അപരാധികൾ
To,
My dear friend
Dr.JAMES PILLUT.EDAPPALLY
Edappally
6.6.1120 Changampuzha Krishna Pillai
6.6.1120 Changampuzha Krishna Pillai
അപരാധികൾ
ചങ്ങമ്പുഴ
വേതാളകേളി
(ഒരു നാടകീയസ്വഗതഗീതം)
-സത്യ,മെന്നച്ഛനാ,ണാക്കൊടും പാപിതൻ
രക്തം കുടിക്കാതടങ്ങില്ല ഞാനിനി !
പന്ത്രണ്ടു വത്സരം ! ഹാ, യുഗംപോലുള്ള
പന്ത്രണ്ടു നീങ്ങാത്ത നീണ്ട സംവത്സരം,
ഉന്തിയുരുട്ടിക്കഴിച്ചേനൊരുവിധം
നൊന്തുനൊന്താക്കൽത്തുറുങ്കിനകത്തു, ഞാൻ.
ഇങ്ങിതാ വീണ്ടും കിടപ്പു പണ്ടത്തെയാ-
ക്കർമപ്രപഞ്ചം, വികാരകോദ്ദീപകം.
എന്നെ നോക്കിക്കൊണ്ടതിന്നേകസാകൂത-
മന്ദസ്മിതംതൂകി നിൽക്കയാണെന്തിനോ !
ഞാനിതിനേക്കാളധ:പതിക്കാഞ്ഞതി-
ലാണതിനിപ്പോളസുഖം മുഴുവനും.
എന്തിതെൻ മുന്നിൽ, വെയിലും വെളിച്ചവും
ചിന്തി,ച്ചിരിക്കും ദിനപ്രഭതന്നെയോ?
സന്തോഷപൂർവ്വം ശ്വസിപ്പിതോ വീണ്ടു,മ-
പ്പണ്ടത്തെയോമൽ സ്വതന്ത്രവായുക്കൾ, ഞാൻ?
അന്നു ഞാൻ ദർശിച്ച സൂരാഭതന്നെയാ-
ണിന്നു, മതേ, നിഴലിപ്പതീ വീഥിയിൽ,
കാരാലയത്തിൽക്കടന്നുവന്നെത്തിയ
സൂരാഭപോലുമിരുട്ടറയായിരുന്നു മേ !
ഇത്രയുംകാല, മക്കാരാഗൃഹത്തിലെ
മൃത്യുലോകത്തിൽത്തനിച്ചു കഴിച്ച ഞാൻ.
ഇന്നിതാ വീണ്ടും തിരിച്ചുവരുന്നു നിൻ
മുന്നിലേ,ക്കെന്നിഷ്ടമർത്ത്യപ്രപഞ്ചമേ !
-എങ്കിലും-അയ്യോ,ഭയാനകം,ഭാവിതൻ
ചെങ്കനൽചിന്തുന്നൊരാത്തുറുകണ്ണുകൾ !
എന്താണിനിയത്തെ ജാതകം?-ഒന്നുകിൽ
പന്ത്രണ്ടുവത്സരം വീണ്ടും!-അല്ലെങ്കിലോ,
ഓർക്കുമ്പൊഴേക്കും കിടുകിടുത്തീടു,മാ-
ത്തൂക്കുമരം !-അതേ,രണ്ടി-ലേതെങ്കിലും!
എന്നാലുമെന്താ,ക്കുടിലചിത്തത്തിലെ-
ച്ചെന്നിണം കാണാതടങ്ങില്ല ഞാനിനി !
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
-സംഭവംകൊണ്ടു നിറഞ്ഞ ഭൂതത്തിന്റെ
സംഭാവനയാം ശിഥിലസ്മരണകൾ,
മത്തുപിടിപ്പിക്കയാണിതാ വീണ്ടു,മെൻ
കത്തിപ്പടർന്നു പുകയും മനസ്സിനെ!
മൽപ്രതികാരമേ, കൽത്തുറുങ്കിൽ,ജ്ജീവ-
രക്തത്തിനാൽ മുലപ്പാൽ നിനക്കേകി ഞാൻ,
ലാളിച്ചു ലാളിച്ചു പോറ്റി ഞാൻ മൽപ്രാണ-
നാളത്തിൽ നിന്നെ,യെന്നേകാഭിലാഷമേ !
ജീവനെപ്പണ്ടേ കളഞ്ഞേനെ ഞാ,നതി-
ലേവമൊട്ടിപ്പിടിക്കാതിരുന്നെങ്കിൽ, നീ !
നിന്നെയാദ്ദുഷ്ടന്റെ ചെന്നിണച്ചോലയി-
ലൊന്നു നീന്തിക്കാനനുവദിക്കേണമേ !
ആയതിനാവശ്യമാംകരുത്തൊക്കെയു-
മായത്തമാകാനനുഗഹിക്കേണമേ !
പിന്നെ, മണ്ണായി മറഞ്ഞുകൊള്ളട്ടെ,യീ-
മന്നിൽനിന്നെൻ ജഡം, മായാമലീമസം !
മൽപ്രതികാരം, മധുരം മദകരം,
മൽപ്രാണലക്ഷ്യം രുധിരാങ്കിതാസുരം !
-ആ രാത്രി!-അയ്യോ, ഭയങ്കരം !-ലോകത്തി-
ലാരാത്രി,യല്ലെങ്കി,ലെന്തിനണഞ്ഞുവോ?
എന്നെപ്പിശാചാക്കി മാറ്റുവാൻ ജീവിതം
കണ്ണീരിൽ മുക്കാൻ, സമസ്തവും മായ്ക്കുവാൻ !
അന്നത്തെയാക്കൊടുംകൂരിരുൾ വീണതൊ-
ട്ടിന്നോളമെത്തില രശ്മിയൊന്നെങ്കിലും.
എല്ലാം തിമിരം, പ്രതികാരഭീകരം
എല്ലാം രുധിരാഭിഷിക്തം,ഭയങ്കരം.
അന്നത്തെയാപ്പരമാർഥം, പിശാചിനോ-
ടെന്നെ ബന്ധിച്ചൊരാ രക്തപാനോത്സവം !-
ഹാ, നടുങ്ങുന്നു ഞാനിപ്പൊഴും തീക്കൊള്ളി-
യാണെൻ മനസ്സിൽ-നീയൊരു വേതാളമേ?
-നീ കലാകാരനോ?-നിഷ്ഠൂര,നിർദ്ദ്യം
നീയല്ലി മാറ്റിക്കുറിച്ചതെൻ ജാതകം ?
കേവലം ധൂമം പിടിപ്പിച്ചു നീയെന്റെ
ജീവിതസ്വപ്നാനുഭൂതികൾ സർവവും !
അന്നോളമാർജ്ജിച്ച സൗഭാഗ്യസിദ്ധിക-
ളൊന്നോടെ വേരു പിഴുതുകളഞ്ഞു നീ.
മൊട്ടിട്ടുവന്നൊരെൻ പ്രേമത്തിനെ, സ്വയം
കട്ടെടുത്തയ്യോ, ചുടലയിൽ നട്ടു നീ.
അദ്ഭുതം, നീയോ കലാകാര,നെൻ ജീവ-
രക്തം കുടിച്ചോരറുകൊലയല്ലി, നീ?
വിട്ടയക്കില്ല വെറുതെ ഞാൻ നിന്നെ,യെൻ
നഷ്ടഭാഗ്യത്തിന്റെ കേതുനക്ഷത്രമേ !
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
നീ വമിച്ചീടും പുകകൊണ്ടു, മേലി,ലി-
ബ്ഭൂവിന്റെ ശാന്തികൾ മൂടാതിരിക്കണം.
പൊങ്ങിത്തുടങ്ങുന്നു ചക്രവാളത്തിൽനി-
ന്നങ്ങതാ, നിന്റെ മരണമണിയൊലി.
നിഷ്ഠുരകീടമേ, നിന്നെക്കിടത്തുവാൻ
പട്ടടകൂട്ടിത്തുടങ്ങിയഷ്ടാശകൾ.
അന്ധകാരത്താൽ വിരിച്ചുതുടങ്ങുന്നി-
തന്തി, നിന്നന്ത്യമാമാനനാച്ഛാദനം.
ഇന്നു വിടരുന്ന പാതിരാപ്പൂക്കൾ, നിൻ
ദുർമരണത്തിൻ ചരിത്രം കുറിച്ചിടും.
ഇന്നുരാപ്പക്ഷികൾ പാടും പ്രപഞ്ചത്തിൽ
നിന്നന്ത്യഗദ്ഗദംകൊണ്ടുള്ള പാട്ടുകൾ.
കൽപാന്തവഹ്നിയായെത്തുകയായി ഞാ,-
നൽപനേരംകൂടി ജീവിച്ചുകൊൾക നീ !
-ഞാനരൂപനല്ലെങ്കിലും, നിന്നെ,യെൻ
പ്രാണനെപ്പോലെ ഞാൻ സ്നേഹിച്ചു, മല്ലികേ !
അല്ല, കലാകാരനല്ല ഞാ,നെങ്കിലു-
മില്ലായിരുന്നില്ലെനിക്കും മനസ്സുമം.
വർണ്ണപ്പകിട്ടതിനില്ലെങ്കിലു,മതിൽ-
ത്തിങ്ങിത്തുളുമ്പിയിരുന്നു രാഗാമൃതം.
നിന്നനുഭൂതിക്കതിലവസാനത്തെ
ബിന്ദുവും കൂടിസമർപ്പണംചെയ്യുവാൻ,
സന്നദ്ധനായിരുന്നിട്ടു,മപരന്റെ
മന്ദസ്മിതത്തിനായെന്നെ വഞ്ചിച്ചു നീ.
വിശ്വവിമോഹിനി, നീ, കഷ്ട,മെങ്ങനെ
വിശ്വാസഘാതകിയായീ പൊടുന്നനെ ?
ചെമ്പനീർപ്പൂപോലിരുന്ന നിൻ യൗവന-
സമ്പത്തു രണ്ടായ്പ്പകുത്തു നീ,യെന്തിനോ !
