote, or viler pain
And so my words seeds of mysery. ”
-Shelly
എന്ന ഗ്രന്ഥത്തിന്റെ മുഖപക്ഷങ്ങളില്‍ സാകൂതം ഉദ്ധരിച്ചിരിക്കുന്ന ആംഗലകവിവചസ്സുകള്‍ ഈ അഭിപ്രായത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു. ഈ ഇതിവൃത്തങ്ങളുടെ സ്വീകരണത്തിലും ഇവയുടെ പ്രതിപാദനത്തിലും അന്തര്‍ല്ലീനമായിരിക്കുന്ന ത്യാജഗ്രാഹ്യാംശങ്ങളെപ്പറ്റിയുള്ള പരിചിന്തനം പ്രകൃതത്തില്‍ അപ്രകൃതമായിരിക്കില്ലതന്നെ. 'രക്തപുഷ്പങ്ങള്‍' എന്ന ഗ്രന്ഥനാമംതന്നെയും തെല്ലു പരിഭ്രമജനകമായിരിക്കുന്നു. 'രക്ത'ശബ്ദത്തിനു കവി സങ്കല്പിക്കുന്ന അര്‍ത്ഥം എന്തൊക്കെയാണെന്നു വ്യവച്ഛേദിക്കുക ദുഷ്‌കരമാണെങ്കിലും പ്രസ്തുത നാമശ്രവണത്തില്‍ പഠിതാവിനുണ്ടാകുന്ന അര്‍ത്ഥപ്രതീതി, കവിയുടെ ജീവരക്തങ്ങളോ ജീവരക്തസ്പര്‍ശികളോ ആയ പുഷ്പങ്ങളെന്നോ, ലോകത്തില്‍ രുധിരപ്രസ്രവണത്തിന്, ചോരച്ചൊരിച്ചിലിന്, നിദാനമായ വിപ്ലവഫലത്തില്‍ പരിണമിക്കുന്ന പുഷ്പങ്ങളെന്നോ ആയിരിക്കും. 'രക്തപുഷ്പ'ത്തിന്നു നിഘണ്ടുക്കളില്‍ കാണുന്ന അകത്തി, അരളി, എരിക്ക്, മുരിക്ക്, പുന്ന, മലരി, മന്തരം, മാതളാദ്യര്‍ത്ഥങ്ങള്‍ക്കു പ്രകൃത്തില്‍ ചമത്കാരകാരകമായ പ്രസക്തിയൊന്നും കാണുന്നില്ല. 'സ്‌നിഗ്ദ്ധപുഷ്പങ്ങള്‍', 'മനോഹരപുഷ്പങ്ങള്‍' എന്നിങ്ങനെയും യഥാകഥഞ്ചില്‍ അര്‍ത്ഥം കല്പിക്കാമെങ്കിലും ഇരുപതോളം പ്രാവശ്യം രക്തശബ്ദവും പര്യായങ്ങളും സന്ദര്‍ഭാന്തരത്തില്‍ ആവര്‍ത്തിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം നോക്കിയിട്ട് അങ്ങനെയൊരു സുന്ദരാര്‍ത്ഥകല്പനയും ഈ ഗ്രന്ഥനാമത്തില്‍ അത്ര അകൃത്രിമമല്ല. വിപ്ലവാനുബദ്ധമായ, പരിവര്‍ത്തനസംബന്ധിയായ, വ്യഖ്യാനാന്തരം അസ്മാദൃശന്മാരായ ശാന്തപ്രകൃതികള്‍ക്കു തീര്‍ത്തും പരിഭ്രമജനകമായിരിക്കുന്നു. എന്നാല്‍ അതികര്‍ക്കശങ്ങളായ സ്വീയാനുഭവങ്ങള്‍ കവിയുടെ ജീവരക്തം കലര്‍ത്തി ഉഴുതിളക്കിയ ഹൃദയകേദാരത്തില്‍ നിന്നുദ്ഭവിച്ച പുഷ്പങ്ങള്‍ എന്ന അര്‍ത്ഥസന്ധാനത്തിന്റെ പ്രസക്തിയും സ്വാരസ്യവും ഹൃദ്യതയും അന്യാദൃശ്യമെന്നല്ലാതെ എന്തു പറയട്ടെ!
ജീവിതവൈഷമ്യങ്ങളില്‍ വലയുന്ന എന്റെ യുവസ്‌നേഹിതന്‍ സ്ഥിതിസമത്വവാദത്തിന്റെ മോഹനാഹ്വാനത്തില്‍ കുടുങ്ങി നട്ടംതിരിയുന്നതായി തോന്നുന്നു. ഇതില്‍ അദ്ദേഹത്തോടും സഹതപിക്കാനല്ലാതെ അനുകൂലിക്കാന്‍ നിവൃത്തിയില്ല. ലോകത്തിലെല്ലാം സമത്വം കളിയാടണമെന്നും, അതു വിപ്ലവംകൊണ്ടു നിഷ്പ്രയാസം സാധിക്കണമെന്നുമാണത്രേ മിസ്റ്റര്‍ ചങ്ങമ്പുഴയുടെ മതം. ഉടയവന്റെ ആജ്ഞയനുസരിച്ചു മലയന്‍ കുല വെട്ടിക്കൊണ്ടുപോകാന്‍ തുടങ്ങുമ്പോള്‍ ആ സാധുവിന്റെയും അവന്റെ ഓമനക്കിടാങ്ങളുടെയും ദുസ്സഹദുഃഖം കണ്ട് കവി ക്ഷോഭിക്കുന്ന ഭാഗം നോക്കുക:
അഴിമതി,യക്രമ,മത്യന്തരൂക്ഷമാ-
മപരാധം നിശിതമാമശനിപാതം
............................................................
നിസ്വാര്‍ത്ഥസേവനം നിര്‍ദ്ദയമര്‍ദ്ദനം,
നിസ്സഹായത്വം ഹാ! നിത്യദുഃഖം!
...............................................................
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍ തന്‍ പിന്മുറക്കാര്‍.
- വാഴക്കുല
ഉത്ക്കടമായ ജീവിതക്ലേശത്തില്‍പ്പെട്ടിട്ടായിരിക്കാം, കാവ്യകലയുടെ ഒരു മൗലികതത്ത്വം തന്നെയും, എന്റെ മാന്യസ്‌നേഹിതന്‍ ഇവിടെ വിസ്തരിക്കുന്നു. കാവ്യത്തില്‍ ജീവിതവിമര്‍ശം പ്രായേണ വാച്യത്തിലല്ല, സൂച്യത്തിലാണ്, നിര്‍വ്വഹിക്കേണ്ടത്. മേലാളന്റെ കരുണാഹീനമായ- അതും മനഃപൂര്‍വ്വമല്ലാതെ സമുദായത്തില്‍ പരമ്പരാഗതമായി, അനുവദനീയമായി, നിലനില്ക്കുന്നതു മാത്രം- ഉടമസ്ഥാവകാശപ്രകടനം നന്നല്ലെന്ന് ആലോചനാമൃതമായ സൂചനയാല്‍ അയാളെ ധരിപ്പിക്കുന്നതിലുള്ള ഹൃദ്യത ഒന്നു വേരെ തന്നെയാണ്. ഉള്ളതു മുഴുവനും- ഉള്ളതു പറയുന്നതിന്റെ പ്രചണ്ഡതയില്‍, സംക്ഷോഭത്തില്‍, ഇല്ലാത്തതും- പ്രഘോഷിച്ച്, ധ്വനിരേവാത്മകാവ്യസ്യ എന്ന സാഹിത്യമര്‍മ്മത്തെക്കൂടി മിസ്റ്റര്‍ ചങ്ങമ്പുഴയെപ്പോലുള്ള ഒരു അനുഗ്രഹീതകവി ക്ഷതപ്പെടുത്തുന്നത് അഭിനന്ദനാര്‍ഹമല്ലെന്നു പറയാതെ തരമില്ല. എന്നാല്‍ സമുചിതമായ സൂച്യസൂചന നിര്‍വ്വഹിക്കുവാന്‍ കവി അശക്തനാണോ? അല്ല തന്നെ, നോക്കുക;
മലയന്‍ നടന്നു- നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും!
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ? ഞാന്‍ പിന്‍വലിച്ചു
- വാഴക്കുല
എത്ര നിതാന്തമനോജ്ഞമായ രീതിയിലാണ് ആ മേലാളന്റെ പ്രവൃത്തിയെ കവി അപലപിച്ചിരിക്കുന്നത്! ഇതില്‍ ആലോചനാകൃശലനായ ഏതൊരു സഹൃദയനാണ്, ഏതൊരു മേലാളനാണ്, ഏതൊരു കീഴാളനാണ് വികാരനിര്‍ഭരനാകാത്തത്? ഈ വികാരനിര്‍ഭരത കവിയില്‍ ബഹുമാനവും തന്നില്‍ത്തന്നെ നിന്ദയുമല്ലാതെ ഒരു മേലാളനില്‍ ജനിപ്പിക്കുയില്ല. സഹാനുഭൂതിക്ഷമമായ ഏതൊരു മനുഷ്യ ഹൃദയത്തെയും അലിയിക്കുന്ന ഈ മോഹനപാദങ്ങളെവിടെ? സമാധാനകുതുകിയായ ഏതൊരു സഹൃദയനെയും വിഷമിപ്പിക്കുന്ന മുന്‍പറഞ്ഞ ഈരടികളെവിടെ?
വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കല്‍ തകര്‍ന്നുപോം മദിക്കും മേലാളിത്തം!
ഈശ്വരന്‍!- നിരര്‍ത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങള്‍തന്നടിമത്തം
ലോകത്തിന്‍ പുരോഹിതന്‍ വിലയ്ക്കു വിറ്റിടുന്ന
നാകലോകത്തേക്കുള്ള പാസ്‌പോര്‍ട്ടു നേടീടാനും,
ഭാവിച്ചിട്ടില്ല ഞങ്ങള്‍, പാവനസ്വാതന്ത്ര്യത്തിന്‍
ഭാസുരപ്രഭാതം വന്നണഞ്ഞാല്‍ പോരും വേഗം.
തകരും കിരീടത്തിന്‍ ശകലങ്ങളെക്കൊണ്ടു
നികരാന്‍ കാലം വൈകീ പാരതന്ത്രയത്തിന്‍ ഗര്‍ത്തം.
-ന.വ.നാന്ദി
മര്‍ത്ത്യസംസ്‌കാരത്തിന്റെ നേട്ടമാണത്രേ സാധു-
മര്‍ദ്ദനം, പരിഷ്,കാരമാണത്രേ രക്തോത്സവം!
അരുതിപ്പൊരിവെയ്‌ലിലിനിയും കഴിക്കുവാന്‍
വരു നീ വേഗം വരു വര്‍ഷത്തിന്‍ കൊടുങ്കാറ്റേ!
-ആ കൊടുങ്കാറ്റ്
ചെന്നിണം പെയ്‌തെങ്ങും വിപ്ലവക്കനല്‍മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാല്‍ മതിയെന്നോ?
ഒന്നതിങ്ങോട്ടേയ്‌ക്കെത്തിനോക്കുമ്പൊഴേയ്ക്കും, ത്യാഗ-
തുന്ദിലേ, ഭാരതാംബേ, നീ മുഖം പൊത്തുന്നതെന്തേ?
പണ്ടത്തെശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനില്ലിന്നെങ്ങും! വേനര്‍ മാത്രമേയുള്ളു.
-ആ കൊടുങ്കാറ്റ്
ഈ ഭാഗങ്ങളെല്ലാം ഔചിത്യത്തിന്റെ സ്ഥൂലസീമകളെപ്പോലും അതിലംഘിക്കുന്ന വിപ്ലവതൃഷ്ണയുടെ ഉഗ്രപ്രകടനമാണെന്നു പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. ലോകത്തെ ഇതിലധികം നിര്‍ഘൃണമായി നിരീക്ഷിക്കുവാന്‍ സാധിക്കയില്ല. ബാഷ്പാഞ്ജലിയുടെ പ്രസ്താവനയില്‍,
ഹതഭാഗ്യന്‍ ഞാന്‍ പക്ഷേ, കണ്ടതെല്ലാം
പരിതാപാച്ഛാദിതമായിരുന്നു.
സതതമെന്‍ കാതില്‍ പതിച്ചതെല്ലാം.
കരുണതന്‍ രോദനമായിരുന്നു
എരിയുന്നൊരാത്മാവിലേറ്റതെല്ലാം
ചുടുനെടുവീര്‍പ്പുകളായിരുന്നു.
-ബാഷ്പാഞ്ജലി
എന്നു പറഞ്ഞിട്ടുള്ള സമാധാനം കവി പക്ഷേ, നമ്മോടു പറഞ്ഞേക്കാം. നിരീക്ഷണവിചക്ഷണനായിരിക്കേണ്ട കവി ഇതൊക്കെയേ ലോകത്തില്‍ കണ്ടുള്ളു എന്നു പറഞ്ഞാല്‍, ഇനിയും പലതും കാണാനുണ്ട് എന്നദ്ദേഹത്തെ പ്രബോധിപ്പിക്കാനേ നിവൃത്തിയുള്ളു. പട്ടുമെത്തയിലും പല്യങ്കത്തിലും മാത്രമേ ആനന്ദമുള്ളു എന്നു ഭ്രമിക്കുന്ന ഒരാള്‍, നൃപാലമണിസദനത്തിലെ ശ്രീ സമൃദ്ധിയിലും, അസന്തുഷ്ടനനും ക്ലിഷ്ടനുമായിരിക്കുകയേയുള്ളുവെന്ന മഹാതത്ത്വം യുവാവായ കവി ഇനിയും ഗ്രഹിക്കേണ്ടിയിരിക്കുന്നു. തന്റെയും, അങ്ങനെ ലോകത്തിന്റെയും ക്ലേശം കണ്ട്, തനിക്കും ലോകത്തിനും ക്ലേശമേയുള്ളു എന്ന് അന്ധഹസ്തിന്യായേനവിധിക്കുന്നത് ശ്രീ ചങ്ങമ്പുഴയേപ്പോലുള്ളൊരു കവിക്കു യോജിച്ചതല്ല. സാധാരണചെറുപ്പക്കാരില്‍ ഒരുവേള ക്ഷന്തവ്യമായ വിപ്ലവമനോഭാവം പരിണതാശയനായിരിക്കേണ്ട യുവകവിക്കു ഭൂഷണവുമല്ല. വിപ്ലവക്കനല്‍ മേഘത്തെ പശ്ചിമാശയില്‍ നിന്ന് ഭാരതത്തിലേക്ക് മാടിവിളിക്കുന്ന ഗ്രന്ഥകാരന്‍ ആ കരാളവേതാളം പടിഞ്ഞാറു വര്‍ഷിച്ചതെന്താണെന്ന് ഇനിയും ശരിയായ് ഗ്രഹിക്കേണ്ടിയിരിക്കുന്നു. കേവലം ബാലിശമായ 'അക്കരപ്പച്ച'ഭ്രമത്തിനു പോലും കവി ഇവിടെ അധീനനാകുന്നു. അതൊക്കെകിടക്കട്ടെ!
പര്യാസപ്രക്രമാദിസ്ഥിതിരഹിത,നാശേ-
ഷപ്രപഞ്ചാണ്ഡനൗവിന്‍
നിര്യാമത്വം വഹിക്കും നിഖിലപതി...
യായ ഈശ്വരനെക്കൂടി ഇച്ഛാഭംഗമൂര്‍ച്ചയില്‍ ശൂന്യതയുടെ അടിത്തട്ടിലേക്ക് ബഹിഷ്‌കരിക്കാന്‍ മുതിരുന്നതുപോലെ തോന്നുന്നതാണു ഹൃദയഭേദകം!
ഈശ്വരന്‍!- നിരര്‍ത്ഥമാമപ്പദം!
കവി ഒരു നിരീശ്വരനാണെന്ന് എനിക്കു വിശ്വാസമില്ല; അങ്ങനെ സങ്കല്പിക്കുകപോലും ദുസ്സഹം, ദുശ്ശകം! ഒരുപക്ഷേ, പരിപാവനമായ ഈശ്വരശബ്ദത്തിന്റെ മറപിടിച്ച് പലരും സാധുക്കളോട് അധര്‍മ്മം പ്രവര്‍ത്തിക്കുന്നണ്ടെന്നും, അങ്ങെനയുള്ളവരെ സംബന്ധിച്ചിടത്തോളം ധര്‍മ്മമൂര്‍ത്തിയായ ഈശ്വരന്റെ നാമം നിരര്‍ത്ഥമാണെന്നും പ്രത്യോദിപ്പിക്കാനായിരിക്കാം കവി ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ പ്രഥമശ്രവണത്തില്‍ ഈ അര്‍ത്ഥപ്രതീതിയല്ല ആ പദാവലി ഉണ്ടാക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു. 'നിരര്‍ത്ഥമാമപ്പദം' എന്നുള്ളതു 'പവിത്രമാമപ്പദം' എന്നു തിരുത്തിയാല്‍ ഈ മഹാദോഷം വിശിഷ്ടതരമായ ഉപര്യര്‍ത്ഥലാഭത്തോടുകൂടി നിഷ്പ്രയാസം പരിഹൃതമാവുമെന്നു തോന്നുന്നു. 'അച്ഛനാണ്, അമ്മയാണ്' എന്നിങ്ങനെ അച്ഛനെയോ അമ്മയെയോ സാക്ഷിയാക്കി കള്ളം പറയുന്നത്! സാക്ഷിയാക്കുന്നത് ഒരു 'വര്‍ത്തുള ചതുര'(ഇശൃരൗഹമൃ ൂൌമൃല)ത്തെയാണെങ്കില്‍ വ്യാജോക്തിയുടെ സ്വീയമായ ദൗഷ്ട്യത്തിനു സാക്ഷിയുടെ സംയോഗം കൊണ്ടു യാതൊരു ലാഭവും ലഭിക്കുന്നില്ലെന്നു സ്പഷ്ടം. അതങ്ങനെ നില്ക്കട്ടെ.
തകരും കിരീടത്തിന്‍ ശകലങ്ങളെക്കൊണ്ടു
നികരാന്‍ കാലം വൈകി പാരതന്ത്ര്യത്തിന്‍ ഗര്‍ത്തം
എന്നാക്രോശിക്കുന്ന കവി ലോകഘടനയിലെ ചില അടിസ്ഥാനതത്ത്വങ്ങളെ തന്നെ വിസ്മരിക്കുന്നതായി കാണപ്പെടുന്നു. 'കിരീട'ശബ്ദം കവി ഏതര്‍ത്ഥത്തില്‍ പ്രയോഗിച്ചതെങ്കിലുമാകട്ടെ. കുറേ കിരീടങ്ങള്‍ തകര്‍ന്നാല്‍ ലോകത്തിലെ പാരതന്ത്ര്യഗര്‍ത്തം പാടേ നികരുമെന്നുദ്ദേശിക്കുന്നത് ആ ഗര്‍ത്തത്തിന്റെ ഗാംഭീര്യവിസ്തൃതികളെപ്പറ്റി ഏകദേശജ്ഞാനമെങ്കിലും ഇല്ലാഞ്ഞിട്ടാണ്. യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന് ആരോഗ്യകരമായ പാരതന്ത്ര്യത്തോടുള്ള ദൃഢബന്ധവും കവിയുടെ ചിന്താശക്തിക്കതീതമാണോ?
ലോകത്തില്‍ അസമത്വങ്ങള്‍ അപ്രതിരോധ്യങ്ങളാണെന്നുള്ള വസ്തുത, നമുക്കു ഹിതമായാലും അഹിതമായാലും വിസ്തരിക്കുവാന്‍ പാടില്ല. സ്ഥിതിസമത്വവാദികള്‍ എത്രതന്നെ ഭഗീരഥപ്രയത്‌നം ചെയ്താലും പ്രകൃതിയ്‌ക്കെതിരായ ഒരു വ്യവസ്ഥിതിയുണ്ടാക്കാമെന്നുള്ള പ്രതീക്ഷ വ്യാമോഹം മാത്രമാണ്. അതിപ്രധാനങ്ങളായ പല അസമതകളും നരസമുദായത്തില്‍ സ്വാഭാവികങ്ങളായി നിലകൊള്ളുന്നു. ജനങ്ങള്‍ അവരുടെ ആരോഗ്യം, മനഃശക്തി, കായബലം, സാമര്‍ത്ഥ്യം, വാസന ഇത്യാദികളില്‍ തുല്യാവസ്ഥയോടു കൂടിയവരല്ല. ഈ അസമാനവസ്ഥയില്‍ നിന്ന് സമാനമല്ലാത്ത ഐശ്വര്യാദികള്‍ ഉണ്ടാക്കിയെ മതിയാവൂ. 'മധ്യസ്ഥന്‍' മാസികയുടെ ഇക്കഴിഞ്ഞ ജനുവരി ലക്കത്തില്‍ നിന്ന് പ്രകൃതത്തിന് അത്യന്തം അനുയോജ്യമായ ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ:
'ഏതെങ്കിലും ഒരു സുപ്രഭാതത്തില്‍ ലോകത്തിന്റെ സര്‍വ്വവിഭവങ്ങളും, ലോകത്തിലുള്ള സര്‍വ്വശക്തികള്‍ക്കും സമമായി വിഭജിക്കപ്പെട്ടുവെന്നു സങ്കല്‍പ്പിക്കുക; ഫലം എന്തായിരിക്കുവെന്നു കാണുവാന്‍ പ്രയാസമില്ല. ഒരു പിതാവിനുള്ള ആസ്തികള്‍ മൂന്നോ നാലോ മക്കള്‍ക്കു തുല്യമായി വിഭജിക്കപ്പെടുന്നതു നാം അനുദിനമെന്ന പോലെ കാണുന്ന കാഴ്ച്ചയാണ്. എന്നാല്‍ തുല്യധനത്തോടുകൂടി ജീവിതരംഗത്തില്‍ പ്രവേശിക്കുന്ന നാലു പുത്രന്മാര്‍ തുല്യധനത്തോടുകൂടി ജീവിതം അവസാനിപ്പിച്ചതായി ഒറ്റ അനുഭവം പോലും ലോകത്തില്‍ എടുത്തുകാണിക്കുവാനുണ്ടായകയില്ല. നേരേമറിച്ച്, അവരില്‍ ഒരുവന് ലഭിച്ച ധനം അനേകമടങ്ങു വര്‍ധിക്കുകയും അപരന്‍ അല്പകാലം കൊണ്ട് ലഭിച്ചതു മുഴുവന്‍ നശിപ്പിച്ചിട്ട്, പെരുവഴിയിലിറങ്ങുകയും ചെയ്യുന്നു. തന്മൂലം ഏതെങ്കിലും ഒരവസരത്തില്‍ ലോകത്തില്‍ വിഭവങ്ങള്‍ തുല്യമായി വിഭജിക്കുക സാധ്യമാണെങ്കിലും ആ വിഭജനം അനുസരിച്ചു തുല്യമാക്കി നിര്‍ത്തുക ഒരുകാലത്തും സാധ്യമാവുകയില്ല.'
(മധ്യസ്ഥന്‍ പു:14 ; ല:7. മുതലാളിത്തം- ഡോക്ടര്‍ തോമസ് ഇളന്തോട്ടം)
സാമ്പത്തികലോകത്തില്‍ മാത്രമല്ല സാഹിത്യപ്രപഞ്ചത്തിലും ഈ മാതിരി ഉച്ചനീചത്വങ്ങള്‍ അതിസുലഭങ്ങലും അനിവാര്യങ്ങളുമത്രേ. വള്ളത്തോളിനോ, ഉള്ളൂരിനോ, വെണ്ണിക്കുളത്തിനോ, ചങ്ങമ്പുഴയ്‌ക്കോ ജന്മായത്തമായും പരിശ്രമായത്തമായുമുള്ള അസൂയവഹങ്ങളായ കഴിവുകളുടെ സഹസ്രാംശം പോലുമില്ലാതെ സാഹിത്യസാമ്രാജ്യത്തില്‍ അസമത്വങ്ങളും അവശതകളും ദാരിദ്രദുഃഖന്തന്നെയും അനുഭവിക്കുന്ന ലക്ഷോപലക്ഷങ്ങള്‍ ഈ അനുഗ്രഹീതകവികളുടെ സഹജങ്ങളായ കഴിവുകളും തജ്ജന്യങ്ങളായ യശോലാഭാദികളും തുല്യമായി വീതിച്ചു കിട്ടേണമെന്നു സമഷ്ടിവാദം മുഴക്കി, വേണ്ടിവന്നാല്‍ ഒരു വിപ്ലവത്തിനു തന്നെ അരയും തലയും മുറുക്കുന്നതു കണ്ടാല്‍ അതിന്റെ ന്യായ്യത, ഔചിത്യം, ശക്യത ഇത്യാദികളെപ്പറ്റി എന്റെ വത്സലമിത്രം മിസ്റ്റര്‍ ചങ്ങമ്പുഴ എന്തു പറയുമോ? ഐശ്വര്യത്തിന്റെ ഭിന്നപരിണാമത്തിലുള്ള വിതരണം പോലെതന്നെ ലോകത്തിന്റെ ഭിന്നരീതിയിലുള്ള ക്ലേശാനുഭൂതിയും അനിവാര്യമാണ്. മനുഷ്യന്‍ എത്രതന്നെ യത്‌നിച്ചാലും ജീവിതത്തെ അഭിമുഖീകരിക്കുന്ന ക്ലേശങ്ങള്‍ നിശ്ശേഷം ഇല്ലാതാക്കുവാന്‍ സാധിക്കയില്ലതന്നെ. വി. തോമസ് മോറിന്റെ 'യുട്ടോപ്പിയ' 'ആദര്‍ശലോക'ത്തിന്റെ പര്യായമായി മനോരാജ്യത്തില്‍ത്തന്നെ കഴിഞ്ഞുകൂടുകയേ ഉള്ളു. ലോകാരംഭം മുതല്‍ ഇന്നുവരെയുള്ള മനുഷ്യജാതിയുടെ ചരിത്രം ഈ വസ്തുത സര്‍വ്വഥാ സ്ഥിരീകരിക്കുന്നു. ക്ലേശമുക്തിക്കു വേണ്ടിയാണ് മനുഷ്യന്‍ എന്നും ശ്രമിക്കുന്നത്. ക്ലേശമാകട്ടെ ഒന്നിനൊന്നു വര്‍ദ്ധിക്കുന്നതല്ലാതെ ശമിക്കുന്നതായി കാണുന്നില്ല. ഈ വസ്തുസ്ഥിതിക്കു വിരുദ്ധമായി ആരെങ്കിലും പ്രസംഗിക്കുന്നെങ്കില്‍, കഷ്ടതയിലും ക്ലിഷ്ടതയില്‍നിന്നുള്ള മുക്തിയും ശോകസ്പൃഷ്ടമായ വിശ്രാന്തിയും അനുസ്യൂതമായ സന്തോഷവും കലര്‍പ്പില്ലാത്ത സൗഭാഗ്യവും നല്കാമെന്ന്, കഷ്ടതയനുഭവിക്കുന്നവരെ ആരെങ്കിലും പറഞ്ഞിളക്കുന്നുവെങ്കില്‍- ആ ശാന്തിദൂതമ്മന്യന്മാര്‍ ജനസമുദായത്തെ വഞ്ചിക്കുകയത്രേ ചെയ്യുന്നത്. 'മാളികമുകളേറി, വെണ്‍പങ്ക വീശി'യിരിക്കുന്നവരും മുടി ചൂടിയ മന്നരും അസങ്കരമായ സൗഹിത്യമനുഭവിക്കുന്നു എന്നൊരു മിഥ്യാധാരണ കവിക്കുള്ളതുപോലെ തോന്നുന്നു.
