കലാകേളി
കലാകേളി
ചങ്ങമ്പുഴ
മുരളി
ആയിരമായിരം കൊല്ലങ്ങൾക്കപ്പുറ-
ത്തായിരുന്നില്ലേ നിൻ സ്വപ്നനൃത്തം!
ഇന്നുമീ മന്നിൻ മനസ്സിൽ പുളകങ്ങൾ
ചിന്നി നീ മേന്മേൽ സമുല്ലസിപ്പൂ!
എന്തെല്ലാ, മെന്തെല്ലാം മാറ്റങ്ങൾക്കിന്നോളം
സിന്ധുവും ഗംഗയും സാക്ഷിനിന്നു?
എന്തെല്ലാം കാഴ്ചകൾ നേരിട്ടു കണ്ടില്ലീ
വിന്ധ്യനും തുംഗഹിമാലയവും?
അന്നന്നു കണ്ടവ കണ്ടതുപോലവ-
രന്നുതന്നെ മറന്നിരുന്നു.
വിസ്മയമാണോർത്താ, ലൊത്തിട്ടില്ലെന്നാലും
വിസ്മൃതിക്കിന്നോളം നിന്നെ മായ്ക്കാൻ!
നേർത്ത നിൻ മൂടുപടവുമിട്ടങ്ങനെ
പേർത്തും നീ ചെയ്വു നിൻ ദേവനൃത്തം.
ഇന്നും പ്രപഞ്ചം ചെവിക്കൊൾകയാണിതാ
നിന്നോമൽപ്പൊൻകാൽച്ചിലമ്പൊലികൾ!
കാണുന്നു മുന്നിൽ, നീ മേളിച്ചിരുന്നൊര-
ച്ചേണഞ്ചും വൃന്ദാവനത്തെ ഞങ്ങൾ!
അപ്രാപ്തരാണയേ വിസ്മരിക്കാൻ ഞ്ങ്ങ-
ളപ്പൂത്തുനിൽക്കും നികുഞ്ജകങ്ങൾ.
മഞ്ഞിൽ കുളിച്ചു കുളിരെഴും ഹേമന്ത-
മഞ്ജുളചന്ദ്രികയുല്ലസിക്കെ;
അത്തളിർവല്ലിക്കുടിലുകൾതോറുമ-
ന്നെത്ര മോഹങ്ങൾ പറന്നു പാടി!
അക്കൂജനങ്ങളിൽ തിങ്ങിത്തുളുമ്പി, യൊ-
രുൽക്കടപ്രേമത്തിൻ യാതനകൾ!
ആയവയ്ക്കന്നെല്ലാമാശ്വാസമേകിയ
മായികയല്ലയോ മാദകേ, നീ?
പ്രേമാലസാർദ്രയായ രാധ മരുവിയ
കോമളനീലശിലാതലവും;
ചുറ്റു, മടിമുടി മൊട്ടിട്ടു മൊട്ടിട്ടു
മുറ്റും കുറുമൊഴിമുല്ലകളും;
ചാരിയാൽക്കോള്മയിർക്കൊള്ളാമെന്നാശിച്ചു
ചാരത്തു നിൽക്കുമപ്പൊൻകടമ്പും;
ആ നല്ല രാത്രിയെ വർണ്ണിച്ചുവർണ്ണിച്ചു
ഗാനം പൊഴിക്കുന്ന രാക്കുയിലും;
ആനന്ദസ്വപ്നാങ്കുരങ്ങൾപോൽ മിന്നുന്നൊ-
കലാകേളി / മുരളി
ചങ്ങമ്പുഴ
രായിരമായിരം താരകളും;
ആലോലവീചികൾ പുൽകുമാ യാമുനാ-
കൂലവുമെങ്ങനെ വിസ്മരിക്കും?
അന്നത്തെ നാടകം വർണ്ണിച്ചു പാടിക്കൊ-
ണ്ടിന്നും ലസിപ്പൂ നീയപ്സരസ്സേ!
എത്രശതാബ്ദങ്ങൾ വന്നിനിപ്പോകിലും
മർത്ത്യസംസ്കാരത്തിൻ വിസ്തൃതിയിൽ
നിത്യതാരുണ്യമിയന്നന്നും നിൻ ദേവ-
നൃത്തം തുടർന്നീടും മോഹനേ, നീ!
കണ്ണന്റെ വേണുവിൻ കമ്രസന്താനമേ,
പുണ്യസംഗീതമേ, വെല്കയേ നീ!
കലാകേളി
ചങ്ങമ്പുഴ
പ്രതീക്ഷയുടെ മുൻപിൽ
ഓമൽപ്രതീക്ഷേ, മനസ്സു പുണ്ണാക്കുമെൻ
പ്രേമവ്യഥകളെച്ചുംബിച്ചുറക്കി നീ,
ഏതേതു ഗന്ധർവ്വപത്തനത്തിങ്കൽ നീ-
ന്നേതാദൃശം പറന്നെന്നടുത്തെത്തി നീ?
നിത്യം തളമിട്ടു നിൽക്കുന്നു നിൻ മുന്നി-
ലത്യുജ്ജ്വലങ്ങളാമായിരമാശകൾ.
പാവകജ്ജ്വാലകൾപോലും തണുപ്പിച്ചു
പൂവുപോലുള്ള നിന്നംഗുലിസ്പർശനം.
സങ്കടാശൃക്കളെപ്പുഞ്ചിരിയാക്കുന്നു;
സംഗീതമാക്കുന്നു നീ വിലാപങ്ങളെ!
എന്നും വെളിച്ചമല്ലാതെ തീണ്ടുന്നില്ല
നിന്നെത്തമസ്സിൻ നിഴൽപ്പാടൊരിക്കലും!
നീയിരുൾക്കാട്ടിൽ വിടുർത്തുന്നു താരകൾ;
നീറും വെയിലിൽ വിരിപ്പൂ തണലുകൾ.
മൂടൽ മഞ്ഞിങ്കൽ പുലരൊളി പാകി, നൽ-
പ്പാടലവർണ്ണപ്പകിട്ടു വീശുന്നു നീ.
ആലിംഗനംചെയ്യു, കാലിംഗനംചെയ്യു,-
കാലോചനാതന്ത്രകാമ്യരൂപമേ!
നീതരും മുന്തിരിച്ചാറിൽ മുഴുകി, യെൻ
ചേതന പാട്ടുപാടട്ടെ നിരന്തരം!
മാമക ഭാവി മുഴുവനും നിൻ മുൻപി-
ലോമൽപ്രതീക്ഷ, സമർപ്പണം ചെയ് വു ഞാൻ!
കലാകേളി
ചങ്ങമ്പുഴ
നിർവൃതി
പ്രണയം തുളുമ്പുമീ മൌനഗാന-
മവിടുന്നറിയുകയില്ല നൂനം.