എന്നിട്ടു,മെന്നിൽനിന്നാ രഹസ്യം മറ-
ച്ചെന്നെ വഞ്ചിച്ചങ്ങൊളിച്ചു സുഖിച്ചു നീ.
പങ്കിട്ടധികമവനുപഹാരമായ്
ശങ്കാവിഹീനമെനിക്കു നീയേകിയവനു നിൻ
ദേഹവും സ്നേഹവുമൊന്നിച്ചു നൽകി നീ !
അക്കലാസ്വാദനലോലുപത്വത്തിൽ, നിൻ
നിഷ്കളങ്കത്വമറുത്തു ഹോമിച്ചു നീ.
കത്തുന്ന മാംസദാഹത്തിനാൽ പേപിടി-
ച്ചുപ്പുവെള്ളം മുക്കി മുക്കിക്കുടിച്ചു നീ
പ്രത്യുഷദീപ്തിപോൽ ശുദ്ധമാം ദാമ്പത്യ-
സത്യദീപത്തിനെ സ്നേഹലോപത്തിനാൽ,
കഷ്ടം, പടുതിരികത്തിച്ചി,രുട്ടത്തു
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
പുക്കൂ, വേശ്യാസുഖോന്മാദം നുകർന്നു നീ.
നിർദ്ദയം ഹോമിച്ചതുഗ്രകാമാഗ്നിയിൽ !
ആ മഹാപാപം ഭുജിച്ചുതീരാനിനി-
ബ്ഭൂമിയിൽ നീയെത്ര ജന്മം ജനിക്കണം !
ഉത്തമസ്ത്രീകളിൽ, മന്നി, ലൊന്നാമത്തെ
രത്നമായ് ഞാനോർത്ത നീപോലുമോമനേ,
അസ്ഥിരചിത്തയോ, വഞ്ചകിയോ?-മനം
കത്തുന്നു, കൊന്നു ഞാൻ നിന്നെയെൻ മല്ലികേ !
-എന്തെ,ന്തബലയോ നാരി?-യീലോകത്തി-
ലെന്തിരുമ്പുണ്ടവളേക്കാളുറച്ചതായ് ?
യ്യോ, വിഷം, പൊള്ളു, മടുക്കുവാൻ
വയ്യ!-നീ തെറ്റിദ്ധരിക്കുന്നു ലോകമേ !
അക്കാവ്യജന്തുവിനുള്ളിൽക്കിടപ്പതു
നക്രമാ, ണെന്നിട്ടു, മോമനിക്കുന്നു നീ.
ആ വിഷവൃക്ഷം തളിർത്തുകാണാൻ നിന്റെ
ജീവരക്തം പോലുമർപ്പിച്ചിടുന്നു നീ.
ഹോമിച്ചെരിപ്പു,നിന്നാത്മാവു നീയതിൻ
പ്രേമത്തി,നെന്നാൽ പരിത്യക്തനാണു നീ.
ആകമ്രമാകുമക്കണ്മുനക്കോണിനായ്
ലോകസിംഹാസനം പോലും ത്യജിപ്പു നീ !
'ഹവ്വ'തൻ രക്താണുവൊന്നും നശിക്കില്ല
ദുർവ്വാരമാണതിൻ സ്വാധീനവൈഭവം !
എന്തു ഭോഷത്വം !-ഒഴിഞ്ഞിരുന്നൊന്നു നീ
ചിന്തിച്ചുനോക്കുകെൻ പുരുഷലോകമേ !
കണ്ണുചിമ്മിത്തുറന്നീടുന്നതിന്മുൻപു
നമ്മിലെ നമ്മെ ഗ്രഹിക്കുന്നു നാരിമാർ.
എന്നാ,ലവരെപ്പഠിക്കുവാൻ-വേണ്ട പോ-
ട്ടൊന്നു വീക്ഷിക്കാ,നൊരംശമറിയുവാൻ;
ഹൃദ്യമായ്ത്തോന്നുമാച്ചിത്തകാവ്യത്തിലു-
ള്ളാദ്യത്തെ വാക്കിന്റെയർഥം പഠിക്കുവാൻ;
യത്നിച്ചുകൊള്ളൂ പരശ്ശത വത്സരം
ഭഗ്നാശരായി മടങ്ങുകേയുള്ളു നാം !
കാണില്ലവരിലവരെ നാം, നമ്മളെ-
ക്കാണിക്കവെച്ചു,തപസ്സുചെയ്തീടിലും.
വർണ്ണപ്പകർച്ചയ്ക്കു വൈദഗ്ദ്ധ്യമോന്തിനാ-
ണെന്നാലതിന്റെ കഴിവിനു കൂടിയും,
ഉണ്ടൊരറുതിയുമറ്റവും,മായവ
കണ്ടിടാ നാരിതൻ വർണ്ണപ്പകർച്ചയിൽ !
മാത്രയ്ക്കുമാത്രയ്ക്കൊരായിരം വർണങ്ങൾ
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
ചാർത്താനവൾക്കുണ്ടൊരദ്ഭുതവൈഭവം.
ഒട്ടൊട്ടിഴകളഴിയുമ്പൊ,ളത്രമേൽ-
ക്കെട്ടുപിണയും കൊടുംകുടുക്കാണവൾ.
അദ്ഭുതചോദ്യചിഹ്നം രണ്ടുമൊത്തുചേ-
ർന്നപ്രാപ്യതതൻ മൃഗതൃഷ്ണയാണവൾ.
സൃഷ്ടികർത്താവി,നബദ്ധത്തി,ലോർക്കാതെ
പറ്റിയിട്ടുള്ളേകവിഡ്ഡിത്തമാണവൾ-
അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ !
-നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ !
ശാന്തവനഹ്രദം പോലുള്ളതാണവ-
രേന്തുമബലാഹൃദയം, ത്രപാമയം
വിണ്ണും, വളർമഴവില്ലും, മരതക-
ക്കുന്നു,മിഴിഞ്ഞിഴഞ്ഞേറും മുകിൽകളും,
എല്ലാം, പ്രതിഫലിക്കുന്നു,മാകർഷക-
സ്വർലോകശാന്തി വഹിച്ചാ ജലതലം !
എന്നാ,ലതിലേക്കിറങ്ങിത്തുടങ്ങിയാ-
ലൊന്ന,ല്ലൊരായിരം, കാണാം വിപത്തുകൾ !
ഉള്ളിൽ,ക്കറങ്ങും ചുഴികൾ, പലേ 'കിനാ-
വള്ളി'കൾ, നാനാകയങ്ങ,ളിമ്മാതിരി,
എത്ര വിപത്സത്മകങ്ങളൊളിച്ചൊളി-
ച്ചെപ്പൊഴും നിൽപീലതിന്നന്തരങ്ങളിൽ !
പാവങ്ങ,ളയ്യോ, പൂമാന്മാർ-വെറും മര-
പ്പാവകൾ, കൗടില്യമൂർത്തികൾ നാരികൾ !
മോഹിപ്പതുണ്ടു മനശ്ശാന്തിയെങ്കി,ലാ
മോഹിനിമാരിൽനിന്നോടിയൊളിക്കുവിൻ !
വേണെങ്കിൽ, നിങ്ങൾതൻ സ്നേഹം പകരുവിൻ
ശ്വാനമാർജ്ജാരാദിഗേഹജന്തുക്കളിൽ.
സഞ്ചരിക്കാം സ്വൈരമായി നിങ്ങൾ,ക്കവ
വഞ്ചിക്കയില്ലൊരുകാലവും നിങ്ങളെ.
ന്നല്ലവയ്ക്കും ഹൃദയമെന്നൊന്നുണ്ടു
തന്നിൽ പ്രിയമുള്ളവരെ പ്രിയപ്പെടാൻ.
വിശ്വസിച്ചീടാം വൃകത്തിനെ,പ്പാടില്ല
വിഭൂമമേകുമീ സ്ത്രീയാം മൃഗത്തിനെ !
സർപ്പത്തിനേക്കാൾ വിഷമയം, നിർദ്ദയം
ദർപ്പസമ്പൂർണ്ണ,മടുക്കായ്ക നാരിയെ !
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
-മല്ലികേ, നിന്നെയിബ്ഭൂമിക്കു ഭൂഷയാം
സ്വർലോകകന്യകയായിക്കരുതി ഞാൻ.
അന്നെതിരേ നിൻ തനിനിറം കാണുവാൻ
സംഗതിയായ നിമിഷംവരേക്കു, ഞാൻ,
അൽപവും ശങ്കിച്ചിരുന്നില്ല, നീ, കാള-
സർപ്പമാണെന്ന പരമാർഥ, മോമലേ !
അന്നത്തെ രാവിന്റെ കൂരിരുൾ, ഗൂഡമായ്
നിന്നെ നീയായിട്ടു കാണിച്ചുതന്നു മേ.
ഒട്ടും മനപൂർവ്വമല്ല, വിധിവശാൽ
പെട്ടതാണെൻ കണ്ണിലാ നിഷിദ്ധോത്സവം.
മിന്നൽകൊടിയിൽ, പ്രപഞ്ചം മുഴുവനും
വെണ്ണീറടിക്കുന്ന തീയന്നു കണ്ടു ഞാൻ !
പൂതനയാണാപ്പുളകമിളക്കുന്ന
പൂനിലാക്കാലിലെന്നോർത്തിരുന്നില്ല ഞാൻ.
പെട്ടെന്നുയർന്ന വികാരപ്പിശാചിന്റെ
മുഷ്ടിയിൽച്ചീറ്റിപ്പുളഞ്ഞു ഗർജ്ജിച്ചഹോ,
മൽക്കുഠാരത്തെ, ഞാൻ, നിർദ്ദയം നിൻ ജീവ-
രക്തത്തിനാൽ, സ്വയം ചാർത്തിച്ചു കുങ്കുമം !
പത്രം മുറിഞ്ഞ പതംഗിയെപ്പോലെ, നീ
രക്തത്തിൽ മുങ്ങിപ്പിടയ്ക്കുമാക്കാഴ്ചയിൽ.
വീർപ്പുയർന്നീലെൻ മനസ്സി,ലത്രയ്ക്കുമേൽ-
ത്തീപ്പൊരി പാറിജ്വലിച്ചിതെൻ കണ്ണുകൾ !