“ Uneasy lies the head that wears a crown”
എന്നുള്ള വിശ്വമഹാകവിയുടെ തത്ത്വദര്‍ശനം നമ്മുടെ കവിക്കു ദൃശ്യമല്ലേ? ദരിദ്രരുടെ പാഴ്ക്കുടിലുകളെന്നതിനേക്കാള്‍ നൈരാശ്യവും അരിഷ്ടതയും അസ്വാസ്ഥ്യവും തജ്ജന്യങ്ങളായ 'ഹിംസ'കളും നടമാടുന്നത് വിത്തേശപ്രാസാദങ്ങളുടെ അന്തര്‍ഭാഗങ്ങളിലാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ലോകത്തെ അതിന്റെ തനിനിറത്തില്‍ വീക്ഷിച്ച് അഗതികളുടെ ക്ലേശങ്ങളെ ശമിപ്പിക്കുവാന്‍ ധനവാന്മാരും ദരിദ്രന്മാരും മുതലാളികളും തൊഴിലാളികളും - അന്യോന്യം കൈകോര്‍ത്തു പിടിച്ച് സാഹോദര്യത്തോടുകൂടി സഹകരിക്കുകയത്രേ ഉത്തമമാര്‍ഗ്ഗം. (Reform, not Revolution, is the remedy)നിഷ്‌കാമപ്രേമത്തിന്റെ വിശ്വംഭരിയായ സ്‌നേഹത്തിന്റെ, വാഴ്ചയില്‍ ദരിദ്രവും തത്ഫലമായ ക്ലേശങ്ങളും ശമിക്കാതിരിക്കയില്ല. 'കൊടുങ്കാറ്റ് കഴിഞ്ഞ്' എന്ന കവിതയില്‍ പ്രേമത്തെക്കൊണ്ടു കവി പറയിക്കുന്ന ചില ഭാഗങ്ങള്‍ ശ്രദ്ധേയങ്ങളത്രേ.യുദ്ധത്തിനെക്കൊണ്ടൊരിക്കലുമാവുകി-
ല്ലുദ്ധരിച്ചീടാന്‍ സമാധാനനീതികള്‍
എന്നെ പ്രതിഷ്ഠിച്ചു പൂജിച്ചു സേവിക്കു-
കൊന്നായി നിങ്ങള്‍ മനസ്സിന്റെ കോവിലില്‍
.....................................................................
അന്നു നിങ്ങള്‍ക്കു കാണായ് വരും സ്വാതന്ത്ര്യ-
സുന്ദരസുപ്രഭാതത്തിന്‍ കുളിരൊളി
അന്നേ മനുഷ്യന്‍ മനുഷ്യനാകൂ, നിങ്ങ-
ളന്നോളവും ശവംതീനിക്കഴുകുകള്‍
...................................................................
-കൊടുങ്കാറ്റ് കഴിഞ്ഞ്
യഥാര്‍ത്ഥപ്രേമത്തിന്റെ പരിസ്ഫുരണമുള്ളിടത്ത്, സമ്പത്തിന്റെ അസമാനതയിലും ആ കുബേരകുചേലം യോഗക്ഷേമജന്യമായ ആനന്ദാഭിവ്യാപ്തി ഇന്നും നമുക്കു കാണാന്‍ സാധിക്കുന്നു. അഥവാ സുഖദുഃഖങ്ങളുടെ പരമമായ ആധാരവും മാനദണ്ഡവും മനുഷ്യചിത്തം തന്നെയാണല്ലോ!
ചിത്തേ തു സുഖിതേ സര്‍വ്വം ഭവേല്‍ സുഖമയം ജഗത്
മന ഏവ മനുഷ്യാണാം കാരണം സൃഷ്ടിനാശയോഃ
സുഖം സുഖം കൈവശമുള്ള വസ്തു
കാന്താരമെങ്ങും തിരയുന്നു നമ്മള്‍
ഇത്യാദി കവിവചസ്സുകള്‍ ഈ തത്ത്വത്തെയല്ലേ വിളിച്ചറിയിക്കുന്നത്? ഈ ഭാഗം ഇവിടെത്തന്നെ നില്ക്കട്ടെ.
'രക്തപുഷ്പ'ങ്ങളുടെ കമനീയതയാണ് എന്റെ പ്രധാന പ്രതിപാദ്യവിഷയം. വാഴക്കുലയെപ്പറ്റിത്തന്നെ ചിന്തിക്കാം.
മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു
മഴവന്നനാളൊരു വാഴ നട്ടു
മനതാരിലാശകള്‍ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനെയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
അതീവഹൃദ്യമായ രീതിയില്‍ വസ്തുനിര്‍ദ്ദേശം സാധിച്ചിരിക്കുന്ന ഈ കാവ്യമുഖത്തിന്റെ സൗകുമാര്യം ആരാണാസ്വദിക്കാത്തത്? 'മനതാരിലാശകള്‍ പോലെ' എന്ന ഉപമാതല്ലജം ഒന്നു മാത്രം മതി ശ്രീ ചങ്ങമ്പുഴയ്ക്കു കവിപുഷ്പമാലയില്‍ അതിപ്രധാനമായ ഒരു സ്ഥാനം സമ്പാദിച്ചു കൊടുക്കുവാന്‍. മനുഷ്യമനസ്സില്‍ സന്ദര്‍ഭാനുഗുണമായി സമുദ്ഭവിക്കുന്ന ആശകളാണ് ജീവിതത്തെ സഫലമാക്കത്തീര്‍ക്കുന്നത്. ആശാഹീനമായ മനുഷ്യമാനസം അതിന്റെ ഫലശൂന്യതയിലെന്നപോലെ വിസ്തൃതിയിലും സഹാറയ്ക്കു സമാനമായിരിക്കും. ഒരു വാഴ നട്ടിട്ടു അതിന് കൂമ്പു വന്നുതുടങ്ങിയാല്‍ അതു നാശോന്മുഖമായി സന്താപകാരിയായിത്തീരുന്നു. കൂമ്പു വന്നു തുടങ്ങിയാല്‍ അതു നമുക്കു പ്രത്യാശാജനകമായി, ആനന്ദസന്ദായകമായിത്തീരുകയത്രേ ചെയ്യുന്നത്. അതുപോലെ ആശാലാഭത്തില്‍ മനുഷ്യന്‍ സജീവനും ഊര്‍ജ്ജ്വസ്വലനും ആകുന്നു. ആശാസമൃദ്ധാശയനായി, ആഫലോദയകര്‍മ്മാവായി വര്‍ത്തിക്കുന്ന മനുഷ്യനാണ് മനുഷ്യന്‍!
ആശിക്ക! സൃഷ്ടിക്ക ജഗത്പിതാവു-
മാശിച്ചുവെന്നായ് ശ്രുതി പൊങ്ങിടുന്നു;
നരന്നു തന്‍ജീവിതമാശ; മൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം.
എന്ന ഉള്ളൂര്‍ മഹാകവിയുടെ പദ്യം ഈ തരുണത്തില്‍ അനുസ്മരണീയമാണ്. മരതകകൂമ്പുപൊടിച്ച വാഴ, കാലോചിതങ്ങളായ പരിചരണങ്ങളേറ്റ്, ആ മരതകക്കൂമ്പിനാല്‍ സൂച്യമാനമായ കല പുറപ്പെടുന്നവരെ അവ്യാഹിതമായി വളരുന്നു. ആശാങ്കുരമുള്ള മനസ്സും ദൈവപരിപാലനയില്‍ വളര്‍ന്നു വിശിഷ്ടസ്ഥാനങ്ങളെ പ്രാപിച്ചു സന്തുഷ്ടമാകതന്നെ ചെയ്യും, എന്ന തത്ത്വമാണ് ഇവിടെയും നിഗൂഢമായി നിലകൊള്ളുന്നത്. മനുഷ്യന് ലോകത്തില്‍ നൈരാശ്യത്തിന് കാരണമില്ല. വാഴ നട്ടപ്പോള്‍ മലയപ്പുലയന് ആ വാഴയുടെ ആഗാമിയായ
കുലയെപ്പറ്റി മനതാരില്‍ ആശാങ്കുരമുണ്ടായി എന്നര്‍ത്ഥമാക്കുന്ന പക്ഷം കുറേക്കൂടി സ്വാരസ്യമുണ്ടെന്നു തോന്നുന്നു. ഈ ആശ-ക്രമപ്രവൃദ്ധമായി പരിപുഷ്ടിപ്രാപിച്ച ഈ പ്രത്യാശ- ഒടുവിലിതാ അകസ്മാത് വിഫലീഭവിക്കുന്നു- വന്ധ്യമായിത്തീരുന്നു! പക്ഷേ, മലയപ്പുലയന്‍ നൈരാശ്യത്തിനോ തദനുഗാമികളായ സാഹസോദ്യമങ്ങള്‍ക്കോ വിധേയനാകുന്നില്ല. സ്വാഭാവികമായുണ്ടായ ഉത്കടസങ്കടത്തിന്റെ പരമകോടിയില്‍,
കരയാതെ മക്കളെ... കല്പിച്ചു... തമ്പുരാന്‍
ഒരു വാഴ വേറെ (നമുക്കു വെക്കാം)
എന്നു ഗദ്ഗദമായ അര്‍ദ്ധോക്തിയില്‍ സന്താനങ്ങളെ സമാശ്വസിപ്പിച്ച്, ആശാന്തരത്തിനു വിധേയനാകയല്ലാതെ, നൈരാശ്യനീതമായ വിപ്ലവബുദ്ധിക്കോ മറ്റോ വശഗനാകുന്നില്ല. ആശകളുടെ പരാജയത്തില്‍, നവംനവങ്ങളായ ആശകളില്‍ ഉപാശ്രയിച്ചു ജന്മം സഫലമാക്കാന്‍ പ്രതിജ്ഞാദാര്‍ഢ്യത്തോടു കൂടി തുടര്‍ന്നു ശ്രമിക്കശ്രമിക്കയല്ലാതെ നിയതിയോടു ശുണ്ഠികൂടി നിരാശഗര്‍ത്തത്തില്‍ നിപതിച്ചാല്‍, ആര്‍ക്ക്, എന്തു പ്രയോജനമാണുള്ളത്? അഴകിപ്പുലക്കള്ളി തന്റെ അരുമക്കിടാങ്ങളിലൊന്നായി ആ 'വാഴത്തയ്യി'നെ ഓമനിച്ചു എന്നു പറയുന്നതില്‍നിന്ന് അതിനെസ്സംബന്ധിച്ച് എത്ര തീക്ഷ്ണമായ പ്രതീക്ഷയാണ് ആ പാവങ്ങള്‍ക്കുണ്ടായിരുന്നതെന്നു കവി വിശദമാക്കുന്നു. ഒരു മാതാവിനു തന്റെ സന്താനങ്ങളെ പരിരക്ഷിക്കുന്നതില്‍ പ്രേരകമായി നില്‍ക്കുന്ന പ്രത്യാശ പോലെ അത്ര ശക്തിമത്തായ മറ്റൊരാശയും ഉണ്ടാകാനില്ല. എന്നാല്‍ ആ സാധുപ്പുലയി ആ വാഴയെ സ്വസന്താനങ്ങളിലൊന്നായി ഓമനിച്ചു എന്നു പറയുമ്പോള്‍, ജീവിതത്തില്‍ അവള്‍ക്കുള്ള ആശാവ്യാപ്തിയുടെ പരിമിതി സൂചിതമായിരിക്കുന്നു. നിജസന്താനങ്ങള്‍ മഹിപാലസചിവത്വാദിമഹോന്നതസ്ഥാനങ്ങള്‍ പ്രാപിച്ചേക്കാമെന്നുള്ള പ്രതീക്ഷയൊന്നും അവള്‍ക്കില്ല; എങ്കിലും സന്താനങ്ങള്‍ അവള്‍ക്കു വലിയവര്‍ തന്നെ; നിസ്സാരമായ വാഴക്കുലയുടെ ലാഭവും അവള്‍ക്കു വലുതാണ്. ആ വാഴക്കുല നഷ്ടപ്പെടുന്നതോ, ഒരു സന്താനനാശമെന്നോണം അവള്‍ക്കു സന്താപഹേതുകമാകുന്നത്. എന്നാല്‍ ഒരു കുഞ്ഞ് അകാലചരമത്താല്‍ പ്രകൃതിവിധിക്കു വിധേയമായി നഷ്ടപ്പെട്ടാല്‍ അപ്രമേയമായ ജഗദീശാജ്ഞയെ പഴിക്കുന്ന മനോഭാവം നന്നല്ല; ക്ഷോഭിക്കുന്നതും ശരിയല്ല. നമുക്കത്യന്തം പ്രിയകരങ്ങളായവയുടെ നഷ്ടവും ചിലപ്പോള്‍ നാം സഹിച്ചേ മതിയാവൂ. അത് അനിഷേധ്യമായ ഒരു പ്രകൃതിതത്ത്വവും ജീവിതരഹസ്യവുമത്രേ.
തത്താദൃക്കായ ആ വാഴ ആ യുവദമ്പതിമാരുടെ ദത്താവധാനമായ സപര്യയേറ്റ് അതിവേഗം വളരുന്നു.
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
യലതു വേഗവേഗം വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ
കവിയുടെ ഉപമാനങ്ങള്‍ വിഷയാനുഗുണങ്ങളായിരിക്കുന്നുവെന്നതു സവിശേഷം ശ്ലാഘാവഹമാണ്. ഒരു പുലയിക്കുടിയിലെ വാഴയുടെ വളര്‍ച്ച വെളിവാക്കാന്‍ ശകുന്തളാദുഷ്ഷന്തന്മാരുടെ അനുരാഗവികാസം ഉപമാനമാക്കിയാല്‍ അതിന്റെ സാംഗത്യം എന്തായിരിക്കും? അനുരാഗം, അതിന്റെ വളര്‍ച്ച, ഹൃദയാകര്‍ഷകത്വം- ഇവയെസ്സംബന്ധിച്ചിടത്തോളം ഒരു ഗ്രാമീണമിഥുനത്തേക്കാള്‍ ശകുന്തളാദുഷ്ഷന്തന്മാര്‍ സ്വീകാര്യതരരും ഹൃദ്യതരരുമായിരിക്കാമെങ്കിലും പ്രകൃതത്തിന് അധികം ഇണങ്ങിയത് ആദ്യത്തെ 'സെറ്റു'തന്നെ. ഗ്രാമീണബാലയ്ക്ക് അജപാലബാലനിലുണ്ടാകുന്ന അനുരാഗകന്ദളത്തിന്റെ വളര്‍ച്ച എത്ര അകൃത്രിമസുന്ദരമായിരിക്കുന്നു അത്ര നിസ്സര്‍ഗ്ഗമനോഹരമായി 'ആ ചെറുവാഴത്തൈ'വളര്‍ന്നുെവന്ന് കവി നമ്മെ ഗ്രഹിപ്പിക്കുന്നു. ഇങ്ങനെ വളര്‍ന്ന വാഴയുടെ നിഴലില്‍ ക്ഷുത്പീഡിതരായി വളരുന്ന പുലക്കിടാങ്ങള്‍ നട്ടുച്ചയ്ക്കിരുന്നു കളിക്കുന്നതു നോക്കുക:
കരയും ചിരിക്കുമിടയ്ക്കിടെത്തമ്മിലാ-
ക്കരുമാടിക്കുട്ടന്മാര്‍ മല്ലടിക്കും!
അതു കാണ്‍കെപ്പൊരിവെയ്‌ലിന്‍ ഹൃദയത്തില്‍ക്കൂടിയു-
മലിവിന്റെ നനവൊരു നിഴല്‍വിരിക്കും
ഹാ! 'അന്ത 'ഹന്ത'യ്ക്കിന്തപ്പട്ട്' എന്ന മാതിരി ഈ 'കരുമാടിക്കുട്ടന്മാര്‍'ക്കല്ലേ 'അക്ഷരലക്ഷ'മോ, പട്ടും വളയുമോ, വീരശൃംഖലയോ സമ്മാനിക്കേണ്ടത്? ആ പദത്തിന് ഇതിനേക്കാള്‍ സമുചിതമായ ഒരു സ്ഥാനം കല്പിച്ചു കൊടുക്കുവാന്‍ ഏതുമഹാകവിക്കു കഴിയും? ഈ ബാലന്മാരുടെ വിനോദകോലാഹലം കണ്ടാല്‍ അചേതനമായ പൊരിവെയിലിനും അലിവുണ്ടാകും എന്നു പറയുമ്പോള്‍ സചേതനങ്ങളായ സമസൃഷ്ടങ്ങലില്‍ അത് അത് എത്ര തന്നെ അലിവുണ്ടാക്കയില്ല എന്നോ, ഇതു കണ്ടിട്ടു അലിയാത്ത സമ്പന്നന്മാര്‍ എത്ര കഠിനഹൃദയന്മാരാണെന്നോ ഉള്ളധ്വനി സന്ദര്‍ഭാനുഗുണമായി നമുക്കു കേള്‍ക്കുവാന്‍ സാധിക്കുന്നു.അടുത്ത ഏഴ് ഈരടികളിലായി കവി നടത്തുന്ന തത്ത്വചിന്തയുടെ അന്തിമഭാഗം ഞാന്‍ നേരത്തേ സൂചിപ്പിച്ച രീതിയിലുള്ള ഒരു വിപ്ലവമനോഭാവത്തിന്റെ അവഭാസമാകയാല്‍ തികച്ചും അതിഭാഷണമായി വര്‍ത്തിക്കുന്നു. അതു കഴിഞ്ഞ്, ശ്രീ. ചങ്ങമ്പുഴയ്ക്ക് സഹജമായുള്ള മധുസ്യന്ദിയായ സംഭാഷണശൈലിയില്‍ കവിതാകാമിനി നൃത്തം ചെയ്യുന്നത് കാണുക തന്നെ:
പറയുന്നു മാതേവന്‍- 'ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദൊള്ളതായിരിക്കും!'
...............................................................
ഇതു വിധം നിത്യമാ വാഴച്ചുവട്ടി-
ക്കൊതിയസമാജം നടന്നു വന്നു.
ഈ 'കൊതിയസമാജ'പ്രയോഗത്തിന്റെ ചമത്കാരാതിശയം എത്ര പ്രശംസാര്‍ഹമായിരിക്കുന്നു! ഈ മാതിരി ലോകോത്തരഗുണങ്ങളായിരിക്കുന്ന പ്രയോഗവിശേഷങ്ങള്‍ ഏതു മഹാകാവ്യത്തിന്റെ പക്ഷങ്ങള്‍ക്കു തന്നെ അസുലഭങ്ങളായ അമൂല്യഭൂഷണങ്ങളായിരിക്കയില്ലേ? സര്‍വ്വാംഗമധുരമായ റവലഡ്ഡുവിനുള്ളില്‍ ഇടയ്ക്കിടെ കിടക്കുന്ന കല്ക്കണ്ടഖണ്ഡങ്ങള്‍ പോലെ, ആപാദമഞ്ജുളമായ ഈ ലഘുകാവ്യത്തിന്റെ അന്തരാളത്തില്‍ അന്തരാന്തരാ കണ്ടുമുട്ടുന്ന അലോകസുന്ദരങ്ങളായ ഇത്തരം പൊടിക്കൈകള്‍ എത്രമേല്‍ സഹൃദയഹൃദയാഹ്ലാദകമെന്നും അനുഭവിച്ചുതന്നെയേ അറിഞ്ഞുകൂടു... ഈ കൊതിയസമാജവര്‍ണ്ണനയില്‍ കാണുന്ന പ്രതിപാദനരീതിയേക്കാള്‍ ലളിതസുന്ദരമായ രീതിവിശേഷം മഹാകവികളുടെ കൃതികളില്‍പ്പോലും ഉണ്ടായിരിക്കുമോ?
ഭാവനാസമ്പന്നങ്ങളും പരിഹാരസഗര്‍ഭങ്ങളുമായ ഈരടികള്‍കൊണ്ട് കാവ്യശരീരത്തിനു യഥാതഥ്യേന പകിട്ടു കൂട്ടാനും അതിനിടയില്‍ ആനുഷംഗികമായി സമുചിതമായ ജീവിതവിമര്‍ശം സാധിക്കുവാനും ശ്രീ ചങ്ങമ്പുഴയ്ക്കുള്ള നൈപുണി ഇണയറ്റതുതന്നെ.
സംഭ്രമിക്കായ്ക, നവീനശാസ്ത്രങ്ങള്‍ തന്‍
സംഭാവനകളാണാ നിണച്ചാലുകള്‍!
ഇന്നവയിങ്കലൂടുത്കര്‍ഷപൂര്‍ത്തിതന്‍
പൊന്നിന്‍കളിത്തോണി പോവതു കാണ്‍ക നീ.
- കൊടുങ്കാറ്റു കഴിഞ്ഞ്
സ്വാതന്ത്ര്യസംസ്ഥാപനത്തിനു വേണ്ടി യുദ്ധഭൂമിയില്‍ മനുഷ്യനൊഴുക്കിയ രക്തപ്പുഴകളെ നോക്കി, പ്രേമദേവത കവിയോടു പറയുന്നതിതാണ്. നവീനശാസ്ത്രങ്ങള്‍ മനുഷ്യനു സംഭാവന ചെയ്തതു നിണച്ചാലുകളാണ്. ശാസ്ത്രപുരോഗമനംകൊണ്ട് മനുഷ്യര്‍ എത്രപെട്ടെന്നു സഹസ്രക്കണക്കിനു സംഹൃതരാകുന്നു! അവരുടെ രക്തധാരകള്‍ എത്ര സഥലത്തൊഴുകുന്നു! ആ നിണച്ചാലുകളില്‍ക്കൂടി ഉത്ക്കര്‍ഷത്തിന്റെ പൊന്നിന്‍ കളിത്തോണി പോകുന്നത്രേ. യുദ്ധംകൊണ്ടുണ്ടാകുന്ന ഉത്ക്കര്‍ഷം രക്തധാരോപരിയാണ് അധിഷ്ഠിതമെങ്കില്‍ അതെന്തൊരുത്ക്കര്‍ഷം എന്നല്ലേ ഇവിടുത്തെ ധ്വനി! പൊന്നിന്‍കളിത്തോണിയെന്ന പ്രയോഗം അര്‍ത്ഥപുഷ്‌ക്കലം തന്നെ. പൊന്നു കൊണ്ടുള്ള കളിത്തോണി എന്നോ പൊന്നിന്റെ വകയായ കളിത്തോണിയെന്നോ പറഞ്ഞാല്‍ ഏതാണ്ട് രക്തവര്‍ണ്ണച്ഛായയുള്ള ഒരു തോണി നമ്മുടെ സങ്കല്പത്തിലെങ്കിലും പ്രത്യക്ഷീഭൂതമാകുന്നു. കനകവാചിയായ ശബ്ദം സമ്പത്തിനേയും സമ്പന്നന്മാരേയുമാണ് നമ്മുടെ ചിന്താപഥത്തില്‍ ഉത്തിഷ്ഠമാനരാക്കുന്നത്. ധനത്തിന്റെ മുഷ്‌ക്കാണ് യുദ്ധത്തിന്റെ ആരംഭത്തിലും അവസാനത്തിലും തള്ളിപ്പൊന്തിവരുന്നുള്ളതെന്ന് ഒരു പരമാര്‍ത്ഥം തന്നെ. സാധുക്കളുടെ രക്തം ചിന്തിച്ചിട്ട് ധനവാന്മാര്‍ 'മുതലെ'ടുക്കുന്ന രീതിയും കവി ഇവിടെ പ്രധാനമായി ഉന്നയിച്ചിട്ടുണ്ട്; അതിനു ലക്ഷ്യം അടുത്തുള്ള ഒരു വകുപ്പു തന്നെ. പക്ഷേ, അത്ര കര്‍ക്കശമായും നഗ്നമായും പറയാതെ ഇത്രയും കൊണ്ടവസാനിപ്പിച്ചിരുന്നെങ്കില്‍ കവിത കുറച്ചുകൂടി ആലോചനാമൃതമാകുമായിരുന്നില്ലേ!