ഇവിടെയീ നാടകശാലയിങ്കൽ
വിവിധനടന്മാർ നിറഞ്ഞു നിൽക്കേ;
അഭിനയമോരോന്നവരഖില-
മഭിനന്ദനീയമായാചരിക്കെ;
അനുപമരംഗവിധാനമോരോ-
ന്നനുഭൂതിയേകുമാറുല്ലസിക്കെ; വിവിധപരാക്രമവിക്രമങ്ങൾ
വിജയപതാക പരത്തിനിൽക്കെ;
തെരുതെരെതീപ്പൊരി വാരി വീശി
ത്വരിതവാചാലയുജ്ജ്വലിക്കെ;
ഒരു കോണിൽ മാറിയൊഴിഞ്ഞൊതുങ്ങി
മരുവുമെൻ നിശ്ശബ്ദശോകഗാനം
പ്രണയസ്വരൂപമേ, നിന്നരികി-
ലണയുന്നതെങ്ങിനെ നിൻ ചെവിയിൽ?
ഇതുമട്ടാണെങ്കിലും തപ്തമാമെൻ
ഹൃദയത്തിലുണ്ടൊരു ചാരിതാർത്ഥ്യം;
മമ മൌനഗാനങ്ങളാകമാനം
തവ ജയസ്തോത്രങ്ങൾ മാത്രമല്ലോ!
മഹനീയജ്യോതിസ്സേ, നിന്നെയോർത്തു
മതിമറന്നങ്ങനെ നിന്നിടുമ്പോൾ,
വികസിച്ചിടുന്നു ഞാൻ പൂക്കൾതോറും;
വിഹരിപ്പു കല്ലോലമാലതോറും!
മദകരനർത്തനംചെയ്വൂഞാനാ-
മലരണിമഞ്ജുളവല്ലികളിൽ!
കനകതാരത്തിങ്കൽനിന്നു ഞാനെൻ
കരളോടടുപ്പിച്ചു മൺതരിയെ!
വിരവിൽ ഞാൻ പുൽകുന്നു കൈകൾ നീട്ടി
വിപുലപ്രപഞ്ചത്തെയാകമാനം!
-മതി, മതി, ദേവ, കൃതാർത്ഥയാണീ
മദിരോത്സവത്തിൻ ലഹരിയിൽ ഞാൻ!
കലാകേളി
ചങ്ങമ്പുഴ
പാവങ്ങളുടെ പാട്ട്
ദാരിദ്ര്യത്തിന്റെ നിലവിളികൾ
താരാപഥത്തോളമെത്തിയിട്ടും
നിർദ്ദയലോകമേ, നീയിനിയും
മർദ്ദനം നിർത്തുവാനല്ലഭാവം.
ഒട്ടിത്തളർന്ന വയറ്റിൽ നിന്നും
പൊട്ടിത്തെറിക്കുന്ന തീപ്പൊരികൾ
അന്തരീക്ഷത്തിൽ പടർന്നുയർന്ന-
തെന്തയ്യോ കണ്ടില്ലേ നിങ്ങളാരും?
വിത്തേശരേ, നിങ്ങൾ കേൾപ്പതില്ലേ
വിപ്ലവത്തിന്റെ മണിമുഴക്കം?
ഇന്നോളം നിങ്ങൾ കവർന്നെടുത്ത
പൊന്നും പണങ്ങളുമാകമാനം
പാവങ്ങളെക്കൊന്നു നിങ്ങൾ നട്ട
പാപവൃക്ഷത്തിൻ ഫലങ്ങൾ മാത്രം!
ആ വിഷക്കായുകൾ തിന്നു നിങ്ങൾ
ചാവാതെ ചത്ത ശവങ്ങളായി.
ധൂമകേതുക്കളേ, നിങ്ങളെല്ലാം
പോയ് മറഞ്ഞിടേണ്ട കാലമായി!
മുഗ്ദ്ധഹർമ്മ്യങ്ങളിലെത്തിയേവം
മുട്ടിവിളിക്ക നീ വിപ്ലവമേ;
"ഉദ്ധതവിത്താധിപത്യമേ, നീ
ബദ്ധകവാടം തുറക്ക വേഗം!
പൊള്ളപ്രയത്നങ്ങളൊന്നിനൊന്നായ്
തള്ളിക്കയറട്ടെ നിൻ മുറിയിൽ!
ആവശ്യത്തിന്റെ പിടിയിൽനിന്നി-
ന്നാകാ നിനക്കൊന്നൊഴിഞ്ഞുമാറാൻ!
വേവലാതിപ്പെടാനെന്തുകാര്യം?
വേഗമാകട്ടെ, തുറക്ക വാതിൽ! ..."
നാണം മറയ്ക്കുവാൻ വസ്ത്രമില്ല;
പ്രാണൻ കിടക്കുവാൻ ഭോജ്യമില്ല;
വീടില്ല ചെന്നു ചുരുണ്ടുകൂടാൻ;
പാടില്ല പാതയിൽ സഞ്ചരിക്കാൻ!
എന്തൊരന്യായമിതെന്തു കഷ്ട-
മെന്തിനിജ്ജീവിതമിപ്രകാരം?
മർത്ത്യതയിങ്കലീ വ്യർത്ഥമാകും
വ്യത്യസ്തഭാവങ്ങളാരു ചേർത്തു?
കലാകേളി
ചങ്ങമ്പുഴ
പാവങ്ങളുടെ പാട്ട്
സ്വാതന്ത്ര്യത്തിന്റെ ചുടുചിതയിൽ
ജാതിപ്പിശാചിൻ മൃതശരീരം
രാഗാർദ്രചിത്തരേ, സോദരരേ,
വേഗം നശിപ്പിക്കിൻ, വൈകിനേരം!
നിർമ്മതത്തിന്റെ മടിത്തടത്തിൽ
നിർവൃതിനേടി നമുക്കിരിക്കാം!
അങ്ങതാ കാൺമൂ മനോജ്ഞമാകും
മംഗളശാന്തിതൻ മന്ദഹാസം.
വിപ്ലവത്തോണിയിലേറി നമ്മൾ-
ക്കപ്പുഷ്പവാടിയിൽ ചെന്നുപറ്റാം.
കമ്രസമത്വസരോവരത്തിൽ
നമ്മൾക്കു നീന്തിക്കുളിച്ചുവരാം.
ആനന്ദത്തിന്റെ മുരളിയുമാ-
യാനന്ദത്തിൽ സമുല്ലസിക്കാം!
ഒന്നിച്ചു കൈകോർത്തു ധീരധീരം
മുന്നോട്ടു പോക നാം സോദരരേ!
കലാകേളി
ചങ്ങമ്പുഴ
മനോരാജ്യത്തിൽ മുഴുകി
സുഭഗതയാൽ ചുറ്റും നിലാവു വീശി-
സ്സുരസുഷമേ, നീയിങ്ങു നിൽപതെന്തേ?