അന്നു, ഭാഗ്യത്താൽ, വഴുതിയെൻ കൈയിൽനി-
ന്നന്നരകീടൻ, തവ ഗൂഡകാമുകൻ !
ഒത്തീലെനിക്ക,ന്നവന്റെയും ചെഞ്ചുടു-
രക്തത്തി,ലെൻ തപ്തരോഷം നനയ്ക്കുവാൻ !
പിറ്റേന്നു കൈയിൽ വിലങ്ങുമായ്പ്പോന്നു ഞാ-
നൊറ്റയ്ക്കു, കാരാഗൃഹത്തിനതിഥിയായ് !
ചങ്ങലക്കെട്ടാൽത്തഴമ്പുവീണെങ്കിലു-
മിന്നുമശക്തമല്ലീ നീണ്ട പാണികൾ.
ഇന്നും കഴിയും, കഠാരമൊന്നാ മാരി-
ലുന്നമ്പിഴയ്ക്കാതവയ്ക്കെടുത്താഴ്ത്തുവാൻ !
-എങ്ങു നീ,യെങ്ങു നീ, നിൻ നിണച്ചോലയിൽ
ുങ്ങുവാൻ വൈകീയെനി,ക്കെങ്ങു പോയി നീ ?
മൽ സുഖം, മൽ സമാധാന,മെൻ ജീവിതം,
മത്സ്വപ്ന, മാശ,യെന്നേകഭാഗ്യാങ്കുരം,
അയ്യോ, സകലം-സമസ്തവും-ഓർക്കുവാൻ
വയ്യെനി,യ്ക്കൊന്നോടൊടുക്കിയോനല്ലി,നീ ?
മജ്ജീവരക്തം കുടിച്ചു മദാന്ധനായ്
നൃത്തം നടത്തിയ വേതാളമല്ലി, നീ ?
കണ്ണിനുമുൻപിൽക്കരുത്തു തളിർത്തൊര-
ക്കണ്മണിക്കാഞ്ചനക്കൽപകത്തയ്യിനെ
നട്ടു,നന,ച്ചോമനിച്ചു,പുഷ്പിച്ചു
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
സസ്പൃഹം കാത്തൊരാപ്പാരിജാതത്തിനെ-
വെണ്ണീറടിച്ചിട്ടൊഴിഞ്ഞൊളിഞ്ഞങ്ങനെ
മന്ദഹസിച്ചോരിടിമിന്നലല്ലി,നീ ?
സദ്രശ്മി പെയ്തൊരാ വെള്ളിനക്ഷത്രത്തെ-
യെത്തി ഗ്രഹിച്ചോരു രാഹുവല്ലല്ലി, നീ ?
നീയെന്തു സാഹസക്കാരൻ !-അയ്യോ, ചുടു-
തീയിലെൻ ചിത്തം ദഹിപ്പു !-മൂർച്ഛിപ്പുഞാൻ !
ഇന്നു, നിൻ രക്തം തളിച്ചുകെടുത്തണ-
മെന്നിലുള്ളഗ്നിസ്ഫുലിംഗസമ്മേളനം !
-ആ രഹസ്യോന്മദം !-നീയും, കൊടുംചതി-
ക്കാരനാം നിൻ ദുഷ്കലാപ്രേമസിദ്ധിയും
നിങ്ങളേപ്പോലുള്ള ദുഷ്ക്കലാകാരരാ-
ണിങ്ങെഴും സന്മാർഗ്ഗബോധം മുടിച്ചവർ !
കൃത്രിമം പോൽ സദാചാരം !-മൃഗത്തിലും
കഷ്ടമാണീ വെറും കാമക്കഴുകുകൾ !
അത്രമേൽ സ്വാർത്ഥികൾ നിങ്ങൾ, നിങ്ങൾക്കില്ല
മറ്റുള്ളവരെക്കുറിച്ചൊരു ചിന്തയും.
പ്രേമം പുകഴ്ത്തും, പ്രസംഗിക്കു,മെന്നിട്ടു
കാമത്തഴപ്പിൽത്തമസ്സിലുഴന്നിടും.
ഹന്ത,യമ്മട്ടെഴും നിങ്ങൾതൻ സൃഷ്ടികൾ-
ക്കെന്തർത്ഥമുണ്ട് ?-വെറും വെറും കൈതവം !
സ്വപ്നവിഹാരികൾ നിങ്ങൾ കാണൂമ്പോലെ
പൂമ്പാറ്റയല്ലാ,പുറകേ കുതിക്കുവാൻ !
ഉണ്ടതിനൽപം ഘന,മാത്മശുദ്ധിതൻ
ചെണ്ടണിയിച്ചതെടുത്തു പൂജിക്കണം.
സാന്മാർഗ്ഗിഗത്വം വിഴുങ്ങിത്തടിക്കുന്ന
കാമപ്രലാപം കലയല്ലൊരിക്കലും.
കൃത്രിമം ഗാർഹികബന്ധമെന്നൂക്കോടെ-
യട്ടഹസിക്കുന്ന നിങ്ങ,ളത്യുഗ്രമായ്,
വാളിളക്കും, തല കൊയ്തിടും,നിങ്ങൾത-
ന്നാലയാന്തത്തിലേക്കക്ഷിപായിക്കുകിൽ !
ഹാ, വിഷജന്തുക്കൾ, നിങ്ങൾ, കലോത്സുകർ,
തേവിടിശ്ശിത്തെരുവാക്കുന്നു പാരിനെ !
സമ്മതിക്കില്ല ഞാനിന്നിമേൽ നിന്നെയി-
ദ്ദുർമ്മാർഗമീവിധം വീണ്ടും തുടരുവാൻ.
പ്രാണദണ്ഡം സഹിക്കാതെ നീയെൻ മുന്നിൽ
വീണു കൈകാലിട്ടടിച്ചു പിടയ്ക്കണം.
സ്വന്തഹൃദ്രക്തത്തിൽ മുങ്ങിക്കുളിച്ചു നീ
നൊന്തുനൊന്തൽപാൽപമായി മരിക്കണം.
ആ മരണം നോക്കിനോക്കിനിന്നങ്ങനെ
അപരാധികൾ / വേതാളകേളി
ചങ്ങമ്പുഴ
കോൾ മയിർക്കൊണ്ടെനിക്കാശ്വസിച്ചീടണം.
മൽപ്രതീകാരാഗ്നിയാവിധം നിൻ ജീവ-
രക്തവർഷംകൊണ്ടു കെട്ടടങ്ങീടണം.
-പാതിരേ,വേഗം വരൂ വരൂ,കൂരിരുൾ-
പ്പാറ പിളർന്നു നീ, യാകാരഭീകരേ !
നിഹ്നുതനീരദവ്രാതാസിതാംബരേ
ചന്ദ്രലേഘോദ്യൽ സിതോഗദംഷ്ട്രാങ്കുരേ !
താരാസ്ഥിമാലാനിബദ്ധകളേബരേ
പോരൂ നീ പാതിരേ,യാകാരഭീകരേ !
ഈ മഹാഘോരവ്രതാന്ത്യരംഗത്തിനെ-
ന്നോമൽപ്രപഞ്ചമേ, നീസാക്ഷിനിൽക്കണേ !
എത്ര നിസ്സാരം കൊലപാതക-മിനി
യിത്തരം മറ്റൊന്നിലുൾപ്പെടുകയില്ല ഞാൻ.
ഇന്നോടെ പൂർണവിരാമമിട്ടീടുവ-
നെന്നേക്കുമാ,യിപ്രചോദനത്തിന്നു ഞാൻ !
രക്തം, വിഷമയരക്തം, തിളയ്ക്കുന്ന
രക്തം!-വരുന്നു, വരുന്നു, വരുന്നു ഞാൻ !
31-3-1935
അപരാധികൾ
ചങ്ങമ്പുഴ
കഞ്ചാവിന്റെ ചിറകുകളിൽ
അങ്ങതാ കിരണങ്ങൾ പൊടിപ്പൂ തമസ്സിന്റെ
മങ്ങലിൽ-ച്ചിരിക്കുന്നു വെറുതേ നക്ഷത്രങ്ങൾ !
എന്തൊരു ഭാരമാണെൻ ശിരസ്സി?-ന്നനങ്ങിയാൽ-
ച്ചിന്തകൾ താഴത്തു വീണെങ്ങാനും തകർന്നാലോ !
അല്ല, ഞാൻ നടക്കുകയല്ലല്ലോ, ചിറകുക-
ളില്ലാതെ പറക്കുകയാണല്ലോ വിഹായസ്സിൽ !
നിശ്ചയ,മിതുതന്നെ നിർവൃതി !-പക്ഷേ ചുറ്റും
നിർജ്ജനനഭസ്സാണു-വീണുപോയാലോ ഹാ, ഞാൻ !
വീണാലും വീഴില്ല ഞാൻ കാൽകുത്തിനിൽക്കും, മണി-
വീണയും മീട്ടിക്കൊണ്ടെൻ 'ശാരി'യും ചാരെക്കാണും.
മത്സിരകളിലെല്ലാമങ്ങോട്ടുമിങ്ങോട്ടു,മെ-
ന്തുത്സാഹപൂർവ്വമോടിക്കളിപ്പൂ നക്ഷത്രങ്ങൾ !
ഒന്നുമേ വരാനി,ല്ലെൻ കൈപ്പടം കുത്തിപ്പിള-
ർന്നൊന്നിനെപ്പിടികൂടിക്കൂട്ടിലടയ്ക്കും ഞാൻ !
കഷ്ട,മുണ്ടെന്തിന്നിനിയാ മഹാപാപം കൂടി-
ക്കെട്ടിവെയ്ക്കുന്നൂ കാര്യമില്ലാതെൻ ശിരസ്സിൽ ഞാൻ ?
നഷ്ടമില്ലെനിക്കൊന്നു,മെന്നുള്ളി,ലേവം,നിങ്ങ-
ളിഷ്ടം പോൽക്കൂത്താടിക്കൊൾകോമനത്താരങ്ങളേ !
മത്സരം!-പ്രപഞ്ചത്തിൽജ്ജിവിതം വെറുമൊരു
മത്സരം!-പക്ഷേ, പണ്ടേ ജയിച്ചുകഴിഞ്ഞോൻ ഞാൻ !