സരസകോമളമായ രീതിയില്‍ പ്രകൃതിവര്‍ണ്ണന നിര്‍വ്വഹിക്കുന്നതിനു നമ്മുടെ കവിക്കുള്ള പാടവം ഈ ഗ്രന്ഥത്തില്‍ വേണ്ടുവോളം വെളിവാകുന്നുണ്ട്. 'വാഴക്കുല'യുടെ പലഭാഗങ്ങളും, വിശിഷ്യ, വാഴച്ചുവട്ടിലെ കൊതിയസമാജത്തിന്റെ വര്‍ണ്ണനയും മറ്റും ഇതിനു ദൃഷ്ടാന്തങ്ങളത്രേ. 'നവവര്‍ഷനാന്ദി'യുടെ പ്രാരംഭം തന്നെ പരിശോധിക്കുക;
പുലരിത്തുടുമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെ.....................................................
............................... കണ്ണുനീര്‍ വരുന്നല്ലോ.
-ന. വ. നാന്ദി
പ്രഭാതമാരുതനെ, പുലരിത്തുടുമേഘമാകുന്ന കനകപ്പൂഞ്ചേല ധരിച്ച്, അതിന്റെ തുമ്പുലയുമാറ് ഓടികക്കിതച്ചെത്തുന്ന പകലിന്റെ നെടുവീര്‍പ്പായിട്ടത്രേ കവി ഉത്‌പ്രേക്ഷിക്കുന്നത്. ഈ നിശ്വാസമാകട്ടേ, അന്ധകാരത്തില്‍ തലചായ്ച്ചുറങ്ങിയിരുന്ന തരുവല്ലികളെ തട്ടിയുണര്‍ത്തുന്നു! ഈ കാവ്യാരംഭം പാവങ്ങളുടെ നവവര്‍ഷോദയമാകുന്ന വിപ്ലവത്തെയും നിദ്രാലുക്കളായിസ്വസ്ഥിതിയറിയാതെ കിടന്ന ദരിദ്രന്മാരെയും തട്ടിയഉണര്‍ത്തുന്നതിനെയും സൂചിപ്പിക്കുന്നു. വിപ്ലവമനോഭാവം, കവി ആ കാവ്യത്തില്‍ പിന്നീടു വിളിച്ചുപറയുന്ന ഭാഗങ്ങള്‍കൊണ്ടൂഹ്യമെന്നേയുള്ളു. ഉണര്‍വ്വിന്റെ മനോഭാവമൊന്നായാല്‍ ഈ ഭാഗത്തെ വ്യംഗ്യവും സര്‍വ്വജനഹൃദ്യമായിമാറുന്നതാണ്.
പോവുക ധനാഢ്യരേ, നിങ്ങളെത്തടിപ്പിക്കാന്‍
പാവങ്ങല്‍ ഞങ്ങള്‍ക്കു പ്രാണവാതമേ വേണ്ടു.
-ന. വ. നാന്ദി
വെണ്‍പങ്ക വീശിയിന്നാര്‍ക്കു സുഖിക്കുവാന്‍
നിന്‍ പ്രാണവാതം പകുത്തു കൊടുത്തു നീ.
- ദാരിദ്ര്യത്തിന്റെ മുന്നില്‍
എന്നീ ഈരടികള്‍,
പാവങ്ങള്‍ തന്‍ പ്രാണമരുത്തു വേണം
പാപപ്രഭുക്കള്‍ക്കിഹ പങ്കവീശാന്‍
എന്നതിനെയെന്നോണം,
വാനമണ്ഡപത്തിലെത്താരകത്തുമ്പപ്പൂക്കള്‍
വാരിക്കൊണ്ടെങ്ങോ പോയാള്‍ താമസി വേലക്കാരി.
-ന. വ. നാന്ദി
എന്ന ഭാഗം വള്ളത്തോളിന്റെ പ്രഭാതഗീതത്തിലെ,
ചിക്കെന്നുണര്‍ന്നെഴുന്നേറ്റുഷസ്സെന്നവള്‍
ശുക്രനാം കൈവിളക്കേന്തിയെത്തി
ഇന്നലെ രാവുപയോഗിച്ച പൂക്കളാ-
കുന്ന താരങ്ങളടിച്ചു വാരി
എന്ന വരികളെ അനുസ്മരിപ്പിക്കുന്നു. പക്ഷേ, ഈ സാമ്യം കവിക്കൊരു കുറവും വരുത്തുന്നില്ല. മഹാകവികളുടെ ആശയങ്ങളെ ഭംഗ്യന്തരേണ സന്ദര്‍ഭാനുഗുണമായി പ്രകടിപ്പിക്കുവാന്‍ മഹാകവികള്‍ക്കേ സാധിക്കൂ. അഥവാ രണ്ടുപേരുടെയും, സ്വതന്ത്രചിന്താസന്താനങ്ങളായ ആശയങ്ങള്‍ക്കു തമ്മില്‍ ഇമ്മാതിരി സാമ്യങ്ങളുണ്ടായിക്കൂടെന്നുമില്ലല്ലോ. തുമ്പപ്പൂക്കളുടെ അന്തര്‍ധാനം ലോകത്തിലവിടിവിടെ പുഞ്ചിരിതൂകി ലസിക്കുന്ന ധനവാന്മാരുടെ തിരോധാനത്തെ സൂചിപ്പിക്കുന്നുവെന്നു പറയാം. ഓണോട്ടന്‍കതിരുകള്‍ സമൃദ്ധിയെയും, ഇളവെയില്‍ നവ്യപ്രകാശത്തെയും കുഞ്ഞാറ്റക്കിളികളുടെ കളകളഡോളാവിലാസം ദരിദ്രന്മാരുടെ ആനന്ദനൃത്തത്തെയും അഭിവ്യഞ്ജിപ്പിക്കാം. ഇങ്ങനെ നോക്കിയാല്‍ വിഷയാനുഗുണമായ പശ്ചാത്തലമായി പ്രകൃതിയെ വര്‍ണ്ണിക്കാന്‍ ശ്രീ ചങ്ങമ്പുഴയുടെ സരസ്വതിക്കുള്ള വൈഭവം ഒന്ന പ്രത്യേകം തന്നെ.
പ്രകൃതിഗായകന്‍ എന്നപോലെ ഒരു പ്രേമഗായകന്‍ കൂടിയാണ് നമ്മുടെ യുവകവി. 'അജപാലബാലനില്‍ ഗ്രാമീണബാലതന്നനുരാഗകന്ദളനമെന്നപോലെ' എന്ന ഉപമാനത്തില്‍ത്തന്നെ, ഒരു ഗ്രാമീണബാലികയുടെ ശാലീനമായ അനുരാഗത്തെ എത്ര സരളമായി കവി ചിത്രീകരിക്കുന്നുവെന്നു നാം നേരത്തെ കണ്ടുവല്ലോ. 'രാഗഗീതി'യിലാകട്ടെ കവി നിര്‍മ്മലമായ സ്‌നേഹത്തെ സരസമായി ചിത്രീകരിക്കുന്നു. പുഷ്പത്തോടു വാനമ്പാടിക്കുള്ള നിര്‍മ്മലസ്‌നേഹമാണ് ഇതില്‍ പ്രകാശിപ്പിച്ചിരിക്കുന്നത്. വിമലസ്‌നേഹബദ്ധരായ വല്ല കാമിനീകാമുകന്മാരും കവിയുടെ ഹൃദയാന്തര്‍ഭാഗത്തു കുടികൊള്ളുന്നുണ്ടാവാം. സായങ്കാലത്തു വാടി വാഴാന്‍ പോകുന്ന കുസുമത്തോടു വാനമ്പാടി നടത്തുന്ന 'അന്ത്യാമന്ത്രണം' ശ്രദ്ധിക്കുക;
അവസാനപ്രാര്‍ത്ഥനയും വിറച്ചീടുമധരത്താ-
ലവശേ, നീയുച്ചരിക്കൂ പോകട്ടെ ഢാനും
ഒരു രാഗശൃംഖല നാമറിയാതെ നമ്മെ ബന്ധി-
ച്ചിരുന്നതുമിതാ കഷ്ടം ശിഥിലമായി,
- രാഗഗീതി
സന്തപ്തചിത്തനായ വാനമ്പാടിയെ സുമം ഇങ്ങനെ സമാശ്വസിപ്പിക്കുന്നു;
അഴകിന്റെ നിഴലിലല്ലഴലിന്റെ നിലാവില്‍ വീ-
ണൊഴുകണമലയാര്‍ന്നെന്‍ സ്മൃതികള്‍ പോലും!
പ്രകൃതിമാതനുഗ്രഹിച്ചരുളും ഞാനെത്രമാത്രം
സുകൃതിയാണെന്നെച്ചൊല്ലിക്കരയരുതേ!
അശുഭാശങ്കകള്‍ പെയ്യുമാസുഖാശ്രുധാരയിലെ-
ന്നവസാനസ്മിതമയ്യോ നനയ്ക്കരുതേ!
വാനില്‍നിന്നെന്‍ സ്‌നേഹമോര്‍ത്തു ദിവസവും ഭവാനൊരു
ഗാനം ചെയ്താല്‍ മതി, പോട്ടെ കൃതാര്‍ത്ഥയായ് ഞാന്‍.
- രാഗഗീതി
സൗന്ദര്യസേവിനിയും ഗുണദര്‍ശിനിയുമായ കുസുമം, തന്റെ കൂടപ്പിറന്നു തന്നോടൊരുമിച്ചു പുലര്‍ന്ന ദിവസദേവിയോടൊത്ത് മരണമാകുന്ന ശൂന്യതയില്‍ ലയിക്കുന്നു. ദുഃഖപാരവശ്യം നിറഞ്ഞ വാനമ്പാടിയുടെ വിരഹതാപം വര്‍ണ്ണിച്ചു വിപ്രലംഭശൃംഗാരത്തിന്റെ സുഭഗാനുഭൂതി വരുത്തുന്ന ഭാഗവും സുതരാം സുന്ദരമായിട്ടുണ്ട്.
നിശ വന്നാ മലര്‍മെയ്യിലസിതാവരണം ചാര്‍ത്തി
നിഴലുകള്‍ നിറുകയില്‍ ചുംബനം തൂകി.
ഇവ കണ്ടു മരപ്പൊത്തില്‍ ചിറകടിച്ചഴല്‍ വളര്‍-
ന്നവശവിഹംഗമയ്യോ, കരഞ്ഞുപോയി
- രാഗഗീതി
പ്രേമസ്ഫുരണം മനുഷ്യരില്‍ മാത്രമല്ല, തിര്യക്കുകളിലും വൃക്ഷലതാസുമാദികളിലും ദര്‍ശിച്ച് അതിന്റെ സരസമായ കീര്‍ത്തനം നിര്‍വ്വഹിക്കുവാന്‍ വാസനാകവികള്‍ക്കുള്ള പാടവമാണ് നാമിവിടെ കാണുന്നത്. 'മാപ്പു നല്‌കേണമേ!' എന്ന കാവ്യത്തില്‍ ഒരു പക്ഷേ, സ്വാനഭൂതി വിശിഷ്ടമായ പ്രേമപ്രകര്‍ഷം വഴിഞ്ഞൊഴുകുന്നതതായി നമുക്കു കാണാം.
അന്നപ്പുലരിയില്‍പ്പൂപറിച്ചുംകൊണ്ടു
നിന്നു നീയാളിയുമൊത്താ വനികയില്‍,
കാളമേഘത്തില്‍ കവിത തുളുമ്പിച്ച
കാളിദാസന്റെ ശകുന്തള മാതിരി.
- മാപ്പു നല്‌കേണമേ!
തോഴിയുമൊത്തു പൂ പറിക്കുന്ന നായിക കാളിദാസന്റെ ശകുന്തളയെപ്പോലെയെന്നു പറയുന്നതിന്റെ മനോമോഹനത ഒന്നു വേറെത്തന്നെ. ആളിമാരുമൊത്തു നവയൗവനപൂര്‍ണ്ണയായി, പ്രണയഭാജനമായ ദുഷ്ഷന്തന്റെ മുമ്പില്‍ കാണപ്പെട്ട ശകുന്തളയെപ്പോലെയാണ് കവയുടെ (നായകന്റെ) മുമ്പില്‍ ഈ നായിക പ്രേമോദ്ദീപകയായി ദൃശ്യമാനയാകുന്നത് എന്നാണിവിടത്തെ ആശയം. ചെമ്പകച്ചില്ലയില്‍നിന്നു പൂ പറിക്കാന്‍ കൈയെത്താതെ വിഷമിക്കുന്ന നായികയില്‍ സ്‌നേഹാനുകമ്പാമസൃണചേതസ്സായിത്തീര്‍ന്ന കവി, ആ പൂക്കള്‍ പറിച്ചു 'മന്ദസ്‌മേരമുഖനായി'ത്തീര്‍ന്ന നായികയ്ക്കു നല്കുന്നതും, അവള്‍ 'നാണം കുണുങ്ങി' വന്ന് അതു വാങ്ങുമ്പോള്‍ ആകസ്മികമായുണ്ടാകുന്ന പരസ്പരകരസ്പര്‍ശത്താല്‍ കവിയുടെ മേനിയില്‍ 'ഓമല്‍പ്രവാ
ഹമരക്ഷണം' 'ഓളമിളക്കി'യതും, അവള്‍ 'മന്ദാക്ഷപൂര്‍ണ്ണകടാക്ഷത്തോടൊരു മന്ദസ്മിതത്താല്‍ കൃതജ്ഞതകാട്ടി...'യതും, 'ഏതോ മഹാസിദ്ധിയൊന്നു കൈവന്നപോല്‍ പ്രീതിചേതസ്സിലുള്‍ച്ചേര്‍ന്നു' നായകന്‍ മടങ്ങുന്നതും എത്രയും സരസമായി ഇവിടെ വര്‍ണ്ണിക്കപ്പെടുന്നു. കാലങ്ങള്‍ കഴിഞ്ഞു; നായിക വിവാഹിതയായി. ഇങ്ങനെ അവള്‍ പരകീയമായിട്ടും കവിക്ക് ഈ 'പുഷ്പദാനവനിക' കാണുമ്പോഴെല്ലാം പൂര്‍വ്വരംഗസ്തുതിയും നൈരാശ്യജന്യമായ സങ്കടവും ഉണ്ടാകുന്നതായി വര്‍ണ്ണിച്ചു കാവ്യം അവസാനിപ്പിക്കുന്നതു നോക്കുക:
ശാന്തി വിടരും ഗൃഹസ്ഥാശ്രമത്തിന്റെ
......................................................................
- മാപ്പു നല്കണമേ!
ആത്മഗീതങ്ങളുടെ ഒരു പ്രധാനലക്ഷണം ആത്മാപേക്ഷകതയാണ്. അവനവനെസ്സംബന്ധിക്കുന്ന വിഷയങ്ങള്‍ക്ക് ആസ്വാദ്യത അധികമായിരിക്കും. ഇതിലെ എല്ലാക്കാവ്യങ്ങളിലുംതന്നെ പ്രത്യക്ഷമായോ പരോക്ഷമായോ, കവി സ്വീയാനുഭവങ്ങളെ പ്രകടിപ്പിച്ചിട്ടുള്ള വസ്തുത യഥാസന്ദര്‍ഭം ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.
'രക്തുഷ്പങ്ങളി'ല്‍ കാണുന്ന മിസ്റ്റിസിസത്തെപ്പറ്റിയാണ് ഇനി ഒരു വാക്കു പറയാനുള്ളത്. യഥാര്‍ത്ഥമായ മിസ്റ്റിസിസം ആത്മാവും ഈശ്വരനും തമ്മിലുള്ള- ഹൈന്ദവരീത്യാ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള- നേദിഷ്ഠബന്ധത്തെ അസ്പഷ്ടമായി ഭംഗ്യന്തരേണ- അന്യാപദേശസമ്പ്രാദയത്തില്‍- വിശദമാക്കുകയാണ്. ഈ തോതു വച്ചു നോക്കുമ്പോള്‍ നിരാക്ഷേപമായി ഈ പ്രസ്ഥാനത്തില്‍പ്പെടുന്ന കവിതകള്‍ ഇതിലുണ്ടെന്നു തോന്നുന്നില്ല. (വാനമ്പാടിയും മധുമലരും തമ്മിലുള്ള 'രാഗഗീതി' പ്രകൃതിയും ആത്മാവും തമ്മിലുള്ള പ്രേമാലാപമായി അധ്യവസാനിക്കരുതോ?) എന്നാല്‍ ഇന്നത്തെ കവിലോകത്തെ തെല്ലു ദുഷിപ്പിക്കുന്ന ഒരു ദുര്‍ഗ്രഹതയാണ് മിസ്റ്റിസിസമെങ്കില്‍ ആ 'ഗുണം' ഇതിലെ ചുരുക്കം ചില കവിതകളില്‍ നിഴലിക്കുന്നുണ്ട്. എന്നാല്‍ ആ ഗുണം ഒരു ഗുണമല്ല, ദോഷം തന്നെയെന്നു പരിച്ഛേദിക്കാതെ തരമില്ല. 'തീപ്പൊരി'യിലും 'ഉന്മാദത്തിന്റെ ഓടക്കുഴലി'ലും പ്രതിപാദിതമായ ആശയം കണ്ടുപിടിക്കാന്‍ പലവുരു മുങ്ങിത്തപ്പേണ്ടതായി വന്നു. എന്നിട്ടും അതു പരിപൂര്‍ണ്ണമായി കണ്ടുകിട്ടിയെന്നെനിക്കഭിപ്രായമില്ല. ഉള്ളൂര്‍ മഹാകവിയുടെ 'കവിയും കീര്‍ത്തിയും' എന്ന ഖണ്ഡകാവ്യത്തിന്റെ ഒരു വിദൂരച്ഛായ 'ഓടക്കുഴലി'ലില്ലേ എന്നു ശങ്കിക്കുന്നു. അവിടെ യശഃപ്രാര്‍ത്ഥിയായ കവി, തന്റെ കവിതകള്‍മൂലം തനിക്കു പരിപൂര്‍ണ്ണയശസ്സുണ്ടാകാത്തതില്‍ ക്ലേശിക്കുന്നു; പൊട്ടക്കവിതകളെഴുതുന്ന ക്ഷുദ്രകവികളെ അര്‍ഹാതീതമാക്കി താലോലിക്കുന്ന കീര്‍ത്തിദേവിയോടു കവി തന്റെ സങ്കടമുണര്‍ത്തിക്കുന്നു. ഒരു ശതാബ്ദം കഴിയുമ്പോള്‍ ഈ ക്ഷുദ്രകവികളുടെയൊക്കെ കഥകഴിഞ്ഞ് സാക്ഷാല്‍ കവിയുടെ കാവ്യങ്ങളും തജ്ജന്യമായ യശ്ശസും അവശേഷിക്കുമെന്നു കീര്‍ത്തി സ്വപ്നത്തില്‍ കവിയെ സമാശ്വസിപ്പിക്കുന്നു. ഏതാണ്ടിതു പോലെ തന്റെ ആദര്‍ശങ്ങള്‍ ഇന്ന് അധിക്ഷിപ്തങ്ങളാകുന്നുവെങ്കിലും ഒരു കാലത്ത് അവ സര്‍വ്വാദൃതങ്ങളായിത്തീരുമെന്നുള്ള ഒരു പ്രതീക്ഷയാണെന്നു തോന്നുന്നു 'ഉന്മാദത്തിന്റെ ഓടക്കുഴല്‍' ആലപിക്കുന്നത്. പക്ഷേ, ഉള്ളൂരിന്റെ ഉള്ളു സ്പഷ്ടവും, ചങ്ങമ്പുഴയുടെ അടിഈ ഭാഗത്ത് അസ്പഷ്ടവുമായിക്കാണുന്നുവെന്നു മാത്രം. അതങ്ങനെയിരിക്കട്ടെ, കാവ്യം പഠിതാവിന് അനായാസേന അവധാര്യമാകുമാറ് പ്രതിപാദനവൈശദ്യത്തോടു കൂടിയിരിക്കണമെന്നുള്ള ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ മൗലികലക്ഷണം പ്രകൃതത്തില്‍ അനുസ്മരണീയമാണ്. ജീവിതമത്സരത്തിന്റെ ക്ലേശസഹസ്രങ്ങളില്‍പ്പെട്ടു നട്ടംതിരിഞ്ഞു വിശ്രമദാരിദ്ര്യമനുഭവിക്കുന്ന അധുനാതനന്മാര്‍ക്കു സാഹിത്യാസ്വാദനത്തിനു യഥാകഥഞ്ചില്‍ ദുര്‍ല്ലഭത്തില്‍ മാത്രം ലഭിക്കുന്ന വിനോദവേളകളില്‍, തലച്ചോറു പുകയ്ക്കുന്ന രീതിയിലുള്ള പ്രതിപാദനം ആദരണീയമായിരിക്കയില്ല. ശ്രീ ചങ്ങമ്പുഴയെപ്പോലെ പ്രതിഭാശാലിയും കല്പനാവിഭവനുമായ ഒരു വാസനാകവിക്ക് ഈ ദൂഷ്യം എത്ര നിഷ്പ്രയാസം പരിഹരിക്കാവുന്നതാണ്.
ശ്രീ ചങ്ങമ്പുഴയുടെ ഭാഷാശൈലിയെക്കുറിച്ചുകൂടി ഒരു വാക്കു പറഞ്ഞുകൊള്ളട്ടെ. സരസകോമളങ്ങളായ ലളിതപദങ്ങളുടെ സുഖസമ്മേളനംകൊണ്ടു പണ്ഡിതപാമരഹൃദ്യമായ ഒരു ഭാഷാരീതിയാണ് കവിജന്മാവായ ഈ സാരസ്വതചൈതന്യത്തിനുള്ളത്; അദ്യതനകവിതകളുടെ സര്‍വ്വാതിശായിയായ ഭൂഷണവും ഇതുതന്നെ. ഗഹനസുന്ദരങ്ങളായ ആശയവിശേഷങ്ങള്‍ തദനുയുക്തങ്ങളായ ലളിതപദാവലികളില്‍ സമുചിതമായി നിക്ഷേപിക്കുവാന്‍ വശ്യവചസ്സായ ഒരു അനുഗ്രഹീതകവിക്കേ സാധിക്കൂ. ഗ്രന്ഥം ആമൂലാഗ്രം പ്രസ്തുത ഭാഷാശൈലിക്കു ദൃഷ്ടാന്തമാകയാല്‍ ഏതെങ്കിലും ഭാഗങ്ങള്‍ പ്രത്യേകമായി എടുത്തു കാണിക്കേണ്ടതില്ലല്ലോ. 'ന ഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദഃ' എന്നുണ്ടല്ലോ.
ശ്രീ ചങ്ങമ്പുഴയ്ക്കും അദ്ദേഹത്തിന്റെ അമൃതനിഷ്യന്ദിയായ കവിതയ്ക്കും ഉത്തരോത്തരം ശോഭനമായ ഭാവിയെ പ്രാര്‍ത്ഥിച്ചും പ്രതീക്ഷിച്ചും, ജീവിതവൈഷമ്യങ്ങളില്‍ നിന്നു കഴിയുന്നത്ര മുക്തനായി , സകലജനമനോനന്ദനങ്ങളും അനവദ്യങ്ങളുമായ അനവധി കാവ്യോപഹാരങ്ങളാല്‍ കൈരളിപൂജ നിര്‍വ്വഹിച്ചും, അനുഗ്രഹീതനായ ഈ യുവകവി അചിരേണ ഒരു ലോകമഹാകവിയായിത്തീരട്ടെ എന്നു സര്‍വാത്മനാ ആശംസിച്ചും ഈ ലഘുകാവ്യ മഞ്ജരിയെ ഞാന്‍ സഹൃദയസമക്ഷം സാദരം അവതരിപ്പിച്ചുകൊള്ളുന്നു.
രക്തപുഷ്പങ്ങൾ
ചങ്ങമ്പുഴ
വാഴക്കുല
മലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു -
മഴകിപ്പുലക്കള്ളിയോമനിച്ചു.
മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ
മലയൻറെ മാടത്ത പാട്ടു പാടി.
മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ
മലയൻറെ മാടവും പൂക്കൾ ചൂടി.
വയലിൽ വിരിപ്പു വിതയ്ക്കേണ്ടകാലമായ്
വളരെപ്പണിപ്പാടു വന്നുകൂടി.
ഉഴുകുവാൻരാവിലെ പോകും മലയനു -
മഴകിയും --- പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാൻ
മറവി പറ്റാറില്ലവർക്കു ചെറ്റും .
അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ -
ലതു വേഗവേഗം വളർന്നുവന്നു ;
അജപാലബാലനിൽ ഗ്രാമീണബാലത -
ന്നനുരാഗകന്ദളമെന്നപോലെ !
പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണൽ -
പ്പരവതാനിക്കുമേൽ ചെന്നിരിക്കും .
പൊരിയും വയറുമായുച്ചക്കൊടുംവെയിൽ
ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങൾ,
അവിടെയിരുന്നു കളിപ്പതു കാണ്കിലേ -
തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !
കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ -
'ക്കരുമാടിക്കുട്ടന്മാർ' മല്ലടിക്കും!
അതുകാൺകെപ്പൊരിവെയ്ലിൻ ഹൃദയത്തിൽക്കൂടിയു -
മലിവിൻറെ നനവൊരു നിഴൽ വിരിക്കും !
അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാൻ ?
അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ -
രവരുടെ പട്ടിണിയെന്നു തീരാൻ ?
അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ -
ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാൻ ?
രക്തപുഷ്പങ്ങൾ / വാഴക്കുല
ചങ്ങമ്പുഴ
ഇടതിങ്ങിനിറയുന്നു നിയമങ്ങൾ, നീതിക -
ളിടമില്ലവർക്കൊന്നു കാലുകുത്താൻ !