പലവഴിയായോമത്സതീർത്ഥ്യകളാം
പ്രിയസഖിമാരെല്ലാം പിരിഞ്ഞുപോയി.
അരിയ കലാശാലാകവാടകങ്ങൾ
വിരവൊടടച്ചെല്ലാരും പിൻമടങ്ങി.
ഇതുവരെയും ജീവിതസ്പന്ദനങ്ങ-
ളിളകിയലയാർന്നൊരീയന്തരീക്ഷം
മരണമയതുല്യമസുഖദമാ-
മൊരു ശിശിരശാന്തതകൊണ്ടു മൂടി.
വിജനതയി, ലെന്നിട്ടു, മേകയായ നീ
വിരഹിണിയെപ്പോലേവം നിൽപതെന്തേ?
അയി, മധുരദർശനേ, നിൻ മനസ്സാ-
മലരിൽ നവസൌരഭം വീശി വീശി,
അനുനിമിഷം നിന്നെയധീരയാക്കു-
മനഘസുഖചിന്തയേതായിരിക്കാം?
കുതുകദമാമേതിന്റെ വശ്യതയ്ക്കോ
കുസുമസമകോമളേ, പാത്രമായ് നീ?
തവ ഹൃദയമിപ്പോൾ പറന്നു പാടും
കവനമയസാമ്രാജ്യമേതു നാകം?
സുരഭിലമാമേതോ കിനാവുപോലെ
തരുണത നിൻ ജീവിതം പുൽകി നിൽക്കെ,
ഒരു മുരളീഗാനമായ് നിൻ ഹൃദയ-
മൊഴുകിടുവതേതു വൃന്ദാവനമോ?
കലാകേളി
ചങ്ങമ്പുഴ
ദിവ്യോപഹാരം
ചേലിൽ നീയേകിയ ചെമ്പനീർപ്പൂവിന്റെ
ലോലദളങ്ങളടർന്നുപോയി!
ഉണ്ടിതിൻ വാടിയ ഞെട്ടിലൊരഞ്ചാറു
കണ്ടകം മാത്രമി, ന്നെന്തുചെയ്യാം?
എന്നാലും, ഹാ, ഞാൻ വലിച്ചെറിയില്ലിതു
നിന്നനുരാഗാപഹാരമല്ലേ!
എത്ര വടുക്കളിയറ്റിയിതെൻ ജീവ-
രക്തം മുഴുവനൊഴുക്കിയാലും,
ആത്താനുമോദമെൻ മാനസത്തോടിതു
ചേർത്തുപിടിക്കും ഞാനെന്നുമെന്നും!
എന്മനം നൊന്തുനൊന്തങ്ങനെ ഞാനെന്റെ
കണ്ണീരിൽ മുങ്ങി മരിക്കുവോളം
സ്വർഗ്ഗീയമാമിതു കൈവെടിയാതെയി-
സ്വപ്നാടനം ഞാൻ കഴിച്ചുകൂട്ടും!
-മിത്ഥ്യകൾക്കൊക്കെയുമപ്പുറം നിൽക്കുന്ന
സത്യമേ, നിന്നെ ഞാൻ വിശ്വസിപ്പൂ!
കലാകേളി
ചങ്ങമ്പുഴ
രക്തദാഹം
എന്നസ്ഥിയോരോന്നൊടിച്ചെടുത്തു മുന്നോട്ടെന്റെ
കുഞ്ഞോടം തുഴഞ്ഞു ഞാൻ പോകിലും പ്രപഞ്ചമേ,
ഒന്നു തീർച്ചയാ, ണിരക്കില്ല നിന്നനുകമ്പ;
ചെന്നു ചേർന്നോളാമതുകൂടാതെൻ സങ്കേതത്തിൽ!
പാവനമെൻ ഹൃദ്രക്തം കുടിച്ചു തടിച്ചിട്ടോ
ഭാവിപ്പൂ സഹതാപമെന്നിൽ നീ, ഭയാനകേ!
അന്ത്യനിശ്വാസത്തിലുംകൂടി, ഞാൻ മറക്കുകി-
ല്ലന്ധമാകുമീ നിന്റെ രക്തദാഹം ഞാൻ, ദുഷ്ടേ!
കലാകേളി
ചങ്ങമ്പുഴ
തൊഴിലാളി
തൊഴിലിൻ മണിക്ഷേത്രമണ്ഡപത്തിൽ
തൊഴുകൈയിൽ താമരമൊട്ടുമേന്തി
നിരുപമോൽക്കർഷങ്ങൾകൊണ്ടു നിത്യം
നിറപറ വെച്ചു നീ ലാലസിപ്പൂ!
വിവിധപ്രയത്നങ്ങൾ കൺകവർന്നു
വികസിച്ചു നിൽക്കുന്നു നിന്റെ മുൻപിൽ.
വിഭവസമൃദ്ധമാം ജീവിതത്തിൽ
വിളവെടുപ്പിന്നു നീ വിത്തുപാകി!
തവ മൃദുലാംഗുലിസ്പർശനത്തിൽ
തളിർ വിടുർന്നാടിയുത്തേജനങ്ങൾ,
അവയുടെ പച്ചത്തണലുകളി-
ലവശവിലാപങ്ങൾ വീണുറങ്ങി.
അവചുറ്റും വീശിയ സൌരഭത്തി-
ലവകാശവാദം മിഴിതുറന്നു.
ഉണർവ്വിന്റെ ചിഹ്നമേ, നിന്റെ മുൻപിൽ
പ്രണമിച്ചിടാത്തതാരീയുലകിൽ?
സതതം നിൻ നെറ്റിത്തടത്തിൽനിന്നു-
മുതിരുമസ്വേദകണികകളിൽ
നിഴലിച്ചുകാണ്മൂ നാളത്തെ ലോകം!
നിവസിച്ചിടേണ്ടൊരാദർശലോകം!
ഉഴറിടേ 'ണ്ടിന്നേ' നിന്നാശകളു-
മഴകേലും സ്വപ്നപ്രതീക്ഷകളും.
പരിവർത്തനത്തിന്റെ 'നാളെ' യെത്തി-
പ്പരമാർത്ഥതകളായ് തീർത്തുകൊള്ളും!
ഒരു കൊടുങ്കാറ്റാഞ്ഞടിച്ചുപോയാൽ
തരിമണൽക്കോട്ടകൾ വീണടിയും;
പരമപ്രതാപം നടിച്ചുനിൽക്കും
കരിയിലയൊക്കെക്കൊഴിഞ്ഞുവീഴും!
സ്ഥിതിഗതി സൂക്ഷ്മമായുറ്റുനോക്കാ-
നിതുവരെനിന്നു നീ മൂടൽമഞ്ഞിൽ.
അഭിനവോത്ഥാനത്തിൻ പൊൻപ്രഭയി-
ലഭിനയരംഗം തെളിഞ്ഞതിപ്പോൾ!