അയ്യയ്യോ, ജയിച്ചെന്നോ?-ജയിച്ചി-ല്ലെനിക്കൊന്നും
വയ്യ,ഞാനവശനാണിപ്പോഴും പരാജിതൻ !
ലഹരിക്കടിമ ഞാനെന്റെ ജീവിതപുഷ്പം
സ്പൃഹയാ കരളുന്നൂ,കഞ്ചാവും മദ്യങ്ങളും !
രണ്ടരഡ്രാമിന്നൊരു ചുക്കുമി,ല്ലരകൂടി-
ക്കൊണ്ടുവന്നിടാനതാണോതിയത,ല്ലെന്നാകിൽ,
പുറകേ ചെന്നെത്തിയിപ്പുകയാ,ച്ചാരായത്തെ
വെറുതേ പുച്ഛിക്കില്ലേ?-പാടുണ്ടോ പക്ഷാഭേദം
നിശ്ചയ,മിനിമേലിൽത്തൊടുകി-ല്ലല്ലെങ്കിൽ വേ-
ണ്ടിച്ചുരുട്ടിയ ബീഡി ചുമ്മാതെ കളഞ്ഞാലോ !
എങ്കിലുമൊരിക്കൽ ഞാൻ സർവവുമുപേക്ഷിക്കും
ശങ്കയില്ലെനിക്കു, ഞാൻ സന്യാസിയായിത്തീരും !
ശാരിയോ-പോട്ടേ പു,ല്ലാത്തേവിടിശ്ശിയെ,വെറും,
നാറിയ പഴന്തുണിപോലെ, ഞാൻ ദൂരെത്തള്ളും !
പെണ്ണെന്നൊരെണ്ണത്തിനെ സൃഷ്ടിക്കാതിരുന്നെങ്കിൽ
നിർണ്ണയം, പണ്ടേ, ലോക്കം സ്വർഗ്ഗമായ്ക്കഴിഞ്ഞേനേ !
അവ, ളെന്നാലും, സ്നേഹമുള്ളൊരു പെണ്ണാ, ണെന്റെ
ശിവനേ, സൗന്ദര്യമോ?- രതിയും തല താഴ്ത്തും!
സൗന്ദര്യം!-ഹാ, സൗന്ദര്യം!- പുഴുക്കൾക്കൂണിനുള്ള
സൗന്ദര്യം!-യഥാർത്ഥത്തിൽ നാടകം തന്നേ ലോകം!
അപരാധികൾ / കഞ്ചാവിന്റെ ചിറകുകളിൽ
ചങ്ങമ്പുഴ
ജീവിതം, ത്രസിക്കുന്ന ബുദ്ബുദം വെറും സ്വപ്നം!
കേവലം ചലം ദേഹം!-ദേഹിയോ, നിത്യം സത്യം!
മലിനം മജ്ജാരക്തമാം സനിർമ്മിതം ഗാത്രം
മഹിതം, പൂതം, ദേഹി സച്ചിദാനന്ദാത്മകം!
മൂലാധാരത്തിങ്കൽനിന്നുയർന്നു...[ഘും...ഘും] ചുമ-
മൂല, മക്കഫക്കെട്ടു തടയുന്നല്ലോ ശ്വാസം!
സന്യസിക്കും ഞാ, നിനിസ്സംശയമില്ലെൻ ജന്മ-
മന്യന്മാർക്കുപകാരപ്രദമാക്കുവാൻ നോക്കും!
'ഗീത' വാങ്ങിക്കും-പുക ശരിക്കു വരുന്നി, ല്ലീ-
പ്പൂതച്ച 'മരുന്ന' ല്ലാതില്ലിപ്പോൾക്കടകളിൽ!
ശാരിതൻ പടിവാതിൽ കഴിഞ്ഞോ? - കാണാൻ വയ്യ,
കൂരിരുൾ, തീപ്പെട്ടിക്കോലുരച്ചു നോക്കട്ടെ, ഞാൻ! ...
എന്തബദ്ധമെൻ ശാരി വേശ്യയെന്നോ ഞാൻ ചൊന്ന-
തന്തസ്സിൻ കാമ്പാണവളാത്മശുദ്ധിതൻ സത്മം!
പണമില്ലിന്നെൻ കൈയിലെന്നോർത്തി, ട്ടാദ്യം, പാവം,
പനിയാണെന്നെന്നോടു പറഞ്ഞു പച്ചക്കള്ളം.
ഉടനേ, വെള്ളിത്തുട്ടിൻ ചടുലഝണൽക്കാരം
സ്ഫുടമായ്ക്കേട്ടപ്പൊഴേക്കാമുഖം, വികസിച്ചു.
മഴവില്ലൊളിവീശി, മേഘഗർജ്ജനം കേട്ട
മയിലിൻ പീലിക്കൊപ്പമാ മുഖം വികസിച്ചു.
പതിദേവതമാർതൻ ശുദ്ധചിത്തത്തേപ്പോലും
പതറിക്കുവാൻ പോന്ന പണമേ, നിന്നെക്കണ്ടാൽ,
ഉലകിൽ, സാധാരണക്കാരികൾ തൻകാര്യമെ-
ന്തുരചെയ്യുവാൻ!-ദേവനാരിയല്ലല്ലോ, ശാരി!
കഥയില്ലവൾക്കൊട്ടും, പെണ്ണല്ലേ, പാവത്തോടു
കലഹിക്കുവാനുണ്ടോ പിച്ചെനി, ക്കയ്യോ കഷ്ടം!
എന്നാലും, സ്നേഹമെന്നോടുണ്ടവൾക്ക, വൾ ചെയ്ത
കണ്ണുനീർ കണ്ടിട്ടെന്റെ ഹൃദയം ദ്രവിച്ചുപോയ്!
പൊന്നലിഞ്ഞൊലിക്കുമീ നഗ്നമാമുടൽവല്ലി-
യെൻ മാറിൽപ്പറ്റിച്ചേർന്നു വിശ്രമം നുകരുമ്പോൾ,
ഈ ലോലനീലാളകച്ചുരുളോരോന്നായ് മാടി
ലീലയിലൊതുക്കിക്കൊണ്ടിങ്ങനെ കിടക്കുമ്പോൾ,
ശ്ലഥശൈവലമാലാകബരീധാരാശ്ലിഷ്ട-
പൃഥുലനിതംബത്തെത്തടവിത്തരിക്കുമ്പോൾ,
ഇതുതാ, നിതുതാനെൻ സായൂജ്യം!...['ദുഷ്ടേ, ഹാ, നീ
ചതിച്ചൂ, വിടില്ല ഞാൻ രക്തരക്ഷസ്സേ, നിന്നെ!..."]
(എന്തൊരു പിച്ചാണിതു? മിണ്ടല്ലേ!...')["വാപൊത്തുന്ന-
തെന്തിനു?-കൈമാറ്റൂ, ഞാൻ ദുസ്സ്വപ്നം കണ്ടു, ശാരി!
തലയിൽക്കൂർത്ത രണ്ടു കൊമ്പുകളെഴു, മോരോ
അപരാധികൾ / കഞ്ചാവിന്റെ ചിറകുകളിൽ
ചങ്ങമ്പുഴ
മലവേടന്മാരെന്നെക്കൊല്ലുവാനടുത്തെത്തി,
അവരും ഞാനും തമ്മിൽ മല്ലടിക്കുമ്പോൾ, കാണാ-
യവിടെ, ക്കണ്ടാൽ ഞെട്ടിപ്പോമൊരു കാട്ടാളത്തി,
കൊന്നുവീഴ്ത്തി ഞാനെല്ലാപേരെയു, മവൾമാത്രം
പിന്നെയും ജീവൻ കിട്ടിപ്പൊങ്ങി!- ഞാനെന്തോ ചൊല്ലി.
ഒരു ചുംബനം!-നാളെക്കാവിമുണ്ടുടുക്കും ഞാ-
നരുതെന്നെന്നോടു നീ വിലക്കാൻ വന്നേക്കല്ലേ!"]
(ഭ്രാന്താണി, തെഴുന്നേൽക്കൂ, പൊയ്ക്കോളൂ!...)["നോക്കൂ, ശാരി,
പൂന്തിങ്കളുയരുന്നൂ, പൂനിലാവൊഴുകുന്നു!...."]
"ദൈവ, മെന്നൊരാളുണ്ട്, നിശ്ചയ, മാ ദൈവത്തിൻ
കൈവേലത്തരങ്ങളാണീച്ചരാചരമെല്ലാം!
സ്വർഗ്ഗത്തിൽക്കാണും നല്ല രസികൻ കഞ്ചാവു, ഞാ-
നൽപ, മാ ദൈവം കാണാതവിടെച്ചെന്നാൽ, ക്കക്കും!
സർവ്വവ്യാപിയാണെങ്ങാൻ കണ്ടാലോ?-കണ്ടാൽത്തന്നെ
നിർവ്വികാരനുമല്ലേ, ഗർവ്വുതോന്നുമോ പിന്നെ?
അല്ലെങ്കിൽക്കഞ്ചാവാരു വലിക്കും?-തീരെത്തൊട്ടി-
ട്ടില്ല ഞാനിന്നോള, മെന്തെന്തൻ തല ചുറ്റുന്നല്ലോ!
അരുതാതാകുന്നു കാൽ മുന്നോട്ടു വെയ്ക്കാൻ, ലോക-
മുരളുന്നിതെൻ മുന്നിൽ!-ഞാൻ മാത്രം നേരേ നിൽപൂ!
ഇരിക്കാം തെല്ലീ മരച്ചോട്ടിലൊന്നിനി-യല്ലോ!
ചെരിപ്പും കുടയും ഞാനെടുക്കൻ മറന്നല്ലോ!
ശാരിതൻ വീട്ടിലാണു, രണ്ടു നാഴികയോളം
ദൂരമു, ണ്ടരുതിനി നടക്കാൻ, നാളെപ്പോകാം!
എന്തിനല്ലെങ്കിൽപ്പോണം നാളെ?- ഞാൻ നാളെത്തന്നെ-
സ്സന്ത്യജിച്ചെല്ലാം, പോകും സന്യാസിയായിക്കാട്ടിൽ!