ഇടറുന്ന കഴൽ വയ്പോടുഴറിക്കുതിക്കയാ -
ണിടയില്ല ലോകത്തിന്നവരെ നോക്കാൻ .
ഉമിനീരിറക്കാതപ്പാവങ്ങൾ ചാവുമ്പോ -
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ, നീ നിൻറെ
മദിരോത്സവങ്ങളിൽ പങ്കു കൊള്ളൂ !
പറയുന്നു മാതേവൻ : ---- " ഈ ഞാലിപ്പൂവൻറെ
പഴമെത്ര സാദൊള്ളതായിരിക്കും !"
പരിചോ,ടനുജൻറെ വാക്കിൽ ചിരി വന്നു
പരിഹാസഭാവത്താൽ തേവനോതി :
" കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയൻറെ നാക്കത്തു വെള്ളം വന്നു !"
പരിഭവിച്ചീടുന്നു നീലി : " അന്നച്ചന -
തരി വാങ്ങാൻ വല്ലോറ്ക്കും വെട്ടി വിക്കും ."
" കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !"
കരുവള്ളോൻ കോപിച്ചൊരാജ്ഞ നൽകീ !
അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി -
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :
" പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി
പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !"
" അതുകാണാമുവ്വെടി ചൂരപ്പഴാ നെന -
ക്കതിമോഹമേറെക്കടന്നുപോയി !
ദുരമൂത്ത മറുതേ, നിൻ തൊടയിലെത്തൊലിയന്നീ -
ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !..."
ഇതുവിധം നിത്യമാ വാഴച്ചുവട്ടില -
ക്കൊതിയസമാജം നടന്നു വന്നു .
കഴിവതും വേഗം കുലയ്ക്കണമെന്നുള്ളിൽ -
ക്കരുതിയിരിക്കുമാ വാഴ പോലും !
അവരുടെയാഗ്രഹമത്രയ്ക്കഗാധവു
മനുകമ്പനീയവുമായിരുന്നു!
ഒരു ദിനം വാഴ കുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലിൽ
കലഹിക്കാൻ പോയില്ല പിന്നീടൊരിക്കലും
കരുവള്ളോൻ നീലിയോടെന്തുകൊണ്ടോ !
അവളൊരു കള്ളിയാണാരുമറിഞ്ഞിടാ -
തറിയാമവൾക്കെന്തും കട്ടുതിന്നാൻ .
രക്തപുഷ്പങ്ങൾ / വാഴക്കുല
ചങ്ങമ്പുഴ
അതുകൊണ്ടവളോടു സേവ കൂടീടുകി -
ലവനു,മതിലൊരു പങ്കു കിട്ടും.
കരുവള്ളോൻ നീലി തൻ പ്രാണനായ് , മാതേവൻ
കഴിവതും കേളനെ പ്രീതനാക്കി .
നിഴൽ നീങ്ങി നിമിഷത്തിൽ നിറനിലാവോലുന്ന
നിലയല്ലോ നിർമ്മലബാല്യകാലം !
അരുമക്കിടാങ്ങൾ തന്നാനന്ദം കാണ്കയാ -
ലഴകിക്കു ചിത്തം നിറഞ്ഞുപോയി .
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാൻ
മലയനുമുള്ളിൽ തിടുക്കമായി .
അവരോമൽപ്പൈതങ്ങൾക്കങ്ങനെയെങ്കിലു -
മവനൊരു സമ്മാനമേകാമല്ലോ .
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു -
മരവയർക്കഞ്ഞിയവറ്ക്കു നൽകാൻ .
ഉടയോൻറെ മേടയിലുണ്ണികൾ പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോൾ,
അവനുടെ കണ്മണിക്കുഞ്ഞുങ്ങൾ പട്ടിണി -
യ്ക്കലയണമുച്ചക്കൊടുംവെയിലിൽ !
അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !
കനിവറ്റ ലോകമേ, നീ നിൻറെ ഭാവനാ -
കനകവിമാനത്തിൽ സഞ്ചരിക്കൂ .
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ -
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .
പ്രണയത്തിൽ കൽപകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവു കാണൂ .
ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ -
യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .
അവർതൻ തലയോടുകൾകൊണ്ടു വിത്തേശ്വര -
രരമന കെട്ടിപ്പടുത്തിടട്ടേ .
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ -
രവകാശഗർവ്വം നടിച്ചിടട്ടേ .
ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിൻറെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !
മലയനാ വാഴയെ സ്പർശിച്ച മാത്രയിൽ
മനതാരിൽ നിന്നൊരിടിമുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകർ -
ത്തലറുന്ന മട്ടിലവനു തോന്നി .
രക്തപുഷ്പങ്ങൾ / വാഴക്കുല
ചങ്ങമ്പുഴ
പകലിൻറെ കുടൽ മാലച്ചുടുചോരത്തെളി കുടി -
ച്ചകലത്തിലമരുന്നിതന്തിമാർക്കൻ !
ഒരു മരപ്പാവ പോൽ നിലകൊള്ളും മലയനി -
ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ -
രസഹനീയാതപജ്ജ്വാലമൂലം !
അമിതസന്തുഷ്ടിയാൽ തുള്ളിക്കളിക്കയാ -
ണരുമക്കിടാങ്ങള് തൻ ചുറ്റുമായി ;
ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ -
വലയംചെയ്തുലയുന്ന ലതകൾ പോലെ .
അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക -
ളരുതവനങ്ങനെ നോക്കിനിൽക്കാൻ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കൽ ക -
ണ്ടവനന്തരംഗം തകർന്ന് പോയി .
കുലവെട്ടാൻ കത്തിയുയർത്തിയ കൈയുകൾ
നിലവിട്ടു വാടിത്തളർന്നുപോയി .
കരുവൊള്ളോൻ നീലിക്കൊരുമ്മ കൊടുക്കുന്നു
കരളിൽ തുളുമ്പും കുതൂഹലത്താൽ .
അവളറിയാതുടനസിതാധരത്തിൽ നി -
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കൾ .
മലയൻറെ കണ്ണിൽനിന്നിറ്റിറ്റു വീഴുന്നു
ചില കണ്ണീർക്കണികകൾ പൂഴിമണ്ണിൽ
അണുപോലും ചലനമറ്റമരുന്നിതവശരാ -
യരികത്തുമകലത്തും തരുനിരകൾ !
സരസമായ് മാതേവൻ കേളൻറെ തോളത്തു
വിരൽ തട്ടിത്താളം പിടിച്ചു നിൽപൂ .
അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ -
ളണിയുന്നു കേളൻറെ കടമിഴികൾ !
ഇരുൾ വന്നു മൂടുന്നു മലയൻറെ കൺമുമ്പി, -
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയിൽ
ചതിവീശും വിഷവായു തിരയടിപ്പൂ !
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി -
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?... .
കുലവെട്ടി ---- മോഹിച്ചു, മോഹിച്ചു, ലാളിച്ച
കുതുകത്തിൻ പച്ചക്കഴുത്തു വെട്ടി ! ---
കുല വെട്ടി -- ശൈശവോല്ലാസകപോതത്തിൻ
കുളിരൊളിപ്പൂവൽക്കഴുത്തു വെട്ടി ! ----
രക്തപുഷ്പങ്ങൾ / വാഴക്കുല
ചങ്ങമ്പുഴ
തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികൾ .
ഒരു വെറും പ്രേതംകണക്കതാ മേൽക്കുമേൽ
മലയൻറെ വക്ത്രം വിളർത്തുപോയി !
കുല തോളിലേന്തി പ്രതിമയെപ്പോലവൻ
കുറെനേരമങ്ങനെ നിന്നുപോയി !
അഴിമതി,യക്രമ,മത്യന്തരൂക്ഷമാ -
മപരാധം, നിശിതമാമശനിപാതം !
കളവെന്തെന്നറിയാത്ത പാവങ്ങൾ പൈതങ്ങൾ
കനിവറ്റ ലോകം , കപടലോകം !
നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം
നിസ്സഹായത്വം, ഹാ, നിത്യദുഃഖം !
നിഹതാനിരാശാ തിമിരം ഭയങ്കരം !
നിരുപാധികോഗ്രനിനിയമഭാരം ! --
ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ , നിങ്ങൾതൻ പിന്മുറക്കാർ ?
കുല തോളിലേന്തി പ്രതിമ പോലങ്ങനെ
മലയനാ മുറ്റത്തു നിന്നുപോയി .
അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരൾ
തെരുതെരെപ്പേർത്തും തുടിപ്പു മേന്മേൽ !
ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങൾ തെറിപ്പു കാറ്റിൽ :
" കരയാതെ മക്കളേ ..... കൽപിച്ചു ... തമ്പിരാൻ ...
ഒരുവാഴ വേറെ ...ഞാൻ കൊണ്ടുപോട്ടെ !"
മലയൻ നടന്നു --- നടക്കുന്നു മാടത്തി -
ലലയും മുറയും നിലവിളിയും !
അവശന്മാ,രാർത്തന്മാരാലംബഹീനന്മാ -
രവരുടെ സങ്കടമാരറിയാൻ ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ? --- ഞാൻ പിൻ വലിച്ചു !
രക്തപുഷ്പങ്ങൾ
ചങ്ങമ്പുഴ
കൊടുങ്കാറ്റ് കഴിഞ്ഞ്
ചോദ്യം:യുദ്ധം കഴിഞ്ഞു;- പടക്കളത്തിങ്ക, ലീ-ഉത്തരം:
ത്തപ്താശ്രുവും തൂകി നിൽപവളാരു നീ?
അന്തിക്കുരുതി കഴിഞ്ഞതാ കൂരിരുൾ
ചിന്തിക്കറുത്തുതുടങ്ങുന്നു ദിങ്മുഖം.
അസ്ഥിഖണ്ഡങ്ങളെക്കൊണ്ടു നിറഞ്ഞുപോ-
യസ്താഭമായ് നിന്നൊരാകാശ വീഥികൾ.
അന്തിമശ്വാസം വലിച്ചു, മുറിപ്പെട്ടു
നൊന്തു കിടന്നു പിടഞ്ഞ സമീരണൻ.
ഞെട്ടറ്റുവീണു പകലിൻറെ തോപ്പിലെ-
പ്പൊട്ടിച്ചിരിച്ചു കളിച്ച മലരുകൾ-
ഈ ദു:ഖരംഗത്തെ, നിശ്ശബ്ദ, മേകാന്ത-
രോദനംകൊണ്ടു നനയ്ക്കുവോളാരു നീ?
ലോകം മുഴുവൻ മുറവിളി കൂട്ടിയി-
ട്ടാഗതമായതാണീരുധിരോത്സവം!
ആശിച്ചു, മർത്ത്യ, നിയുദ്ധക്കളത്തിലൂ-
ടഭ്യുദയത്തിൻ നടപ്പടികെട്ടുവാൻ!-
പാരിൻ പുരോഗതയ്ക്കങ്കുശമിട്ടിടും
പാരതന്ത്യ്രത്തിനെത്തച്ചുപായിക്കുവാൻ!-
മർദ്ദനമന്ത്രം ജപിച്ചു നശിക്കുന്ന
മർത്ത്യനെ മർത്ത്യനോടേകീകരിക്കുവാൻ!-
പൂതമാം ശാശ്വതശാന്തിതൻ കോവിലിൽ
സ്വാതന്ത്യ്രമണ്ഡപം സജ്ജമാക്കീടുവാൻ!-
എന്നിട്ടുമെന്തായി?- നോക്കൂ, സഹജ, നിൻ-
മുന്നിലൊഴുകുമാ രക്തപ്പുഴകളെ!
മണ്ണിൽ വളം കുറെച്ചേർത്തതല്ലാതെ, യീ
മന്നെന്തിതിൽനിന്നു നേടിയിതുവരെ?
ഇന്നിച്ചിതറിക്കിടക്കും കബന്ധങ്ങൾ
മുന്നോട്ടു നീങ്ങിനിന്നൊന്നു നീ നോക്കുമോ?
ഞെട്ടിത്തെറിക്കുന്നതെന്തേ? - മനുഷ്യൻറെ
പുഷ്ടപരിഷ്കാരലക്ഷ്യങ്ങളാണവ!
നീ വിറയ്ക്കുന്നോ? - നിനക്കു പുകഴ്ത്തേണ്ട
ഭാവിചരിത്രവിജയങ്ങളാണവ!
സംഭ്രമിക്കായ്ക, നവീനശാസ്ത്രങ്ങൾതൻ
സംഭാവനകളാണോ നിണച്ചാലുകൾ!
ഇന്നവയിങ്കലൂടുത്ക്കർഷപൂർത്തിതൻ
പൊന്നിങ്കളിത്തോണി പോവതു കാൺക നീ!
രക്തപുഷ്പങ്ങൾ / കൊടുങ്കാറ്റ് കഴിഞ്ഞ്
ചങ്ങമ്പുഴ
പ്രസ്താവന
ചങ്ങമ്പുഴ (രക്തപുഷ്പങ്ങള്‍)
സഹൃദയശിരോരത്‌നവും പണ്ഡിതവരേണ്യനുമായ ഒരുത്തമവിമര്‍ശകന്റെ അവതാരികയും, ഭാഷാസംസ്‌കൃതാംഗ്ലേയസാഹിത്യങ്ങളില്‍ ഒന്നുപോലെ നൈപുണിയാര്‍ജ്ജിച്ചിട്ടുള്ള മറ്റൊരു മഹാശയന്റെ മുഖവുരയും ഈ പദ്യസമുച്ചയഗ്രന്ഥത്തെ ആകര്‍ഷകമാംവിധം അലങ്കരിച്ചിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് വിശേഷിച്ചൊരു പ്രസ്താവനയുടെ ആവശ്യം ഇതിനില്ല. അതു വേണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നുമില്ല. പ്രസാധകന്റെ നിര്‍ബന്ധം ഒന്നുമാത്രമാണ്, ഒഴിഞ്ഞുമാറാനാകാത്തവിധം, എന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചിട്ടുള്ളതെന്ന് ആദ്യമായി ഞാന്‍ എന്റെ പ്രിയവായനക്കാരെ അറിയിച്ചുകൊള്ളട്ടെ.
ഈ ഗ്രന്ഥത്തിലടങ്ങിയിട്ടുള്ള കവിതകളുടെ ഒരു പ്രൗഢവിമര്‍ശനമാണ് സുദീര്‍ഘവും സാരസമ്പൂര്‍ണ്ണവുമായ അവതാരിക. ഇതിലെ കൃതികളില്‍ അടങ്ങിയിട്ടുള്ള ആശയങ്ങള്‍, ആദര്‍ശങ്ങള്‍, ചിന്താഗതികള്‍- ഇവയില്‍ പലതിനോടും ഒന്നു പോലെ അവതാരികാകര്‍ത്താവു വിയോജിക്കുന്നതായിക്കാണുന്നു. കരുത്തുള്ള യുക്തിയുടെ കവചം ധരിച്ചുകൊണ്ട് ധര്‍മ്മധീരനായ ഒരു പോരാളിയെപ്പോലെ അചഞ്ചലനായി നിലകൊള്ളുന്ന ഈ സാഹിത്യമര്‍മ്മജ്ഞനെ കേവലം ഒരു സാഹിത്യവിദ്യാര്‍ത്ഥിയായ ഞാന്‍ സമരോത്സുകനായി സമീപിക്കുകയാണെന്നു സഹൃദയന്മാര്‍ തെറ്റിഝരിക്കരുതേ. അദ്ദേഹത്തിന്റെ നിരങ്കുശമായ വിമര്‍ശനപാടവം അദ്ഭുതാവഹവും അദ്ദേഹമംഗീകരിച്ചിരിക്കുന്ന നിക്ഷ്പക്ഷമായ നിരൂപണപദ്ധതി ഇന്നത്തെ വിമര്‍സകന്മാര്‍ക്കു മാര്‍ഗ്ഗദര്‍ശകവുമാണെന്നു നിസ്സംശയം പറയാം. രുചിഭേദത്തേയോ സൗഹാര്‍ദ്ദവിദ്വേഷാദിമനോഭാവങ്ങളുടെ സമ്മര്‍ദ്ദത്തെയോ ആധാരമാക്കി, കവിയെ ഒന്നുകില്‍ ആകാശത്തേക്ക് പിടിച്ചുയര്‍ത്തുക, അല്ലാത്തപക്ഷം കവിയെ പാതാളത്തിലേക്കടിച്ചുതാഴ്ത്തുക- ഇതാണ് ഇന്നത്തെ വിമര്‍ശകമാനികളുടെ രീതി. സാഹിത്യവിമര്‍ശനകലയെ ദയനീയമാംവിധം വ്യഭിചരിപ്പിക്കുന്ന ഒരുവക പാഷണ്ഡന്മാരുടെ പല്ലിളിച്ചുകൊണ്ടുള്ള പേക്കൂത്തുകള്‍ കാണുമ്പോള്‍ എത്ര അടിയുറച്ചക്ഷമയ്ക്കും തെല്ലൊരിളക്കം തട്ടിപ്പോവുകതന്നെ ചെയ്യും. യശ്ശശരീരനും ഫലിതചക്രവര്‍ത്തിയുമായ ഇ. വിയും മറ്റും സ്വച്ഛന്ദം വിഹരിച്ചിരുന്ന ഫലിതസാമ്രാജ്യത്തില്‍, വിമര്‍ശകന്മാരും ഹാസസാഹിത്യകാരന്മാരും മറ്റുമാണെന്ന നാട്യത്തില്‍, പാറപ്പുറത്തുകയറി പൊയ്ക്കാലില്‍ നിന്നുകൊണ്ട് വിശ്വരൂപം കാണിച്ചു കോലം തുള്ളുന്ന ഒരുവക അനാഥപ്രേതങ്ങളാണ്, ഇന്നാവിര്‍ഭവിച്ചിട്ടുള്ളത്. അങ്ങനെയുള്ളവരുടെ ഊളന്‍വിളികള്‍ ഇന്നത്തെ സാഹിത്യാന്തരീക്ഷത്തെ അക്ഷന്തവ്യമായ രീതിയില്‍ അലങ്കോലപ്പെടുത്തിയിട്ടുണ്ട്.
ഇന്നോളം അന്യോന്യം അഭിമുഖദര്‍ശനം പോലും ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, എന്റെ ഗ്രന്ഥത്തിന് ഒരവതാരികയെഴുതിത്തന്നാല്‍ കൊള്ളാമെന്നും, അതു വിമര്‍ശനപരമായിരിക്കണമെന്നും ഞാന്‍ റവ. ഫാദറിനോടഭ്യര്‍ത്ഥിച്ചത് യഥാര്‍ത്ഥവിമര്‍സനകലയോടുള്ള എന്റെ ഭക്തികൊണ്ടു മാത്രമാണ്. അത് സ്‌നേഹപൂര്‍വ്വം നിര്‍വ്വഹിച്ചുതന്നതില്‍ ഞാന്‍ എന്നെന്നേക്കും അദ്ദേഹത്തിനോടു കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എനിക്കു നല്കിയിട്ടുള്ള വിലയേറിയ ഉപദേശങ്ങള്‍ ഞാന്‍ കൃതജ്ഞതാപൂര്‍വ്വം സ്വീകരിക്കുന്നു.
'ഹേ കവേ അതിലേ അല്ലാ, ഇതിലേ. സമുദായപരിഷ്‌ക്കാരമായിരിക്കണം തന്റെ സാഹിത്യത്തിന്റെ ലക്ഷ്യം. അതിനു സമ്മതമില്ലാത്തപക്ഷം ഇടു താഴെത്തന്റെ പേന.' ഒരു വശത്തു നിന്ന് ഒരുകൂട്ടര്‍ ശാഠ്യംപ്പിടിക്കുകയാണ്; സംഘം ചേര്‍ന്ന് ആജ്ഞാരൂപത്തില്‍ ക്രോശിക്കുകയാണ്; 'വേണ്ടാ കല കലയ്ക്കുവേണ്ടിയാണ്. അതില്‍ കവിഞ്ഞൊരുദ്ദേശ്യവും തനിക്കു പാടില്ല; താന്‍ സൗന്ദര്യാരാധകനാണ്; സമുദായപരിഷ്‌കര്‍ത്താക്കള്‍ വേറെയുണ്ട്-' മറ്റൊരു കൂട്ടര്‍ മറുഭാഗത്തുനിന്നുകൊണ്ടുദ്‌ഘോഷിക്കുന്നു. പാവം! കവി, ഇരുകൂട്ടരുടേയും മധ്യത്തില്‍ നിന്നുകൊണ്ട് പോംവഴി കാണാതെ വിഷമിക്കുന്നു! സമുദായപരിഷ്‌ക്കര്‍ത്താവായേ കഴിയൂ കവി എന്നു നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല; എന്നാല്‍ സമുദായത്തിലെ ഒരംഗമെന്ന നിലയില്‍ അവനന്റെ സേവനം അതിന്റെ ഉന്നമനത്തിന് ഒരൂന്നുവടിയായിത്തീരുന്നുവെങ്കില്‍ അതില്‍ അവനെ പഴിച്ചിട്ടും കാര്യമില്ല.
സമുദായോന്നമനത്തിനു വേണ്ടി കവികൈക്കൊള്ളുന്ന പദ്ധതികളേക്കുറിച്ചാണ് ഇവിടെ അവതാരികാകാരന് വലിയ അഭിപ്രായവ്യത്യാസം കാണുന്നത്. അതില്‍ തികച്ചും യുക്തിയുമുണ്ട്. എന്നാല്‍ യുക്തിയെ ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്നേ എനിക്കു ശങ്കയുള്ളു. ഈ ലഘുപ്രസ്താവനയില്‍ സുദീര്‍ഘമായ ആ വക സംഗതികളേക്കുറിച്ചു ചര്‍ച്ച ചെയ്യുവാന്‍ സൗകര്യപ്പെടുന്നില്ല.
ഇതില്‍ അടങ്ങിയിട്ടുള്ളവയില്‍ തീപ്പൊരി, ഉന്മാദത്തിന്റെ ഓടക്കുഴല്‍ എന്നീ രണ്ടു കൃതികളില്‍ പ്രതിപാദിതമായ ആശയം കണ്ടുപിടിക്കുവാന്‍ പലവുരു മുങ്ങിത്തപ്പേണ്ടതായി വന്നു. എന്നിട്ടും അതു പരിപൂര്‍ണ്ണമായി കണ്ടുകിട്ടിയെന്നെനിക്കഭിമാനമില്ല എന്ന് അവതാരികാകര്‍ത്താവ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. തീപ്പൊരി എന്ന കവിത ഉള്‍ക്കൊള്ളുന്ന ആശയത്തെ സംക്ഷിപ്തമായ രീതിയില്‍ അദ്ദേഹം അവതാരികയുടെ ആദ്യഭാഗത്തു വിശദപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ക്കവിഞ്ഞ ആശയഗാംഭീര്യമൊന്നും അതിലൊട്ടില്ലതാനും. എന്നാല്‍ രണ്ടാമത്തെ കൃതി അങ്ങനെയല്ല. പണ്ഡിതനും കുശാഗ്രബുദ്ധിയുമായ അദ്ദേഹത്തിനു പോലും ആശയം പരിപൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ സാധിക്കാതെ വന്നിരിക്കുന്ന സ്ഥിതിയ്ക്ക് ഒരു സാമാന്യ വായനക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, പ്രതിപാദനരീതിയുടെ വൈലക്ഷണ്യമായിരിക്കാം ആ പദ്യത്തിന്റെ അസ്പഷ്ടതയ്ക്കു കാരണം. ഏതായാലും അതിലെ ആശയം എന്തെന്ന് വിശദീകരിക്കേണ്ട കര്‍ത്തവ്യം എനിക്കുണ്ട്.