കവിതതൻ ചില്ലിൽ തെളിഞ്ഞുകാണും
കമനീയലോകമല്ലീയുലകം.
കലഹസങ്കേതമിതിലിറങ്ങാൻ
കവചം ശരിക്കണിഞ്ഞിട്ടു വേണം!
കലാകേളി / തൊഴിലാളി
ചങ്ങമ്പുഴ
തവ തീവ്രയത്നസുദർശനത്തിൻ
തരളദ്യുതിതൻ നവോദയത്തിൽ
ക്ഷിതിയിലാലസ്യതിമിരമൊട്ടു-
ക്കതിവേഗമോടിയൊളിച്ചിടട്ടേ!
ഉണർവ്വിന്റെ ചിഹ്നമേ, മേൽക്കുമേൽ നിൻ
മണിനാദം മാറ്റൊലിക്കൊണ്ടിടട്ടേ!
നവനവോൽക്കർഷങ്ങൾ നിൻ വഴിയിൽ
നളിനദളങ്ങൾ വിരിച്ചിടട്ടേ!
കലാകേളി
ചങ്ങമ്പുഴ
മൂടുപടം മാറ്റൂ
നേരിൻ നിറകതിർ വീശി-നിൽപോ-
രാരുനീ, യാരു നീ ദേവി?
വിസ്മയനീയമാം മട്ടിൽ-നീയീ
വിശ്വവിപഞ്ചിക മീട്ടി,
മുക്കുകയാണെന്നെയേതോ-ദിവ്യ-
സ്വർഗ്ഗീയഗാനസരിത്തിൽ.
വാരുറ്റ തങ്കപ്രഭയിൽ-മുങ്ങും
വാരുണാകാശച്ചെരുവിൽ,
നീളെയിളകിക്കളിപ്പൂ-നിന്റെ
നീരാളവസ്ത്രഞെറികൾ.
പൂക്കൾ വിടുർത്തിത്തരുന്നൂ-നിന്റെ
സാത്വികസ്നേഹസുഗന്ധം!
ഹാ, കാണ്മൂ മാമലതോറും-ഞാൻ നി-
ന്നേകാഗശാന്തമാം ധ്യാനം!
മേൽക്കുമേൽ താരാമണികൾ-തോറും
കേൾപ്പൂ നിൻ നിശ്ശബ്ദഗാനം.
വീർപ്പിടും തൈക്കുളിർക്കാറ്റിൽ-ക്കൂടി-
യേൽപൂ ഞാൻ നിൻ മൃദുസ്പർശം!
എപ്പോഴ്മെന്നോടുകൂടി-ത്തന്നെ-
യിത്രനാൾ നീയിരുന്നിട്ടും,
കഷ്ടമെന്നജ്ഞതമൂലം-ഹാ, നീ
മിത്ഥ്യയാണെന്നു ഞാനോർത്തു!
ഇമ്മറനീങ്ങി ഞാൻ നേരേ-നിന്നെ
ചുംബിച്ചിനി നിൽപതെന്നോ!
വാടാവെളിച്ചമേ, നിന്റെ-നേർത്ത
മൂടുപടമൊന്നു മാറ്റൂ!
കലാകേളി
ചങ്ങമ്പുഴ
സൗഹാർദ്ദഗാനം
സൌഹൃദത്തിന്റെ സൌരഭത്തിനാൽ
സൌഭഗാർദ്രമാണിദ്ദിനം!-
കർമ്മശുദ്ധിതൻ കമ്രകാന്തിയാൽ
നന്മ പൂണ്മതാണിദ്ദിനം!-
ഭാവശാന്തതയാലടിമുടി
പൂവണിഞ്ഞതാണിദ്ദിനം!-
പ്രാണഹർഷങ്ങൾ വാരിവീശുന്ന
വേണുഗാനമാണിദ്ദിനം!-
ഒത്തുചേർന്നിന്നു വാഴ്ത്തുക നമ്മ-
ളിദ്ദിനത്തെസ്സഹജരേ!
ഇന്നുതൊട്ടിനിയില്ല നമ്മളിൽ
ഭിന്നവർഗ്ഗീയ ചിന്തകൾ;
ഇല്ല ജാതിമതാദിഭേദങ്ങ-
ളില്ലനാചാരനിഷ്ഠകൾ!
അന്തമില്ലാത്ത കർമ്മരാശിയും
ചിന്തകളും മൊഴികളും
സർവ്വവുമൈക്യസൌഹൃദോജ്ജ്വലം
സർവവുമാദർശകോമളം!
സേവനം, ദീനസേവനം, നമ്മൾ
മേവും ശാന്തിനികേതനം!
മോഹനോൽക്കർഷദീപം മിന്നിപ്പൂ
സ്നേഹധാരപകർന്നു നാം!
ഞങ്ങളോടൊത്തു വന്നുചേരുവിൻ
നിങ്ങളോമൽ സഹജരേ!
വിശ്വഗഹത്തിൽ പൂത്തുനിൽക്കുന്ന
വിശ്വാസത്തിൻ തണൽച്ചോട്ടിൽ
തോഴരേ, നിങ്ങൾ പോരുവി,നെന്നും
തോളുരുമ്മിയിരിക്കുവാൻ!
ഇസ്സുദിനമഹോത്സവങ്ങളിൽ
സസ്പൃഹം പങ്കുകൊള്ളുവാൻ
ഞങ്ങളോടൊത്തു വന്നുചേരുവിൻ
നിങ്ങളോമൽ സഖാക്കളേ! .....
കലാകേളി
ചങ്ങമ്പുഴ
ഒടുവിൽ
വിരസത കലരുമിപ്പരിഭവം മൂലം
വെറുതെ നീ, യെന്തിനെൻ പരിസരം മൂടി?
തുടുതുടെക്കുതുകങ്ങൾ തളിരിട്ടിന്നോള-
മിടവിടാതതിലെത്ര കതിരുതിർന്നാടി?
ഇനിയില്ല, തുനിയില്ലക്കമനീയകാലം
കനകപ്പൂഞ്ചിറകടിച്ചരികിൽ വന്നെത്താൻ!
മണിയോടക്കുഴലൂതിക്കരപുടം കോർത്താ-
പ്രണയപ്പൂവനികയിൽ വിഹരിച്ച നമ്മൾ-
ഉടൽ രണ്ടായ് പിരികിലും ഹൃദയമൊന്നായി-
ട്ടിടമില്ലാതിതുവരെ മരുവിയ നമ്മൾ
അവിരളസുഖമയസുരഭിലസ്വർഗ്ഗ-
മവനിയിലണച്ചമർന്നരുളിയ നമ്മൾ-
ഒടുവിലീ മിഴിനീരും നെടുവീർപ്പുമായി-
ട്ടിടയായതിതുവിധം പിരിയാനോ തോഴീ?