എന്തിനു സന്യാസിക്കു കുടയും ചെരിപ്പും?-ഞാൻ
ചിന്തിച്ചീലത്രത്തോളം!-വേണ്ടെനിക്കൊന്നും വേണ്ട!
പുളകം, മരങ്ങൾക്കും പൂനിലാവിനും, മഞ്ഞിൽ-
പ്പുളകം!-കുടുകുടെ വിയർത്തു മുങ്ങുന്നൂ ഞാൻ!
എന്നാത്മാവെവിടെയ്ക്കോ താഴുന്നു, നക്ഷത്രങ്ങ-
ളൊന്നുമില്ലെന്നിൽ, വെറും ശൂന്യതയാണെൻ മുന്നിൽ!
ഉറക്കം വരുന്നു,ണ്ടെൻ കണ്ണടയുന്നീലെന്നാ-
ലുറക്കെക്കരയും ഞാൻ വാവിട്ടുകരയും ഞാൻ!
നാവനങ്ങുന്നീലെന്നാൽ, ത്തൊണ്ടയിൽജ്ജലമി,ല്ലെൻ
ജീവനിലാരീ മൊട്ടുസൂചികൾ തറയ്ക്കുന്നോ?
നിഴലാട്ടങ്ങൾ!-വെറും ശൂന്യത!-വീണ്ടും ചില
നിഴലാട്ടങ്ങൾ!-നീണ്ട ശൂന്യത പേർത്തും മുന്നിൽ!
തൈമിന്നാമിനുങ്ങുകളിരുട്ടു!-നക്ഷത്രങ്ങൾ!-
വൈമാനികന്മാർ!-ചെന്തീപ്പന്തങ്ങൾ-പൂക്കുറ്റികൾ!
അപരാധികൾ / കഞ്ചാവിന്റെ ചിറകുകളിൽ
ചങ്ങമ്പുഴ
അടുപ്പിൽ,ത്തൈലം താവിപ്പടുത്ത, ചീനച്ചട്ടി-
യ്ക്കകത്തിട്ടിടും കൊച്ചു കടുകുമണിക്കൊപ്പം,
അയ്യയ്യോ, പൊട്ടും തെറിച്ചെൻകര,ളെനിക്കൊന്നും
വയ്യെ,ന്റെ ശാരീ, വരൂ, സന്യാസിയാവില്ലാ ഞാൻ!
എവിടെ വെള്ളം?-വെടിക്കെട്ടുകൾ!-തെറിക്കുന്നൂ
ശിവനേ, നക്ഷത്രങ്ങൾ!-ശൂന്യത വീണ്ടും മുന്നിൽ!
സർപ്പങ്ങൾ!-അമ്മേ, വെള്ളം!-ചിറകുണ്ടെനി,ക്കയ്യോ,
സർപ്പങ്ങൾ!-നിഴലുകൾ!-വേദന!-വെള്ളം, വെള്ളം!
25-5-1940
അപരാധികൾ
ചങ്ങമ്പുഴ
തപ്തസന്ദേശം
ഹൃദയേശ്വര, തപ്തചിന്തയാൽ
സന്തതം വെന്തുരുകുന്നൊരെൻ മനം,
അപഥങ്ങളെയാശ്രയിക്കി,ലെ-
ന്നപരാധം സദയം ക്ഷമിക്കണേ!
കലിതോന്മാദഭാഗ്യവല്ലിയിൽ-
ക്കനകപ്പൂക്കൾ വിരിഞ്ഞ നാളുകൾ,
ജലനിർഝരബുദ്ബുദങ്ങൾപോൽ
നിലനിൽക്കാതെ മറഞ്ഞുപോയിതേ.
പ്രണയാമൃതമാസ്വദിക്കുവാ-
നണയും മത്തമനോമരാളകം,
വിനതൻ വിഷലിപ്തമാം കൊടും-
കണയേറ്റേറ്റു പിടപ്പൂ ദാരുണം.
അതിലദ്ഭുതമെന്തു?-ലോകമാ-
ണിതു, കാണാം പരിണാമമെന്തിലും,
സ്ഥിതി സുസ്ഥിരമല്ലയൊന്നിനും
മതി, പിന്നെന്തിനതിൽ പഴിക്കണം?
വിധിപോലെ വരും സമസ്തവും
വിഫലം നമ്മുടെയാത്മകാമിതം.
വിലപിപ്പതിലർത്ഥമില്ല-ഹാ,
വിഷമം തന്നെ മനുഷ്യ ജീവിതം.
ഇവ തത്ത്വ ചിന്തമാത്രമാ-
ണിവയാലെന്തുപശാന്തി നേടുവാൻ?
ഇതുമട്ടെരിയാതിരിക്കുവാ-
നിടയില്ലൽപവുമെൻ മനം, വിഭോ!
ഒരുകാലമമൂല്യനിർവൃതി-
ക്കുറവാ,യോളമടിച്ച ജീവിതം.
മരുഭൂമിയിലെത്തി, യീവിധം
വരളും കാഴ്ചയിതെത്ര ദുസ്സഹം!
പ്രണയം തളിരിട്ടു, ശാന്തിയാൽ
നിതരാം പച്ചപിടിച്ച യൌവനം.
അതുലോത്സവരമ്യരംഗമെ-
ന്നഭിമാനത്തൊടഹങ്കരിച്ചു ഞാൻ.
അപരാധികൾ / തപ്തസന്ദേശം
ചങ്ങമ്പുഴ
സതതം, നവനർമ്മസൂക്തിയാൽ
സരസോല്ലാസമിയന്ന വിശ്രമം,
സ്മൃതിതൻ മുകുരത്തി, ലിപ്പൊഴും
പ്രതിബിംബിച്ചിത കാൺമൂ മോഹനം!
ഹൃദയം ഹൃദയത്തെയുമ്മവെ-
ച്ചുതിരും മംഗളരാഗമർമ്മരം,
സ്മൃതിതൻ കുളിർകുഞ്ജകത്തിൽ നി-
ന്നുദിതാമോദമുണർന്നു കേൾപ്പു ഞാൻ.
പരകോടികൾ പാവനങ്ങളാം
പരമപ്രേമസുഖാനുഭൂതികൾ
പരിചാരകരായ് ലസിച്ചൊരാ-
പ്പരിചേലും സുദിനങ്ങളെങ്ങുപോയ്?
മുകളിൽത്തെലിവാർന്നു, മുഗ്ദ്ധവെൺ-
മുകിലങ്ങിങ്ങലയുന്ന വാനവും,
അടിയിൽ, ത്തൃണരാശി പച്ചയാ-
മുടുപാവാട വിരിച്ച ഭൂമിയും;
മലർചൂടി മദാകുലാലസം
തലയാട്ടും തരുസഞ്ചയങ്ങളും
അലഘുദ്യുതിയാർന്നതാം പലേ
മലയും, ചോലകളും, വനങ്ങളും:-
ഇവയൊക്കെയുമൊന്നുപോൽ നവോ-
ത്സവമന്നേകിയനുഗ്രഹിക്കയാൽ,
മധുരിച്ചു വിചാരഗൗരവം
മഷിതേക്കാത്ത മദീയജീവിതം.
പ്രണയം സുഖമാണു, നേർവഴി-
ക്കൊഴുകിപ്പോവുകി,ലല്ലയെങ്കിലോ,
അതുപോലൊരു തീവ്രസങ്കടം
വരുവാനില്ല ജഗത്തിലൊന്നുമേ.
ഹൃദയത്തളിർ മൂത്തുമൂത്തു പ-
ച്ചിലയായ്ത്തീരുവതിന്നു മുൻപഹോ.
ഗതി, യെന്തതു വൻനിരാശയാ
പുഴു വന്നങ്ങു കരണ്ടുതിന്നുകിൽ?
കരയാതെ കഴിച്ചുകൂട്ടിടാം
പുറമേ പൂർണ്ണസുഖം നടിച്ചിടാം,
ശരി, യെങ്കിലു, മൊന്നു പൊട്ടിയേ
മതിയാകൂ കദനാഗ്നിപർവ്വതം!
അപരാധികൾ / തപ്തസന്ദേശം
ചങ്ങമ്പുഴ
അവിചാരിതമായി വരുന്നൊരീ
വ്യതിയാനം വ്യതിരിക്തഭാഷയിൽ,
പറയാമിനിയും പ്രതീക്ഷതൻ
പടിവാതിൽക്കൽ മുഷിഞ്ഞു നിൽക്കുവാൻ.
പരരെപ്പൊഴുമാഞ്ഞെറിഞ്ഞിടും
പരിഹാസം സകലം സഹിച്ചിടാം,
പഴുതേ തവ വൈരമാണഹോ
പരമാർത്ഥത്തി,ലെനിക്കു ദുസ്സഹം.
കുളിർകോരിയണിഞ്ഞ ചെമ്പനീർ-
മുകുളമ്പോലെ വിടർന്ന യൗവന
ഹൃദയേശ, ഭവാനു നൽകിയ-
ന്നതിനുള്ളോരമൃതാങ്കിതോത്സവം.
ലളിതേന്ദു ചിരിച്ചു, പൂനിലാ-
വലതല്ലും ശിശിരാന്തരാത്രികൾ,
നിജപുഷ്കലപുഷ്പശോഭയാൽ
രജതപ്പട്ടു വിരിച്ച മുല്ലകൾ;
മലയാനിലചാലിതാമലോ-
ജ്ജ്വലമന്ദാരനികുഞ്ജവീഥികൾ,
കലഹോത്സവസാന്ദ്രരാഗസ-
ങ്കലിതേകാന്തവികാരവീചികൾ;
അകലത്തിണയെപ്പിരിഞ്ഞിരു-
ന്നതിദീനം കരയുന്ന രാക്കുയിൽ,
അരികത്തു ഭവാൻ!-മറക്കുവാ-
നരുതാ രംഗമെനിക്കൊരിക്കലും!
അവയൊക്കെ മറഞ്ഞു, വീണ്ടുമൊ-
ന്നണയില്ലായതിലൊന്നുപോലുമേ;
അവതൻ ചിറകിന്റെ കീഴമ-
ർന്നകലത്തായ് മമ ഭാഗധേയവും!