യശോഭിലാഷിയും കല്പനാകുശലനുമായ ഒരു ചിത്രകാരന്‍! പക്ഷേ, അയാള്‍ നിര്‍ദ്ധനനാണ്; പട്ടിണിക്കാരനാണ്. ഒരുത്ക്കൃഷ്ടകലാകാരന് വേണ്ട പലേ മാനസിക സിദ്ധികളും അയാള്‍ക്കുണ്ട്; തന്റെ കഴിവുകളേപ്പറ്റി അയാള്‍ക്കു തന്നെ അടിയുറച്ച വിശ്വാസവും ഇല്ലാതില്ല. പക്ഷേ, ലോകത്തില്‍ അയാള്‍ക്കൊരുത്ക്കര്‍ഷവും സിദ്ധിക്കുന്നില്ല. അയാളുടെ ചിത്രങ്ങള്‍ക്ക് സാര്‍വ്വത്രികപ്രചാരം ലഭിച്ചിരുന്നെങ്കില്‍ സുഖസമൃദ്ധമായ ഒരു ജീവിതം അയാള്‍ക്കു നയിക്കുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അയാളുടെ ആലേഖ്യങ്ങള്‍ക്കു ബാഹ്യമായ മോടിപ്പകിട്ടില്ലാത്തതിനാല്‍ അവയെ ആരും വാങ്ങുന്നില്ല. അര്‍ദ്ധനഗ്നകളായ ചലനചിത്രതാരങ്ങളുടെ ചിത്രങ്ങളും മറ്റും കണ്ണാടിച്ചില്ലിട്ട് ആലയഭിത്തികളെ അലങ്കരിക്കുവാനാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്; ജനസാമാന്യത്തിന്റെ കലാഭിരുചി അങ്ങനെ നിമ്‌നമായ മേഖലയില്‍ വര്‍ത്തിക്കുമ്പോള്‍- കേവലം ഭൗതികപരിഷ്‌കാരത്തില്‍ ഭ്രമിച്ചു ലോകം ഭോഗലോലുപതയില്‍ മുങ്ങിമുഴുകുമ്പോള്‍- ഉന്നതാദര്‍ശങ്ങളാല്‍ പ്രദീപ്തമായ ഒരാത്മീയമേഖലയെ ആശ്ലേഷിക്കുന്ന അയാളുടെ ചിഹ്നരൂപത്തിലുള്ള ചിത്രങ്ങളി(ട്യായീഹശര സെലരേവല)െല്‍ ലോകം അശുദ്ധ ഭാവിക്കുന്നതു സ്വാഭാവികമാണല്ലോ? ചിത്രകലയുടെ മൗലികതത്ത്വങ്ങള്‍ യാതൊന്നുമറിയാതെ വെറും ചായപ്പകിട്ടുകള്‍ കൊണ്ടു ജനങ്ങളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ കോടിക്കണക്കിനു വിറ്റഴിഞ്ഞ് അവയുടെ കര്‍ത്താക്കന്മാര്‍ കുബേരപദവിയില്‍ പ്രസിദ്ധരായി കഴിഞ്ഞു കൂടുന്നു. കലാപരമായി നോക്കുമ്പോള്‍ അയാളുടെ ചിത്രങ്ങളെ സമീപിക്കുവാന്ഡ പോലും യോഗ്യതയുള്ള ഒരു ചിത്രമെങ്കിലും ആരും നിര്‍മിക്കുന്നില്ല. ഭയങ്കരമായ ദാരിദ്ര്യവും ഉഗ്രനൈരാശ്യവും നിഷിദ്ധാഭിരുചിയോടു കൂടിയ ലോകത്തിന്റെ അശ്രദ്ധ കാണുമ്പോളുള്ള ഉത്ക്കടമായ ഉദ്വേഗവും അടിക്കടി വര്‍ദ്ധിച്ചുവര്‍ദ്ധിച്ച് അയാള്‍ക്കു ഭ്രാന്ത് പിടിക്കുകയും, അത് അതിന്റെ പരമകോടിയിലെത്തുമ്പോള്‍ അയാള്‍ ഒരു ഭ്രാന്താശുപത്രിയില്‍ ആനീതനാവുകയും ചെയ്യുന്നു. അയാള്‍ അവിടെക്കിടന്ന് നരകിച്ചു മരിക്കുകയാണ്. ആ അവസാനനിമിഷങ്ങളിലുള്ള അയാളുടെ ഹൃദയവ്യാപാരമാണ് ഈ കവിതയിലെ പ്രതിപാദ്യം. യശസ്സിനോടുള്ള ഉത്ക്കടമായ അഭിനിവേശം ആ അന്ത്യനിമിഷത്തിലും അയാളെ വിട്ടൊഴിയുന്നില്ല. അതിന്റെ ഒരൊറ്റ ആശ്ലേഷമെങ്കിലും അനുഭവിച്ചിട്ടു മരിച്ചാല്‍കൊള്ളാമെന്നു അയാള്‍ക്കാശയുണ്ട്. പക്ഷേ, സാധിക്കുന്നില്ല. അയാളുടെ സങ്കല്പത്തിന്‍ മുന്നില്‍ മോഹിനിയുടെ -കീര്‍ത്തിയുടെ- അലൗകികസൗന്ദര്യം അലതല്ലുന്നു. ആകാരമാധുരി വല്ലപ്പോഴും ഒരു മിന്നല്‍ പോലെ ആവിര്‍ഭവിക്കും. ത്വരയോടെ അയാള്‍ ആശ്ലേഷോത്സുകനായി മുന്നോട്ടു കുതിക്കും -പക്ഷേ, കനത്ത ഇരുമ്പഴിയാണു മുന്നില്‍- അവളോ അപ്രത്യക്ഷയായിക്കഴിഞ്ഞു.
പ്രസ്തുതപദ്യം ഒരു നാടകീയസ്വയംഭാഷണമാണ്; മാനസികരോഗം ബാധിച്ചിട്ടുള്ള ഒരുവന്റെ അന്ത്യകാലത്തെ മനോവ്യാപാരോദ്ഭാവനകളുടെ ചിത്രീകരണത്തില്‍ തെല്ലൊരസ്പഷ്ടത സംഭവിച്ചുപോകുന്നെങ്കില്‍, അതത്ര വലിയ അപരാധമാണോ എന്നു ഞാന്‍ ശങ്കിക്കുന്നു. വേണ്ടി വരുന്ന പക്ഷം അതിലെ ഓരോ വരിയും വ്യാഖ്യാനിച്ച് എന്റെ ആശയം വെളിപ്പെടുത്തുവാന്‍ ഞാന്‍ സന്നദ്ധനാണ്. എഴുതുന്നവനും വായിക്കുന്നവനും ഒന്നുപോലെ മനസ്സിലാക്കുവാന്‍ കഴിയാത്തവയാണ് ഇന്നത്തെ കവിതകള്‍ എന്ന് പലരും അപലപിക്കാറുണ്ട്. ഒരു പക്ഷേ അവര്‍ പറയുന്നതു ശരിയായിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അതില്‍ പകുതിയേ ശരിയുള്ളു.
ബഹുമാനപ്പെട്ട അവതാരികാകര്‍ത്താവിന്റെ അനര്‍ഘോപദേശങ്ങള്‍ക്കു പേര്‍ത്തും പേര്‍ത്തും നന്ദിപറയുകയും അവയ്ക്ക് ഭാവിയിലെ എന്റെ സാഹിത്യസംരംഭങ്ങളില്‍ അവാച്യമായ സ്വാധീനശക്തിയുണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് ഞാന്‍ ഉറപ്പുകൊടുക്കുകയും ചെയ്തുകൊള്ളുന്നു.
അടുത്തതായി എനിക്കു രണ്ടുവാക്ക് പറയാനുള്ളത് ഇതിന് ഒരു മുഖവുര എഴുതിത്തന്നിട്ടുള്ള മഹാനെക്കുറിച്ചാണ്. എന്റെ വിദ്യാര്‍ത്ഥിജീവിതത്തിലും സാഹിത്യപരിശ്രമത്തിലും എന്നെ വളരെയധികം സഹായിച്ചിട്ടുള്ള ഒരു വന്ദ്യമഹാപുരുഷനാണ് ശ്രീ. കെ. പി. എസ്. മേനോന്‍. ഔദ്യോഗികനിലയില്‍ മാത്രമല്ല, സംസ്‌കാരത്തിലും സമ്പത്തിലും സൗജന്യത്തിലും സൗഹാര്‍ദ്ദത്തിലും സൗഭാഗ്യത്തിലും ഒന്നുപോലെ അത്യുന്നതമായ ഒരു സ്ഥാനത്തില്‍ സമുല്ലസിക്കുന്ന ഒരു മഹാനാണദ്ദേഹം. കേരളീയരുടെ അഭിമാനമാണദ്ദേഹം എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുടെ സ്പര്‍ശം പോലും ആരും ആരോപിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തെപ്പോലം ഉയര്‍ന്ന സ്ഥാനങ്ങളില്‍ വര്‍ത്തിക്കുന്നവര്‍ സൗജന്യശീലരായിത്തീരുന്നത് സ്വര്‍ണ്ണത്തിനു സുഗന്ധം സിദ്ധിക്കുന്നതു പോലെയാണ്. അദ്ദേഹം സദയം എനിക്കു നല്കിയിട്ടുള്ള സഹായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും എന്റെ അന്ത്യശ്വാസം വരെ ഞാന്‍ അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. എനിക്കദ്ദേഹത്തോടുള്ള ഭക്തിസ്‌നേഹാബഹുമാനാദരങ്ങളുടെ ഒരെളിയ ചിഹ്നമെന്ന നിലയില്‍ ഈ ഗ്രന്ഥം അദ്ദേഹത്തിനു സമര്‍പ്പിക്കുവാന്‍ സാധിച്ചതുതന്നെ ഞാന്‍ ഒരു ബമഹാഭാഗ്യമായിക്കരുതുകയും അദ്ദേഹത്തിനു മേല്ക്കുമേല്‍ സര്‍വ്വമംഗളങ്ങളും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊള്ളുന്നു.
ഇതിന്റെ പ്രസാധകന്‍ ഒരു മാസത്തിനു മുമ്പുവരെ എനിക്കപരിചിതനായിരുന്നു. എന്റെ കൃതികളോടുള്ള പ്രേമം ഒന്നുകൊണ്ടുമാത്രമാണ് ഈ സമാഹാരപ്രകാശനത്തില്‍ അദ്ദേഹത്തിനു പ്രേരകമായിത്തീര്‍ന്നിട്ടുള്ളത്. സഹൃദയാഗ്രേസരനായ അദ്ദേഹത്തിനോടുള്ള അകമഴിഞ്ഞ കൃതജ്ഞതയെക്കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ- കൂപ്പുകൈ!
പാരതന്ത്ര്യത്തെക്കഴുകിക്കളയുവാൻ
പാവങ്ങളർപ്പിച്ചു ദേഹവും പ്രാണനും;
വിത്തേശ്വരർക്കോ?- പതിന്മടങ്ങായ്, ക്ഷണം
വിസ്തൃതമായ്ത്തീർന്നു ഭണ്ഡാരവീഥികൾ!
പിന്നെയും ദാസ്യം, ഭയങ്കരദാരിദ്യ്ര-
മുന്നതനാശം പതിതസമ്മർദ്ദനം;
രോഗം, വിയോഗം, മുറിപ്പെട്ട ജീവിതം,
ശോകം, മുറവിളി, ഘോരനിരാശയും!-
നിങ്ങളൊന്നായ്ച്ചേർന്നു സൃഷ്ടിച്ചൊരാ യുദ്ധ-
രംഗ, മിതല്ലേ സമാർജ്ജിച്ച ഭാവുകം?
രക്തഗന്ധത്താലെരിപൊരികൊള്ളുന്നു
ശക്തിതന്നുന്മത്തവേതാളതാണ്ടവം,
ഘോരവിഷപ്പികകൊണ്ടു മൂടിടുന്നു
പാരിൻറെ ശുഭ്രാന്തരീക്ഷവിശുദ്ധിയെ
നീയഭിമാനിപ്പൂ നിൻ ജയപ്രാപ്തിയിൽ,
നീതിതൻ പേരിലീ നിൻശവത്തീറ്റയിൽ
മർത്ത്യര, ല്ലയ്യോ, വെറും വെറുംഗൃദ്ധ്രങ്ങൾ
രക്തം കുടിക്കും ചുടലപ്പിശാചുകൾ!
നിങ്ങളെമ്മട്ടിനിക്കാണു, മെൻനാട്ടിലെ-
പ്പൊന്നിൻപുലരിയെ-സ്വാതന്ത്രദീപ്തിയെ?
ആരു ഞാനെന്നോ?- കവേ, നിഷ്ഫലമെൻറെ
പേരും പറഞ്ഞിന്നു പാടുവോനല്ലി നീ?
എന്നെ, ഞാനായി, നീ കണ്ടിട്ടുകൂടിയി-
ല്ലിന്നോളവും - വൃഥാ തെറ്റിദ്ധരിച്ചു നീ
എന്നെ, യല്ലെൻ നിഴലാണു നീ കണ്ടതീ
മന്നി, ലെന്നാടു വിണ്ണാ, ണകന്നാണു ഞാൻ!
യുദ്ധത്തിനെക്കൊണ്ടൊരിക്കലുമാവുകി-
ല്ലുദ്ധരിച്ചീടാൻ സമാധാനനീതികൾ;
എന്നെ പ്രതിഷ്ഠിച്ചു പൂജിച്ചു സേവിക്കു-
കൊന്നായി നിങ്ങൾ മനസ്സിൻറെ കോവിലിൽ
ഞാനുതിർത്തീടും വെളിച്ചത്തു കണ്ടിടാം
മാനവത്വത്തിൻ മഹിമവിശുദ്ധികൾ!
എൻറെ കണ്ണിൽകൂടി നോക്കീടുകിൽ
കണ്ടിടാമൊന്നായ് വിഭിന്നരാം മർത്ത്യരെ!
എന്തിനും മാപ്പുകൊടുക്കാൻ, കരുണയാർ-
ന്നെന്തും മറക്കാൻ, പഠിപ്പിച്ചിടുന്നു ഞാൻ.
ശാന്തികിടക്കുന്നതൈക്യത്തിലാ, ണാത്മ-
കാന്തി വർദ്ധിപ്പൂ സമഭാവസക്തിയിൽ!
നേരിൻ നിറകതിർ വീശുവോളാണു ഞാൻ
പാരിലൈശ്വര്യം വിതയ്ക്കുവോളാണു ഞാൻ,
എന്നും സമത്വം പുലർത്തുവോളാണു ഞാൻ.
എന്നെയാരാധിക്കു, കെന്മുന്നിൽ നിങ്ങൾ വ-
ന്നൊന്നായ്ക്കരംകോർത്തു നിൽക്കുവിനേവരും!
അന്നു നിങ്ങൾക്കു കാണായ്വരും സ്വാതന്ത്യ്ര-
സുന്ദരസുപ്രഭാതത്തിൻ കുളിരൊളി.
അന്നേ മനുഷ്യൻ മനുഷ്യനാകു, നിങ്ങ-
ളന്നോളവും ശവംതീനിക്കഴുകുകൾ!
ആരു ഞാനെന്നോ?-പറയാം കവേ, തവ
ചാരുവിശാലസങ്കൽപത്തിനപ്പുറം,
തൂവെൺകതിരൊളി വീശി, മനുഷ്യനെ
ദേവനാക്കീടുമാ 'പ്രേമ' മാകുന്നു ഞാൻ!!!
-24-1-1937
നവവർഷനാന്ദി
പുലരിത്തുടുമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെക്കിതച്ചെത്തും പകലിൻ ദീർഘശ്വാസം
ഇരുളിലിതേവരെത്തല ചായ്ച്ചുറങ്ങിയ
തരുവല്ലികളെയുണർത്തി തെരുതെരെ!
വാനമണ്ഡപത്തിലെത്താരകതുമ്പപ്പൂക്കൾ
വാരിക്കൊണ്ടെങ്ങോ പോയാൾ താമസി വേലക്കാരി;
ഇളവെയ്ലണിത്തങ്കപ്പൊടി പൂശിയ പാട-
ത്തിളകീ പഴുപ്പേലുമൊണോട്ടൻ കതിരുകൾ;
മഞ്ഞനെല്ലോലത്തുമ്പിൽ പാറിവീണിരുന്നോമൽ-
കുഞ്ഞാറ്റക്കിളിയൂഞ്ഞാലാടിനാൻ കൂകിക്കൂകി.
തുമ്പയും മുക്കുറ്റിയും പൂതൂകിയാനന്ദിച്ചു;
തുമ്പിയും പൂമ്പാറ്റയും തുൾലുവാനാരംഭിച്ചു.
നവവത്സരാഗമമംഗളരംഗം-ഹാ, ഹാ,
കവിയും സന്തോഷത്താൽക്കണ്ണുനീർ വരുന്നല്ലോ!
ഞങ്ങളെക്കാണാനൊരു വർഷമായ്ക്കൊതിച്ചെങ്ങോ
മങ്ങിടും മുഖവുമായ്മേവുമാ മാവേലിയെ,
ഭൂതകാലത്തിൻ ജയസ്തംഭത്തെ, വാടാത്തൊരാ
സ്വാതന്ത്യ്രപ്രദീപത്തെ, യോർത്തോർത്തു സമ്പ്രീതിയാൽ
സുന്ദരസ്മരണയിലെന്തിനോ നിമഗ്നമായ്
മന്ദഹാസം വർഷിച്ചു പുൽക്കൊടിപോലും നിൽപൂ!
അന്നത്തെ സ്വതന്ത്യ്ര, മസ്സമത്വം, സാഹോദര്യം,
മന്നിലൊന്നുപോലെങ്ങും പരന്ന സമാധാനം,
നിത്യവും തിരുവോണമായ്ത്തന്നെ കഴിഞ്ഞൊരാ
നിസ്തുലരംഗം!- കാലമിന്നെത്ര മാറിപ്പോയി!
ഓണത്തിനിന്നേക്കാലമേതാനും ധനേശർതൻ
നാണയക്കിഴിയിലൊന്നഴിക്കാൻ കഴിഞ്ഞേയ്ക്കാം;
അല്ലാതെ പൊരിയുന്ന വയറിൻ തീജ്ജ്വാലയിൽ
തെല്ലനുകമ്പാമൃതം തുളുമ്പിടാനാമോ?
തമ്പുരാൻ പൈമ്പാലടപ്രഥമൻ ഭുജിക്കട്ടെ;
കുമ്പിളിൽക്കുറെക്കഞ്ഞി കോരനും കുടിക്കട്ടെ.
ഓണമാണോണംപോലും ധനദർ ഘോഷിക്കുന്നൂ
താണവർക്കുയിർ നിൽക്കാനുമിനീർമതിയെന്നോ!
പോവുക ധനാഢ്യരേ, നിങ്ങളെത്തടിപ്പിക്കാൻ
പാവങ്ങൾ ഞങ്ങൾക്കുള്ള ഹൃദ്രക്തമൊന്നേവേണ്ടു!
അമൃതാസവപൂരം നിങ്ങളെ സ്വദിപ്പിക്കാ-
നരിവാളെടുക്കുവാൻ ഞങ്ങൾതൻ കരം വേണം!
പട്ടുമെത്തയിൽ നിങ്ങൾക്കുറങ്ങിക്കിടക്കുവാൻ
പട്ടിണിക്കെരിവെയ്ലിൽച്ചേറിൽ നിൽക്കണം ഞങ്ങൾ!
വരട്ടെ, വിശപ്പിൻറെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കൽത്തകർന്നുപോം മദിക്കും മേലാളിത്തം.
ഈശ്വരൻ- നിരർത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങൾതന്നടിമത്തം.
ശിലയെപ്പൂജിക്കാനു, മീശ്വരനിടയ്ക്കിടെ-
ച്ചില കൈക്കൂലിയേകി നിർവ്വാണം പിടുങ്ങാനും,
ലോകത്തിൻ പുരോഹിതൻ വിലയ്ക്കു വിറ്റീടുന്ന
നാകലോകത്തേയ്ക്കുള്ള 'പാസ്പോർട്ട്' നേടിടാനും
ഭാവിച്ചിട്ടില്ല ഞങ്ങൾ, പാവന സ്വാതന്ത്യ്രത്തിൻ
ഭാസുരപ്രഭാതം വന്നണഞ്ഞാൽ പോരും വേഗം!
തകരും കിരീടത്തിൻ ശകലങ്ങളെക്കൊണ്ടു
നികരാൻ വൈകീ കാലം പാരതന്ത്യ്രത്തിൻ ഗർത്തം.
മലർവല്ലികളിതാ തൂകുന്നു മന്ദസ്മേരം!
മലയാനിലൻ പരത്തുന്നു സൗരഭപൂരം!
ചാഞ്ചാടും തിരകളാൽ വീണക്കമ്പികൾ മീട്ടി-
പ്പുഞ്ചോല പൊഴിപ്പൂ സത്സ്വാതന്ത്യ്രഗീതാമൃതം!!
നവവത്സരം വന്നൂ!- നിങ്ങൾതൻ കർമ്മങ്ങളെ
നവപന്ഥാവിൽക്കൂടി നയിപ്പിൻ സഖാക്കളേ!
തീപ്പൊരി
1
'പ്രപഞ്ചമെന്തെന്നറിയാനുഴറ്റോ-
ടഗ്നിസ്ഫുലിംഗം കുതറിക്കുതിപ്പൂ;
ഞൊടിക്കകത്തായതു ശൂന്യതയ്ക്കു-
ള്ളഗാധഗർത്തത്തിലധ:പതിപ്പൂ.
2
ഉദിച്ചു, വർത്തിച്ചു, നശിച്ചു, മാത്ര-
യ്ക്കകത്തതിൻ സർവ്വവുമസ്തമിച്ചു,
ഇതെന്തിനു, ള്ളാരുടെ യിന്ദ്രജാലം?
-പ്രപഞ്ചമേ, തീപ്പൊരിയല്ലി നീയും!
3
കാണായ് വരുന്നൂ, കതിർ പെയ്തിടുന്നൂ,
കാണാതെയാകുന്നൂ ചരാചരങ്ങൾ;
പിന്നത്തെ വസ്തുസ്ഥിതിയോ?- തണുത്ത
തമസ്സു- നിർജ്ജീവത- നിദ്രമാത്രം!
4
ആ നിദ്ര, യക്കൂരിരു, ളേതതിന്നു-
ള്ളങ്കത്തിലേയ്ക്കാണടിവെയ്പതീ നാം;
പലേതരത്തിൽ പല മാർഗ്ഗ്മായി-
ഗ്ഗമിക്കിലും താവളമൊന്നുമാത്രം!
5
നിസ്സാരമീത്തീപ്പൊരി, യിജ്ജഗത്തിൽ
നിഷ്കർഷയില്ലാർക്കുമിതൊന്നു നോക്കാൻ;
അല്ലെങ്കിലെന്തി, ന്നലിവുള്ളതാർക്കാ-
ണധ:പതിപ്പോരെയനുഗഹിക്കാൻ?
6
അണഞ്ഞുപോകാതിതടുത്തുണക്ക-
ത്തൃണത്തിൽ വീണോ, കഥയൊക്കെ മാറി;
ചെന്തീപ്പൊരിത്തെല്ലൊരു കാട്ടുതീയായ്!
പ്രപഞ്ചമൊട്ടുക്കു നടുക്കമായി.
രക്തപുഷ്പങ്ങൾ / തീപ്പൊരി
ചങ്ങമ്പുഴ
7
എന്തെന്തുമാറ്റം!- ഞൊടിയിൽജ്ജഗത്തി-
ന്നെന്തന്തരം!- വിപ്ലവധൂമഘോഷം!
പഠിച്ചിടട്ടേ പതിതർക്കുപോലും
പരാക്രമം സാദ്ധ്യമിതെന്നു ലോകം!
8
കണ്ണൊന്നടച്ചിട്ടു തുറന്നിടുമ്പോൾൻ
ആം കണ്ടലോകം നവലോകമായി!
കുന്നാകവേ വൻകുഴിയായി മാറീ,
കുന്നായി ഗർത്തങ്ങളുയർന്നുപൊങ്ങീ.
9
ഈ നാം നിരീക്ഷിപ്പതിലൊന്നുപോലും
യഥാർത്ഥമ, ല്ലൊക്കെയൊരിന്ദ്രജാലം!
ഹേ, മർത്ത്യ, നീയിന്നവ നോക്കിനിന്നു
മദിപ്പതല്ലല്ലി മഹാജളത്വം?
-10-6-1932
മാവിൻചുവട്ടിൽ
മനയ്ക്കൽ, തെക്കേമുറ്റ, ത്തുച്ചയ്ക്കാ, മാവിൻചോട്ടി-
ലെനിക്കിപ്പൊഴുമോർമ്മയു, ണ്ടെത്തുമെന്നും ഞങ്ങൾ.
കൗപീനമാത്രാച്ഛാദിതാംഗരാം ഞങ്ങൾക്കന്നു
കൗമാരദിനങ്ങളേ, കൗതുകമേകീ നിങ്ങൾ.
സ്മരണയ്ക്കെന്തുത്സാഹമാണെന്നോ സങ്കൽപത്തിൻ
തിരമേലിന്നു വന്നാച്ചിത്രങ്ങൾ വരയ്ക്കുവാൻ!
പതിനെട്ടോണക്കലം വിടർന്നു വാടിപ്പോയീ;
പഥികന്മാരെപ്പോലെ ഞങ്ങളുമങ്ങിങ്ങായി!
ഇന്നുമപ്പടുകൂറ്റൻ മാവിനുമാത്രം ഭേദം
വന്നിട്ടില്ലണുപോലു, മത്ഭുതമാണോർക്കുമ്പോൾ!
തിരുമേനിമാരുച്ചയ്ക്കമൃതേത്തിനുശേഷം
പരിചിൽ പള്ളിക്കുറുപ്പാസ്വദിച്ചീടും നേരം,
ഞങ്ങളഞ്ചാറോമനച്ചങ്ങാതിമാരൊന്നിച്ചാ
രംഗത്തെ നിത്യം സജീവോജ്ജ്വലമാക്കിത്തീർക്കും
കുണുങ്ങി, ച്ചെറ്റും, മാറിൽ തങ്കത്താമരമൊട്ടു
കുലുങ്ങിത്തുണക്കാരിപ്പെൺകൊടിമാർ കൂടുമ്പോൾ,
അവരെച്ചിരിപ്പിക്കാൻ കോമാളിവേഷം കെട്ടി-
യവിടെക്കൂത്താടിക്കൊണ്ടാർത്തു കൂവീടും ഞങ്ങൾ,
പൂവാലനണ്ണാനോടു കെഞ്ചിടും, കനിഞ്ഞൊരു
പൂളുമാമ്പഴം ഞങ്ങൾക്കേകുവാൻ കടം, ഞങ്ങൾ.
ഒരു കാറ്റൂതുമ്പോഴേയ്ക്കെന്തൊരുൽക്കണ്ഠാവേശ-
മൊരു മാമ്പഴമെങ്ങാൻ വീഴ്കിലെന്തത്യാഹ്ലാദം!
കല്ലെടുത്തെറിഞ്ഞൊച്ചയുണ്ടാക്കി, ഭ്രമത്തിര-
ത്തല്ലലിൽത്തമ്മിൽത്തമ്മിൽ ചിരിച്ചും ലജ്ജിപ്പിച്ചും,
ഒരു ഞെട്ടൽപം നുള്ളിയെറിഞ്ഞു, മറുഞെട്ടു
വരുവാൻ പ്രാർത്ഥിച്ചും പൂങ്കാറ്റിനോടഭ്യർത്ഥിച്ചും,
ഔത്സുക്യമദമൗഢ്യമത്സരഭ്രമകല-
ഹോത്സാഹത്തിരച്ചാർത്തിലൊഴുകിപ്പുളച്ചാർത്തും,
നട്ടുച്ചപ്പൊരിവെയിലും പൂനിലാവാക്കിത്തീർത്ത
നഷ്ടശൈശവോത്സവരംഗമേ, നമസ്കാരം!