കലാകേളി
ചങ്ങമ്പുഴ
സൗന്ദര്യപൂജ
നിയതിക്കധീനൻ ഞാൻ നിസ്സാരനാകാം, പക്ഷേ,
നിയതം സൌന്ദര്യമേ, നിന്നെ ഞാനാരാധിപ്പൂ!
അത്രമേൽ പരിചിതമാണു നിൻ പാദന്യാസ-
മത്തലാൽ മുറിപ്പെട്ടൊരെന്നാത്മാവിനുപോലും!
അതുകേൾക്കുമ്പോൾ ശിരസ്സുയർത്താതിരുന്നിട്ടി-
ല്ലിതുനാൾ വരെ, നിന്റെ പാദസേവകൻ, ദേവീ!
ഹൃദയം രക്തം വാർത്തു പിടയ്ക്കുമ്പോഴും നിന്റെ
മൃദുശിഞ്ജിതം കേൾക്കെക്കോൾമയിർക്കൊള്ളുന്നൂ ഞാൻ!
നീരസകൊണ്ടാവില്ല, ലജ്ജകൊണ്ടാകാം, പക്ഷേ,
നീ മൂടുപടമിട്ടേ വന്നിടാറുള്ളൂ മുന്നിൽ.
എങ്കിലു, മത്തേജസ്സിലലിയാൻ തുടങ്ങുമ്പോ-
ളെൻകര, ളെന്നെത്തന്നെ വിസ്മരിക്കുന്നല്ലോ, ഞാൻ!
കണ്ണിണവിടർന്നതൊട്ടിന്നോളം പ്രപഞ്ചത്തിൽ
നിൻ മഹത്സാന്നിദ്ധ്യം, ഞാൻ കാണാതില്ലൊരിക്കലും!
എവിടെത്തിരിഞ്ഞാലും കൺകുളിർക്കുമാറുട-
നവിടെക്കാണാം നിന്റെ പാദമുദ്രകൾ നീളെ.
അവയിൽ തുളുമ്പുന്ന രശ്മികൾ തട്ടും നേരം
കവിതാകൌതൂഹലം ചിറകുവിരിക്കുന്നു!
പനിനീർപ്പൂമൊട്ടിനെപ്പുൽകി നീയുണർത്തുമ്പോൾ
പകലിൻ കവിൾക്കൂമ്പിൽ കാശ്മീരം പരക്കുന്നു!
കുയിലിൻ ഗളത്താൽ നീ പാട്ടു പാടുമ്പോൾത്തന്നെ
കുളിർവല്ലരികളിൽ ചെയ്വതായ് കാണാം നൃത്തം!
പുൽക്കൊടി കിളുർക്കാത്ത മൊട്ടക്കുന്നായിപ്പൊങ്ങി-
നിൽക്കുന്ന നിന്നെത്തന്നെ പുഷ്പവാടിയായ് കാണാം.
കല്ലോളങ്ങളെച്ചന്ദ്രലേഖയായുണർത്തും നീ
കല്ലോളങ്ങളായ് ചന്ദ്രലേഖയെപ്പുണരും നീ!
പ്രേമയാതനയാൽ നീയുഴറിപ്പായും നേരം
പ്രേമരുദ്ധമായ്ത്തന്നെ നിശ്ചലം നിൽക്കുന്നു നീ!
ആദിമദ്ധ്യാന്തം തിട്ടപ്പെടുത്താൻ നീ നിൽക്കുമ്പോ-
ളാദിമദ്ധ്യാന്തമറ്റു നിൽപ്പൂ നീ ചിത്തേജസ്സേ!
എങ്ങിനിത്തിരയുവാൻ?-വിൺവെളിച്ചമേ, നിത്യ-
മെന്നിൽ ഞാനെന്നെത്തന്നെ നീയായിട്ടുപാസിപ്പൂ!
കലാകേളി
ചങ്ങമ്പുഴ
ദേവി
കണ്മണി, നാണം കുണുങ്ങി വന്നെത്തി, യ-
ക്കന്നിമാസക്കളിപ്പൂഞ്ചോലപോലെ, നീ!
സ്വച്ഛന്ദസംഗീതസാന്ദ്രമാക്കിത്തീർത്തു.
പച്ചപുതപ്പിച്ചു നീ മന്മനസ്സിനെ!
ശീതളമായി നിൻ സാഹചര്യത്തിനാ-
ലാതപോത്തപ്തമെന്നേകാന്തജീവിതം.
നിർമ്മലേ, മാമകപ്രേമപ്രതീക്ഷകൾ
നിന്നാഗമത്താൽ നിറം പിടിപ്പിച്ചു നീ.
എൻ നവയൌവനം വീണവായിച്ചു നിൻ
മന്ദസ്മിതം ചോർന്ന ചിന്താലഹരിയിൽ
ഭഗ്നാശയോരോന്നഴിഞ്ഞുപോയി, സ്വയം
നഗ്നമായ്ത്തീരും പ്രസന്നതമാതിരി!
കണ്ടു, ഹാ, നിന്നെ ഞാ, നേതോ കിനാവിന്റെ
ചെണ്ടു വിടർന്നുവരുന്നതുമാതിരി!
മഞ്ഞണിക്കുന്നിന്റെ പിന്നിലപ്പാതിരാ-
ച്ചന്ദ്രൻ പതുക്കെക്കിളരുന്നമാതിരി!
വിസ്മയം തോന്നുമാറെൻ വീക്ഷണത്തിനീ
വിശ്വം മുഴുവൻ പുതുമപുരട്ടി നീ!-
വിസ്മയം തോന്നുമാറെൻ കൌതുകത്തിനീ
വിശ്വം മുഴുവൻ കവിതകൊളുത്തി നീ!-
ആത്മാർത്ഥതതൻ തെളിത്തേൻ തുളുമ്പി, നി-
ന്നാർദ്രഹൃദയം വികസിച്ചുനിൽക്കവേ;
ആരോർത്തിരുന്നു, ജഗത്തിൽ, നിനക്കതെ-
ന്നാരാധനയ്ക്കുള്ളതാകുമെന്നോമലേ?
വിദ്യുല്ലതപോലെ, മുന്നിൽ പൊടുന്നനെ
പ്രത്യക്ഷയായി നീയാനന്ദദേവതേ!
ചെമ്പനീർപ്പൂവൊളി വീശി വീശി സ്വയം
വെമ്പിവന്നെത്തുമീ ഗീഷ്മാന്തസന്ധ്യയിൽ
നിർന്നിമേഷാക്ഷിയായ് നിൽപു പടിഞ്ഞാറു
നിന്നെ നോക്കിക്കൊണ്ടൊരേകാന്തതാരക!
നീളെ നിന്നെത്തിരഞ്ഞെത്തുന്നു ചാരെ, നിൻ
നീലാളകങ്ങൾ തലോടുവാൻ മാരുതൻ!
