മഞ്ഞക്കിളികൾ
ചങ്ങമ്പുഴ


മഞ്ഞക്കിളികൾ

പ്രാർത്ഥന
മംഗളം 'നിപ്പൺ' സിംഹാസനമേ, ജയിക്ക നീ
ഞങ്ങൾതൻ പുരാതനരാഷ്ട്രത്തിൻ നടുത്തൂണേ!
ഇനിയും ചിരകാലമിതുപോലൽപം പോലു-
മിടറാ, തിളകാതെ, വെൽകനീ മേന്മേൽ!-
കേവലമിതുമാത്രമാകാവൂ ശേഷിച്ചൊരെൻ
ജീവിതത്തിലും, ഹാ, മൽപ്രാർത്ഥന, ഭഗവാനേ!

- മെയ് ജി. ടെന്നോ.


പുഷ്പഗിരി
എങ്ങു പോകിലും പൂവണിച്ചെണ്ടുകൾ
തിങ്ങിനിൽപതല്ലാതെ മറ്റൊന്നുമേ
ലേശമെങ്കിലും കാണാതിരിക്കുകിൽ
'യോശിനോമല'യാണതെന്നോർക്കുവിൻ!

- അജ്ഞാതനാമാ


ഏകാഭിലാഷം
വിഷ്ണുപദത്തിലേക്കന്തസ്സിലങ്ങനെ
കൃഷ്ണപ്പരുന്തു പറന്നുയരുന്നപോൽ
നിന്ദ്യമാമെന്തിനുമ്മീതെയായ് 'നിപ്പൺ'റ്റെ
വന്ദ്യമഹിമ വിലസട്ടെ മേൽക്കുമേൽ!
എന്നുമേ നൂനമീയാശയൊന്നല്ലാതെ
മന്നിതിൽ ഞങ്ങൾക്കു മറ്റില്ലൊരാഗ്രഹം.

- ഹിറോ ഹിറ്റോ