കരിയും കാവിമണ്ണും മഞ്ഞളുമരച്ചോരോ
വരയുംകുറിയുമിട്ടോരോരോ വേഷംകെട്ടി,
തകരപ്പാട്ടപ്പൊളിച്ചെണ്ടയുച്ചത്തിൽക്കൊട്ടി-
ത്തുകിലിൻ തുണ്ടും പാളപ്പാഴ്ക്കിരീടവും ചാർത്തി,
അന്നെത്ര 'കഥകളി' സോത്സാഹം നടത്തിയി-
ല്ലിന്നതോർത്തയ്യോ, നനയുന്നിതെൻ കൺപീലികൾ!
രക്തപുഷ്പങ്ങൾ / മാവിൻചുവട്ടിൽ
ചങ്ങമ്പുഴ
അന്നത്തെ'ത്താടിക്കാരൻ' പാത്താച്ചിരാമൻ പാവ-
മിന്നവനെങ്ങാണൂറ്റമേറുമാശ്ശുണ്ഠിക്കാരൻ?
മദ്യത്തിൻ ലഹരിയിൽ, പത്നിതൻ ഗൂഢപ്രേമം
ഹൃദ്യമായ് നുകർന്നൊരാ പ്രതിയോഗിതൻ ചത്തം
പിക്കർന്നു, കുടർമാല ചാർത്തിയ കൈയിൽ കൊടും-
വിലങ്ങുമായിട്ടവൻ തുറുങ്കിൽക്കിടക്കുന്നു!
അവ, ളപ്പാത്രം തേപ്പുകാരിതൻ മകൾ നാണി-
യവളെ, സ്ത്രീവേഷത്തിലെന്നോടൊത്താടിക്കും ഞാൻ.
ഇന്നവൾ, രാമൻ കാരാഗൃഹത്തിൽക്കടന്നപ്പോ-
ളന്യന്റെ വെപ്പാട്ടിയായങ്ങനെ ജീവിക്കുന്നു!
ശീമയ്ക്കുപോയിപ്പഠിച്ചെത്തി, യുദ്യോഗത്തുംഗ-
സീമയിൽ, നവോഢയാം നായികയോടും കൂടി,
ഉദ്രസം വിരാജിപ്പൂ തമ്പുരാൻ തൻ വത്സല-
പുത്രനാം കുഞ്ഞിക്കുട്ടൻ- പണ്ടത്തെയാട്ടക്കാരൻ!
ഘാതുകനാം രാമനെത്തുറുങ്കിലടപ്പിച്ച
നീതിശാസനം നിർമ്മിച്ചരുളും ന്യായാധിപൻ!
അപരൻ ശിവരാമൻ, നാലുകുഞ്ഞുങ്ങൾക്കച്ഛ-
നവനിന്നോരോ കൂലിവേല ചെയ്തുഴലുന്നു.
പപ്പുണ്ണി 'പത്മദേവാ'യ് ഹിന്ദിതൻ പ്രചാരത്തിൽ
പട്ടിണി പാതിപോക്കി ഗാമോദ്ധാരണം ചെയ്വൂ.
ശങ്കരൻ 'ലുധിയാനാ സിൽക്കു' ക, ളമേരിക്കൻ
തങ്കഭൂഷക, ളിവയ്‌ക്കേജന്റായ് വർത്തിക്കുന്നു.
ആറടി മണ്ണിനകത്തുണ്ടു വേലുവിൻ ധൈര്യ-
വീര്യ ഗർവ്വങ്ങൾ വെറും ചാമ്പലായടിഞ്ഞുപോയ്!
രത്നമ്മ സൗഭാഗ്യത്തിൻ ശൃംഗത്തിൽ യുവരാജ-
പത്നിയായ്, നേത്യാരമ്മയായ്സ്സുഖിച്ചരുളുന്നു.
മാധവി വിധവയും, തമ്പാൻ വക്കീലും കുഞ്ഞ-
നാധാരമെഴുത്തുമാ, ണങ്ങനെ മാറീ കാലം! ....
ഒരു വന്മാവിൻചോട്ടി, ലൊന്നിച്ചു വേഷംകെട്ടി-
യൊരു കാലത്തന്യോന്യമൊന്നുപോൽ കഴിഞ്ഞവർ-
ഞങ്ങ, ളാ ഞങ്ങളിന്നോ? കാലമേ, ഞൊടിക്കുൾലി-
ലെങ്ങനെയാക്കിത്തീർത്തു ഞങ്ങളെ നിശ്ശങ്കം നീ?
ഇന്നുമപ്പടുകൂറ്റൻ മാവിനുമാത്രം ഭേദം
വന്നിട്ടില്ലണുപോലു, മത്ഭുതമാണോർക്കുമ്പോൾ!
ഇപ്പൊഴും തേന്മാമ്പഴം പെറുക്കാൻ, വേഷംകെട്ടി-
സ്സസ്പൃഹമാട്ടക്കളി കളിക്കാ, നാഹ്ലാദിക്കാൻ,
വന്നുചേരുമാറുണ്ടു കുഞ്ഞുങ്ങളാ മാഞ്ചോട്ടി-
ലുന്നതകൗതൂഹലമുള്ളിലാർന്നുച്ചയ്ക്കിന്നും!
കവി, ഞാൻ കണ്ണീരിലൂടക്കാഴ്ച കാണുന്നേരം
കവിയും കുതുകത്തിൻ സ്മൃതിയെത്താലോലിപ്പൂ!!
24-9-1941
രാഗഗീതി
വാനിൽ നീളെപ്പാടിപ്പാടിക്കാലം പോക്കും വാനമ്പാടി
വാടിപ്പോയ താരിനോടു ചോദിച്ചിടുന്നു:-
'സുലളിതദലാകുലേ, സുരഭിലസുധാപൂർണ്ണേ,
സുമുഖി, നിൻ മുഖമിത്ര വിളർത്തതെന്തേ?'
ഒരു ചുടുനെടുവീർപ്പമ്മലരിൽ നിന്നുയർന്നത-
ത്തരുനിരകളിൽത്തട്ടിത്തകർന്നിരിക്കാം.
മരുത്തോടിയടുത്തെത്തി മുഖമ്പൊത്താതിരുന്നെങ്കിൽ
മറുമൊഴി പറഞ്ഞേനേ മനോജ്ഞഗാത്രി.
തുടരുന്നു വിഗഹം:- 'നിൻ നില നിനയ്ക്കവേ, മന-
മിടറുന്നി, തെന്നെ നീയിന്നറിയില്ലല്ലീ?
ലസൽച്ചെമ്പട്ടുടുത്തെത്തിച്ചിരിച്ചു നിൽക്കുമിക്കൊച്ചു-
വസന്തത്തിൻ വീട്ടിൽ നിന്നു വരികയാം ഞാൻ.
പലനാളായ് പാടിയിട്ടും ഫലമില്ലാതലയുന്ന
പറവജാതിയിലൊന്നായറിയുകെന്നെ.
പരിഭവമരുതെന്നി, ലൊരു വാക്കു പറയുവാൻ
തരികെനിക്കനുമതി, പനിമലരേ!
ക്ഷണികജീവിതം സഖി, സുഖദമോ, മരണത്തിൻ
ക്ഷണത്തിനു നിനക്കിത്ര കുതുകമെന്തേ?
ഒരു നിശ പിറക്കുവാ, നൊരു പകൽ മരിക്കുവാ,-
നരുതോതാനമലേ, നിൻ വിധിവിഹിതം!
പുലരിതൻ കവിൾക്കൂമ്പും പുളകത്താൽ തുടുപ്പിക്കാൻ
മലരേ, നീ മിഴി തുറന്നുലകിലെത്തി.
ഹിമകണമണിമാല്യമണിഞ്ഞു നീയണഞ്ഞപ്പോൾ
ക്ഷമയുമക്ഷമയായ് നിൻ ഹസിതം കാണ്മാൻ.
പരിതാപഭരിതയായ് പകൽ പോകാൻ തുനിയുന്നു
പരമശോഭനേ, നിന്റെ വിയോഗം മൂലം.
ഒരു പിഞ്ചുമന്ദഹാസം- നിരുപമശ്രീവിലാസം
പര, മിരുൾപ്പര, പ്പയ്യോ ചതിച്ചു കാലം!
കിളിയെത്ര കരഞ്ഞാലു, മളിയെത്ര പറഞ്ഞാലും
ഫലമെന്തു?- ശൂന്യതേ, നീ മദിച്ചുകൊള്ളൂ!
അവസാനപ്രാർത്ഥനയും വിറച്ചീടുമധരത്താ-
ലവശേ, നീയുച്ചരിക്കൂ- പോകട്ടെ ഞാനും!
ഒരു രാഗ ശൃംഖല നാമറിയാതെ നമ്മെ ബന്ധി-
ച്ചിരുന്നതുമിതാ, കഷ്ടം, ശിഥിലമായി!
ഇതിൻശ്ലഥവലയത്താലിനിയുമെത്രയോ തീർക്കാൻ
ക്ഷിതി കരുതിയിട്ടില്ല ശൃംഖലയാവോ!
ശ്മശാനത്തിൻ മാറി, ലലിഞ്ഞെത്ര മണ്ണു മണ്ണടിഞ്ഞു
വിശിഷ്ടപുഷ്പങ്ങളതിലുദിപ്പു വീണ്ടും.
തകരുന്ന തലയോടിൻ തരികളിൽ തഴയ്ക്കുമ-
ത്തകരയും തങ്കത്താലിയണിഞ്ഞു നിൽപൂ!
മരണത്തിൻ മരവിച്ച മറവിയാം മടിത്തട്ടിൽ
മരുവുന്ന മകുടങ്ങൾ മന്ദശോഭങ്ങൾ,
ഒരിക്കൽക്കൂടിയെടുത്തു പുതുക്കുവാനോർക്കാലോകം
തിരിക്കുന്ന കാലം പിന്നെത്തിരിഞ്ഞു നോക്കാ!
ചിരിക്കും നൽത്താരകങ്ങളിരിക്കും വിൺമണ്ഡപത്തിൽ
ചിരിക്കുമ്പോഴെന്നെയെങ്ങാൻ സ്മരിക്കില്ലല്ലീ?
സുമമേ, നീ വിരിഞ്ഞാലും, സുമംഗളം, ദിവ്യനാക-
ദ്രുമമൊന്നിൽ ദർശിച്ചാവൂ തവ വികാസം!! ....
അലരോതി സഗദ്ഗതം: 'പ്രിയസഖേ, നീ കഥിച്ച-
തഖിലവുമറിവൂ ഞാനകക്കുരുന്നിൽ.
പലകാലമിരുന്നാലും, ഞൊടിക്കുള്ളിൽ മറഞ്ഞാലു-
മുലകിനെന്നവതാരം പുതുമയാണോ?
പലതും വന്നുദിക്കുന്നു, ചിലതുപോയ് മറയുന്നു,
നിലയെന്നാലൊന്നുതന്നെ നിയതിക്കെന്നും!
അവൾക്കായിട്ടെനിക്കുള്ളതഖിലവും സമർപ്പിച്ചേ-
നതു മതി;- മറയുവൻ കൃതാർത്ഥനായ് ഞാൻ!
അനേകനാൾ തിരഞ്ഞാലുമണുപോലും ലഭിക്കാത്തോ-
രനഘരത്നങ്ങൾ ഞാനിന്നവനിക്കേകി.
ആ മൽപ്രേമഗീതികൾ ഞാൻ പാടവേ മതിമറന്നു
മാമരങ്ങൾപോലും തല കുലുക്കിപ്പോയി.
തൈച്ചെടികൾ നൃത്തമാടി, കൊച്ചുകാറ്റുമൊത്തുകൂടി,
പച്ചക്കുന്നും മലകളും പകച്ചുനിൽപായ്.
എളിയ ഞാനിളയിങ്കൽ കുളിരൊളി കിളരുമാ-
റിളവെയ്ലിലിതൾ വിടർന്നുയർന്നു നിൽക്കേ
കമനീയകാവ്യലക്ഷ്മി കരനികരത്താലെന്നിൽ
കനിവാർന്നു പൊഴിക്കയായ് കനകമാരി!
ഭ്രമരങ്ങൾ-വെറും കൊച്ചു തിമിരപിണ്ഡങ്ങൾ-എന്നെ
ഭ്രമിപ്പിക്കാനോരോ രാഗമെടുത്തുപാടി.
പലനിറം പതിഞ്ഞുള്ള പത്രപുടം വിരിച്ചോരോ
ശലഭങ്ങളടുത്തെത്തിക്കുശലമോതി.
പരഭൃതം പഞ്ചമത്തിൽപ്പലപല പാട്ടുപാടി,
തരളമാരുതൻ വന്നെൻ തനു തലോടി.
ഇത്രമാത്രം യശസ്സെനിക്കെങ്ങുനിന്നു ലഭിച്ചു?-ഞാ-
നെത്തിയിട്ടു കഴിഞ്ഞിട്ടില്ലൊരു നാൾപോലും!
ഭുവനത്തിൻ മനമൊരു മന്ദഹാസം കൊണ്ടുമാത്രം
കവരുവാനാകുമെന്നു കരുതീലല്ലോ!
ഹൃദയമല്ലാതെനിക്കിങ്ങൊന്നുമില്ലിപ്രപഞ്ചത്തിൽ
സദയം ഞാനതേവനും തുറന്നുകാട്ടി.
മ്ളാനമായി മമ മുഖം മാറിയതു കണ്ടു, പാരം
ദീനയായി മറയുന്നു ദിവസദേവി
അവൾ ചെന്നുമറയുന്ന ശൂന്യതയെത്തന്നെ, യെന്നു-
മധിവസിപ്പതാണെനിക്കെന്തിലുമിഷ്ടം.
ഒരുമിച്ചു പിറന്നവ, രൊരുമിച്ചു പുലർന്നവ-
രൊരുമിച്ചുതന്നെ ഞങ്ങൾ പിരിഞ്ഞീടട്ടേ!
വെറും കൊച്ചു പുൽക്കൊടിയും, വെറുപ്പിയറ്റുവാൻ, മുഖം
കറുത്തൊരു വാക്കുപോലും കഥിച്ചിടാതെ,
ഒഴിഞ്ഞൊരുകോണിൽ വന്നു തൊഴുകൈയുമായിനിന്നു
കഴിവോളം സൗരഭം ഞാൻ പകർന്നു തന്നു.
അഴലിന്റെ നിഴലിലല്ലഴകിന്റെ നിലാവിൽ വീ-
ണൊഴുകണമലയാർന്നെൻ സ്മൃതികൾപോലും!
പ്രകൃതിമാതനുഗഹിച്ചരുളും ഞാനെത്രമാത്രം
സുകൃതിയാ, ണെന്നെച്ചൊല്ലിക്കരയരുതേ!
അശുഭാശങ്കകൾ പെയ്യുമസുഖാശ്രുധാരയി, ലെ-
ന്നവസാനസ്മിതമയ്യോ, നനയ്ക്കരുതേ!
വാനിൽ നി, ന്നെൻ സ്നേഹമോർത്തു ദിവസവും ഭവാനൊരു
ഗാനം ചെയ്താൽ മതി - പോട്ടേ, കൃതാർത്ഥയായ് ഞാൻ!!
ഇതളറ്റാ മലർ മണ്ണിൽക്കൊഴിയവേ- കഠിനമാം
വ്യഥ തിങ്ങിപ്പകൽ മങ്ങി മറഞ്ഞതെങ്ങോ!
നിശ വന്നാമൃദുമെയ്യിലസിതാവരണം ചാർത്തി,
നിഴലുകൾ നിറുകയിൽ ചുംബനം തൂകി.
ഇവ കണ്ടു, മരപ്പൊത്തിൽ, ചിറകടിച്ചഴൽ വളർ-
ന്നവശർദ്രവിഹംഗമം കരഞ്ഞുപോയി!
പിന്നെയുമുദിച്ചു താരം, പിന്നെയും മദിച്ചു കാലം
മന്നിനെന്തു മടുമലർ മണ്ണടിഞ്ഞെങ്കിൽ?
28-11-1932
മാപ്പു നൽകണമേ!
അന്നപ്പുലരിയിൽ പൂപറിച്ചുംകൊണ്ടു
നിന്നു നീ, യാളിയുമൊത്താ വനികയിൽ.
കാളമേഘത്തിൻ കവിത തുളുമ്പിച്ച
കാളിദാസന്റെ ശകുന്തളമാതിരി!
തങ്കരച്ചാർത്തിനാലാലസൽപ്പൂവനം
തങ്കത്തെളിച്ചാറിൽ മുക്കീ ദിവാകരൻ.
അങ്ങിങ്ങു പാറിപ്പറക്കും കിളികളാൽ-
ത്തിങ്ങിത്തുളുമ്പി നിൻ ചുറ്റും കളകളം.
പുൽകി നിൻ നീലാളകങ്ങള, ത്താമര-
പ്പൊയ്കയിൽ നീരാടിവന്ന ബാലാനിലൻ.
ഏവമാകർഷകപശ്ചാത്തലമൊന്നിൽ
മേവി, മനോജ്ഞദേവാംഗനപോലെ നീ!
കേവലം യാദൃശ്ച്ഛികമാ, യൊരസ്ഥിര-
ഭാവനപോലെ, യന്നാവഴി വന്നു ഞാൻ,
അൽപം മുകളി, ലത്തൈച്ചെമ്പകച്ചില്ല-
യെത്തിപ്പിടിക്കാൻ കഴിയാ, തവശരായ്,
നിങ്ങൾ രണ്ടാളും പരുങ്ങി നിന്നീടുന്ന-
തെന്മിഴിയിൽപ്പെട്ടു- മുന്നോട്ടാഞ്ഞു ഞാൻ.
ചെമ്പനീർപ്പൂമൊട്ടരുണോദയത്തിങ്കൽ
വെമ്പിത്തുളുമ്പി വിടരുന്നമാതിരി,
എന്തോ നവീനമധുരപരിണാമ-
കന്ദളി തിങ്ങിത്തുടുത്തു നിൻ പൂങ്കവിൾ.
കമ്രാവനമ്രോജ്ജ്വലാനനയായ്, മഞ്ജു-
മന്ദസ്മിതം തൂകി മാറിയൊഴിഞ്ഞു നീ;
പാടേയടിമുടി പൂത്തൊരപ്പിച്ചക-
ക്കാടിനും കോരിത്തരിപ്പു തോന്നുമ്പടി.
പോകരുതെന്നു വിലക്കിലും, ഗൂഢമായ്-
സ്സാകൂതസുസ്മിതം മൽച്ചുണ്ടിലെത്തവേ,
എന്നാശപോലെ വികസിച്ചു നിൽക്കുന്ന
പൊന്നലരേറെപ്പറിച്ചെടു, ത്താദരാൽ
നിന്നേർക്കു നീട്ടി ഞാൻ, നാണംകുണുങ്ങി, യെൻ-
മുന്നിൽ വന്നിട്ടവ, കൈ നീട്ടി വാങ്ങി നീ!
മുട്ടി, ഹാ, തെല്ലും മന:പൂർവ്വമല്ലാതെ
പെട്ടെന്നു നമ്മുടെ കൈവിരൽ തുമ്പുകൾ
ഓളമിളക്കിയെൻ മേനിയിലൊക്കെ, യൊ-
രോമൽപ്പുളകപ്രവാഹമരക്ഷണം.
മന്ദാക്ഷപൂർണ്ണകടാക്ഷത്തൊടൊ, ത്തൊരു
മന്ദസ്മിതത്താൽ കൃതജ്ഞത കാട്ടി നീ!
ഏതോ മഹാസിദ്ധിയൊന്നു കൈവന്നപോൽ
പ്രീതി ചേതസ്സിലുൾച്ചേർന്നു മടങ്ങി ഞാൻ.
ഇന്നുകാണുമ്പൊഴും തോന്നുന്നു നമ്മൾക്കു
നമ്മളന്യാന്യം കടപ്പെട്ടമാതിരി.
നിത്യസായാഹ്നസവാരിക്കുമൽപ്പദ-
മെത്രമാത്രം ഞാൻ തടഞ്ഞീടിലും സ്വയം,
ഏതോ നിഗൂഢമാം ശക്തിയാലാ വഴി-
ക്കേറെക്കുതുകാൽത്തിരിയുന്നിതിപ്പൊഴും!
ശാന്തിവിടരും ഗൃഹസ്ഥാശ്രമത്തിന്റെ
പൂന്തോപ്പിലാണിന്നു നീ നിൽപതെങ്കിലും,
ഏകാന്തമാമെൻ ഗൃഹത്തിൽ വിരക്തിപൂ-
ണ്ടാകുലമാ വഴി പോരുമ്പൊഴൊക്കെയും,
ഞാനറിയാതെ, യെന്നാത്മാന്തരാളത്തി-
ലാനന്ദതാരമൊന്നുജ്ജ്വലിക്കുന്നതായ്-
നഷ്ടദിനങ്ങൾക്കു പിന്നി, ലൊരവ്യക്ത-
തുഷ്ടി തുളുമ്പിത്ത, ടുത്തു നിൽക്കുന്നതായ്-
സദ്ഗുണധാമമേ, തോന്നുകയാണു മേ,
ഗദ്ഗദമുണ്ടിതിൽ, മാപ്പു നൽകേണമേ!
28-3-1940
ദാരിദ്ര്യത്തിന്റെ മുമ്പിൽ
ചോരയില്ലാത്ത മുഖവുമായ് നിൽക്കുവോ-
നാരു നീ, രൂപമെടുത്ത ദരിദ്രതേ?
മർത്ത്യപദത്തിന്നവകാശവാദത്തി-
നസ്ഥിയും തോലുമുണ്ടിന്നു നിനക്കിനി;
മറ്റുള്ളതെല്ലാം നിരന്തര നിർദ്ദയ-
മർദ്ദനം മൂലം ക്ഷയിച്ചു;-നശിച്ചു നീ!
നിസ്സഹായത്വമേ, നീയുറ്റുനോക്കയോ
നിഷ്ഫലം വീണ്ടു, മിക്ഷുദ്രലോകത്തിനെ;
ഒട്ടിച്ചുളിഞ്ഞ വയറ്റത്തു കൈവെച്ചു
പൊട്ടിക്കരഞ്ഞു, നീ നോക്കുന്നതാരെയോ!
വറ്റി വരണ്ട നിൻ തൊണ്ടയിൽ നിന്നൊരു
ശബ്ദം വരാനും, മശക്തനായ്പ്പോയി നീ!
ഉച്ചവെയിലിൽ പരന്ന നെൽപ്പാടങ്ങൾ
പച്ചപിടിപ്പിച്ചു നിൻ നവയൗവനം!
നിത്യപ്രയത്നഫലങ്ങളാലന്യർതൻ
പത്തായമെല്ലാം നിറച്ചു നിന്യൗവനം
അന്യനു വെൺമണിമാളിക കെട്ടുവാൻ
നിന്നസ്ഥികൂടം വിരിച്ചു, നിന്യൗവനം
എന്നിട്ടുമിന്നോ? പഴകിയ പാദുക-
യെന്നമട്ടയ്യോ! പരിത്യക്തനല്ലി നീ?
ജീവരക്തം വറ്റി നിസ്തേജമായ്ത്തീർന്ന
കേവലം പട്ടിണിപ്പാവയല്ലല്ലി നീ?
നീതികണ്ടില്ലേ ജഗത്തിന്റെ- നോക്കണേ!
നീതന്നെ, യിന്നു, നിനക്കൊരു ഭാരമായ്!!
അങ്ങോട്ടു നോക്കുകപ്പൂമണിമേടയിൽ
സ്വർണ്ണമഞ്ചത്തിലക്കാണുന്നതാരെ നീ?
ആലസ്യപുഷ്പനികുഞ്ജത്തി, ലുന്മദ-
ശ്രീലാനുഭൂതി നുകരുവോനാരവൻ?
ആരെത്തടിപ്പിക്കുവാനിത്ര നാൾ നിന്റെ
ഭൂരിപ്രയത്നങ്ങൾ കാണിക്കവെച്ചു നീ;
പട്ടുമെത്തപ്പുറത്താർക്കുറങ്ങീടുവാൻ
ചുട്ടവെയിലത്തു ചേറിലിറങ്ങി നീ;
ഏവന്റെ മുന്തിരിച്ചാറിൽ, നിൻചെഞ്ചുടു
ജീവരക്തത്താൽ ചുവപ്പു കലർത്തി നീ;
വെൺപങ്കവീശിയിന്നാർക്കു സുഖിക്കുവാൻ
നിൻ പ്രാണവാതം പകുത്തു കൊടുത്തു നീ
ആ മർത്ത്യരാക്ഷസ, നാ വർത്തകേശ്വര-
നാണവൻ, നോക്കൂ!- നടുങ്ങുന്നതെന്തു നീ?
നീയിന്നു ദുർബ്ബലൻ! നിസ്സഹായൻ;-ശരി;
നീയൊരുങ്ങിടേണ്ടതില്ലൊന്നിനു, മിനി!
മുന്നോട്ടു വന്നിന്നണിനിരന്നീടട്ടെ
നിന്നാത്മജന്മാർ, നിരാധാരജീവികൾ
വിത്തപ്രതാപം തഴുതിട്ടു ഭദ്രമായ്-
ക്കൊട്ടിയടച്ച കവാടങ്ങളൊക്കെയും,
വെട്ടിപ്പൊളിക്കാൻ സുശക്തരാണാ, വയ-
റൊട്ടിയ, യൗവനത്തീക്കനൽക്കട്ടകൾ!