കലാകേളി / ദേവി
ചങ്ങമ്പുഴ
മാടിവിളിക്കുന്നു, പച്ചിലച്ചാർത്തിനാൽ
മൂടുപടമിട്ട വല്ലിക്കുടിലുകൾ;
നിൻ മധുരസ്മിതമ്പോലുള്ള പൂക്കളാൽ
നിന്നെസകൌതുകം സൽക്കരിച്ചീടുവാൻ!
നിൻ പാദന്യാസം നുകർന്നുയർന്നേൽക്കുന്നു
വെമ്പലോടോമൽത്തൃണങ്ങൾ നിൻ ചുറ്റുമായ്!
ഇന്നിപ്രകൃതിയിലെന്തിനുമാനന്ദ-
സന്ദായിനിയാണു നീ, മനോമോഹിനി!
എന്തിൻ മനസ്സും വിശുദ്ധീകരിക്കുന്നൊ-
രെന്തോ മുഖത്തു വഹിപ്പവളാണു നീ!
മാദകാലാപമ, ല്ലെതോ മഹായജ്ഞ-
പൂതമണിനാദമാണു നിന്നാനനം!
കണ്ണഞ്ചിടുമൊരു ലീലാസരസ്സല്ല,
പുണ്യഗംഗാതീർത്ഥമാണു നിൻ സൌഭഗം!
ഭോഗാനുഭൂതിയിലേക്ക, ല്ലനുപമ-
ത്യാഗത്തിലേക്കടുപ്പിപ്പു നിൻ സുസ്മിതം!
ഓമനേ, വേണ്ടാ വിജയ, മെനിക്കു നിൻ
പ്രേമസാമ്രാജ്യത്തിൽ വന്നു നിന്നാൽ മതി.
ലോകോത്തരമാമതിൽനിന്നെഴുമേതു
ശോകവുമെന്നും സഹിച്ചുകൊള്ളാമിവൻ!
ലോകം മുഴുവനപഹസിച്ചോട്ടെ, നിൻ
രാഗം കൊതിച്ചുള്ളൊരെൻ തപശ്ചര്യയിൽ,
എങ്കിലും-നിത്യനിരാശയ്ക്കു മാത്രമാ-
ണെങ്കിലും-സംതൃപ്തനാണു ഞാനോമലേ!
കലാകേളി
ചങ്ങമ്പുഴ
എന്തിന്
കനകമയി, കവിതയുടെ കൊച്ചനുജത്തിപോൽ
കരൾകവരുമാ, റെന്തിനെന്നോടടുത്തു നീ?
സതതമയി മമ ഹൃദയമലിനചഷകത്തി, ലി-
സ്സായൂജ്യപീയൂഷമെന്തിന്നൊഴുക്കി നീ?
മറവിയുടെ മലർവനിയിലെന്തുകൊണ്ടേകയായ്
മായികപോലെ മറഞ്ഞൊഴിഞ്ഞില്ല നീ?
സ്മരണയുടെ പരിമൃദുലയവനികകൾ നീക്കിയെൻ
ഭാരിതപ്രാണനെത്താങ്ങിസ്സകൌതുകം,
അനവരതമൊരു പുതിയ പുളകശയനീയത്തി-
ലാലിംഗനം ചെയ്തിടുന്നതെന്തിനു നീ?
യുഗശതകമീവിധം തീരാവിരഹമാം
വികലവിപിനാനലൻ നീറിനീറി സ്വയം,
അതിനുടെയഗാധമാം ജഠരകുഹരത്തിലെ-
ന്നതിചപലമോഹങ്ങളൊക്കെയും ചാമ്പലായ്;
ഒരുഫലവുമില്ലാതടിയുവാൻ മാത്രമോ
ചിരസുദൃഢബന്ധത്തിലൊന്നിച്ചു ചേർന്നു നാം?
നിരവധികതേജ:സ്ഫുലിംഗങ്ങൾ ശൂന്യമാം
സുരപഥഹൃദത്തിങ്കലേതോ ചരടിനാൽ,
സ്വയമിടറിവീണിടാതൊന്നിച്ചിണക്കിവെ-
ച്ചൂയലാടിക്കുന്നതേതിൻ വിനോദമോ;
അതിനിതുമൊരാനന്ദലീലയാണെങ്കിലാ-
ട്ടയി, സുദതി, യാശ്വസിക്കാതിരിക്കില്ല ഞാൻ!
കലാകേളി
ചങ്ങമ്പുഴ
സഖികളോട്
ചെല്ലസഖികളേ,ശങ്കിപ്പതെന്തിനാ-
ണില്ല, മറക്കില്ല നിങ്ങളെ ഞാൻ.
നിസ്തുലസൌഹൃദംകൊണ്ടൊരു നിർമ്മല-
സ്വർഗ്ഗം ചമച്ചവരല്ലി നിങ്ങൾ?
മാമകജീവിതപ്പാഴ്മരുഭൂമിയിൽ
മാരി ചൊരിഞ്ഞവരല്ലി നിങ്ങൾ?
മൊട്ടിട്ടുനിൽക്കുമാറെന്നാശാവല്ലികൾ
നട്ടുനനച്ചവരല്ലി നിങ്ങൾ?
എങ്ങെങ്ങു വേർപെട്ടുപോകിലും, ഞാനിനി-
യെങ്ങനെ നിങ്ങളെ വിസ്മരിക്കും?
തെറ്റിദ്ധരിക്കാതിരിക്കുവാൻ മേലാത്ത
നിഷ്ഠൂരലോകത്തിൻ ജൽപനങ്ങൾ
മിത്ഥ്യാപവാദത്താൽ നമ്മുടെ സൌഹൃദം
മറ്റൊന്നായ് മാറ്റുവാൻ നോക്കിയിട്ടും,
പൊട്ടിത്തകർന്നില്ല നമ്മുടെ മോഹങ്ങൾ
കെട്ടിപ്പടുത്ത സുരമ്യഹർമ്മം!
നാനാവികാരതരളിതർ നാമതിൽ
നാകാനുഭൂതികൾ സംഭരിച്ചു.
കുറ്റപ്പെടുത്തിടുംതോറും നാം മേൽക്കുമേ-
ലൊട്ടിപ്പിടിക്കുവാനാഗഹിച്ചു.
ജൽപകലോകത്തെപ്പുല്ലാക്കി നാമൊരു
കൽപകപ്പൂന്തോപ്പിലുല്ലസിച്ചു.
പ്രാണനും പ്രാണനും തങ്ങളിൽ കൈകോർത്തൊ-
ആനന്ദനൃത്തത്തിൽ പങ്കെടുത്തു.
അത്രയ്ക്കുമാത്രമടുത്തവരാണു നാ-മത്രമേലന്യോന്യബന്ധിതർ നാം,
അങ്ങനെയുള്ളതാം നിങ്ങളെ, ലോകത്തി-
ലെങ്ങനെ ഞാനിനി വിസ്മരിക്കും?