ചിലകാലടിയൊച്ചയാൽ, സ്വയം
ചിതറിപ്പോയ കിനാവുപോലവേ,
മറവായൊരു മായികക്ഷണോ-
ന്മദമാർന്നിയനുരാഗബുദ്ബുദം!
പുളകങ്ങൾ കിളർത്തിരുന്നൊരാ-
പ്പുതുനിർവ്വാണദപുഷ്പവൃഷ്ടിയിൽ
ഇതുമാതിരി മുങ്ങിനിൽക്കുവാ-
നിടയാകില്ലിനിമേലൊരിക്കലും!
അപരാധികൾ / തപ്തസന്ദേശം
ചങ്ങമ്പുഴ
പ്രണയം മഴവില്ലു വീശിയാൽ
മയിലാട്ടത്തിനിരുന്ന മാനസം,
ഇതുപോ,ലൊടുവിൽ,സഹിക്കണം
കദനത്തിന്റെ കഠോരദംശനം.
നിയമങ്ങളെ വെച്ചു, ലോകമേ,
നിയതം കൊള്ളകൾ ചെയ്കയാണു നീ;
നിരുപിക്കുകിലർത്ഥമില്ല, നിൻ
നിരഘാദർശവചസ്സിനൊന്നുമേ.
ഒരുപോലൊരു ഭാവമെങ്കിലോ
പരമന്യം, പരമന്യ, മാകയാൽ.
അരുതിന്നിഹ നിൻ യഥാർത്ഥമാം
നിറമെന്തെന്നു മനസ്സിലാക്കുവാൻ.
സമുദായമധ:പതിച്ചു, ഹാ,
സഹതാപം കുറവായിനമ്മളിൽ
സഹജോത്സൃതരക്തധാരയിൽ
സലിലക്രീഡ തുടങ്ങിയിന്നു നാം!
പരതന്ത്രതയോടനാമയം
പടവെട്ടിക്കൊടി നട്ട പൂരുഷൻ,
പറയുന്നിതു നാരിയോടു: "മൽ-
പ്പരിചര്യയ്ക്കു പിറന്നതാണു നീ!"
'അബലാ ചപലേ' തിയന്ധമാ-
മപഹാസപ്പടു കുണ്ടിലാഴ്ത്തിയേ,
അവളോടവനാകയുള്ളു ത-
ന്നധികാരായുധമാഞ്ഞുവീശുവാൻ!
പുരുഷൻ, സുഖലോലുപൻ, വൃഥാ
പറയുന്നൂ പഴിയേറെനാരിയെ
ശതവത്സരമെത്ര പോയി, തൽ-
ക്ഷമയിന്നും കുറയാത്തതദ്ഭുതം!
പ്രതിരാഗപരാജയത്തിനാ-
ലിതിൽനിന്നൊന്നു മനസ്സിലാക്കി ഞാൻ!;
ഹൃദയാർദ്രത നാശമാണു, വൻ-
ചതികൊണ്ടേ ജയമുള്ളുഭൂമിയിൽ!
അപരാധികൾ / തപ്തസന്ദേശം
ചങ്ങമ്പുഴ
അപരിഷ്കൃതയെങ്കിലും, വരു-
ന്നപമാനത്തിലധീരയാണു ഞാൻ
അതിനാൽ മരണം വരിക്കി, ലെ-
ന്നപരാധം സദയം ക്ഷമിക്കണേ!
മമ ജീവിതഭാഗ്യപൂർത്തിതൻ
മകുടത്തിന്റെ മയൂഖമാലകൾ,
മഴവില്ലുവരച്ചു മാ, ച്ചതാ
മറയുന്നൂ, മറയുന്നു സർവ്വവും!
മമ ബന്ധുജനങ്ങളേ, ലസ-
ന്മമതോദ്യന്മധുനിർഝരങ്ങളേ,
ഇതുമാതിരി വേർപിരിഞ്ഞിടാ-
നിടയായ്, കഷ്ട, മെനിക്കു നിങ്ങളെ!
കാമനിക്കു വിഷം, സുഖേച്ഛുവാം
കമിതാവിന്നു വികാരശന്തിയും!
മമ സാഹസകൃത്യമിന്നിതിൽ
സമുദായം പറയേണമുത്തരം.
ഇനി ഞാൻ വിരമിച്ചിടട്ടെ, യെൻ
മനമേതാണ്ടൊരു 'ചൂള'പോലെയായ്
ഇനി ഞാൻ പൊഴിയില്ല മേലി, ലീ-
പ്രണയത്തിൻ ദയനീയഗദ്ഗദം.
ഇതു കിട്ടുവതിന്നുമുൻപി, ലെൻ
ഹൃദയ സ്പന്ദനമൊക്കെ നിന്നുപോം
അതിനെന്തു?-ജഗത്തിനെന്തിനി-
പ്പതറിപ്പോയൊരപസ്വരം, വിഭോ?
സദയം വിടനൽകുകോർക്കുകി-
ച്ചിതയിൽപ്പെട്ടെരിയും ജഡത്തിനെ.
അതു നാളെയുഴക്കു ചാര,-മെൻ
ഹൃദയാധീശ, ഭവാനു മംഗളം! ...
4-10-1934
അപരാധികൾ
ചങ്ങമ്പുഴ
എങ്ങനെയോ, അങ്ങനെ!
(തിരുവനന്തപുരം ആർട്ട്സ് കോളേജ് മലയാളസമാജത്തിന്റെ
വാർഷികയോഗത്തിൽ വായിച്ച ഒരു വിനോദ കവിത)
ഇരിക്കുന്നു കവിതയൊന്നെഴുതുവാനുറച്ചുകൊ-
ണ്ടൊരു, കൈയില്ലാത്ത ചൂരൽക്കസേരയിൽ ഞാൻ.
ചുറ്റുപാടും നോക്കിടട്ടേ കാണ്മതൊക്കെപ്പകർത്തട്ടേ
ചെറ്റു യഥാതഥപദ്യം പടച്ചിടട്ടേ.
ഒരു മേശപ്പുറത്താണെൻ വെളുവെള്ളക്കടലാസു-
മുറവുപേനയു,മൊത്തുകിടപ്പതിപ്പോൾ.
അവയ്ക്കു കൂട്ടിനെന്നോണമനവധി പുസ്തകങ്ങ-
ളടുക്കില്ലാതമരുന്നു ചിതറിച്ചുറ്റും.
അൽപം പൊട്ടിയഗ്രഭാഗമടർന്ന ചിമ്മിനിയേന്തും
കുപ്പിമണ്ണെണ്ണവിളക്കൊന്നുണ്ടിതാ മുന്നിൽ.
ചിമ്മിനിക്കകത്തെന്നെപ്പോൽച്ചടച്ചൊരു ചെറുദീപം
വിമ്മിവിമ്മി ജ്വലിക്കുന്നു പൊങ്ങിയും താഴ്ന്നും.
അതിൻചുറ്റുമിടയ്ക്കിടെപ്പറന്നു വന്നണയുന്നു-
ണ്ടലഞ്ഞലഞ്ഞോരോ കൊച്ചു പൂച്ചിപ്രാണികൾ.
ചിറകുകൾ കരിഞ്ഞതാ സിദ്ധികൂടുന്നുണ്ടവയിൽ
ചില-തയ്യോ, മൂട്ടയൊന്നു കടിച്ചിതെന്നെ!
പിടഞ്ഞുടനെഴുനേറ്റു പല്ലൊരൽപമിളിച്ചുകൊ-
ണ്ടിടംകൈയാൽ, പൃഷ്ടം, നിന്നു ചൊറിയുന്നു ഞാൻ.
പേനമേശപ്പുറത്തിട്ടു വലംകൈയിൽ വിളക്കെടു-
ത്താനമിപ്പൂ ശിരസ്സു ഞാൻ മൂട്ടയെ നോക്കാൻ.
അതാ കള്ളനതാ കള്ളനവനോടിയൊളിക്കയാ-
ണവനുടെ ജീവനുംകൊണ്ടതിവേഗത്തിൽ.
പമ്മിയവൻ ചൂരലിന്റെ വിള്ളലൊന്നിൽ നിഷ്പ്രയാസ-
മെമേക്ലാസ്സിൽ പഠിക്കും ഞാനിളിഭ്യനായി!
തക്കമവനെപ്പോഴൊക്കെക്കിട്ടുമപ്പോഴെല്ലാ, മവൻ
സൽക്കരിക്ക പതിവാണാക്കടിയാലെന്നെ.
മൂട്ടയേയും കാത്തിരുന്നാൽക്കാവ്യലക്ഷ്മിയവൾ വന്ന-
പാട്ടിനെങ്ങാൻ കടന്നാലോ-മടങ്ങട്ടെ ഞാൻ.
വെറ്റയും, പുകയിലയു, മടയ്ക്കയു, മുണങ്ങിയ
ചെറ്റുചുണ്ണാമ്പു, മെൻ മേശപ്പുറത്തിരിപ്പൂ.
ദിവസവും സേവിക്കുവാനൊരു വൈദ്യൻ പറഞ്ഞതാം
'ച്യവനപ്രാശ'മുൾക്കൊള്ളും ഭരണി കാണ്മൂ.
ചുറ്റും ബീടി, സിഗററ്റു, തീപ്പെട്ടിക്കോ, ലിവയുടെ
കുറ്റികളന്യോന്യം പുൽകിപ്പുൽകിശ്ശയിപ്പൂ.
തെല്ലകലെ, ച്ചുമരിന്മേലാണിയൊന്നിൽത്തൂങ്ങിക്കിട-
ന്നുല്ലസിപ്പൂ കണ്ണാടിയും മീതെയായ് ചീർപ്പും.
അപരാധികൾ / എങ്ങനെയോ, അങ്ങനെ!
ചങ്ങമ്പുഴ
ഒരുഭാഗം ഭിത്തിയിന്മേലൊന്നുരണ്ടു ഷർട്ടും മുണ്ടു-
മൊരു കോട്ടും കച്ചത്തോർത്തും പരിലസിപ്പൂ.
ഹോട്ടലിൽനിന്നൊരു പയ്യൻ പകർച്ച കൊണ്ടുവന്നിടു-
മോട്ടടുക്കുപാത്രമുണ്ടൊരൊഴിഞ്ഞകോണിൽ.