ഹാ സമത്വത്തിന്റെ സുപ്രഭാതാഭയിൽ
ഭാസുരക്ഷേമമുകുളം വിരിയണം!
സ്വാതന്ത്യ്രമേഖലയിങ്കൽ, സ്വയം, മർത്ത്യ-
ചേതന പൊന്നിൻ ചിറകടിച്ചാർക്കണം!-
സുന്ദരമാ രംഗമാനയിച്ചീടുവാൻ
സന്നദ്ധമാകൂ സധീരം യുവത്വമേ!
19-12-1936
ആ കൊടുങ്കാറ്റ്
എരിവെയ് ലേറ്റേറ്റയ്യോ , സർവ്വാംഗം പൊള്ളുന്നല്ലോ
വരുനീ, വരുവേഗം, വർഷത്തിൻ കൊടുങ്കാറ്റേ!
ഉൽക്കടപ്രഭാവോഗനായ നിന്നിടിവെട്ടിൽ
ചക്രവാളാന്തമ്പോലും ചിതറിത്തെറിക്കട്ടെ!
ഒന്നൊന്നായ് പൊടിമണ്ണിൽ ഞെട്ടടർന്നടിയട്ടേ
പൊന്നിന്റെ ഗർവ്വം കാട്ടി മിന്നുമാ നക്ഷത്രങ്ങൾ!
ഇല്ലൊരു സമാധാനമിങ്ങെങ്ങും- ചുറ്റും വെറും
പൊള്ളലാ, ണടങ്ങാത്ത ദാഹമാണിവിടത്തിൽ
ഉമിനീർപോലും വറ്റിവരളും തൊണ്ടയ്ക്കക-
ത്തമരാനാവതുള്ളു പൊട്ടീടും ഞെരക്കങ്ങൾ
നിമിഷം തോറും മേന്മേലെൻ ചുറ്റും പൊതിയുന്നൂ!
നിയമം വടിയോങ്ങി, 'നിശ്ശബ്ദ' മെന്നോതുന്നു!
മർത്ത്യസംസ്കാരത്തിന്റെ നേട്ടമാണത്രേ, സാധു-
മർദ്ദനം, പരിഷ്കാരമാണത്രേ, രക്തോത്സവം!
അരുതിപ്പൊരിവെയിലിലിനിയും കഴിക്കുവാൻ
വരുനീ, വരുവേഗം, വർഷത്തിൻ കൊടുങ്കാറ്റേ!
കാലികളേക്കാൽ കഷ്ടം നിങ്ങ, ളെൻ സഹജരേ,
കാലിലാക്കിടക്കുന്ന ചങ്ങല കാണുന്നില്ലേ?
ഒന്നതുപൊട്ടിക്കാതെ നിങ്ങളായ്ത്തീരാൻ നിങ്ങൾ-
ക്കെന്നിനിക്കഴിയും?- ഹാ, പരതന്ത്രന്മാർ നിങ്ങൾ.
അടികൊണ്ടനങ്ങാതെ ഭാരവും പേറിപ്പോവൂ-
മടിമക്കഴുതകളല്ലല്ലി, കഷ്ടം നിങ്ങൾ!
നമിക്കാൻ മാത്രം നിങ്ങൾക്കുണ്ടൊരു ശിര, സ്സെന്തും
ക്ഷമിക്കാൻ മാത്രം വേണ്ടി സ്പന്ദിക്കും നെഞ്ഞിങ്കൂടും.
സ്തുതികീർത്തനം പാടാനുണ്ടൊരു ജിഹ്വാനാളം
സതതം ദാസ്യചെയ്യാനുണ്ടൊരു കരാഞ്ചലം
എന്നിട്ടും സർവ്വജ്ഞരാണെന്നാണു ഭാവം നിങ്ങൾ-
ക്കെന്നിനി നോക്കിക്കാണും നിങ്ങൾ നിങ്ങളെത്തന്നെ?
ഭാവശുദ്ധകളെന്ന കീർത്തിമുദ്രയും ചാർത്തി-
ഭാരതാംഗനകളേ, ഞെളിയുന്നല്ലോ നിങ്ങൾ!
സീതയും, സാവിത്രിയും, ഭാമയും ഞങ്ങൾക്കുണ്ടെ-
ന്നോതിയാൽക്കഴിഞ്ഞെന്നോ നിങ്ങൾതൻ സമാധാനം?
അക്കഥയെല്ലാമിരുന്നിന്നയവിറക്കിയാ-
ലുത്ക്കർഷമായെന്നാണോ നിങ്ങൾതന്നഭിമാനം?
മാമരത്തണലത്തു വട്ടമിട്ടേവം നിന്നു
മാവേലിപ്പാട്ടും പാടിക്കൈകൊട്ടിക്കളിക്കുമ്പോൾ
മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല-
ക്കൺമുന മിന്നൽപ്പിണരോരോന്നായെറിയുമ്പോൾ,
മുത്തണിപ്പൊന്മാലകൾ മാറിൽ വീണുലഞ്ഞുല-
ഞ്ഞൂത്തും ഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ,
അറിയാ, തതു കണ്ടിട്ടെൻ മിഴികളിൽപ്പേർത്തും
നിറയുന്നൂ ഹാ ചുടുകണ്ണീർക്കണികകൾ!
അമൃതം തുളുമ്പുമപ്പോർമുലക്കുടം, നിങ്ങൾ-
ക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേ?
താമരത്താരൊത്തൊരാക്കൈയുകൾ, ദാസന്മാരെ-
ത്താരാട്ടു പാടിപ്പാടി, ത്തൊട്ടിലാട്ടുവാനല്ലേ?
കർമ്മധീരരാമേറെ മക്കളെ പ്രസവിച്ച
കർമ്മഭൂവേ, നീ നിരാധാരയാണെന്നോ വന്നു?
ചെന്നിണം പെയ്തെങ്ങെങ്ങും വിപ്ലവക്കനൽ മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാൽ മതിയെന്നോ?
ഒന്നിതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പോഴേയ്ക്കും ത്യാഗ-
തുന്ദിലേ, ഭാരതാംബേ, നീ മുഖം പൊത്തുന്നെന്തേ?
പണ്ടത്തെ 'ശ്ശിബി'കളും'രന്തിദേവ' രുമാരും
കണ്ടിടാനില്ലിന്നെങ്ങും 'വ്വേനർ' മാത്രമേയുള്ളൂ!
സ്വന്തസോദരന്മാർതൻ ഹൃദ്രക്തമൂറ്റിക്കുടി-
ച്ചന്തസ്സിൽ തല പൊക്കുമന്തകന്മാരേയുള്ളൂ!
പാടത്തു പണിചെയ്യും പട്ടിണിക്കാരെപ്പേർത്തും
പാദത്താൽച്ചവിട്ടുന്ന പാപിഷ്ഠന്മാരേയുള്ളൂ!
അവർ നിൻ സുതന്മാരാണെങ്കിലെ, ന്താദ്യം ഞങ്ങൾ-
ക്കവരെ- ക്കുറച്ചിട കണ്ണടച്ചാലും മാതേ!
ആ രക്തക്കളമെല്ലാം വറ്റിപ്പോം, ഞൊടിക്കുള്ളി
ലാരമ്യാമൃതസരസ്സാഗതമാമങ്ങെല്ലാം
മുന്നിലക്കാണും കുന്നും കുഴിയും നീങ്ങിപ്പച്ച-
മിന്നിടും സമതലമുയരും സസ്യാഢ്യമായ്!
അവിടെപ്പാടിപ്പാടിപ്പറക്കും ക്ഷേമത്തിന്റെ
പവിഴക്കതിർ കൊത്തിത്തിന്നുകൊ, ണ്ടാശ്വാസങ്ങൾ
ദാസനാഥന്മാരറ്റോരാ നവനാകത്തിങ്കൽ
ഭാസുരേ, നീ രാജിയ്ക്കും സ്വച്ഛന്ദം, സ്വതന്ത്രയായ്!
ഇപ്പൊരിവെയില,ത്തമ്മേ, നിന്നു നീ കേഴുന്നല്ലോ!
കൽപിക്കുകൊന്നാ, വർഷക്കൊടുങ്കാറ്റടിയ്ക്കട്ടേ!
12-2-1938
കവിയുടെ പൂമാല
കമനീയ ചിന്തകൾ കോർത്തിണക്കി-
ക്കവിയൊരു കൺകക്കും മാലകെട്ടി.
അനുമാത്രമെമ്പാടുമായതിൽ നി-
ന്നനുഭവസൗരഭം വാർന്നൊഴുകി.
മൃദുലവികാരതരംഗകങ്ങ-
ളതിനു നിറപ്പകിട്ടേറെയേകി.
പരിചിലാമാലയും കൈയിലേന്തി
ത്തെരുവിലവൻ ചെന്നലഞ്ഞു ചുറ്റി.
ധനദന്മാർതൻ പടിവാതിൽതോറും
കനിവിൻ കണികയ്ക്കവനുഴറി.
അപഹാസവീക്ഷണം മാത്രമല്ലാ-
തവനെന്നാൽ സിദ്ധിച്ചില്ലാരിൽ നിന്നും
ഉദരത്തിൽ തീയെരിഞ്ഞാ മിഴിക-
ളുദിതാശ്രുധാരയിൽ മഗ്നമായി,
ഒരുവശം കാഞ്ചനനാണ്യജാല-
ത്തിരകളിൽത്തത്തുന്ന മദ്യകുംഭം,
മതിവിട്ടു മാറോടു ചേർത്തണച്ചു
മദഭരനൃത്തങ്ങൾ ചെയ്വു ലോകം!
ഒരുവശത്തൗന്നത്യം വേഷഭൂഷാ-
കിരണങ്ങൾ പാകിത്തളിർത്തു നിൽക്കെ;
അവതൻ തണലിൽ മയങ്ങി മേന്മേ-
ലനുപമസ്വപ്നങ്ങൾ കാൺമു ലോകം!
ഒരുവശത്തുൽക്കടവിത്തഗർവ്വം
തുരുതുരെപ്പീരങ്കിയുണ്ട പെയ്കെ,
ഉയരുമസ്സാമ്രാജ്യ തൃഷ്ണയാകു-
മുദധിയിൽക്കപ്പലോടിപ്പു ലോകം!
കലിതനൈരാശ്യ, മക്കൊച്ചുവാടാ-
മലർമാല്യം കയ്യിൽവഹിച്ചു, കഷ്ടം,
പൊരിയും വയറുമായ്ക്കാവ്യകാരൻ
തെരുവിലെരിവെയ്ലിൽ സഞ്ചരിപ്പൂ!
ഒരുവനുമില്ലതിൻ മാറ്ററിയാ-
നൊരുവനുമില്ല വിലയ്ക്കു വാങ്ങാൻ!
തെരുവിലന്നന്തിയിൽത്തൊണ്ടവറ്റി-
സ്സിരകൾ തളർന്നവൻ വീണോടുങ്ങി!
സമകൾ പലതും പറന്നുപോയി;
സമരാങ്കണങ്ങളും ശാന്തമായി;
പലപല കുന്നുകൾ വീണടിഞ്ഞു;
പലചെളിക്കുണ്ടും നികന്നകന്നു;
സമുദിതോത്കർഷങ്ങൾ പൂത്തുപൂത്തു
സമതലം മുന്നിൽ തെളിഞ്ഞു മിന്നി.
തുരുതുരെപ്പൂവുതിർത്തുല്ലസിയ്ക്കും
മരതകക്കാടിൻ നടുവിലായി
അവികലശാന്തിതൻ പേടകംപോ-
ലവിടെയക്കാൺമതേതസ്ഥിമാടം?
പരിണതവിശ്വാഭിനന്ദനങ്ങൾ
പനിനീർ തളിക്കുമപ്പുണ്യഭൂവിൽ,
സുകൃതൈകപാത്രമായത്യുദാരം
സുഖസുപ്തികൊള്ളുന്നതേതു ചിത്തം?
ഒരു നൂറ്റാണ്ടപ്പുറം, തീവെയിലി-
ലുരുകിത്തളർന്നൊരബ്ഭിക്ഷുഹസ്തം!
പരിതപ്തചിന്തകൾ കോർത്തിണക്കി-
പ്പരിചിൽ നിർമ്മിച്ചൊരപ്പുഷ്പമാല്യം,
അണുപോലും വാടാതപ്പുണ്യഭൂവി-
ലഴകിൽക്കുളിച്ചിന്നുമുല്ലസിപ്പൂ!
ജനചയാരാധനാസേവനങ്ങ-
ളനിശമതിൻ മുന്നിൽ സ്സംഭവിപ്പൂ!
3-5-1941
ഉന്മാദത്തിന്റെ ഓടക്കുഴൽ
ചുറ്റും കനത്തോരിരുമ്പഴി!- ജീവിത-
പ്പുറ്റിൽ ത്രസിപ്പൂ വികാരച്ചിതലുകൾ!
നീയാരു?- നീ വെറും ഭ്രാന്തൻ, നിനക്കു നിൻ-
നീറും മനസ്സിൽ നിലാവുദിക്കുന്നുവോ?
വൈദ്യശാസ്ത്രത്തിൻ മുനകൾ, ശമനങ്ങൾ
കുത്തിവെയ്ക്കുന്നു നിൻഹസ്തസിരകളിൽ.
ശോധനാബദ്ധമണയുന്നു നൈപുണ്യ-
ബോധഗർവ്വം നിൻ സമീപത്തു നിത്യവും
നീ വഴങ്ങാഞ്ഞാലതിന്റെ മൗഢ്യങ്ങൾക്കു
നീതമാകുന്നൂ, ഹാ, നിന്മുന്നിൽ മർദ്ദനം.
തജ്ജന്യഭീതിയാൽ, നൽകപ്പെടും മരു-
ന്നച്ചടക്കത്തോടെടുത്തു മോന്തുന്നു നീ.
നീലച്ചു, പച്ചച്ചു, മഞ്ഞച്ചു, നിൻമ്മുന്നിൽ
നീളേ നിരക്കുന്നിതൗഷധ ഭ്രാന്തുകൾ!
എന്നിട്ടു, മക്രമം നീയാണു നിൽപതീ
മന്നിന്റെ ദൃഷ്ടിയിൽ ഭ്രാന്തനായിപ്പൊഴും!! ...
എന്നേ, ഞാൻ നിങ്ങളെന്നല്ല, നീയെന്നാണു
ചൊന്ന, താകട്ടെ, യെന്നോമനയല്ലി ഞാൻ?
ഞാനെന്നോടോതുന്നിതോരോ പരാതികൾ
സാനുകമ്പം സാന്ത്വനിപ്പിപ്പതെന്നെ ഞാൻ.
ഞാനെന്റെ മുമ്പിൽ കരഞ്ഞിടുമ്പോ, ളെന്റെ
ഞാ, നെന്റെ ജീവ, നൊപ്പുന്നിതെൻ കണ്ണുകൾ!
എന്നെ ഞാൻ കിക്കിളികൂട്ടിച്ചിരിപ്പിക്കു-
മന്നേരമെന്നെ ഞാൻ കെട്ടിപ്പിടിച്ചിടും!
എന്തൊരാനന്ദമീയെന്നിലെ ഞങ്ങൾക്കു
ചിന്തേ, ചിറകു വിരിക്കു, വിരിക്കു നീ!!
ചുറ്റും കനത്തോരിരുമ്പഴി!- കൂരിരുൾ
മുറ്റുന്നു! - പിന്നെയും നോവുന്നു മന്മനം!
ആരെയും കാത്താണിരിപ്പതൊറ്റയ്ക്കു നീ-
യാരാലിവിടെയെൻ വെള്ളിനക്ഷത്രമേ?
അല്ലി, ന്നുമാകാരമാളാത്തൊരെൻപ്രാണ-
വല്ലഭൻ കൊച്ചുചന്ദനപ്പൊട്ടു നീ!
എങ്ങവ, ളെങ്ങവ, ളെങ്ങവ, ളെൻകീർത്തി-
യെങ്ങു?- പോകൊല്ലേ, വരുന്നു ഞാനും പ്രിയേ ....
അയ്യോ, കനത്തോരിരുമ്പഴി! - നീങ്ങുവാൻ
വയ്യെനി, ക്കെൻനെറ്റി പൊട്ടി, യോർത്തില്ല ഞാൻ!
എന്തീജലസ്പർശ? - മയേ്യാ കടും ചോര!
നൊന്തിടുന്നീലെനിക്കെന്നിട്ടു, മത്ഭുതം!
നെറ്റിപിളർപ്പിൽനിന്നൂറി, യിരുകവിൾ-
ത്തട്ടിലും കൂടിയൊലിപ്പൂ, ഹാ, ചെന്നിണം!
ചെന്നിണം, മെന്നഭ്യുദയേച്ഛപോലുള്ള
ചെന്നിണം! രോമാഞ്ചമേകുന്ന ചെന്നിണം.
ഓമനേ, നീയിപ്പൊഴുണ്ടായിരുന്നെങ്കി-
ലീ മന്ദഭാഗ്യന്നരികിൽ, നിൻനെറ്റിയിൽ,
എന്നാത്മരാഗസ്മരണ, യ്ക്കൊരിക്കലും
മങ്ങാത്തൊരുജ്ജ്വലകാശ്മീരചിത്രകം,
ചിത്രീകരിച്ചേനെ, ലോകം മറന്നിരു-
ന്നച്ചന്ദനപ്പൊട്ടു മാച്ചുകളഞ്ഞു ഞാൻ!
ആശിപ്പതെന്തി, നിഭ്രാന്തിനെപ്പോലും, മൊ-
ന്നാശീർവ്വദിക്കാൻ വരില്ല വരില്ല നീ11 ....
ഓർത്താൽക്കരഞ്ഞുപോം!- കേൾപ്പൂ ഞാനിപ്പൊഴും
നേർത്തുനേർത്തുള്ള നിൻ കാൽച്ചിലമ്പൊച്ചകൾ!
കഷ്ടം, യശസ്സേ, പിടികൊടുക്കാതെന്നെ-
യിട്ടുവേവിക്കും മരീചികയാണു നീ!
നിൻനെടുവീർപ്പിൻ സുഗന്ധലഹരിയിൽ
നിർമ്മഗ്നനായ്, സ്വയം മൂർച്ഛിച്ചുവീഴ്വു ഞാൻ!
പെട്ടെന്നു, മെയ്യിൽ, നിൻമായികപിഞ്ഛിക
മൂട്ടി, പ്പിടഞ്ഞാഞ്ഞുണർന്നെഴുന്നേറ്റു ഞാൻ!
മിന്നൽപോൽ പാഞ്ഞുപോം നിൻതുകിൽത്തുമ്പിലെ
പ്പൊന്നിൻ കസവൊളിമാത്രമീക്ഷിപ്പു ഞാൻ!
ദൂരത്തു ദൂരത്തദൃശ്യമായ് മിത്ഥ്യയായ്
ചേരുന്നു നീ മാഞ്ഞലിഞ്ഞലിഞ്ഞെന്തിലോ!
പാദം തളർന്നു പതിപ്പു ഞാൻ പിന്നെയും,
പാണിയിൽ താങ്ങുന്നിതെന്നെ നീ പിന്നെയും
ആവർത്തനങ്ങളിതായിരമായിര-
മായി, തെന്നി, ട്ടിന്നു, മപ്രാപ്യതന്നെ നീ!
മത്കലാസൃഷ്ടിയിൽ, നീയൊന്നിലെങ്കിലു-
മുൾക്കൊള്ളുമോ, മന്മൃതിക്കു പിൻപെങ്കിലും?
ഉത്കടക്ഷുത്തിന്റെ ഞെക്കലിൽ, സാത്വിക-
സത്കലാധർമ്മങ്ങൾ വിറ്റവനല്ല ഞാൻ.
ഭോഗാസ്പദമാമഭിരുചിക്കൊത്തമ-
ട്ടേകുവാനുള്ളതല്ലുള്ളതെങ്കൈവശം!
ആയിരുന്നെങ്കി, ലിന്നൈശ്വര്യശൃംഗത്തി-
ലാടിക്കളിച്ചേനെ മദ്വൈജയന്തികൾ!
ഇന്നു ഞാനുന്മാദി, ദീനൻ, ദരിദ്ര, നി-
ല്ലെന്നിലഭിനന്ദാർഹമായൊന്നുമേ.
ഭ്രാന്തൻ- ജഗത്തിന്റെ ദൃഷ്ടിയിൽ ഞാൻ വെറും
ഭ്രാന്തൻ- പതിതൻ, പരിഹാസപാത്രവാൻ,
മാനിപ്പൂ ഞാൻ സ്വയമെങ്കിലും ലോകമേ,
താണില്ല നിൻ കലാഭാസത്തിലേയ്ക്കു ഞാൻ!
നിൽക്കും കലാലോകരാജ്ഞിയായ് വാടാത്ത
പൊൻകതിർവീശിയെന്നെന്നുമെൻ 'മേനക!'
രാവും പകലുമനേകദിനങ്ങളാ-
ദ്ദേവിതൻ മുന്നിൽത്തപസ്സെത്ര ചെയ്തു ഞാൻ!
ആ 'രവിവർമ്മ' യെപ്പോലെ, ബാഹ്യാകാര
ചാരിമയാണു ഞാൻ പൂജിച്ചതെങ്കിലോ,
മോടിപ്പകിട്ടിനാൽ വിറ്റേനേ നിത്യവും
കോടിക്കണക്കിനെൻ ചിത്രങ്ങളൊക്കെ ഞാൻ!
പന്തടിപ്പീലെന്റെ മേനക, കാർകുഴൽ
ചിന്തി; യച്ചെന്തളിരാടയൂർന്നങ്ങനെ;
ശൃംഗാരസാന്ദ്രമദാലസയായ്, സ്മിത-
ഭംഗിയിൽ, വിശ്വം മയക്കുന്നുമില്ലവൾ
പാപസഞ്ജാതോത്കടാതങ്കഗർത്തത്തി-
ലാപതിച്ചാഞ്ഞു പിടയ്ക്കുമാത്മാക്കളെ,
ഉദ്ധരിച്ചാ സ്വർഗ്ഗമേഖലയിങ്കലേ-
യ്ക്കെത്തിച്ചിടും മുക്തിയാണെന്റെ മേനക!
ശന്തിതൻ പീയൂഷകുംഭമദൃശ്യമാ-
യേന്തിവന്നെത്തുന്നനുഭവമാണവൾ!
മന്നിൻ കദനാന്ധകാരത്തിലംശുക്കൾ
ചിന്നും സജീവമാം സാന്ത്വനമാണവൾ!
എന്നിട്ടു, മാഴക്കരിക്കുള്ള കാശു ത-
ന്നിന്നതു വാങ്ങുവാനില്ലൊരാളെങ്കിലും!
ശുദ്ധോപവാസമായ് നിർമ്മിച്ചതാ, ണൊരു
സിദ്ധിയായ് ഞാനിന്നുമെണ്ണും 'ശകുന്തള'
കാളിദാസന്റെ ഹൃദയം, ജഗത്തിനെ-
ക്കാണിച്ചതാണതു, ചായത്തിലൂടെ ഞാൻ!
ആടയഴിഞ്ഞു, മക്കഞ്ചുകം നീങ്ങിയു-
മാടിക്കുഴയും ചലച്ചിത്രതാരകൾ,
കണ്ണാടിയിട്ടുവെച്ചാലയഭിത്തികൾ
ക്രമീകരിക്കുവാൻ വെമ്പുന്നിതാളുകൾ
ആരും തിനിഞ്ഞുനോക്കാതൊരു മൂലയിൽ
മാറാമ്പൽ മൂടി ദ്രവിപ്പൂ ശകുന്തള!
കാമത്തഴപ്പിന്റെ കാളകാകോളമേ
കാലം മറഞ്ഞു, കലയായ്ക്കഴിഞ്ഞു നീ!
നീറുന്നു മന്മനം!- ഞാനവസാനമാ-
യാറുമാസം പണിപ്പെട്ടൊര 'സ്വപ്ന' മോ?
ഇന്നുമപൂർണ്ണം!- അപൂർണ്ണമാണെങ്കിലെ-
ന്തന്യമില്ലൊന്നുമാച്ചിത്രത്തെ വെല്ലുവാൻ!
മജ്ജീവിതത്തിൻ വിജയപതാകയാ-
ണച്ചെറുചിത്രം, കലാലോകവിസ്മയം!
പശ്ചാത്തലത്തിൽ മുഴുക്കെ, ക്കരിമുകിൽ
മുടിയവാനും തമോമയഭൂമിയും,
അന്തരീക്ഷാങ്കത്തിലന്ധകാരക്കരി-
ങ്കമ്പിളി മൂടിക്കിടക്കുന്ന മൗനവും;
മുന്നിൽ മരച്ചോട്ടി, ലെല്ലും തൊലിയുമായ്
മണ്ണിൽ മരവിച്ചുവീണൊരു ഭിക്ഷുവും;
തന്മീലിതക്ഷിപുടങ്ങളെ, വിണ്ണിൽനി-
ന്നുമ്മവെയ്ക്കാനായ് വരുമൊരു രശ്മിയും;
ഇല്ലമറ്റൊന്നും!- മരിക്കിലും ഞാൻ, മരി-
ക്കില്ല, മൽസ്വപ്നം!- വിശപ്പിൽ വേവുന്നു ഞാൻ!
ചുറ്റുമിപ്പൊഴും മിരുമ്പഴി!- പിന്നെയും
കട്ടിവെയ്ക്കുന്നുണ്ടിരുട്ടിന്നു മേൽക്കുമേൽ!
ആസന്നമാണെനിക്കന്ത്യം- ജഗത്തിന്റെ
ഹാസം പതിക്കു, മടയുമെൻ കൺകളിൽ!
എന്നാലതിൻമുൻപൊരിക്ക, ലാ നിൻ മുഖ-
മൊന്നുകാണാ, നെനിക്കൊത്തെങ്കി, ലോമനേ!