ഓമൽസഖികളേ, നിങ്ങളീ വേർപാടിൽ
ധീമങ്ങിയിങ്ങനെ കേഴരുതേ!
ഉൾക്കരുത്തില്ലെനിക്കൽപവും, തപ്തമാ-
മിക്കണ്ണുനീരിദം കണ്ടുനിൽക്കാൻ!
ശങ്കവേ,ണ്ടെങ്ങു ഞാൻ പോകിലും, നിങ്ങളെ-
സ്സങ്കൽപംകൊണ്ടു കണ്ടാശ്വസിക്കും.
എങ്ങിരുന്നാലും ഞാ, നെന്മനമെപ്പൊഴും
നിങ്ങൾതൻ പാർശ്വത്തിലായിരിക്കും.
കലാകേളി / സഖികളോട്
ചങ്ങമ്പുഴ
ഓമൽസ്മരണകളോരോന്നുമെന്നടു-
ത്തോടിവന്നിക്കിളിയാക്കുമെന്നെ.
മന്നിലെൻ ജീവിതമമ്മട്ടു ചെന്നൊരു
മഞ്ജുളസ്വപ്നമായ് മാഞ്ഞുപോകും!
ഉണ്ടാവുകില്ലതിലെങ്ങുമതൃപ്തിതൻ
കൊണ്ടലിയറ്റുന്ന മൂടലൊന്നും.
എല്ലാം ചിരിയും കളിയുമുല്ലാസവും
ഫുല്ലപ്രകാശവുമായിരിക്കും.
ചെല്ലസഖികളേ, ശങ്കവേണ്ടൽപവു-
മില്ല, മറക്കില്ല നിങ്ങളെ ഞാൻ!
കലാകേളി
ചങ്ങമ്പുഴ
ആ രംഗം
കനകതാരകൽ കതിർചൊരിഞ്ഞൊര-
ക്കളിമലരണിക്കാവിൽ;
കവനലോലുപരിരുവർ ഞങ്ങളൊ-
രതുലനാടകമാടി!
ഇണയിറങ്ങുമാറകലെ രാക്കുയി-
ലൊരു കിളി മരക്കൊമ്പിൽ,
പ്രണയഗാനങ്ങൾ പലതുമങ്ങനെ
കളലളിതമായ് പാടി!
ചേണിയലും നീലനിഴൽ
നീളെ നീളെത്തിങ്ങി-
പ്പൂനിലാവലകളിലാ-
പ്പൂവനിക മുങ്ങി!
തരളിതനവസുരഭിലവന-
പവനനിലുലഞ്ഞാടി-
ത്തരുനിരകളെത്തഴുകി വല്ലികൾ
പുളകപ്പൂങ്കുല ചൂടി!
പറവതെന്തു ഞാൻ സഖികളേ, പാരം
പരിധിയറ്റതാമേതോ
പരമനിർവൃതിപ്പുഴയിൽ ഞങ്ങള-
ന്നൊഴുകിയങ്ങനെ പോയി!
ഭരിതമോദമെൻ മടിയിൽ ഞാനൊരു
ചെറുവിപഞ്ചികയേന്തി-
ത്തെരുതെരെയതിൻ കനകതന്ത്രികൾ
മധുമധുരമായ് മീട്ടി!
സുഖദമായൊരസ്വരലഹരിയിൽ
മുഴുകിയെൻ മടിത്തട്ടിൽ
സുമശരോപമസുഭഗനങ്ങനെ
കിടന്നു സുസ്മിതം തൂകി!
എത്തുകില്ലൊരിക്കലുമാ
മുത്തണിഞ്ഞകാലം
വ്യർത്ഥമാണിക്കാണ്മതെല്ലാം
പാഴ്ക്കിനാവിൻ ജാലം!
കലാകേളി
ചങ്ങമ്പുഴ
വിടവാങ്ങൽ
ഒരു ദിനമയേ്യാ, പിരിഞ്ഞുപോണ-
മൊരു ജീവനായ്ത്തീർന്ന നമ്മൾപോലും!
കരയുന്നതെന്തിനു തോഴീ, നമ്മൾ?
കരുണയില്ലീ നിയതിക്കു ചെറ്റും!
വിധിപോൽ വരട്ടെ, നീയാശ്വസിക്കൂ,
വിഫലപ്രതീക്ഷകൾ വിസ്മരിക്കൂ!
ഉലകല്ലേ, നാമെല്ലാം മർത്ത്യരല്ലേ?
ചലനത്തിനെന്തുമധീനമല്ലേ?
വ്യതിയാനമോരോന്നു ജീവിതത്തിൻ
പതിവാണ, തെമ്മട്ടും വന്നുകൂടും.
അതിൽ നമ്മൾ കുറ്റപ്പെടുത്തുവാനി-
ല്ലണുപോലുമാരെയുമോമലാളേ!
കരളിൽ തരിതരിപ്പേറ്റിടായ്വാ-
നൊരു പാറക്കല്ലല്ല നമ്മളാരും!
മൃദുവായിത്തൊട്ടാലും പാട്ടു ചോരും
ഹൃദയമെന്നൊന്നു വഹിച്ചു നമ്മൾ!
വെയിലിലാ വല്ലി വരണ്ടു വാടാം;
മഴയിൽ തഴച്ചു തളിരു ചൂടാം!
അനിലഗതികൾക്കനുസൃതമാ-
യതു പലമട്ടിലും ചാഞ്ഞുപോകാം!
നിയമവും നീതിയും ചെന്നതിന്റെ
നില കാത്തുനിൽപതു നിഷ്ഫലം താൻ!
ഇരുളിലടിഞ്ഞു കിടക്കുകയി-
ല്ലൊരുവൻതൻ ജീവിതകാലമെല്ലാം.
അറിയാതൊരിക്കൽ വിളിച്ചുണർത്താ-
മവനെയുൽക്കർഷത്തിൻ സുപ്രഭാതം!
അതിലവൻ കണ്ണു തുറന്നു, പക്ഷേ,-
യമലാംബരത്തോളം ചെന്നു പറ്റാം,
എരിയുന്ന യത്നത്തിൽനിന്നുയരു-
ന്നൊരു കൊടുങ്കാറ്റിൻ ചിറകിലേറി!
കലാകേളി / വിടവാങ്ങൽ
ചങ്ങമ്പുഴ
അയി സഖി, ഞാനപരാധിയെങ്കി-
ലലിവിനോടെന്നെ മറക്കണം നീ!
പരമസൌഭാഗ്യം പറന്നണയു-
മൊരു ദിനം നിൻ പടിവാതിലിലും!
അതിനെത്തലോടുന്ന നാളി, ലെന്നെ-
യറിയാത്ത ഭാവം നടിക്കരുതേ!