ഗ്ലാസിലൊന്നിൽപ്പച്ചവെള്ളം കടലാസൊന്നിട്ടുമൂടി
മേശമേൽ വെച്ചിരിക്കുന്നു കുടിക്കാനായി.
'ടെക്സ്റ്റയിൽടെക്നോളജി' ക്കു പഠിക്കുമെൻകൊച്ചനുജൻ
ടെക്സ്റ്റുബുക്കും വെ,ച്ചുറക്കം തൂങ്ങിയിരിപ്പൂ.
അപ്പുറത്തുതാമസിക്കുമഞ്ചൽമാസ്റ്റരിടയ്ക്കിട-
യ്ക്കൽപമൽപം ചുമയ്ക്കുന്നോരൊച്ച ഞാൻ കേൾപ്പൂ.
മറുഭാഗത്തുള്ളമച്ചിൽ വാഴുമേതോ ഗായകന്റെ
മുരളീകാലാപമിങ്ങോട്ടൊഴുകിടുന്നു.
അതിൻ മൃദുതരംഗങ്ങളെന്നാത്മാവിൽത്തട്ടിത്തട്ടി
മതിമറന്നെന്തിലോ ചേർന്നലിയുന്നു ഞാൻ.
എൻതലയ്ക്കു മുകളിലായുത്തരവും ചുമന്നുകൊ-
ണ്ടന്തം മറന്നൊരു ഗൗളി മലർന്നിരിപ്പൂ.
ഒരു കൊതുകു കടിപ്പൂ വന്നെൻ മുതുകിൽ-ക്കൊടുപ്പൂ ഞാ-
നൊരുപെട-'ഭടേ'യെന്ന ശബ്ദവും കേൾപ്പൂ.
ശത്രുവവൻ ശിരസ്സിലെൻ കൈത്തലത്തിൻ ബോംബുവീണു
സിദ്ധികൂടി-ചതഞ്ഞയ്യോ ചമ്മന്തിയായി.
കവിയേവം കൊലയാളിയായിമാറും കാഴ്ച കാൺകെ-
ക്കവിതാകാമിനി പേടിച്ചൊരോട്ടമോടി!
തുടരുന്നതിനിപ്പിന്നെയെങ്ങനെ ഞാൻ?-പേന താഴ-
ത്തിടുകയേ തരമുള്ളൂ-ക്ഷമിപ്പിൻ നിങ്ങൾ!
വിലപെടുമീയദ്ധ്യക്ഷ*നുള്ളകാല,മെനിക്കുണ്ടോ
വിഷമം, ഹാ, രക്ഷനേടാൻ കൊലക്കുറ്റത്തിൽ!
17-2-1941.
*അദ്ധ്യക്ഷൻ സുപ്രസിദ്ധ ക്രിമിനൽ വക്കീലായിരുന്ന മള്ളൂർ ഗാവിന്ദപ്പിള്ള
അപരാധികൾ
ചങ്ങമ്പുഴ
കല്യാണബോംബ്
(ഹാസ്യാത്മകം)
അൻപിലെൻ സഖാക്കളുമൊത്തു കല്യാണം കാണാൻ
ചമ്പറം പടിഞ്ഞു ഞാനിരിപ്പൂ മെത്തപ്പായിൽ.
മേടമാസമാ,ണൊത്ത മദ്ധ്യാഹ്നം, വെയിലിന്റെ
ചൂടസഹ്യമാ,ണാൾത്തിരക്കുണ്ടു പന്തലിലേറ്റം.
ചെറിയവീടാ,ണില്ല വിസ്താരം മുറ്റത്തിനു,
നിറയെപ്പെണ്ണുങ്ങളും, വികൃതിക്കുഞ്ഞുങ്ങളും;
എരിയും തിരികളും, ചന്ദനത്തിരിപ്പുക-
ച്ചുരുളോടിടഞ്ഞഷ്ടഗന്ധധൂമത്തിൻ ചാർത്തും;
കടുകുവറുത്തീടും സീൽക്കാരോദ്ഭവഗന്ധം
കടന്നാ നാസാരന്ധ്രക്ഷോഭനിർഘോഷങ്ങളും;
കമ്പനം മസ്തിഷ്കത്തിൻ സിരകൾക്കേകീടു, മാ-
ച്ചെമ്പകപ്പൂവിൻ രൂക്ഷരൂക്ഷമാം സൗരഭ്യവും;
സർവ്വവുമിടചേർന്നു, വീർപ്പുമുട്ടിക്കാനെന്നെ
ദുർവ്വിധിയിവിടെക്കൊണ്ടിരുത്തീ മന:പൂർവ്വം!
പാടുപെട്ടിടംവശം പകുത്തി,ട്ടൊരു മുല്ല-
ക്കാടാക്കിത്തീർത്തിട്ടുള്ള ഹ്രസ്വകേശവുമായി;
കുങ്കുമപ്പൊട്ടുംതൊട്ടൊരായിരം പുള്ളിക്കുത്താ-
ലങ്കിതമായിട്ടുള്ള പട്ടുസാരിയും ചാർത്തി;
'ബോഡീസിൻ' വെള്ളപ്പട്ട 'ജമ്പറു' തടുത്തിട്ടും
"പോടാ,പോ, നോക്കട്ടെ" ന്നമട്ടൽപം വെളിക്കുന്തി;
അന്യോന്യം കലഹിക്കുമവയെ, ച്ചേലച്ചുരു-
ളൊന്നിച്ചു, മിന്നും 'ബ്രൂച്ചിൽ' ക്കോർത്തനങ്ങിടാതാക്കി;
ഇന്നോളം നാട്ടിൽത്തീർത്തിട്ടുള്ളൊരാപ്പൊൻപണ്ടങ്ങ-
ളൊന്നൊഴിയാതാ മെയ്യിലൊത്തുചേർന്നോളംവെട്ടി;
"ഇട്ടിടും താഴേ താഴേ ഞങ്ങ,ളെന്റപ്പോ ഘനം!"-കാതിൻ
തട്ടുകൾ വീർപ്പിട്ടോതും പൊൻകുണുക്കുകളേന്തി;
അണിയായ്,കൈയിൽത്താലമേന്തുമാളികളോടൊ-
ത്തവിടേക്കെഴുന്നള്ളത്താണതാ വധൂറാണി!
നമ്രമാണവളുടെ ശിരസ്സല്ലെങ്കിൽ, പക്ഷേ,
നന്മയില്ലവൾക്കെന്നു വല്ലോരും ശങ്കിച്ചാലോ!
ഒറ്റയ്ക്കു വഴിക്കെങ്ങാൻ കാണുകിൽ, ത്തലവെട്ടി-
ച്ചുറ്റുനോക്കിടാറുള്ളൊരാ മഞ്ഞപ്പെൺപോർക്കിനെ,
അങ്ങനെ, മന്ദാക്ഷത്തിൽപ്പൊതിഞ്ഞു, മുന്നിൽക്കാൺകെ
ഞങ്ങളദ്ഭുതപൂർവ്വമന്യോന്യം നോക്കിപ്പോയി.
ചിലർക്കു ചുണ്ടിൽ സ്വൽപം പുഞ്ചിരി പൊടിച്ചു ഞാൻ
ചിരിച്ചി,ല്ലാരാൻ കണ്ടാൽ മര്യാദകേടായാലോ!
അപരാധികൾ / കല്യാണബോംബ്
ചങ്ങമ്പുഴ
ദല്ലാളുണ്ടരികത്തു, കളഭം വാരിത്തേച്ചു
മുല്ലപ്പൂക്കളുമണിഞ്ഞന്തസ്സിലിരിക്കുന്നു.
"ഞാനിതു നടത്തി", യെന്നൊതുക്കാനാകാ, തഭി-
മാനസുസ്മിതമൊന്നാച്ചുണ്ടിലുണ്ടിഴയുന്നു.
വട്ടത്തിൽ, മാറെത്തുമ്പോൾക്കൂർത്തെഴും കഴുത്തിന്റെ
പട്ടയുള്ളുൾക്കുപ്പായം വെളിയിൽക്കാണും മട്ടിൽ,
ഉള്ളിതൻ തൊലിയേക്കാൾ മിനുത്തു, മൃദുവായി-
ട്ടുള്ള വസ്ത്രത്താൽത്തീർത്ത നീണ്ട 'ജുബാ'യും ചാർത്തി;
'സ്റ്റയിലാ'ണതെന്നൊരു ഭാവത്തിൽ, ത്തൂവാലയൊ-
ന്നയവാ,യലസമായ്ക്കണ്ഠത്തിൽച്ചുറ്റിക്കെട്ടി;
'റിസ്റ്റുവാ'ച്ചെല്ലാവരും കാണുവാന്മാത്രം, കൈകൾ
മുട്ടോളം തെറുത്തേറ്റി,പ്പൊടിമീശയുമായി;
ചെറ്റൊരൗദ്ധത്യം കണ്ണിൽ സ്ഫുരിക്കെ, ത്താനങ്ങൊരു
'ചിറ്റു ചട്ടമ്പി' യാണെന്നുള്ളൊരു ഭാവം കാട്ടി;
പെണ്ണുങ്ങൾ നിൽക്കുന്നിടത്തന്നത്തെസ്സകലതും
തന്നുടെ ശിരസ്സിലാണെന്നൊരു നാട്യത്തോടെ;
പൂർവ്വകാമുകനാകി,ല്ലൊരുവൻ, നാരങ്ങയും
പൂവുമേകുവാൻ, 'തയ്യാറെടു'ത്തങ്ങനെ നിൽപൂ!
'ഗ്രാമഫോൺ' ചക്കാട്ടുമാസ്സംഗീതം സഹിക്കാ, ഹാ,
ഭീമമാം ശ്രുതിയൊത്താപ്പിളർപ്പൻ നാഗസ്വരം!
ദുസ്സഹമതിനേക്കാൾ, ഗോഷ്ടിയിൽ, തകിലോടു-
മത്സരി,ച്ചയ്യോ, കാട്ടുമാ പ്രാണപരാക്രമം!