ഈ നാരകീയോഗദു:ഖങ്ങൾ സർവ്വവും-
മാനന്ദമാണെനിക്കാഗതയാകിൽ നീ!
എൻമൃതഗാത്രത്തിൽ വീഴും വിടർന്ന നിൻ-
കണ്ണിൽനിന്നിറ്റിറ്റു കണ്ണീർക്കണികകൾ!
മൽച്ചിതയിങ്കലെത്തിജ്ജ്വാലകൾക്കുള്ളി-
ലിട്ടു ഹോമിക്കുമെന്മാലിന്യമൊക്കെ നീ!
മന്നിലെൻ നാമമുയർത്തി, നീ മേൽക്കുമേൽ
മിന്നിക്കുമുജ്ജ്വലസ്വർണ്ണലിപികളിൽ
വിശ്വാഭിനന്ദനം നീയാനയിച്ചിടും
ശശ്വൽപ്രതിഷ്ഠനാമെൻകലാവേദിയിൽ
എങ്കിലു, മെങ്കിലു, മപ്രാപ്തയായ് നിൽപ-
തെന്തെന്യശസ്സേ, മുഖപടം ചാർത്തി നീ!
നാളെ- സമസ്തവും നാളെ- നിരാശതൻ
കാളിമ കണ്ടു നടുങ്ങുന്നതിന്നു ഞാൻ!
എൻതലയ്ക്കുള്ളിൽ തളരുന്ന മത്സിരാ-
തന്തുക്കൾ! മന്ദമടയുന്നു കണ്ണുകൾ!
ചാരത്തു ചാരത്തണവതായ്ത്തോന്നുന്നു
നേരിയോരേതോ ചിറകടിയൊച്ചകൾ!
മിന്നാമിനുങ്ങിൻ തിളക്കങ്ങൾ, ദൂരത്തു
മിന്നുന്നു പൊന്നിൻകസവൊളിവീചികൾ!
ചന്ദ്രിക!- മദൃശസ്സിന്റെ മനോഹര-
മന്ദസ്മിതമ്പോൽ വിടരുന്നു ചന്ദ്രിക!
കൽപകസൗരഭം!- സ്വപ്നം!- തളർച്ച, യി-
ത്തൽപത്തിലൊന്നു തലചായ്ച്ചിടട്ടെ ഞാൻ!
21-6-1942
ജീവിതത്തിന്റെ നെടുവീർപ്പ്
അന്തിക്കതിരോൻ മറഞ്ഞു, ലോക-
മന്ധകാരത്തിലടിഞ്ഞു.
കാലത്തുതൊട്ടേ നടപ്പാ, ണെന്റെ
കാലുകളയ്യോ, കുഴഞ്ഞു.
ഇന്നിനിയാ മരച്ചോട്ടിൽ, ഞാൻ ചെ-
ന്നൊന്നെൻ നടുവു നീർത്തട്ടെ!
വാഴക്കുടപ്പനിൽത്തത്തിത്തൂങ്ങും
വാവൽക്കിടാവിനെപ്പോലെ,
എൻമുലക്കണ്ണുകൾ ചപ്പിച്ചപ്പി
യിമ്മണികൈക്കുഞ്ഞുറങ്ങി,
എത്രവിശന്നു പൊരിഞ്ഞു, പാവ-
മെത്ര കിടന്നു കരഞ്ഞു!
വീടായവീടൊക്കെത്തെണ്ടിത്തെണ്ടി
നാടൊട്ടുക്കിന്നു ഞാൻ ചുറ്റി;
എന്നിട്ടുരിക്കഞ്ഞിവെള്ളം, കിട്ടീ-
ലെന്നോമൽക്കുഞ്ഞിനു കഷ്ടം!
അല്ലലെരിയുമെൻ നെഞ്ചിങ്കൂട്ടി-
ലില്ല മുലപ്പാലുപോലും!
നിദ്രയിൽക്കൈവിരൽത്തുമ്പും നുണ-
ഞ്ഞെത്രയും ദീനമാം മട്ടിൽ,
മണ്ണിൽക്കിടക്കുമിക്കുഞ്ഞിൻ നേർക്കു
കണ്ണൊന്നയച്ചിടും നേരം,
പെറ്റുപോയില്ലേ ഞാൻ?- അയ്യോ, നീറി-
പ്പൊട്ടുകയാണെൻഹൃദയം.
പിച്ചതെണ്ടീടുവാൻപോലും, തീരെ-
പ്പറ്റാത്തതായ്ത്തീർന്നു ലോകം!
എച്ചിലും കൂടിയില്ലെങ്ങും കിട്ടാ-
നെത്ര മാറിപ്പോയി കാലം!
"നെല്ലില്ല, രിയില്ല, തേയ്ക്കാനെണ്ണ-
യില്ല, തുണിയില്ലുടുക്കാൻ!
ഞങ്ങൾക്കുകൂടിയില്ലൊന്നും- പിന്നെ-
യെങ്ങനെ നിങ്ങൾക്കു നൽകും?"
പാവങ്ങൾ ഞങ്ങൾതൻ നേരേ നോക്കി-
യേവം പുലമ്പുന്നു ലോകം.
ശബ്ദിച്ചിടാതെ ശിരസ്സും താഴ്ത്തി-
ശ്ശപ്തരാം ഞങ്ങൾ തിരിക്കേ,
പട്ടണവീഥിയിലെത്തും നേരം
ഞെട്ടുന്നു മാനസം വീണ്ടും!
ഓരോ കടയിലും കാൺമൂ, പട്ടു-
സാരികൾ വിൽക്കും ബഹളം.
മേൽക്കുമേൽ മറ്റൊരു ദിക്കി, ലരി-
ച്ചാക്കടുക്കീടുന്ന ഘോഷം,
വിറ്റിടുന്നുണ്ടു സുഗന്ധമേറെ
മുറ്റുന്ന കുന്തളതൈലം,
എത്രയ്ക്കു തിക്കും തിരക്കും ചല-
ച്ചിത്രശാലയ്ക്കകത്തിന്നും!
അത്ഭുത, മിപ്പൊഴും കാണ്മൂ, മേന്മേ-
ലശ്വശകടവും കാറും.
നിന്നിട്ടില്ലൊട്ടും, പണക്കാർക്കിട-
യ്ക്കിന്നും വിരുന്നുസൽക്കാരം!
ത്യക്തവിവിക്തമല്ലൊട്ടും, ഹൃദ്യ-
മദ്യാലയോത്സംഗരംഗം!
വൈദ്യുതപ്പങ്കയ്ക്കരികി, ലോരോ
വൈശ്രവണന്മാരിരിപ്പൂ.
ആടലകന്നവർ കാലും നീട്ടി
'റേഡിയോ' കേട്ടു രസിപ്പൂ.
പട്ടിണിക്കാർ ഞങ്ങൾ ചെന്നാൽ, ചൊല്ലാൻ
'യുദ്ധ' മെന്നുണ്ടൊരു ശന്ദം.
'ഇല്ലക്കമ്പാട' ലിതെല്ലാമാണു
കല്ലേറിനേക്കാളസഹ്യം!
വിത്തേശ്വരർക്കല്ല ഞങ്ങൾക്കാണീ
യുദ്ധവും ക്ഷാമവുമെല്ലാം.
ഒട്ടിയിട്ടില്ലവർക്കാർക്കുംതന്നെ-
യൊട്ടും കുടവയറിന്നും,
തപ്തരാം ഞങ്ങളെ നോക്കൂ, ഞങ്ങ-
ളസ്ഥിയും തോലുമായ്ത്തീർന്നു.
ഇല്ല, പാവങ്ങൾക്കുടലിന്നക-
ത്തില്ലിറച്ചിക്കവകാശം!
ഹന്ത, യിക്ഷുദ്രലോകത്തിൽ വന്ന-
തെന്തിനെന്നോമനേ, നീയും?
മന്ദഹസിപ്പിതോ, ഹാ, നീ? -ഉണ്ടോ
മന്ദസ്മിതങ്ങൾ നിനക്കും?
സങ്കലിതോന്മാദമോമൽക്കുളിർ-
ത്തങ്കച്ചിറകുകൾ വീശി,
സ്വപ്നസ്വരൂപിണിമാരാം ലസൽ-
സ്വർഗ്ഗീയദേവിമാരാരാൽ,
ഓരോരോ ചില്ലപ്പഴുതിൽകൂടി-
ച്ചോരുന്ന പൈമ്പാൽനിലാവിൽ,
ഉദ്രസമൂർന്നൂർന്നിറങ്ങി, ച്ചിരി-
ച്ചെത്തുന്നുവോ, നിന്നടുത്തും?
മന്നിൽനിനക്കുമുണ്ടെന്നോ ചില
പൊന്നിൻകിനാക്കളെൻകുഞ്ഞേ?
ആകട്ടെ; നീയെന്തറിഞ്ഞൂ!- നിന്റെ
ലോകത്തിലുണ്ടോ വെളിച്ചം?
വാർമണിപ്പൈതലേ, കഷ്ടം, മന്നി-
ലാർ നിനക്കേകി നിൻജന്മം?
അന്തവുമാദിയുമില്ലാതുള്ളൊ-
രന്ധകാരത്തിൻ ഗുഹയിൽ,
എങ്ങോമറഞ്ഞുകിടപ്പാ, ണെനി-
ക്കിന്നുമജ്ഞാതമസ്സത്യം!
ദേഹത്തെസ്നേഹിച്ചമൂലം, എന്റെ
ദേഹത്തെ വിറ്റു ഞാൻ, കുഞ്ഞേ!
ഭോഗം മെതിച്ചൊരെന്ദേഹം, ഇന്നു
രോഗം മദിക്കുന്ന ഗഹം!
മൽക്കരൾ പൊട്ടി ഞാൻ ചത്താ, ലൊരു
പുൽക്കൊടിയില്ലൊന്നു കേഴാൻ!
ഈ വിധം ജീവിപ്പതേക്കാൾ വീണു
ചാവുന്നതെത്രയോ ഭേദം!
കാളും വിശപ്പിൽ നീ തേങ്ങിത്തേങ്ങി-
ക്കാലടിച്ചാർത്തു പിടയ്ക്കേ;
നിൻമുഖത്തിറ്റിറ്റു വീണോ, രെന്റെ
കണ്ണീർ നീ നക്കിക്കുടിയ്ക്കേ;
അക്കാഴ്ച കാൺകെ ഞാൻ പേർത്തും പേർത്തും
പൊക്കിയിട്ടുണ്ടെന്റെ കൈകൾ,
നെഞ്ഞടിച്ചീടവേ, മേന്മേൽ, നിന്റെ
കുഞ്ഞിക്കഴുത്തു ഞെരിക്കാൻ!
ശക്തിവന്നില്ലെനിക്കെന്നാൽ, നീയെൻ-
രക്തവും മാംസവുമല്ലേ?
കൊല്ലുന്നതാണിതിൽഭേദം, പക്ഷെ
കൊല്ലുമോ?- ഞാൻ തള്ളയല്ലേ?
കഷ്ട, മിതെന്തൊരു ലോകം-ഇതിൽ-
പ്പട്ടിണിക്കാർക്കെന്തു കാര്യം?
വേണ്ട, വേണ്ടീ, ലോകം വേണ്ടേ, വേണ്ടി-
താണ്ടുകൊള്ളട്ടെ കടലിൽ?
കൽപോഗ്രനൈദാഘം കത്തിക്കാളി-
ക്കൽക്കിവരാനെന്തമാന്തം? .....
28-8-1943
ഇന്നത്തെ നില
ഇല്ല വെളിച്ചം, വെളിച്ചമില്ലൽപവും
മെല്ലാമിരുട്ടാ, ണിരുട്ടിലാകുന്നു നാം!
കണ്ണും തുറന്നു നാം നിൽക്കയാണെങ്കിലും
കാണുന്നതില്ലിപ്പരിസരമൊന്നുമേ!
ചുറ്റുമായ് വന്നു പൊതിയുന്നു നമ്മളെ-
പ്പട്ടിണികൊണ്ടു പൊരിയും നിലവിളി
നിർലജ്ജമന്നിട്ടു, മെന്നുമദ്ദീനർത-
ന്നെല്ലും ചവിട്ടിക്കുതിക്കുകയാണു നാം.
നമ്മൾക്കവസരമില്ലൊരു ലേശ, മൊ-
ന്നമ്മർത്ത്യരെക്കുറിച്ചോർക്കുവാൻകൂടിയും!
അത്യുന്നതമായ സംസ്കാരശൃംഗത്തി-
ലെത്തിയെന്നോർക്കും പരിഷ്കൃതരാണു നാം!
ആ നമ്മളെന്നാ, ലറിവീല, കഷ്ട, മാ
മാനവത്വത്തിൻ വെറും ബാലപാഠവും!
കണ്ടുപിടിത്തങ്ങൾകൊണ്ടു ശാസ്ത്രത്തിനെ-
ച്ചെണ്ടിടുവിച്ചു! സുഖിക്കുവാൻവേണ്ടി നാം!
എന്നാലവതൻ വിഷഫലമോരോന്നു-
തിന്നിതാ മൂർച്ഛിപ്പൂ നീതിധർമ്മാദികൾ.
ഇന്നു നാം ശക്തർ സ്ഥലകാലസീമകൾ
പിന്നിട്ടുപോലും ജയക്കൊടി നാട്ടുവാൻ.
എന്നാലിവകൊണ്ടു നേടിയ നേട്ടമോ?
ചെന്നിണം!- അയ്യോ, വെറും കുരുതിക്കളം!
ഓമൽസ്സഹജർതന്നസ്ഥികൂടങ്ങളാൽ
പൂമണിമേടകൾ തീർത്തു സുഖിപ്പു നാം!
ഒന്നിനൊന്നായ് സമസൃഷ്ടികളെത്തന്നെ
കൊന്നുതിന്നും വെറും കാട്ടുമൃഗങ്ങൾ നാം!
ചൂടും വെയിലും സഹിച്ചു സമൃദ്ധമായ്
പാടത്തു പച്ചപിടിപ്പിച്ച കർഷകൻ-
പങ്കയ്ക്കുകീഴിൽ നമുക്കുറങ്ങീടുവാൻ
ചങ്കുപൊട്ടുമ്മാറുഴുകുമക്കർഷകൻ-
തങ്കനാണ്യങ്ങളാൽ നമ്മെ മൂടീടുവാൻ
തൻജീവരക്തം ചൊരിയുമക്കർഷകൻ-
അക്കർഷകന്റെ മുതുകത്തിരുന്നു ഹാ,
ഞെക്കുന്നു വറ്റിവരണ്ടൊരത്തോണ്ട നാം.
ആ നിമിഷംതന്നെ നാം പ്രസംഗിക്കുന്നു;-
'ഹാ, നമ്മളെല്ലാം നമിക്കണം നീതിയെ!'
'നീതി!- മനുഷ്യൻ മനുഷ്യനെത്തിന്നുന്ന
നീതി!- ലോകത്തിന്റെ നീതിയിതാണുപോൽ!!
ഉദ്ധാരണത്തിനുമാകാതധ:പതി-
ച്ചത്രമാത്രം നീ ദുഷിച്ചുപോയ്, ലോകമേ!
പാടേ, യൊരു കൊടുങ്കാറ്റു വ, ന്നിന്നുള്ള
പാഴ്മരച്ചാർത്തുകൾ വെരറ്റു വീഴണം!
കുന്നും കുഴിയും നികന്നക, ന്നൊക്കെയു-
മൊന്നാ, യൊരോമൽസ്സമതലമാകണം!
തെല്ലുമലസരായാരും നശിച്ചിടാ-
തെല്ലാരുമോരോ തൊഴിലാളിയാവണം!
ദാസനും നാഥനുമില്ലാതെ മേൽക്കുമേൽ
ഭാസിയ്ക്കണം തോളുരുമ്മിസ്സഹജർ നാം!
അപ്പരിവർത്തന, മഭ്യുദയത്തിലേ-
യ്ക്കപ്രതിരോദ്ധ്യമാമപ്പരിവർത്തനം
സംഭവിച്ചെങ്കി, ലതിൽനിന്നു മാത്രമേ
സംഭൂതമാകൂ സമാധാനസൗരഭം!
അന്നാണുദയം, വെളിച്ചം പരിഷ്കാര-
മന്നോളവും നാമിരുട്ടിലാണെപ്പൊഴും!
കഷ്ടം, മനുഷ്യൻ മനുഷ്യനായ്ത്തീരുമാ-
സ്സുപ്രഭാതം വന്നുദിപ്പതെന്നാണിനി?
വിശ്വസമാധാനദായിയാമപ്രേമ-
വിപ്ലവം കാറ്റുവീശുന്നതെന്നാണിനി?
കാന്തവിശാലമാം സ്വാതന്ത്ര്യസീമയിൽ
ശാന്തി പുല്ലാങ്കുഴലൂതുന്നതെന്നിനി! ....
13-2-1937
വിജയഗീതം
(പാലക്കാട്ടു സാഹിത്യപരിഷത്തിൽ വായിച്ചത്)
മുന്നോട്ടടങ്ങാത്ത നിൻകൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകു യുവത്വമേ!
അത്യുച്ചമാം നിന്നിരമ്പൽ ദൂരത്തുനി-
ന്നെത്തുന്നതവ്യക്തമാണെന്നിരിക്കിലും
പേർത്തും വിറച്ചുതുടങ്ങിയുണക്കില-
ച്ചാർത്തുകളാർത്തിയാർന്നുൽക്കടഭീതിയാൽ!
വെള്ളിത്തലമുടി പൂണ്ട നൂറ്റാണ്ടുക-
ളുള്ളഴിഞ്ഞേകിയ മംഗളാശംസകൾ
ഉൾക്കൊണ്ടു ശാശ്വതത്വം സ്വയം ഭാവിച്ചു
നിൽക്കും മഹാവൃക്ഷസഞ്ചയം കൂറ്റിയും,
കമ്പിതശാഖയാൽ കൈമലർത്തിപ്പാര-
മമ്പരപ്പോടുറ്റുനോക്കുന്നു ചുറ്റിലും!
വെമ്പി വിളറിത്തുടങ്ങി, യുഷസ്സിന്റെ
മുമ്പിലുത്തുംഗസ്ഥകാഞ്ചനതാരകൾ.
മുന്നോട്ടടങ്ങാത്ത നിൻകൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
നഷ്ടംവരാനെന്തിരിക്കുന്നു, ഹാ, കുറെ
ക്ഷുദ്രപത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതിൽ?
പാതവക്കത്തെച്ചിലന്തിനൂൽക്കെട്ടുകൾ
പാദ പാതത്തിൽ തകർന്നു പോകുന്നതിൽ?
അഭ്രാനനം, മുകർന്നാടും മരങ്ങളോ-
ടൊപ്പമീയോമൽതൃണങ്കുരശ്രേണിയും
സന്തതമാസ്വദിച്ചീടട്ടനന്തമാ-
മന്തരീക്ഷത്തിൻ വിശുദ്ധവായുക്കളെ!
നീയതിൽ നിത്യം വിഷപ്പുക ചേർക്കയോ,
നീതി നിർമ്മിക്കുന്ന നിർദ്ദയസ്വാർത്ഥതേ?
നിന്നസ്തിവാരം തകരാൻ തുടങ്ങി, നീ
നിന്നു കാലൂന്നിയാലില്ല ഫലമിനി.
രക്തപുഷ്പങ്ങൾ / വിജയഗീതം
ചങ്ങമ്പുഴ
മുന്നോട്ടടങ്ങാത്ത നിൻ കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
കർഷകരാജ്യമതിങ്കലാകർഷക-
ഹർഷപുളകം മുളയ്ക്കട്ടെ മേൽക്കുമേൽ!
കുന്നുകൾ വീണു കുഴികൾ നികരട്ടെ.
വിണ്ണിൻ വെളിച്ചം കുടിക്കട്ടെ ജീവികൾ
സസ്മിതം സീമയറ്റുല്ലസിച്ചീടട്ടെ,
സസ്യസമൃദ്ധസമതലഭൂമികൾ!
ഓരോപരിവർത്തനങ്ങൾ കളകള-
ധാരയിൽ മുക്കട്ടെ ജീവിതത്തോപ്പുകൾ!
എപ്പൊഴും വീണവായിച്ചുകൊണ്ടെത്തിട-
ട്ടഭ്യുദയങ്ങളാമപ്സര:കന്യകൾ!
മന്ദിരം തോറുമനാരതം സ്വാതന്ത്യ്ര-
മന്ദ്രഘോഷങ്ങൾ മുഴങ്ങട്ടെമേൽക്കുമേൽ!
മുന്നോട്ടടങ്ങാത്ത നിൻ കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
30-12-1940
പരിവർത്തനം
ഭാവസാന്ദ്രോദ്യുത്സ്മിതാങ്കിതോത്ഫുല്ലമാം
ജീവിതത്തിന്റെ വസന്തം കഴിഞ്ഞുപോയ്.
എങ്ങോ പറന്നുപോയെന്നിൽനി, ന്നെപ്പൊഴും
സംഗീതധാര ചൊരിഞ്ഞൊരച്ചിന്തകൾ.
എല്ലാം കഴിഞ്ഞു, വിരിഞ്ഞമലരുക-
ളെല്ലാം കൊഴിഞ്ഞു, മറഞ്ഞു പരിമളം!
സ്പന്ദിപ്പതില്ലെൻപരിസരം, സൗന്ദര്യ-
ശിഞ്ജിതത്താലിന്നു, പണ്ടത്തെ മാതിരി.
കാണുമാറില്ല ഞാനിന്നു, വന്നെൻമുന്നിൽ
നാണം കുണുങ്ങുന്ന പൊന്നിൻകിനാക്കളെ.
കൽപനകോടികൾതൻ കണ്മുനകളാ-
ലുൽപലമാലകൾ ചാർത്തിടാറില്ല ഞാൻ.
നീറുന്ന മന്മനം, ഹന്ത ദുഷ്കാലമേ,
നീയെന്തിനേകിയതിപ്പരിവർത്തനം?
കർമ്മക്രമങ്ങൾതന്നുത്തുംഗഭീമമാം
കന്മതിലാണിന്നു, കഷ്ട, മെൻ ചുറ്റിലും
ചൂടും വെളിച്ചവും കേറാത്ത പാഴ്നിഴൽ-
പ്പാടുകൾതൻ പ്രേതലോകത്തിലാണു ഞാൻ.
ഒന്നനങ്ങാൻകൂടി വയ്യെനി,യ്ക്കെൻകാൽക-
ളൊന്നിച്ചുപൂട്ടുമിച്ചങ്ങലച്ചുറ്റിനാൽ!
ശുഷ്കിച്ചുണങ്ങിവരണ്ടൊരക്കങ്ങളെ
ഞെക്കിഞെരടിക്കുഴയുമെൻകൈകളാൽ
മാടിവിളിപ്പൂ ഞാൻ പിന്നെയും നിങ്ങളെ-
മൂടുപടമിട്ട തങ്കക്കിനാക്കളേ!
പ്രജ്ഞയ്ക്കൊരെത്തുംപിടിയും കൊടുക്കാത്തൊ-
രജ്ഞാതമാം ശപ്തസർഗ്ഗപ്രഭാവമേ,
ഈ വിശപ്പിക്കുന്ന ലോകത്തിൽ, മർത്ത്യനാ-
യാവിർഭവിപ്പിച്ചതെന്തിനാണെന്നെ നീ?
നാക്കും പുറത്തിട്ടലഞ്ഞു നടക്കുമാ-
നായ്ക്കൾക്കുപോലും കഴിയാം സ്വതന്ത്രമായ്!
ജീവിതഭാരവും പേറി, യനങ്ങുവാ-
നാവാതിരുന്നു നരകിപ്പതില്ലവ!
ആരുമവയോടസൂയപ്പെടുന്നുമി-
ല്ലാരുമപഹസിയ്ക്കുന്നില്ലൊരിക്കലും.
ജീവിതത്തോടു ചെന്നേറ്റുമുട്ടുമ്പോഴെൻ-
ജീവൻ മുഴുക്കെപ്പരുക്കെറ്റടിവു ഞാൻ.
അൽപേതരോന്മദം താവും ഹൃദയവു-
മശ്രൂബിന്ദുക്കളണിയും മുഖവുമായ്,
മൽപതനത്തിനു സാക്ഷ്യം വഹിക്കുവാൻ
സസ്പൃഹമെത്തുന്നു ചുറ്റും സഖാക്കളും!
എന്തിതോ ലോകം; 'ഇവിടെ ജീവിക്കലാ-
ണെന്തിനേക്കാളും വിഷമം നിനയ്ക്കുകിൽ!! ....
പോകട്ടെ സർവ്വവും, പൊള്ളയായ്ത്തീരട്ടെ
ലോക, മെനിക്കതിലില്ല മേ കുണ്ഠിതം.
മുന്നേക്കണക്കിനി മേലിലു, മാക്കുളിർ-
പ്പൊന്നിൻ കിനാക്കളെൻമുന്നിൽ വന്നാൽ മതി,
ശോകം തുളുമ്പുമെന്നേകാന്തതയിലും
നാകം രചിക്കാനവയ്ക്കുണ്ടു വൈഭവം!
കോമളമാമക്കരസ്പർശമാത്രയിൽ-
ക്കോള്മയിർക്കൊള്ളുമെന്നാത്മാവു കൂടിയും!
നിസ്തുലമാമൊരു നിർവൃതിതൻ ഹൃദ്യ-
മദ്യലഹരിയിൽ മത്തടിച്ചങ്ങനെ,
ആടിയും പാടിയും ശാന്തിതൻ കൽപക-
വാടിയിൽ നീളെ വിഹരിക്കുമെൻ മനം.
ഇന്നിക്കൊടും കൽത്തുറുങ്കിനകത്തുനി-
ന്നെന്നെ നീ കാലമേ വിട്ടയയ്ക്കേണമേ!
29-7-1943.