കരുതിയിട്ടില്ല കിനാവിലും നിൻ
കരളിൽ പരിക്കുകളേറ്റുവാൻ ഞാൻ!
-മമ ഭാഗ്യരശ്മിയെപ്പിന്തുടർന്നു,
മതിമോഹനേ, ഞാൻ പിരിഞ്ഞീടട്ടേ!
കലാകേളി
ചങ്ങമ്പുഴ
കണ്ണുനീർ
കരയാനൊരുതുള്ളിക്കണ്ണുനീരിനിയില്ല;
കരളോ വികാരത്താൽ പിന്നെയും നോവുന്നല്ലോ!
നിശ്ശബ്ദമായുള്ളൊരിപ്രാണയാതനയോളം
ദുസ്സഹമായിട്ടില്ല മന്നിൽ മറ്റൊന്നും തന്നെ!
കണ്ണിന്റെ കണ്ണീരത്ര സാരമില്ലോർത്താ, ലതു
മണ്ണിൽ വീണലിഞ്ഞുപോം മാഞ്ഞുപോം നിമിഷത്തിൽ.
കരളിൻ കണ്ണീ, രെന്നാൽ, കാണില്ല ലോകം-പക്ഷേ,
കരളും നിഗൂഢമായ് ജീവനെയതു നിത്യം!
എല്ലാരും ചോദിക്കാറു"ണ്ടെന്തിനിക്കേണീടുന്ന-
തല്ലലുമാനന്ദവും മിശ്രവർത്തികളല്ലേ?"
ശരിയാ, ണതേ, ഞാനും സമ്മതിക്കുന്നു;-പക്ഷേ,
കരയാൻ കഴിവുള്ള ഹൃദയം ഞാനാശിപ്പൂ!
കേവലഭൌതികത്വം സുസ്മിതങ്ങളിൽ മൂടി-
ജ്ജീവനെക്കണ്ണീരിൽ ഞാനഭിഷേചനം ചെയ് വൻ!
കലാകേളി
ചങ്ങമ്പുഴ
ആനന്ദരംഗം
മാനസം മാമകമാകമാനം
ആനന്ദചിന്തതൻ വേണുഗാനം.
ശോകമൊഴിഞ്ഞു കഴിഞ്ഞു-ചിത്തം
രാഗാദയത്തിൽ തുടങ്ങി നൃത്തം.
കാർമുകിൽ നീങ്ങിത്തെളിഞ്ഞു സൂര്യൻ
പൂമണം വീശി മരുൽകിശോരൻ.
പച്ചനെല്ലോലകൾ കാറ്റുതട്ടി-
ക്കൊച്ചോലച്ചാർത്തുകൾ കൂട്ടിമുട്ടി.
ദൂരത്തു, ദൂരത്തു, വന്മരങ്ങൾ
വാരിച്ചൊരിയുന്നു മർമ്മരങ്ങൾ.
മാകന്ദവാടിയിൽ കോകിലങ്ങൾ
തൂകുന്നു ഗാനങ്ങൾ കോമളങ്ങൾ.
പച്ചപ്പുല്ലാളും തടം തഴുകി-
ക്കൊച്ചുപൂഞ്ചോല തളർന്നൊഴുകി.
മന്ദം, സഖികളോടൊത്തുകൂടി
മൺകുടമേന്തിക്കൊ, ണ്ടാടിയാടി
ഹാ, മുഗ്ദ്ധമന്ദാക്ഷലോലരായി,
ഗാമീണബാലകൾ വന്നുപോയി.
പൂഞ്ചിറകാർന്ന പുളകംപോലെ
പൂമ്പാറ്റ പാറിപ്പറന്നു ചാലേ.
എങ്ങുമൊരാനന്ദപ്പൊൻതരംഗം
പൊങ്ങിത്തുടങ്ങുന്നിതെന്തു രംഗം!
-ഞാനുമെൻ കണ്ണീർ തുടച്ചിടട്ടേ;
ഞാനുമെൻ ഗാനം ചൊരിഞ്ഞിടട്ടേ!
ആതങ്കം കൈവെടിഞ്ഞാത്തവേഗം
ആനന്ദം പൂകട്ടേ സാനുരാഗം!
ഓമലാളേ, നീയൊന്നിങ്ങു നോക്കൂ
ഓടക്കുഴലതിങ്ങേകിയേക്കൂ!-
ആനന്ദരംഗമിതിങ്കൽ വേണം
ഞാനുതിർക്കുന്നതെൻ പ്രേമഗാനം!
കലാകേളി
ചങ്ങമ്പുഴ
ആശ്വാസഗാനം
പോയെങ്കിൽ പോകട്ടേ പൊയ്പ്പോയ നാളുകൾ
പോതും കരഞ്ഞതെൻ ചിത്തമേ നീ!
ഭാവി ഭയങ്കരമാണെങ്കി ലാവട്ടെ
ഭാവിച്ചിടായ്കതിൽ ഭീരുത നീ!
സദ്രസം കോരിക്കുടിച്ചു മദിക്കുകീ
വർത്തമാനത്തിൻ മധുരമദ്യം!
എത്രശപിച്ചാലു, മെത്ര കരഞ്ഞാലു,-
മെത്ര പരിഭവം കാട്ടിയാലും,
എന്തിനു, നീയിനിയെന്തൊക്കെച്ചെയ്താലും
പിന്തിരിഞ്ഞെത്തില്ലാപ്പോയകാലം.
ഇത്ര നടുങ്ങുവാനെന്തുണ്ടു?-'നാളെ'യ-
തെത്തു 'മിന്നാ'യ്ത്തന്നെ നിന്റെ മുമ്പിൽ.
ഇന്നാണു നിൻ ജയ, മിന്നാണു നിൻ സുഖ-
മിന്നിനെത്തന്നെ നീയാശ്രയിക്കൂ!
എല്ലാമുറങ്ങും മറവിതൻ തൊട്ടിലി-
ലെല്ലാമൊരിക്കലധ:പതിക്കും.
ഒന്നുകിലോർക്കുകിൽ ശാശ്വതം-സർവ്വവു-
മൊന്നുപോൽ മായികം സ്വപ്നമാത്രം!
കേവലമജ്ഞാതശക്തിയൊന്നാളുമി-
ജ്ജീവിതം തന്നെയൊരിന്ദ്രജാലം.
കണ്ണുനീരായാലും പുഞ്ചിരിയായാലും
മണ്ണടിഞ്ഞീടണം രണ്ടുമൊപ്പം.
പിന്നെ, യവയിലൊരൽപം സുഖദമാം
മന്ദസ്മിതോത്സവമല്ലീ കാമ്യം?
ദീനവിലാപത്തേക്കാളും പ്രിയതരം
ഗാനതരംഗവിലാസമല്ലീ?
മന്ദഹസിക്കുക, പാടുക, നാമെന്നും
മണ്ണടിഞ്ഞാലും, കൃതാർത്ഥർ നമ്മൾ!