ആപാദചൂഡം വിയർത്തൊഴുകി,ക്കരിപുര-
ണ്ടാകവേ, കണ്ണും മൂക്കും ചുകന്നു, വെള്ളം ചാടി;
ആരക്തതാംബൂലാർദ്രദ്രാവകം, ശ്മശ്രുക്കളി-
ലോരോതുള്ളികളായിട്ടങ്ങനെ തത്തിത്തുള്ളി;
എത്തി, ദക്ഷിണവാങ്ങി, കൈപൊക്കിയനുഗ്രഹം
പൊത്തിവെയ്ക്കയായ് നമ്രശിരസ്സിൽ, പൂണൂലിട്ടോർ!
അവരെത്തുടർന്നച്ഛ,നമ്മ,യമ്മാവൻ, വാദ്ധ്യാർ...
ശിവനേ, നമസ്കരിച്ചാപ്പാവം കുഴങ്ങിപ്പോയ്!
"മാലയാണാദ്യ"-"മല്ല, മോതിരമാ"-"ണാകട്ടേ!"
"താലികെട്ടില്ലേ?"-"താനൊന്നടങ്ങിനിൽക്കൂ,കൂവേ!"
തർക്കമായ്ച്ചടങ്ങിനെപ്പറ്റിയാ മൂപ്പീന്നന്മാർ-
"നിൽക്കുക, തർക്കിക്കാ,നിതിത്ര പുത്തരിയാണോ?
പപ്പൂള്ളച്ചേട്ടൻ ചൊന്നതാണിതിൽപ്പരമാർത്ഥം
തപ്പില്ല, തമ്മിലാദ്യം മോതിരമിടീക്കട്ടേ!"
നാട്ടുകാര്യസ്ഥൻ തീർപ്പുകൽപിച്ചു-"തിരിയൊന്നു
നീട്ടുക!"-"ബാലാ, ഷർട്ട്!" "മുഹൂർത്തം തെറ്റിക്കല്ലേ!"-
അപരാധികൾ / കല്യാണബോംബ്
ചങ്ങമ്പുഴ
മോതിരം മാറി, മാലയിട്ടു, വായ്ക്കുരവകൾ
കാതുപൊട്ടിക്കെ, ക്കോടിവസ്ത്രവും നൽകപ്പെട്ടു!-
അപ്പൊഴേക്കൊരാക്രോശം: "നിർത്തുക നാഗസ്വരം!"
ആ'ശ്രുതി'യുടെ കവിൾക്കുടമക്ഷണം പൊട്ടി!
നിന്നുപോയ്ത്തകിലടി-"മാറിനിന്നോടീ മാതു
മുന്നോട്ടുപോട്ടമ്മായി" - "കൊച്ചിനെപ്പിടീ ജാനൂ!"
പെണ്ണുങ്ങൾ 'ബ്ലൗസി' ന്നുള്ള തുണിയും മറ്റും മറ്റും
പെണ്ണിനു സമ്മാനിക്കാൻ തിക്കുമാക്കോലാഹലം!
"ഇച്ചിരി ചവയ്ക്കാനിങ്ങെടുത്തു തന്നാട്ടൊന്നു
കൊച്ചമ്മേ!" - മുറ്റം തൂപ്പുകാരിതൻ നിവേദനം!
"അതിനാണിപ്പോൾ നേരം!..." കൊച്ചമ്മക്കോപം-"നെന-
ക്കിതുമാസോത്ര്യാ മോളേ?-" നാണിച്ചി,"ട്ടാറമ്മൂമ്മേ!"
"ചെക്കനു പൊക്കംപോരാ നത്തുപോലാണാ മുഖ-
മിത്തിരി വർക്കത്തില്ല!"-"പതുക്കെപ്പറ നാണീ!"
"ഒച്ചയുണ്ടാമ്മേല, നിശ്ശബ്ദം!"- മുന്നോട്ടേക്കൊ-
രൊച്ച,ല്ല തെറ്റിപ്പോ,യൊരോന്തതാ നീങ്ങീടുന്നു!
സഹിക്കാമെന്തും-പക്ഷേ, മംഗളപത്രം!-നോക്കൂ
സദസ്സിൻ മദ്ധ്യത്തിലാസ്സംഹാരസ്വരൂപിയെ!
അൽപനാളവൾക്കയാൾ നന്ദികാട്ടണ്ടേ മർത്ത്യൻ?
അതിനീസ്സാധുക്കളെക്കൊന്നിട്ടുവേണോ സാറേ?-
ഗതിയെന്തിനി, വാദ്ധ്യാർ ഹിംസിക്കാനാരംഭിപ്പൂ!
എട്ടടിച്ചേരയ്ക്കൊത്ത സംസ്കൃതവൃത്തം, കഫ-
ക്കെട്ടിലൂടുന്തിത്തള്ളിപ്പുറത്തുചാടും ശബ്ദം;
ശപ്തമാം ജലദോഷം പാരുഷ്യമിരട്ടിച്ച
ശബ്ദവുമായി ഗ്ഗുസ്തിപിടിക്കും സഭാകമ്പം;
കുപ്പായക്കീറൽ കാണാതിടത്തെത്തോളിൽക്കൈയൊ-
ന്നപ്പപ്പോൾപ്പൊക്കി,ത്തോർത്തു നേരേയാക്കേണ്ടും ഭാരം*
എന്തെല്ലാം പ്രയാസങ്ങളാ,ണൊന്നുമോർക്കാതയാ-
ളെന്തിനിപ്പുലിവാലിൽച്ചെന്നഅയ്യോ പിടികൂടി!
വരവാനരനൽപം പല്ലിളിച്ചിട്ടു,ണ്ടതി-
നരികേ ബിംബംപോലെ നിൽപാണു ലജ്ജാപിണ്ഡം!
മംഗളപദ്യമാദ്യം വർണ്ണിച്ചു പ്രകൃതിയെ-
ശ്ശൃംഗാരക്കുഴമ്പായി;-വൃദ്ധന്മാർ തലയാട്ടി!
വിയർപ്പിൻ ഗന്ധം ചുറ്റുമെനിക്കു ശ്വാസംമുട്ടി
വിടുകയില്ലയാൾ-ശ്ലോകം രണ്ടുതീർന്നിട്ടേയുള്ളു.
വരുന്നൂ മൂന്നാമത്തെബ്ബോംബും, തയ്യാറായ്ക്കൊള്ളൂ!-
* ഈ ആശയത്തിന് എനിക്കു ഫലിത സാമ്രാട്ടായ ഈ.വി. കൃഷ്ണപിള്ളയോടു കടപ്പാടുണ്ട്
അപരാധികൾ / കല്യാണബോംബ്
ചങ്ങമ്പുഴ
"സാവിത്രീ ബത സീത ഹന്ത സതിവൃന്ദാരാദ്ധ്യ മൂക്കുത്തിയാ-
മാ വിഖ്യാതയരുന്ധതീ മഹതിക്കൂട്ടം ഗമിച്ചാപ്പഥി,
പൂവിട്ടങ്ങിഹ പോവൊരി "ച്ചെലമ' യെക്കുറ്റിപ്പുറസ്ഥൻ, മഹാൻ,
പൂവമ്പൻ, ധൃത 'കിട്ടു' നാമ, നിത, യുണ്ണിക്രുപ്പു വേൾക്കുന്നു ഹാ!"
[ഹാ, ഗുരുവായൂരപ്പാ, തലചുറ്റിടുന്നല്ലോ!
വേഗമാകട്ടെ!-വെള്ളം!-എന്റെ കൊടുങ്ങല്ലൂരമ്മേ!]
"അയ്യോ!" ...പിന്നൊന്നും ബോധമില്ല മേ-മിഴി വീണ്ടും
പയ്യെ ഞാൻ തുറന്നപ്പോൾക്കിടപ്പാണാസ്പത്രിയിൽ!
ഒക്കെ ഞാൻ സഹിച്ചിട്ടും സദ്യയുണ്ണാനന്നെനി-
ക്കൊക്കാഞ്ഞതോർക്കുമ്പോഴുണ്ടിപ്പൊഴും പശ്ചാത്താപം!
കിട്ടുണ്ണിക്കുറുപ്പിനെ-മുതുമർക്കടത്തിനെ-
നട്ടെല്ലുരണ്ടായൊടിച്ചിട്ടിട്ടു, പാവത്തിനെ,
പിന്നെയും മുതുകത്തു ചവിട്ടിച്ചത,ച്ചൊരു
കന്ദസായകനാക്കിത്തീർത്തൊരാ ബ്രഹ്മാവിനെ;
'ശാർദ്ദൂലവിക്രീഡിത'ക്കരുവിൽ, ചെല്ലമ്മയെ
വാർത്തെടുത്തൊരുവശം ചതച്ചുകളഞ്ഞോനെ;
അവനെപ്പേടിച്ചിപ്പോളരികേ പോകില്ലാരും
ശിവനേ, മനുഷ്യർക്കു ജീവനിൽക്കൊതിയില്ലേ?
ഇന്നു, മാ വാദ്ധ്യാരെ ഞാൻ ദൂരെയെങ്ങാനും കണ്ടാൽ
മുന്നോട്ടൊരടി പിന്നെ വെയ്ക്കില്ല-തിരിഞ്ഞോടും!
വല്ലകല്യാണത്തിനുമെത്തിയാലയാൾ, സദ്യ-
യ്ക്കല്ലാതെ കാണില്ലെന്നെപ്പന്തലിലൊരേടത്തും!
മന്നിതിൽ, കുഷ്ഠം, പ്ലേഗ്, കോളറ, മധുരവു-
മെന്നെസ് കൃഷ്ണനുമൊത്തുള്ളാ ഹാസ്യചലച്ചിത്രം;
ചാവുന്ന ഫൈലോളജിക്ലാസ്സുകൾ, ബാർബർസലൂൺ
ഷേവുകൾ, ഹർമ്മോണിയപ്പാട്ടുകൾ, പേപ്പട്ടികൾ;
പിംഗള-ഗൊണേറിയ, ബജ്രയെന്നിവയേക്കാൾ
മംഗളപത്രങ്ങളേ, നിങ്ങളെപ്പേടിപ്പൂ ഞാൻ! ...
23-3-1945